-->

kazhchapadu

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

Published

on

ഇന്ന് നൂറയുടെ ജൻമദിനമാണ്, ഇന്ന് പുറത്തിറങ്ങാതെ വയ്യ.. വല്ലാത്ത അസ്വസ്ഥത അയാളെ വരിഞ്ഞു മുറുക്കി. പുറത്തേക്കൊന്നിറങ്ങാൻ, ശുദ്ധവായു ശ്വസിക്കാൻ അയാൾ വെമ്പൽ കൊണ്ടു. ട്രെയിന്റെയും ബസ്സിന്റെയും ശബ്ദത്തിൽ അലിഞ്ഞ്  ചേർന്ന് എന്നും ഓഫീസിൽ പോയിരുന്ന അയാൾക്ക് പുറത്തേക്കിറങ്ങാനാവാത്ത അവസ്ഥ അസ്വസ്ഥ ജനകമായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവന്റെ അവസ്ഥയെക്കുറിച്ച് അയാൾ കഥയും കവിതയും എഴുതിയിട്ടുണ്ടെങ്കിലും, ബന്ധനത്തിന്റെയും ഏകാന്തതയുടെയും ദുരിതത്തെപ്പറ്റി ഒത്തിരി വായിച്ചിട്ടുണ്ടെങ്കിലും  അതിനെക്കാൾ അസ്വസ്ഥമായ ഒരവസ്ഥ അനുഭവിക്കേണ്ടി വരുമെന്ന്  ഒട്ടും കരുതിയതല്ല.
 
പുറത്തിറങ്ങാൻ പോലീസിന്റെ ചോദ്യത്തിന് മറുപടി പറയണം, കാൽനടയായി പോയാലും തടഞ്ഞു നിർത്തപ്പെടുന്നു. വുഹാന്റെ ലാബിൽ നിന്ന് പുറത്തു ചാടുമ്പോൾ വൈറസിറെ ചിന്തയിലും ഉണ്ടായിരുന്നിരിക്കില്ല ഇത്രയും ഭീകരമായ വ്യാപനം..
 
ഇന്നേതായാലും പുറത്തിറങ്ങാതിരിക്കാനാവില്ല.. ഇന്ന് എന്റെ നൂറയുടെ ജൻമദിനമാണ്..ഫോണിന്റെ ചാർജ്ജർ ഉപയോഗശൂന്യമായിരിക്കുന്നു, ആകെ ആശ്രയമുള്ളത് അതു മാത്രമാണ്, ലോക്ക്ഡൗണിന്റെ ബന്ധനങ്ങളിൽ ലോകവുമായി ബന്ധപ്പെടാനുള്ള ഒരേയൊരുപാധി..അടുത്ത് ആരോടെങ്കിലും കടം വാങ്ങാനാണെങ്കിൽ  ആർക്കും ആരെയും അറിയാത്ത നാഗരികതയുടെ പൊയ്മുഖങ്ങളാണെങ്ങും.. അനേകം അപരിചിതർക്കിടയിൽ അയാളും  ഒരു അപരിചിതൻ.. പരിചയമുണ്ടെങ്കിൽ തന്നെ  പുറത്തിറങ്ങാതെ അകത്തിരിക്കാൻ വിധിക്കപ്പെട്ട കാലം...അടച്ചിട്ട മുറികളുടെ ഇടയിൽക്കൂടി പോലും നോക്കാൻ പേടി. സ്വന്തം കാലടിശബ്ദങ്ങളെപ്പോലും ഭയപ്പെടുന്ന മനുഷ്യർ.
 
കടകൾ ഒന്നും തുറക്കാൻ വഴിയില്ല. ഭക്ഷണം വിൽക്കുന്ന കടകൾ മാത്രം രണ്ടു മണിക്കൂർ തുറക്കാനേ അനുമതിയുള്ളൂ..അയാൾക്ക് വല്ലതെ ഭ്രാന്തു പിടിക്കും പോലെ തോന്നി..ഒരു ദൈവത്തിനും ഒരു നേതാവിനും ഒരു നിയമത്തിനും കഴിയാത്തത് ഒരു കുഞ്ഞു വൈറസിനെക്കൊണ്ട് കഴിഞ്ഞിരിക്കുന്നു..ഇത്രയും അനുസരണശീലരാകാൻ..ദേശ ഭാഷാ രാജ്യ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് കഴിയുന്നത് എങ്ങനെ എന്ന് അയാൾ അത്ഭുതപ്പെട്ടു.
 
