-->

kazhchapadu

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

Published

on

ഒഴുകിയും പെയ്തും പലവിധ രൂപങ്ങളിലും  അവസ്‌ഥകളിലും സ്ഥിതി  ചെയ്യുന്ന  ഭൂമിയിലെ മഴത്തുള്ളിത്തൊള്ളായിരം വെള്ളത്തുള്ളികളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നെങ്കിൽ അത് വയർലെസ് വഴി ഭൂമിയോളം വരുന്ന മേഘങ്ങളിലെ ക്ലൗഡ് സിസ്റ്റത്തിൽ സംരക്ഷിക്കപ്പെട്ട് ലോകത്തെ മൊത്തം നിരീക്ഷിക്കാൻ കഴിയുമായിരുന്നു. ചോദ്യങ്ങൾ ഉയരുമ്പോൾ മാഞ്ഞു പോകാത്ത, തീ പിടിക്കാത്ത തെളിവുകൾ മനുഷ്യന്റെ തലയ്ക്ക് മീതെ പറന്ന് പറന്നങ്ങനെ... പക്ഷെ അങ്ങനെ ഉണ്ടായില്ല, ഉണ്ടായിരുന്നെങ്കിൽ കിടപ്പുമുറികളിലെ ഭിത്തിയിൽ ഊർന്നിറങ്ങിയ വെള്ളത്തിൽ മുതൽ വിമർശിച്ചവന്റെ  വീട്ടിലെ പൂച്ചയുടെ വിയർപ്പിൽ വരെ ഒളിഞ്ഞുനോട്ടങ്ങൾ പടർന്നു പിടിച്ചേനെ. മേഘങ്ങളിൽ ശേഖരിച്ചു വയ്ക്കുന്ന എണ്ണമറ്റ ഡേറ്റകൾ ഭൂമിയിൽ നിന്ന് തന്നെ ഹാക്ക് ചെയ്ത് ഇന്റർനെറ്റിലെ കാർമേഘങ്ങളിൽ വില്പനയ്ക്കിരുന്നെനെ.  

വെള്ളത്തുള്ളികൾ നിരീക്ഷണ ക്യാമറകളായും മേഘങ്ങൾ ക്ലൗഡായും മാറിയില്ല. പക്ഷെ ഓരോ വെള്ളത്തുള്ളിയും സാക്ഷികളാണ്, മനുഷ്യന് മുൻപും പിമ്പും എന്നു പകുത്ത ഭൂമിയുടെ മുഴുവൻ ചരിത്രത്തിനും സാക്ഷികൾ. ഞാനും അത്തരത്തിൽ ഒരു സാക്ഷിയാണ്, ലക്ഷകണക്കിന് വർഷങ്ങളുടെ ചരിത്രത്തിന്റെ സാക്ഷി. സാക്ഷി കഥകൾ പറയുകയാണ്. വെള്ളത്തുള്ളി സാക്ഷിയായ കഥകൾ.

***************************

                 1

കവാടം കടന്നോടിയ പതിനായിരക്കണക്കിന് പേരിൽ ഇനി കൂടുതൽ ഒന്നും ബാക്കിയില്ല. മുന്നിൽ നിന്നും മൂന്നാമതുള്ളവൻ തലയൊന്ന് പിന്നോട്ട് ചരിച്ച് പിന്നിലുള്ളവരുടെ എണ്ണമെടുക്കാൻ നോക്കി. വേഗത കുറയുന്നുണ്ടെന്ന് കണ്ടപ്പോ ഏറ്റവും മുന്നിലുള്ളവനെ നോക്കി ഓടാൻ തുടങ്ങി. മുന്നിലുള്ളവൻ ഓട്ടം നിർത്തി നിശ്ചലനായി നിൽക്കുന്നത് മുന്നിൽ നിന്നും മൂന്നാമതുള്ളവൻ കണ്ടു. മുന്നിൽ നിന്നും രണ്ടാമൻ ഓടിയൊടി ഒന്നാമനരികിൽ എത്തിയപ്പോൾ അവനോട് ഒന്നാമൻ എന്തോ സംസാരിച്ച് അവനും ഓട്ടം നിർത്തിയിരിക്കുന്നു. മൂന്നാമൻ സന്തോഷിച്ചു. ഇരുവരുമായി ഇനി വലിയ ദൂരവിത്യാസം ഇല്ല. ഒരുപക്ഷേ താൻ ആദ്യമെത്തിയെക്കാം. വളരെ വലിയ പ്രതിബന്ധങ്ങൾ താണ്ടി ഒടുവിൽ ഒന്നാമനാവുന്നു. സന്തോഷത്തോടെ ഓടിയൊടി ഒന്നാമനെയും രണ്ടാമനെയും മറികടന്നോടി ഒന്നാമനായ പഴയ മൂന്നാമനെ, പഴയ ഒന്നാമൻ പിന്നിൽ നിന്നും വിളിച്ചു.

