-->

kazhchapadu

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

വര: ദേവി

Published

on

അന്തിയിലെ ചെന്തീമാനം. വിദൂരതയിലെ ഏതോ ഒറ്റപ്പെട്ട തുരുത്തില്‍ ജന്മമെടുത്ത അനാഥയായ കുഞ്ഞിനെപ്പോലെ ചോരകടലില്‍ മുങ്ങിക്കിടക്കുന്ന അര്‍ക്കന്‍ അകാലമായി മരണത്തിലേക്ക് താഴുകയാണെന്ന് തോന്നി. കണ്ണീരുപ്പ് കലര്‍ന്ന തിരയുടെ പാദം തൊട്ട് മെല്ലെ നടന്നപ്പോള്‍, വേദനയെ അനുസ്മരിപ്പിക്കുന്ന മണല്‍ തരികള്‍ ഉച്ചവെയിലിന്റെ റ ചൂടുണങ്ങാതെ കാലുകളില്‍ തറച്ചു. എന്തു വേദനയെയാവും അവ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചത്? പെറ്റിട്ട ജീവനെ തിരയുന്ന ചൂടുണങ്ങാത്ത ഉദരത്തിന്റെയോ? ഉത്തരങ്ങളില്ലാതെ വേവുന്ന കനല്‍ ചികയുന്ന നെഞ്ചിലെ ഒഴുക്ക് നിലച്ച ഏതോ നൊമ്പരങ്ങളുടേയോ ആണെന്ന് വെറുതെ തോന്നിപ്പോയി. 
 
ജോലിത്തിരക്കുകള്‍ക്കിടയിലെ തലപെരുപ്പിക്കുന്ന ഏകാന്തത മറക്കാന്‍ വീണ്ടും ഏകാന്തത തേടി വന്നതാണ്. ഇവിടെ ഒറ്റയ്ക്കല്ല. തിരകളുണ്ട്. കണ്ണുകളിലും കവിള്‍ത്തടങ്ങളിലും മണല്‍ തെറിപ്പിച്ച് വന്നുപോവുന്ന കടല്‍ക്കാറ്റുണ്ട്. നഷ്ടപ്പെട്ട എന്തിനെ ഒക്കെയോ കുത്തിയോര്‍മിപ്പിക്കുന്ന, യാത്രയാവുന്ന സൂര്യനുണ്ട്. ആരോ  എപ്പോഴോ ഉപേക്ഷിച്ച ഈച്ചയാര്‍ക്കുന്ന റൊട്ടി കഷണത്തെ ആര്‍ത്തിയോടെ കടിച്ച വലിക്കുന്ന പട്ടികളുണ്ട്. പേപ്പട്ടികളെന്ന് വിളിക്കപ്പെട്ടവ. എറിഞ്ഞോടിക്കപ്പെട്ടവ. അവര്‍ക്ക് മാത്രമല്ല, ഈ തീരത്തെ പലതിനും ഭ്രാന്താണെന്നാണ് വിധിക്കപ്പെട്ടിട്ടുളളത്. പലപ്പോഴും ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കുന്ന എനിക്ക് പോലും . പിന്നെ മറ്റൊരാള്‍ കൂടിയുണ്ടല്ലോ……. അതെ! ഇന്നവളെ കണ്ടില്ല. അവളുടെ പേരെന്താണെന്ന് അറിയില്ല. ഭ്രാന്തി എന്നാണ് എല്ലാവരും വിളിക്കാറ്. ആരും അടുപ്പിക്കാറില്ല അവളെ. പകല്‍ വെളിച്ചത്തില്‍ അടുപ്പിക്കാറില്ല എന്നുവേണം പറയാന്‍. ചിലപ്പോഴൊക്കെ പ്രപഞ്ചത്തിലെ ഏറ്റവും ദുസ്സഹമായ നാറ്റം വമിക്കുന്നത് അവളുടെ ശരീരത്തില്‍ നിന്നാണെന്നെ തോന്നു. അയലത്തെവിടെയെങ്കിലും വന്നാല്‍ ഓക്കാനം വരാറുണ്ട്. പക്ഷെ, ചില സുഗന്ധം പരക്കുന്ന ശരീരങ്ങളില്‍, കല്‍പ്രതിമകള്‍ പോലെയുള്ള മനസ്സുകളിലാണ് അവളുടെ ശരീരത്തെക്കാള്‍ നാറ്റമെന്ന് പിന്നിട് തോന്നാറുണ്ട്. പക്ഷെ ആ ഗന്ധം കാണാന്‍ കഴിയാത്ത അന്ധതയൊ തിമിരമോ ആണ് ചുറ്റുമുളള നാസാരന്ധ്രങ്ങള്‍ക്ക്.
 