 
ഫെയിസ് ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും തേടി എത്തിയ സൗഹൃദങ്ങൾ അയാൾക്ക് എന്നും ആശ്രയമായിരുന്നു, അതിൽ ഒരിക്കലും മറക്കാനാവാത്ത സുഹൃത്തായിരുന്നു നൂറ..ഗുജറാത്തിൽ സഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം..ബിസിനസിനൊപ്പം രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ  ബാപ്പയുടെ പുന്നാരമകൾ..
 
നൂറ എപ്പോഴും എഴുതുമായിരുന്നു ബാപ്പയുടെ പുസ്തകസ്നേഹത്തെപ്പറ്റി, സഹജീവി സ്നേഹത്തെപ്പറ്റി, വീടിനു മുകളിലെ ലൈബ്രറിയിൽ കുരുവികൾക്ക് താമസിക്കാൻ ഒരുക്കിയിരുന്ന കൂടുകളെപ്പറ്റി..എല്ലാം വിശദമായി ഫെയിസ് ബുക്കിൽ അവൾ കുറിച്ചിടുമായിരുന്നു. എന്റെ ജൻമദിനങ്ങളിൽ അവളും അവളുടെ ജൻമദിനങ്ങളിൽ ഞാനും ആശംസകൾ നേരുമായിരുന്നു..എന്റെ കുടുംബവും അവളുടെ കുടുംബവും നേരിട്ട് കാണാതെ ചിരപരിചിതരായി.
 
ഒരിക്കൽ ഞാനെഴുതി, നൂറാ ഞാനും ഭാര്യയും കുട്ടികളും കൂടെ അങ്ങ് ഗുജറാത്തിലേക്ക് വരും, നിന്നെ കാണാൻ, നിന്റെ ബാപ്പയെയും ഉമ്മയേയും സഹോദരങ്ങളെയും കാണാൻ..അതു കേട്ടപ്പോൾ അവൾക്ക് വലിയ സന്തോഷമായി. ’’അതിനെന്താ അങ്കിൾ.വന്നിട്ട് ഒരു മാസം ഇവിടെ നിന്നിട്ട് പോയാൽ മതി കേട്ടോ..’’
 
 എന്റെ കഥകൾ വയിച്ച് അവൾ അഭിപ്രായം എഴുതും. അവൾ എഴുതുന്ന കവിതകൾ വായിച്ച് ഞാനും..എത്ര മനോഹരമായിരുന്നു അവളുടെ കവിതകൾ. ഹൃദയത്തിൽ നിന്നും ഒഴുകി വന്ന വാക്കുകൾ.. നൊമ്പരങ്ങളും കിനാവുകളും ചേർത്ത ജീവിതത്തിൽ മുക്കിയെടുത്ത വരികൾ..ഇത്ര ചെറുപ്പത്തിൽ എങ്ങനെ ഇത്ര കയ്യൊതുക്കത്തോടെ എഴുതാൻ കഴിയുന്നു, അയാൾക്ക് അത്ഭുതമായിരുന്നു..പാരമ്പര്യമായി കിട്ടിയതെന്ന് പറയാൻ ബാപ്പയുടെ വായനശീലവും ഉമ്മയുടെ ചിത്രരചനയും.. മാത്രം..
 
ബാപ്പ ചെറുപ്പത്തിൽ കവിതകളെഴുമായിരുന്നുവെന്ന് നൂറ എഴുതിക്കണ്ടിട്ടുണ്ട്, ബാപ്പയുടെ പ്രതിഭ മകളിലൂടെ പുനർജ്ജനിച്ചതാവണം. എന്തും അവൾക്ക് വിഷയങ്ങളായിരുന്നു..ബാപ്പയുടെ കുരുവികൾ കൂട്ടിൽ മുട്ടയിട്ടത്, കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ ബാപ്പ ഫാൻ പോലും ഓൺ ചെയ്യാത്തത്..ആ സമയത്ത് സെല്ലോ ടേപ്പ് വെച്ച് ഫാൻ ഒട്ടിച്ചു വെക്കുമത്രേ..അറിയാതെ പോലും ഫാൻ ഓണായി കുരുവിക്കുഞ്ഞുങ്ങൾക്ക് അലോസരമുണ്ടാകാതിരിക്കാൻ..ചൂടിൽ വിയർത്തു കുളിച്ചിരുന്ന് വായിക്കുന്ന ബാപ്പയെപ്പറ്റി അവൾ എഴുതിയിട്ടുണ്ട്.
 