'അവൾ കരയുന്നു' പഴയ ഒന്നാമൻ പറഞ്ഞു

പഴയ മൂന്നാമൻ പിന്നോട്ട് വന്ന് പഴയ ഒന്നാമനും രണ്ടാമനും ഒപ്പമെത്തി.

'അണ്ഡം കരയുന്നു' രണ്ടാമനും അവനോട് പറഞ്ഞു.

വേദനിപ്പിക്കുന്ന ആഴത്തിലുള്ള കരച്ചിൽ അപ്പോഴാദ്യമായി മൂന്നാമൻ ശ്രദ്ധിച്ചു. ശരീരമാകെ കോശങ്ങൾ അണ്ഡത്തിനൊപ്പം കരഞ്ഞു.

നിർണായകമായ സമയവും വേഗവും അനാവശ്യമായി പാഴക്കുന്നതിൽ തോന്നിയ ദേഷ്യം അടക്കി വച്ചു മൂന്നാമൻ പറഞ്ഞു

'അണ്ഡത്തിന്റെ കരച്ചിൽ സാരമാക്കേണ്ടതില്ല, നമ്മൾ ആരും മനുഷ്യരായിട്ടില്ല, സംയോഗം നടത്തി ഇതുവരെ നേടിയ സകലയറിവുകളും ത്യജിച്ച് ഭൂമിയിൽ ജനിച്ച് വളർന്ന് അവനവനാവശ്യമെങ്കിൽ മനുഷ്യത്വം തോന്നിയാൽ മതി.'

മൂന്നു പേരുടെയും അഭിപ്രായങ്ങൾ കേട്ടുകൊണ്ട് പിന്നിൽ നിന്നും വന്ന നാലാമൻ ഓടനുള്ള തിടുക്കത്തിൽ തുള്ളി തുള്ളി നിൽക്കുന്ന മൂന്നാമനെ നോക്കി.

'നീയവന്റെ തനി പകർപ്പാണ്, തനിക്ക് വേണ്ടവളെ അവളുടെ സമ്മതമില്ലാതെ സ്വന്തമാക്കാൻ മഹത്തായൊരു ആശയം സൃഷ്ട്ടിച്ച മഹാന്റെ ബീജം'.  

മൂന്നാമൻ നാലാമനെ തുറിച്ചു നോക്കി. നോട്ടം മാറ്റാതെ ദീർഘമായ ഒരു വിശദീകരണതിന് തുനിഞ്ഞു.

'ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല, പക്ഷെ പ്രകൃതിയിൽ ചില നിയമങ്ങൾ ഒക്കെയുണ്ട്. പുരുഷനാണ് ശക്തൻ, അതിനാൽ അശക്ത ചിലപ്പോൾ കീഴടങ്ങേണ്ടി വരും, ഒരു സ്ത്രീയായി ജനിച്ചാൽ കൂടിയും ഞാൻ ഈ അഭിപ്രായം തന്നെ പ്രകടിപ്പിക്കുന്നതാണ്.' അപ്രതീക്ഷിതമായി അടുത്തേക്ക് വന്ന വിജയത്തെ കെട്ടിപിടിച്ചിരുന്ന് ലക്ഷ്യം നോക്കി അവനിരുന്നു. കണ്ണ് കൂടുതൽ വികസിച്ചപ്പോൾ നിങ്ങളും അവന്റെ ബീജം തന്നെയാണ് എന്നു കൂടെ പറഞ്ഞു.