 
ഇന്നവള്‍ എവിടെ! രാത്രിയുടെ തളര്‍ച്ചയില്‍ എവിടേലും ഉറങ്ങുന്നുണ്ടാകും. ഈ ഈച്ചയാര്‍ക്കുന്ന മാലിന്യ കൂമ്പാരത്തിനിടയിലെവിടെയോ ആയിരിക്കണം അവള്‍ ജനിച്ചത്. ജനനത്തിലേ വിധിക്കപ്പെട്ട നാറ്റമാവണം. ഈ കടല്‍ക്കരയ്ക്കപ്പുറമുള്ള ലോകം അവള്‍ കണ്ടിരിക്കാന്‍ വഴിയില്ല. രാത്രികളില്‍ ലഹരി അവള്‍ക്ക് അനുഭവപ്പെടാറുണ്ടോയെന്ന് ഞാന്‍ അതിശയിക്കാറുണ്ട്. മൃഗീയമായ കരവലയങ്ങളില്‍ കിടന്നു പിടയുമ്പോള്‍ ആനന്ദിക്കാന്‍ അവള്‍ക്കാകുമോ? ചിലപ്പോള്‍ അട്ടഹസിക്കാറുമുണ്ടവള്‍, മറ്റുചിലപ്പോള്‍ ആര്‍ത്ത് കരയാറും. എന്തിനാണോ ആവോ? ചോദിച്ചിട്ടില്ല. ചോദിക്കാന്‍ ധൈര്യം കിട്ടിയിട്ടില്ല എന്നുവേണം പറയാന്‍. ആദ്യമൊക്കെ കരുതിയിരുന്നു സംസാരിക്കണമെന്ന്.
 
നാറ്റം കൂടിവന്നപ്പോള്‍ മടിയും അറപ്പും തോന്നി. പലപ്പോഴും രഹസ്യമായി പ്രണയിക്കുന്ന ഒരുവളോട് തന്റെ  പ്രണയം തുറന്നു പറയാന്‍ ധൈര്യം കിട്ടാതെ പകച്ചു നില്‍ക്കുന്ന കൗമാരക്കാരനായി സ്വയം തോന്നിയിട്ടുണ്ട്. പ്രണയമോ? സാധ്യതയില്ല. സൗന്ദര്യത്തെ മാത്രം പ്രണയിക്കാന്‍ കഴിവുളള കാട്ടാളഹൃദയമുള്ള മനുഷ്യരില്‍ ഒരുവന്‍ തന്നെയല്ലേ ഞാനും? എന്താണാവോ ഈ സൗന്ദര്യം? 
 
ആ…. അറിയില്ല. എങ്കിലും ഒന്നുമാത്രമറിയാം. ഇന്നോളം കണ്ട പല ലോകങ്ങളില്‍ പലതരം സ്ത്രീകളില്‍ വച്ച് ഏറ്റവും കഥകള്‍ നിഴലിക്കുന്നത് അവളുടെ തീക്ഷ്ണമായ കണ്ണുകളിലാണ്. ഉള്‍ക്കടലിലേക്ക് വലിച്ചടിപ്പിക്കുന്ന ഭയാനകമായ, ഒരു ആഴമേറിയ ആകര്‍ഷണീയതയും. എന്തിനാ ഇപ്പോ ഇതൊക്കെ ആലോചിച്ച് തലപെരുപ്പിക്കുന്നത്? അവളുടെ വിധിയെ മാറ്റാന്‍ ഞാനാരാ? ധാര്‍മ്മിക ബോധത്തെ സ്വയം പരിഹസിച്ച് കാഴ്ച്ച മൂടിക്കെട്ടി നടക്കുന്ന അനേകായിരം മനുഷ്യരില്‍ ഒരുവനായി ജീവിച്ച് മരിച്ചാല്‍ പോരെ എനിക്ക് ?
 