അതിനിടയിലാണ് കലാപത്തിന്റെ തീ നാളങ്ങൾ അവളുടെ നാട്ടിലേക്ക് കടന്നുവന്നത്. ഓരോ ദിവസവും കാര്യങ്ങൾ പിടി വിട്ടു പോവുകയായിരുന്നു..പച്ച മനുഷ്യരെ പിടിച്ച് തീയിട്ട് ചുട്ടുകൊല്ലുന്ന വാർത്തകൾ വായിച്ച് അയാളുടെ നെഞ്ചകം കലങ്ങി.വയർ കുത്തി തുറന്ന് ഭ്രൂണം പുറത്തെടുത്ത വാർത്തകൾ അയാളുടെ ഉറക്കം കെടുത്തി. മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ട് മാനം പിച്ചിച്ചീന്തി  തീയിലെറിഞ്ഞ് കൊന്ന നിരപരാധികളുടെ നിസ്സഹായത  അയാളുടെ മനസ്സിൽ തേങ്ങലായി നിറഞ്ഞു..അപ്പോഴൊന്നും നൂറയ്ക്കും കുടുംബത്തിനും ഒന്നും സംഭവിക്കല്ലേ എന്ന് അയാൾ പ്രാർത്ഥിച്ചു. എല്ലാ ദിവസവും അവളുടെ ഫെയിസ് ബുക്ക് പേജുകൾ ആശങ്കയോടെ അയാൾ പരതി..ഓരോ ദിവസവും അവൾ കണ്ണീർക്കഥകൾ പങ്കു വെച്ചു.
 
ഒടുവിൽ അവൾ എഴുതിയത് വായിച്ചപ്പോൾ അയാൾ എവിടെയോ അപകടം മണത്തു..’’അവർ പിശാചുക്കളെപ്പോലെ ഓടി നടക്കുന്നു..ഓരോ ദിവസവും കേൾക്കുന്നത് കദനം നിറഞ്ഞ കാര്യങ്ങൾ.. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പെടെ എല്ലാവരെയും വെട്ടിക്കൊന്ന് തീയിലിട്ട് കത്തിക്കുന്നു. ഓരോ കുടുംബത്തിലും കടന്നു ചെന്ന് കുടുംബത്തെ ഒന്നാകെ കൊല്ലുന്നു..അവർ നാളെ ഇവിടെയും വന്നു കൂടെന്നില്ല. ഞങ്ങൾക്കായി പ്രാർത്ഥിക്കുക.അവർ വന്നില്ലെങ്കിൽ നാളെ വീണ്ടും കാണാം..’’
 
വായിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന കുറിപ്പുകൾ..അവളുടെ കവിതകളും കുസൃതികളും ഒന്നും കണ്ടില്ല. ജീവിക്കാനുള്ള ആഗ്രഹം മാത്രമായിരുന്ന നാളുകൾ..ക്രൂരതകൾക്കു മുന്നിൽ നിസ്സഹായമായിപ്പോകുന്നു മനുഷ്യന്റെ മനസ്സും ഭാവനയും..
 
പിറ്റേ ദിവസം നൂറ എഴുതി..’’എന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ദിവസം. നാളെ ഒരു കുറിപ്പെഴുതാൻ ഞാനുണ്ടാകുമോ എന്നറിയില്ല..താഴെ കലാപകാരികൾ ഒത്തുകൂടിയിരിക്കുന്നു..അതിനു മുമ്പ് അഭയം തേടി ഓടിയെത്തിയ ആൾക്കാരെ വിട്ടു കൊടുക്കണമെന്ന് പറഞ്ഞ് കയ്യിൽ വാളും പന്തവുമായി ആർത്തു വിളിക്കുന്ന ആളുകൾ..അഭയം തേടി ഓടിയെത്തിയവരെ  ബാപ്പ അകത്തു കയറ്റി ഒളിപ്പിച്ചിരുന്നു.. ബാപ്പ ജീവനു തുല്യം സ്നേഹിച്ച പുസ്തകങ്ങളുടെയും ..കുരുവിക്കുഞ്ഞുകളുടെയും കൂടെ..
 
ആക്രോശങ്ങൾക്കൊടുവിൽ  തടസ്സം നിന്ന ബാപ്പയെ വെട്ടി വീഴ്ത്തി തീയിലേക്കെറിയുന്നത്  അടച്ചിട്ട മുറിയിൽ നിന്ന് കണ്ണുനീരോടെ കാണേണ്ടി വന്ന ഒരു മകളുടെ നിസ്സഹായത  നിങ്ങൾക്കറിയുമോ.. അതറിയാതെ ബഹളം കേട്ട് ബോധരഹിതയായിക്കിടക്കുന്ന ഒരു ഉമ്മയുടെ ദുഖം നിങ്ങൾക്ക് ഊഹിക്കാനാവുമോ..
 