'അതുകൊണ്ട് ഒരുത്തനെ ന്യായീകരിക്കേണ്ടയാവിശ്യം ഇല്ല, ചെയ്ത തെറ്റിനെ കൂടുതൽ വല്യ ദ്രോഹം ആക്കാതെയിരിക്കാൻ പറ്റുമെങ്കിൽ അതാണ് വേണ്ടത്.' അഞ്ചും ആറും ബീജങ്ങൾ ഭൂരിപക്ഷത്തിനൊപ്പം നിന്നു. 

'ഞാനും ആരെയും ന്യായീകരിക്കുകയല്ല. എനിക്കും അവളോട് സഹതാപം ഉണ്ട്. പക്ഷെ പ്രകൃതിയിൽ ചില നിയമങ്ങൾ ഒക്കെയുണ്ട്. അർഹതയുള്ളവൻ അതിജീവിക്കാൻ യോഗ്യനാണ്. ഞാനും നിങ്ങളും അതിജീവിച്ചു ഇതുവരെ എത്തി അപ്പൊ അർഹതയുള്ളവർ തന്നെയാണ്. അവളും അർഹതയുണ്ടേൽ ചിലപ്പോൾ ഇതൊക്കെ അതിജീവിച്ചേക്കാം, മണിഷ്യരുടെ ലോകത്ത് നിയമവും കോടതിയും വ്യവസ്ഥയുമുണ്ട്. നീതി അവർ തീരുമാനിക്കട്ടെ.'

സഹതാപ വിവരണം കേട്ട  ഏഴാമൻ മൂന്നാമന് മുന്നിലേക്ക് വന്നു

'തുഫ്‌, അവന്റെയൊരു സഹതാപം, സഹതാപത്തിന്റെയും പരിഹാസത്തിന്റെയും നോട്ടങ്ങളിൽ നനഞ്ഞു ജീവിക്കാൻ പോകുന്നവളെ രക്ഷിക്കാൻ ഒന്നും ഈ വ്യവസ്ഥയ്ക്ക് കഴിയില്ല.' 

മീശയുള്ള ഒരാണായിരിക്കുന്നത് സ്വപ്നം കണ്ടുകൊണ്ടിരുന്ന മൂന്നാമൻ ഞെട്ടൽ മാറി സംസാരം ആരംഭിച്ചു

'നിങ്ങൾ അനാവശ്യമായി ചിന്തിച്ചു കൂട്ടുകയാണ്. ഈ ശരീരം കാണിച്ച മുഴുവൻ എതിർപ്പുകളയും തടഞ്ഞു വിജയിച്ചവരാണ് നാം, വിജയിക്കുന്നവരുടെയാണ് ലോകം,  ഇനി ചർച്ചകൾ ഒന്നും ആവശ്യമില്ല, ഭൂമിയിൽ ഒരുദിവസം നടക്കുന്ന ലക്ഷകണക്കിന് സംയോജനങ്ങളിൽ ഒന്നുമാത്രം ആണിത്. വെറുതെ വ്യാഖ്യാനിച്ച് കുളമാക്കണ്ട. ഈയൊരു തീരുമാനം മറിച്ചായാലും ഭൂമിയിൽ ഒന്നും മാറാൻ പോണില്ല.

മൂന്നാമൻ മീശ പിരിച്ചു കൊണ്ട് പറച്ചിൽ നിർത്തി. പെണ്ണിന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി. മൂന്നാമൻ ഒഴികെയുള്ള ബീജങ്ങൾ പരിഭ്രാന്തരായി ചുറ്റും നോക്കി. മൂന്നാമൻ പതിയെ തന്റെ യാത്ര തുടങ്ങാൻ തുടങ്ങി.

'നീതി നടപ്പിലാകട്ടെ' ഒന്നാമൻ ആർത്തു വിളിച്ചു. മറ്റു ബീജങ്ങൾ ഒന്നാമന് എതിരായി കൂടി നിന്നു. അവർ കൂട്ടമായി മൂന്നാമന് നേരെ കുതിച്ചു. അവരവനെ വലിച്ചിഴച്ച് പിന്നോട്ട്  നടക്കാൻ  തുടങ്ങി. ഒരു ബീജം മാറി നിന്ന് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. 

' ആൾക്കൂട്ട കൊലപാതകങ്ങളിൽ ഞാൻ വിയോജിപ്പ് പ്രകടമാക്കുന്നു.'

ആ ബീജം ഉൾപ്പെടെ മുഴവൻ ബീജങ്ങളെയും വഹിച്ചു ഞാൻ പിന്നോട്ട് ഒഴുകി.