മരണത്തിലേക്ക് നീങ്ങിയടുക്കുന്ന അര്‍ക്കന്‍ അവസാനമായി യാത്ര ചോദിക്കുകയാണെന്ന് തോന്നി ദൂരെ ചക്രവാളത്തിലെ ചുവന്ന പൊട്ടുകണ്ടപ്പോള്‍ .ഇരുട്ടില്‍ മാത്രം നുരഞ്ഞുപൊന്തുന്ന ചില സ്നേഹങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് മാനം കറുക്കുന്തോറും തിരകള്‍ അടുത്തടുത്തു വന്നു. വന്നിരുന്നപ്പോള്‍ എത്രയോ അകലെയായിരുന്ന ആഴി ഇപ്പോള്‍ എനിക്ക് തലോടാം. ഇരുട്ട് ഏറുന്തോറും അവയെന്നെ പുണര്‍ന്നുകൊണ്ടെയിരിക്കുന്നു. നൈമിഷികമായ ചില മനോഹാരിതകള്‍. പകല്‍ വെളിച്ചത്തെ കടലിന് പേടിയാണെന്ന് തോന്നുന്നു. ചില യാഥാര്‍ത്ഥ്യങ്ങള്‍ അങ്ങനെയല്ലേ? അവസാനിക്കേണ്ടിടത്ത് വച്ച് പൂര്‍ണ്ണമാകേണ്ടവ. വന്നിടത്തേക്കു തന്നെ മടങ്ങി പോകേണ്ടവ. വിദൂരമായ ആകാശത്ത് കൂട്ടമായി പറന്നകലുന്ന ദേശാടനപക്ഷികളെ നോക്കിയിരുന്നു. എത്ര ഉയരത്തില്‍ പറന്നാലും അവയ്ക്ക് എന്നെങ്കിലും  ഒരിക്കല്‍ മണ്ണിൽ തിരിച്ചെത്തി ഭൂമിയെ തൊടാതെ പറ്റില്ലല്ലോ. അവളെക്കുറിച്ചുളള ഓര്‍മ വീണ്ടും വരുന്നു. ഭ്രാന്തിയാണത്രേ. അറിയില്ല. അങ്ങനെ അല്ലാത്തവരുണ്ടോ? അതും അറിയില്ല. ഒന്നുമാത്രം അറിയാം. അവള്‍ ഭ്രാന്തിയായി ജനിച്ചതല്ല. ആക്കിയതാണ്. സദാചാരത്തിന്റെ , സ്വയം സംരക്ഷണത്തിന്റെ  വേലിമുള്ളുകള്‍. അവ തറച്ചു പഴുത്ത് നീറുന്ന ഉണങ്ങാത്ത മുറിവുകള്‍ അവളുടെ മാറില്‍ ഇപ്പോഴും ബാക്കിയുണ്ടാകും, ഈച്ചകള്‍ക്കാര്‍ക്കാന്‍. അല്ലെങ്കിലും ഒരാള്‍ ജന്മംകൊണ്ട് ഭ്രാന്തരാകുമോ? മുമ്പെന്നോ കണ്ടപ്പോള്‍ ഓര്‍ക്കുന്നു. അവളുടെ വയര്‍ പതിവിലും അധികം വീര്‍ത്തിരുന്നു. ആകൃതിയില്ലാതെ തൂങ്ങി നിന്ന മുലകളെക്കാളും മാംസപിണ്ഡം മുലകളെ താങ്ങി നിര്‍ത്തികൊണ്ട് പൊങ്ങി നില്‍ക്കുന്നത് കാണാമായിരുന്നു. ഒരു കുഞ്ഞ് ജീവന്റെ  തുടിപ്പും  കാല്‍പ്പെരുമാറ്റവും അതിൽ നിറഞ്ഞു പെയ്യുന്നുണ്ടാവും . അവള്‍ ഗര്‍ഭിണിയായ ഭ്രാന്തിയാകുന്നു. എന്ത് മാറ്റമാണ് സമൂഹത്തിനതുകൊണ്ട്? പകലുകളും രാവുകളും കാലംതെറ്റാതെ പിന്നെയും നീങ്ങി. അവള്‍ക്ക് മാത്രം അകാരണമായി കാലംതെറ്റി രാപകലുകള്‍ വന്നുപോകുന്നുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍ കാലത്തിന് ശരിതെറ്റുകള്‍ ഉണ്ടാകില്ല.
 