ബാപ്പ അഭയം കൊടുത്ത ഓരോരുത്തരെയും ഒന്നൊന്നായി അവർ കൊന്ന് തീയിലെറിയുന്നു.. പെൺകുട്ടികളെയും സ്ത്രീകളെയും പുറകിലേക്ക് പിടിച്ചു കൊണ്ടു പോകുന്നു..എങ്ങും നിലവിളികൾ മാത്രം മാനം പോകുന്നതിന്റെ, ജീവൻ പോകുന്നതിന്റെ..പച്ച മാംസം കത്തിയെരിയുന്ന മണം. എന്റെ മൂക്കിലേക്കെരിഞ്ഞു കയറുന്നു. എന്റെ ബാപ്പയൂടെ പ്രിയപ്പെട്ട പുസ്തകങ്ങളും കുരുവിക്കുഞ്ഞുകളും മനുഷ്യരോടൊപ്പം വെന്തെരിഞ്ഞു.. അതിനിടയിൽ എന്റെ ബാപ്പയും.. നിലവിളിച്ച് ഓടിയെത്തിയ മനുഷ്യരെ  സംരക്ഷിച്ചു എന്നതു മാത്രമായിരുന്നു ബാപ്പ ചെയ്ത കുറ്റം..’’  പൂർണ്ണമാകാതെ പോയ ഈ പോസ്റ്റായിരുന്നു  നൂറയുടെ അവസാന പോസ്റ്റ്..
 
പിന്നീട്  ഉറക്കവും ഭക്ഷണവുമില്ലാതെ പോയ  എത്ര നാളുകൾ..ഓരോ ദിവസവും  നൂറയുടെ ഒരു  പോസ്റ്റിനായി അയാൾ  കാത്തു.. ’’നിങ്ങൾ എന്തെങ്കിലും ഒന്ന് കഴിക്ക്..’’ ഭാര്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പറഞ്ഞു. ചിക്കനും മട്ടനും ബീഫുമൊക്കെ അവൾ ഓരോ ദിവസവും മാറി മാറി  വിളമ്പി അയാൾ.. ഒന്നും തൊട്ടില്ല. ഇറച്ചിക്കഷണം എടുത്തു വായിലേക്ക് വെക്കാൻ തുടങ്ങുമ്പോൾ ജീവിച്ചു കൊതി തീരാതെ വെട്ടി നുറുക്കി തീയിലിടപ്പെട്ട കുഞ്ഞുങ്ങളുടെ..കരിഞ്ഞ മാംസമാണ് അയാളുടെ ഓർമ്മയിൽ വന്നത്..പിന്നെ ഒരിക്കലും അയാൾക്ക് ഇറച്ചി കഴിക്കാൻ കഴിഞ്ഞില്ല. മാനം നഷ്ടപ്പെട്ട പാവങ്ങളുടെ കരച്ചിലിൽ അയാളുടെ ഉറക്കവും നഷ്ടപ്പെട്ടു.
 
അവളുടെ അടുത്ത ജൻമദിനമായപ്പോൾ ദു:ഖത്തിനിടയിലും  ആശംസ അയച്ചു..അതു പോലെ പലയിടത്തു നിന്നുമായി ആശംസകൾ വന്നു കിടന്നിരുന്നു, ഒന്നിനും മറുപടിയില്ലാതെ..അതിനിടയിലെവിടെയോ ആണ് അവളുടെ സുഹൃത്തിന്റെ പോസ്റ്റ് അയാൾ വായിച്ചത്..’’ഇനി നിങ്ങൾ നൂറയ്ക്ക് ജൻമദിനം ആശംസിക്കേണ്ട.. അവൾ ഈ ലോകത്തില്ല.. ജൻമദിനവും ചരമദിനവുമില്ലാത്ത ലോകത്തേക്ക് അവൾ എന്നേ പൊയ്ക്കഴിഞ്ഞു.. അക്രമികൾ അവളുടെയും ഉമ്മയുടെയും മാനം കവർന്നെടുത്തു..അവരെയും അവർ തീയിലെറിഞ്ഞു,..’’
 
പിന്നെ വായിക്കാൻ അയാൾക്ക് കണ്ണുകൾ കാണുന്നുണ്ടായിരുന്നില്ല. ഒഴുകി വീഴുന്ന കണ്ണീർത്തുള്ളികളിൽ അയാളുടെ മൊബൈൽ നനഞ്ഞു..
 