**************************

                       2

ഹാളിലെ സോഫയിൽ ഇരുന്ന് ടീവി കാണുന്നൊരു കുട്ടി. 15ഇൽ താഴെ വയസു കാണണം, മുന്നിലെ ടേബിളിൽ കാൽ കയറ്റിവച്ച് കണ്ണ് ടീ.വി സ്ക്രീനിൽ കുതിർത്തിരിക്കുന്നു. കാലിനപ്പുറം ടേബിലിന് മുകളിലായി ഒരു ബൗളിൽ നിറയെ ചിപ്സ്. ചിപ്സിനപ്പുറം അപ്പേ ഫിസ്സിന്റെ തുറക്കാത്ത വലിയ കുപ്പി. കുപ്പിക്കപ്പുറം ഏതാണ്ട് നിറഞ്ഞ ഒരു ജഗ്ഗ്. ടീ.വിയിൽ റാങ്കോ എന്ന ആനിമേഷൻ സിനിമ. തന്റെ സ്വപ്ന ലോകത്തിൽ നിന്നും മരുഭൂമിയിലേക്ക് വീണ റാങ്കോ എന്ന ഓന്ത് ഹോം തിയേറ്ററിലെ ശബ്ദത്തിൽ വരണ്ട മരുഭൂമിയിലൂടെ നടത്തം തുടങ്ങുന്നു. റാങ്കോയേക്കാൾ ദാഹിച്ചൊരു കൊതുക് കുട്ടിയുടെ നീട്ടിവച്ച കാലിൽ ചോര കുടിക്കാൻ ഇരുന്നു.ആഞ്ഞൊരാടി. കൊതുക് പക്ഷെ രക്ഷപ്പെട്ടിരുന്നു. നീണ്ടു പോയ കാല് തട്ടി ഫിസിന്റെ കുപ്പിയും ജഗ്ഗും താഴെ വീണു. കുപ്പി പൊട്ടാത്തതിൽ കുട്ടിക്ക് സന്തോഷം. ചരിഞ്ഞു വീണ ജഗ്ഗിക് നിന്നും പുറപ്പെട്ട ഏതാനും വെള്ള തുള്ളികൾ പതിയെ ഒഴുകി ഒഴുകി ഒഴുകി പിന്നിലുള്ള മുറിയിലേക്ക് കയറി