ഈ തീരത്തെ കൊടുംതണുപ്പുകള്‍ക്കും ചുട്ടുപഴുത്ത ഉച്ചവെയിലുകള്‍ക്കും അവളുടെ ശരീരം ശീലമായിരിക്കണം. അവള്‍ക്ക് ചിലപ്പോള്‍ വേനലിലും കുളിരാറുണ്ടാകും. മഞ്ഞുകട്ടകള്‍ക്കിടയില്‍ വിയര്‍പ്പ് പൊടിയുന്നുണ്ടാകും. ആരറിയാനിതൊക്കെ? അവള്‍ ഒരു യക്ഷിയാണെന്നാണ് കുട്ടികള്‍ വിശ്വസിക്കുന്നത്. പറഞ്ഞു പഠിപ്പിക്കുന്നതു വിശ്വസിക്കാന്‍ വിധിക്കപ്പെട്ടവര്‍. ഒരുപക്ഷേ യക്ഷിയെന്ന പേര് അവള്‍ക്ക് ആശ്വാസമായിരിക്കണം. ആത്മാവില്ലാത്ത ശരീരങ്ങളും ശരീരങ്ങളില്ലാത്ത ആത്മാക്കളും മാത്രമാണ് ഭൂമിയിലെന്ന് വെറുതെ തോന്നുന്നു. ഇരുട്ടേറിയാല്‍ മദ്യലഹരിയില്‍ വരുന്ന അജ്ഞാതമായ ഏതെങ്കിലും കരവലയത്തില്‍ ഞരങ്ങി കാമാര്‍ത്തിക്ക് പാത്രമാവുകയാണ് അവളുടെ രാവുകള്‍. എപ്പോഴൊക്കെയോ അവളുടെ നിലവിളികള്‍ കേട്ടതായി ഓര്‍ക്കുന്നു. എന്തിനോവേണ്ടി അവളുടെ കാലുപിടിച്ച് കരയാന്‍ എനിക്കു തോന്നി. വകുപ്പറിയാത്ത ഒരു തെറ്റിന് മാപ്പ് അപേക്ഷിക്കാനും. എന്തര്‍ത്ഥം. പെട്ടന്ന് മനസ്സ് തിരിഞ്ഞ് ചിന്തിച്ചു. ആവര്‍ത്തിക്കപ്പെടുമെന്ന് ഉറപ്പുള്ള തെറ്റുകള്‍ കുമ്പസാര കൂടുകളിൽ  വിശ്രമിക്കേണ്ടതില്ലല്ലോ!
 
ചിന്തകളുടെ ഉള്‍ക്കാടുകള്‍ കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഇരുളില്‍ നിന്നും ഉയര്‍ന്ന ഒരു അപരിചിതമായ കരച്ചില്‍ ശ്രദ്ധ തിരിച്ചത്. പൊടുന്നനെ കയ്യില്‍ കരുതിയിരുന്ന ടോര്‍ച്ച് തെളിയിച്ച് നോക്കിയപ്പോള്‍ ആരോ കടലില്‍ മുങ്ങുകയാണെന്ന് തോന്നി..
 
എവിടെനിന്നോ വന്ന ഒരു ധൈര്യത്തില്‍ എടുത്തുചാടി നീന്തി. കരച്ചിലിന്‍െറ ശബ്ദവും ആ ശരീരവും അനന്തതയുടെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങുകയാണെന്ന് ഭീതിയോടെ തിരിച്ചറിഞ്ഞു. ഏതോ പ്രപഞ്ചശക്തി ശരീരത്തില്‍ പ്രവേശിച്ചതുപോലെ ഞാന്‍ നീന്തിക്കൊണ്ടേയിരുന്നു. ഒടുവില്‍ ആ ഉടല്‍ കൈകളില്‍ തടഞ്ഞു. വിചാരിച്ചതില്‍ അധികം ഭാരം അനുഭവപ്പെട്ടു. നീന്തി കരയടുത്തു. ടോര്‍ച്ച് തെളിയിച്ച് നേരിയ പ്രകാശത്തില്‍ നോക്കി. അവിശ്വസനീയമായ ഒരു ഭീതിയോടെ, ഞെട്ടലോടെ ആ നുറുങ്ങു വെട്ടത്തില്‍ ആ മുഖം ഞാന്‍ കണ്ടു. കണ്ണുകള്‍ തുറന്നിട്ടുണ്ട്. അസാധാരണമായ ആഴത്തിൽ എന്തോ ഓര്‍മപ്പെടുത്തുന്ന മിഴികള്‍. 
 
കാലത്തിന്റെ  നിറംമങ്ങിയ കഥകള്‍ നിറഞ്ഞ്, കണ്ണുനീര്‍ ഒഴുക്കുമറന്ന്  മരവിച്ച ആ കണ്ണുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ മരിച്ചതാണെന്ന് തോന്നി. ഒരു വേദനയോടെയോ അമ്പരപ്പോടെയോ ആ മുഖത്തേക്ക് ഒരിക്കല്‍ കൂടി നോക്കി. ഭ്രാന്തി….. എന്റെ ചുണ്ടുകള്‍ പുലമ്പി. അവളുടെ ചുണ്ടുകള്‍ എന്തിനോ വിറയ്ക്കുന്നുണ്ട്. പറയാന്‍ ബാക്കിവച്ച എന്തോ ആ ചുണ്ടുകള്‍ക്കിടയില്‍ കുരുങ്ങി നില്‍ക്കുന്നു. പക്ഷെ, ഒന്നും പറഞ്ഞില്ല. ശബ്ദം പുറത്തു വന്നില്ല. എന്തോ പിറുപിറുക്കുന്നത് പോലെ. മെല്ലെ അനങ്ങി. അവൾക്കെന്തോ പറയാനുണ്ടായിരുന്നു. എന്തെന്നറിയില്ല. അധരങ്ങളുടെ അനക്കം മെല്ലെ നിലച്ചു.  പാതിവഴിയില്‍ ആ ചുണ്ടുകള്‍ നിശബ്ദതയെ പ്രാപിച്ചു. മിഴികള്‍ മെല്ലെയടഞ്ഞു. എന്നിട്ടും കൈകള്‍ക്കിടയില്‍ അമര്‍ത്തി പിടിച്ചിരുന്ന അവളുടെ കുഞ്ഞിനെ അവള്‍ വിട്ടിരുന്നില്ല. ചോരക്കറ മാറാത്ത ആ കുഞ്ഞിന്റെ റ മുഖത്ത് ഞാന്‍ മെല്ലെ വിരലോടിച്ചു. പതിയെ നെറ്റിയിൽ തലോടി ചൂടുപകർന്നു. നെറുകില്‍ എന്റെ  വിരല്‍പ്പാടുകളുടെ ചൂടമര്‍ന്നപ്പോള്‍ കുഞ്ഞ് കരയാന്‍ തുടങ്ങി. ആദ്യമായി കരഞ്ഞു. 
 
കുഞ്ഞിന്റെ  ആ കരച്ചില്‍ കേള്‍ക്കാന്‍ ആ അമ്മയ്ക്ക് കഴിഞ്ഞില്ല. കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേട്ട് പുഞ്ചിരിക്കാറുള്ള മാതൃ വാത്സല്യങ്ങൾ  അവളുടെ ചുണ്ടിൽ കണ്ടില്ല. മാതൃവാത്സല്യത്തിന്റെ  മധുരം പൊഴിയേണ്ട ആ അധരങ്ങളും മിഴികളും അവിരാമമായ മറ്റൊരു യാത്ര ആരംഭിച്ചിരിക്കുന്നു. ആ അഴിമുഖത്തിനും രാപകലുകള്‍ക്കും എന്നേക്കുമായി ആ ഭ്രാന്തിയെ നഷ്ടപ്പെട്ടിരിക്കുന്നു.
 