 ലൈറ്റണച്ച ഒരു കൊച്ചു മുറി. വാതിലടഞ്ഞു കിടക്കുന്ന മുറിയുടെ കതകിന്റെ താഴത്തെ വിടവിലൂടെ വെള്ളം ഒഴുകിയകത്ത് കയറി. ഹോം  തിയേറ്ററിൽ മുഴങ്ങിയ ശബ്ദവും പുറത്ത് തിമിർത്തു പെയ്യുന്ന മഴയും മുറിയിൽ ചെറുതായി കേൾക്കുന്നുണ്ട്. മുറിയുടെ ഒരറ്റത്ത് കട്ടിലിൽ കിടക്കുന്ന ഒരു വൃദ്ധ. കട്ടിലിനരികിലായി ഒരു കുഞ്ഞു ഗ്ലാസ് ടേബിൾ. അതിന്റെ മുകളിൽ മരുന്നുകൾ വച്ചൊരു പെട്ടി. പെട്ടികരികിൽ നനഞ്ഞിട്ട് മണിക്കൂറുകളായൊരു ഗ്ലാസ്, കൂടെയൊരു ജഗ്ഗ്, ജഗ്ഗിനുള്ളിൽ അല്പം മാത്രം വെള്ളം. വൃദ്ധ അസ്വസ്ഥയാണ്. മുറിയിലേക്ക് ഒഴുകി വരുന്ന വെള്ളത്തെ അവർ നോക്കികൊണ്ടിരുന്നു. ഞാൻ പരമാവധി വേഗത്തിൽ അവർക്കരികിലേക്ക് എത്താൻ നോക്കി.  ഒഴുക്കിന്റെ വേഗത വളരെ കുറഞ്ഞിട്ടുണ്ട്. മിനിറ്റുകളായി നിന്നയിടത്ത് നിന്ന് നീങ്ങിയിട്ടില്ല. മഴ പുറത്ത് കൂടുതൽ കറുത്തു.വൃദ്ധ ഉച്ചത്തിൽ കുട്ടിയുടെ പേര് വിളിച്ചു. മഴ കടന്ന്, കടൽ പോലെ ഒഴുകുന്ന ഹോം തിയേറ്ററിന്റെ ശബ്ദം കടന്ന് പോകാൻ കഴിയാതെ വന്ന വൃദ്ധയുടെ ശബ്ദം നിരാശനായി മുറിയിലേക്ക് തന്നെ തിരിച്ചു വന്നു. വിളിച്ചു തളർന്നപ്പോൾ ഒരു ദീർഘനിശ്വാസമെടുത്ത് ഒഴുകി തളർന്ന വെള്ളത്തിനെ വൃദ്ധ കൊതിയോടെ നോക്കി. അവർ നടക്കാനായി സഹായിക്കുന്ന വാക്കർ തിരഞ്ഞു. അടുത്തെങ്ങും അവരത് കണ്ടില്ല. ഞാൻ പറ്റാവുന്ന പോലെ മുന്നോട്ട് നീങ്ങാൻ നോക്കി. ഇനി പറ്റില്ല. സമയം കൂടുതൽ ശക്തിയിൽ ഒഴുകികൊണ്ടിരുന്നു. വൃദ്ധയ്ക്ക് ദാഹം കൂടിക്കൂടി വന്നു. അവർ കട്ടിലിൽ നിന്ന് ചെറുതായി ഒന്ന് ചെരിഞ്ഞ്, ഇടത്തെ കൈ അമർത്തി കുത്തി എഴുന്നേൽക്കാൻ നോക്കി. സമയമെടുത്ത് കട്ടിലിൽ ഇരുന്നു. അത്രയേറെ അധ്വാനിച്ചതിന്റെ വേദനയിൽ കുറച്ചു നേരം കൂടി ആ ഇരിപ്പ് അങ്ങനെ ഇരുന്നു. ടീ.വിയിൽ മരുഭൂമിയിൽ വെള്ളമെത്തിക്കാൻ റാങ്കോയുടെ പുറപ്പെടലിന്റെ ശബ്ദം, ടാങ്കിൽ നിന്നും കവിഞ്ഞൊഴുകി വീഴുന്ന വെള്ളം മഴയിൽ അലിഞ്ഞുപോയതിനാൽ കൃത്യമായി കേൾക്കാൻ പറ്റുന്നില്ല. വൃദ്ധ വീണ്ടും ഒഴുകി വരുന്ന വെള്ളത്തെ നോക്കിയിരുന്നു, പിന്നെ നോട്ടം മെല്ലെ വറ്റിയ ഗ്ലാസിലും, വറ്റാറായ ജഗ്ഗിലും വീണു. 

തുളുമ്പിയ ദാഹം, അണകെട്ടിയ ശബ്ദം, നിറഞ്ഞ വേദന, വൃദ്ധ നേരത്തെ വിളിച്ച കുട്ടിയുടെ പേര് ഒന്നുകൂടെ വിളിച്ചു. മടുത്തപ്പോൾ  വീണ്ടും വാക്കറിനെ തിരഞ്ഞു. കാണാതെ വന്നപ്പോൾ വിറച്ചു വിറച്ചു കൈ പതിയെ ടീപ്പോയുടെ ചില്ലിന്റെ മുകൾ ഭാഗത്തിന്റെ ഒരു മൂലയിൽ അമർത്തി വച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു. നാലു മൂലയിലും ഒട്ടിയിരുന്ന ചില്ലിന്റെ പ്രതലം പശ ഉണങ്ങി പോയത് കൊണ്ട്  വൃദ്ധ കൈ വച്ചപ്പോൾ  ജഗ്ഗിനോടും ഗ്ലാസിനോടും മരുന്നു പെട്ടിയോടും വൃദ്ധയോടും ഒപ്പം താഴേക്ക് വീണു. വൃദ്ധയുടെ ശരീരത്തിൽ ചില്ലുകൾ തറച്ചു കയറി. നെറ്റി പൊട്ടി. ജഗ്ഗിലെഅൽപ വെള്ളത്തിൽ കലർന്ന ചോര , വഴി വെട്ടി മുറിയുടെ പുറത്തേക്ക് യാത്ര തുടങ്ങി. ഹാളിൽ നിന്നും മുറിയിലേക്ക് വന്ന വെള്ളത്തോട് അത് കൂട്ടിമുട്ടി. ദാഹിച്ച കൊതുക് പറന്ന് വന്ന് വൃദ്ധയുടെ ചോരയിൽ ഇരുന്നു. റൂമിനപ്പുറം റാങ്കോയും കൂട്ടുകാരും വെള്ളം കണ്ടെത്തി വരുന്നതും, റാങ്കോയെ തലയിലേറ്റി വരുന്നതിന്റെ അരവങ്ങളും വൃദ്ധയും, വൃദ്ധയുടെ ചോരയിൽ മുങ്ങിയ ഞാനും കേട്ടു. തൊട്ടു പിന്നാലെ ഫിസ്സിൽ നിന്നും നുര ഉയർന്ന ശബ്ദവും.