അവൾ പോയി. അതെ ഭ്രാന്തി, യക്ഷി. നാറുന്നവള്‍. ഈച്ചയാര്‍ത്തിരുന്നവള്‍. ആരോ!എന്തോ! അവള്‍ പോയി, എന്നേക്കുമായി. അവസാനത്തെ നോട്ടത്തിലും അവളുടെ കണ്ണുകളില്‍ ആ തീക്ഷ്ണത  മുറ്റിനിന്നു. വെറുപ്പിന്റെയോ , പകയൂടെയോ ആകില്ല. നിസ്സഹായതയുടെയോ നിരാലംബതയുടെതോ ആകില്ല. പതിവുപോലെ നിഗൂഢമായ ഒന്ന്. നിര്‍വചനങ്ങള്‍ക്ക് അതീതമായ ഒന്ന്. ഒരുപക്ഷേ അതാവാം ഭ്രാന്ത്. വിവരണങ്ങളില്ലാത്ത മനസ്സിന്റെ പേര്.  അവൾക്കു വീണ ഭ്രാന്തെന്ന പേരിന്റെ അർത്ഥമതായിരിക്കാം . ആരോ അവള്‍ക്ക് നല്‍കിയ ആ മനസ്സിന്‍െറ പേരായിരിക്കാം ഭ്രാന്തി!
 
ഭ്രാന്തി, പെറ്റിട്ട ജീവനെ തിരയുന്ന ചൂടുണങ്ങാത്ത ഉദരത്തിന്റെ, ഉത്തരങ്ങളില്ലാതെ വേവുന്ന കനല്‍ ചികയുന്ന നെഞ്ചിലെ വീര്‍ത്ത മുലകളില്‍ വറ്റിപ്പിടിച്ച മുലപ്പാലാണ് ആ ഹൃദയത്തിന്‍െറ ആഴങ്ങള്‍ പേറുന്ന നൊമ്പരമെന്ന് തോന്നി. കുറച്ച് മുമ്പ് വരെ ആ വേദന എനിക്ക് അജ്ഞാതമായിരുന്നു. ഇപ്പോഴും ചിലത് അജ്ഞാതമാണ്. വീണ്ടും ആ മുഖത്തേക്ക് നോക്കാന്‍ ഭയം തോന്നി. താന്‍ വിചാരിച്ചിരുന്നെങ്കില്‍ അവള്‍ രക്ഷപ്പെടുമായിരുന്നോ? രക്തമൂറ്റുന്ന മൃഗീയ കരവലയങ്ങളില്‍ നിന്നും അവള്‍ രക്ഷപ്രാപിക്കുമായിരുന്നോ? അറിയില്ല. കുറ്റബോധം ഒരു കാട്ടുതീയായി നെഞ്ചിലേക്ക് പടരുന്നു, എന്നെ അതിൽ ചുട്ടെരിക്കുന്നു. . എന്തിനോ അവളെ മെല്ലെ മാറോട് ചേര്‍ത്തുപിടിച്ചു. കുഞ്ഞു ജീവന്‍െറ അനക്കങ്ങള്‍ ഒട്ടുമുള്ളുപോലെ തറച്ചു. കുറ്റബോധം നിഴലിച്ച മനസ്സുമായി ആ മുഖത്തു ഒന്നുകൂടെ നോക്കി .
 
അവളുടെ അടഞ്ഞ മിഴികളിലേക്ക്  ഒരിക്കല്‍ കൂടി അറിയാതെ കണ്ണുപായിച്ചു. ആദ്യമായാണ് ഇത്ര അരികില്‍ അവളെ കാണുന്നത്. അത്രമേല്‍ അടുത്ത്. ആദ്യമായാണ് ആ ശരീരത്തില്‍ തൊടുന്നത്. എന്തോ ഒരടുപ്പം ഹൃദയത്തെ തൊടുന്നപോലെ. മിഴിചാരിയ ആ മുഖത്തോട് വല്ലാത്തൊരിഷ്ടം കനംവച്ച് വരുന്നു. എന്തെന്നറിയാത്ത ഒരു പ്രണയം  . 
 