***************************

1970 കളുടെ അവസാനത്തിൽ പറന്ന് പറന്നാണ് ആദ്യമായി ഈ നാട്ടിൽ ഞാൻ വന്നത്. കശുവണ്ടി തോട്ടത്തിലെക്ക് പോയ ഒരു ഹെലികോപ്റ്ററിൽ നിന്നും തുളുമ്പി മഴ കാത്തു നിന്ന ഒരു കുട്ടിയുടെ മുഖത്തേക്ക്. പതിയെ വായിലേക്ക് ഒലിച്ചിറങ്ങി, പിന്നീട് പല വട്ടം പല പല അമ്മമാരുടെ  കണ്ണിൽ നിന്നും ഇതേ നാട്ടിൽ ഉറ്റി വീണുകൊണ്ടിരുന്നു. കശുവണ്ടി നിരിലും ചോരയിലും അമ്മിഞ്ഞപാലിലും കലർന്നു. ജനനത്തിനും മരണത്തിനും ഇടയിൽ കണ്ണീരിൽ മാത്രം ജീവിച്ച മനുഷ്യരുടെ കഥകൾ ഒരുപാട് പറയാൻ ഉള്ളപ്പോൾ വെള്ളതുള്ളികളുടെ കഥകൾ എന്നവസാനിക്കാനാണ്?.
-------------------------
ജിതിൻ നാരായണൻ,  പട്ടേന, നീലേശ്വരം, 

നിലവിൽ കെ.ആർ നാരായൺ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ സംവിധാനം-തിരക്കഥാ രചന വിദ്യാർത്ഥി.

Facebook Comments

Comments

  1. Sreekumar K

    2021-04-27 13:38:59

    ഒഴുകിയും പെയ്തും പലവിധ രൂപങ്ങളിലും അവസ്‌ഥകളിലും സ്ഥിതി ചെയ്യുന്ന ഭൂമിയിലെ മഴത്തുള്ളിത്തൊള്ളായിരം വെള്ളത്തുള്ളികളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നെങ്കിൽ അത് വയർലെസ് വഴി ഭൂമിയോളം വരുന്ന മേഘങ്ങളിലെ ക്ലൗഡ് സിസ്റ്റത്തിൽ സംരക്ഷിക്കപ്പെട്ട് ലോകത്തെ മൊത്തം നിരീക്ഷിക്കാൻ കഴിയുമായിരുന്നു. (അത്/അവയ്ക്ക് ) ദൂരവിത്യാസം ആദ്യമെത്തിയെക്കാം ഓടിയൊടി കണ്ടപ്പോ കെട്ടിപിടിച്ചിരുന്ന് ന്യായീകരിക്കേണ്ടയാവിശ്യം മണിഷ്യരുടെ ലോകത്ത് ലക്ഷകണക്കിന് വെള്ള തുള്ളികൾ നോക്കികൊണ്ടിരുന്നു ഴുകി തളർന്ന വെള്ളത്തിനെ വെള്ളം മഴയിൽ അലിഞ്ഞുപോയതിനാൽ അരവങ്ങളും ഉറ്റി വീണുകൊണ്ടിരുന്നു. കശുവണ്ടി നിരിലും അമ്മിഞ്ഞപാലിലും വെള്ളതുള്ളികളുടെ

  2. Joseph Abraham

    2021-04-19 19:45:47

    Good story giving. Score 8

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

View More