പതിയെ അവളുടെ മൂര്‍ദ്ധാവിലേക്ക് ഞാന്‍ ചുണ്ടുകള്‍ അമര്‍ത്തി. ആത്മാവില്ലാത്ത ശരീരത്തിനു നൽകിയ അന്ത്യ ചുംബനമായോ കാമർത്തിയായോ തോന്നിയില്ല.  മനുഷ്യവികാരങ്ങളുടെ മാംസവും ചോരയും നിറഞ്ഞ യുക്തിക്കു അവർണ്ണനീയമായ ആ  സ്പര്‍ശത്തിന് എന്തുപേരാവും വിളിക്കുക. അന്ത്യചുംബനമെന്നോ? പ്രണയചുംബനമെന്നോ? മനസ്സിലെ ആ നിമിഷത്തെ വികാരത്തെ വിവരിക്കുക അസാധ്യം. അഗാധതകളിലേക്ക് ആഴത്തില്‍ വലിച്ചടിപ്പിക്കുന്ന ഭ്രാന്തമായൊരു പ്രണയം. ഭ്രാന്തിയോട് തോന്നുന്ന പ്രണയം.....
----------------------
 
അർച്ചന എസ്. പാലക്കാട്‌ ആണ് സ്ഥലം. 1997 ജനവരി 4ന് എം കെ ഇന്ദിരയുടെയും എ കെ ശങ്കരനാരായണന്റെയും മകളായി പാലക്കാട്‌ ജനിച്ചു. ഇപ്പോൾ ഗണിതശാസ്ത്രത്തിൽ ഗവേഷണവിദ്യാർത്ഥി. പഠിക്കുന്നത് NISER ഭുവനേശ്വറിൽ. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ചെറുതായി എഴുതും. 
ഒരു നോവൽ  *രാത്രിവെയിൽ* പ്രസിദ്ധീകരിച്ചിട്ടുണ്ട്.   കഥാ സമാഹാരം, കവിത സമാഹാരം തുടങ്ങിയവ അടുത്ത് തന്നെ ഇറക്കാൻ പദ്ധതിയിലാണ്. 
വായിക്കാൻ, പാടാൻ, വരയ്ക്കാൻ എല്ലാം ഇഷ്ടമാണ്. നവമാധ്യമങ്ങളിലും മാഗസിനുകളിലും എഴുതാറുണ്ട്. അംഗീകാരങ്ങൾ :
 
1. വയലാർ അനുസ്മരണം കവിത മത്സരം 2 ആം സ്ഥാനം.
2. പീപ്പിൾസ് ലൈബ്രറി കഥ കവിത മത്സരം ഒന്നാം സ്ഥാനം.
3. അക്ഷരമഴ കഥ മത്സരം ഒന്നാം സ്ഥാനം
4. അറിവിൻ തീരം കവിത സമ്മാനം
5. ഭ്രാന്തെഴുത്ത് കവിത സമ്മാനം
6. പേരക്ക ബുക്സ് ലേഖനം സമ്മാനം
7. ഇന്ക് പേപ്പർ സ്റ്റോറീസ് കഥ 2 ആം സ്ഥാനം.
8. പരസ്പരം വായനക്കൂട്ടം അയ്മനം കരുണാകരൻ കുട്ടി സ്മാരക കഥ പുരസ്‌കാരം
9. എന്റെ തൂലിക കഥ സമ്മാനം.
10. ആദ്യാക്ഷരം റേഡിയോ യിൽ കവിത അവതരണം.
11. പൊൻതൂവൽ കഥ കവിത സമ്മാനങ്ങൾ
12. അക്ഷരാഗ്നി കവിത സമ്മാനം.
13. നീതി വിഷയാടിസ്ഥിത കവിത മത്സരം സമ്മാനം 
14. KCTTU dream write up award
15. യുവക്ഷേത്ര ഉപന്യാസ രചന മത്സരത്തിൽ മൂന്നാം സ്ഥാനം.
16. പച്ചിലക്കൂട്ടം കവിതമത്സരം ഒന്നാം സ്ഥാനം.
17. Jci മലപ്പുറം പ്രസംഗമത്സരം പ്രോത്സാഹനസമ്മാനം.

Facebook Comments

Comments

  1. M K INDIRA

    2021-04-21 08:23:36

    10

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

ഒട്ടകപ്പരുന്ത്  (കെ കെ സിദ്ധിക്ക്, കഥാ മത്സരം)

View More