വർഷങ്ങൾ കഴിഞ്ഞു പോയെങ്കിലും എല്ലാ ജൻമദിനത്തിലും  ആളില്ലാത്ത അക്കൗണ്ടിലേക്ക് ഒരു ആശംസ.... അത് പതിവായിരുന്നു..അവളുടെ ആത്മാവിന് അതു മാത്രമേ കൊടുക്കാനുള്ളൂ..ഏതെങ്കിലും ലോകത്തിരുന്ന് നൂറ അത് വായിക്കുന്നുണ്ടാവണം..എന്നെങ്കിലും അവൾ മറുപടി അയക്കാതിരിക്കില്ല..
 
 നൂറയുടെ ജൻമദിനമാണ് ഇന്ന്.  ആശംസ പോസ്റ്റ് ചെയ്യണമെങ്കിൽ മൊബൈലിൽ ചാർജ്ജില്ല..എവിടെ നിന്നെങ്കിലും ചാർജ്ജർ വാങ്ങിച്ചേ കഴിയൂ..അവൾ ഈ ലോകത്തില്ലെങ്കിലും അവളുടെ ആത്മാവ് എല്ലാം അറിയുന്നുണ്ടാവണം.. ഇന്ന് മെസേജ് കണ്ടില്ലെങ്കിൽ എന്റെ കുഞ്ഞു പെങ്ങൾ നൂറ എന്നോട് പിണങ്ങും.. തീയിലെറിഞ്ഞു കൊന്നവരോടും മാനം പിച്ചിചീന്തിയവരോടും അവൾ ക്ഷമിച്ചു കാണും..അത്രയും  പാവമായിരുന്നവൾ.. എന്റെ നൂറ.... സ്നേഹിക്കാൻ മാത്രമറിയാമായിരുന്നവൾ..കവിത നിറഞ്ഞ മനസ്സുണ്ടായിരുന്നവൾ.. കുരുവികളെ പോലും വേദനിപ്പീക്കാതെ സ്നേഹിച്ച ബാപ്പയുടെ മകൾ..ജാതി നോക്കാതെ എല്ലാവർക്കും വാരിക്കോരിക്കൊടുത്ത ഉമ്മയുടെ മകൾ..
 
ഇന്ന് നൂറയുടെ ജൻമദിനമാണ്.. എനിക്ക് ആശംസാസന്ദേശം അയച്ചേ പറ്റൂ..തെരുവാകെ അലഞ്ഞു നടന്ന് നേരം ഇരുട്ടിയത് അയാൾ അറിഞ്ഞില്ല.. ജീപ്പിൽ വന്ന പോലീസുകാർ തടഞ്ഞു നിർത്തിയപ്പൊഴും അയാൾ വല്ലാത്ത ഭ്രമാവസ്ഥയിലായിരുന്നു..’’എവിടെ പോകുന്നു..കണ്ടയിന്മെന്റ് സോണാണെന്ന് അറിഞ്ഞു കൂടെ..വീട്ടിൽ പോകണം..’’ എസ്.ഐ.യുടെ സ്വരത്തിൽ കാർക്കശ്യം നിറഞ്ഞിരുന്നു..
 
 ‘’സാറേ, എവിടെയെങ്കിലും ഒരു മൊബൈൽ കടയുണ്ടാകുമോ..എനിക്ക് ഒരു ചാർജ്ജർ വാങ്ങിക്കാനാണ്.’’
 
 അയാളുടെ ശബ്ദം ഇടറിയിരുന്നു..
 
‘’നിങ്ങൾക്ക് ഭ്രാന്തുണ്ടൊ മിസ്റ്റർ, നിങ്ങൾ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്..മര്യാദയ്ക്ക് വീട്ടിൽ പോയില്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ടിടും..’’ അതു പറഞ്ഞിട്ട് ജീപ്പ് പാഞ്ഞു പോയി..
 
ഇല്ല,സാർ.എനിക്ക് അങ്ങനെ പോകാൻ കഴിയില്ല. ഇന്ന് എന്റെ നൂറയുടെ ജൻമദിനമാണ്. അവൾക്ക് ആശംസ അയക്കാതിരിക്കാൻ എനിക്ക് കഴിയില്ല.... മാനം നഷ്ടപ്പെടുമ്പോഴും തീയിലെരിയുമ്പോഴും അവൾ സഹിച്ച വേദനയ്ക്ക് പകരം കൊടുക്കാൻ എനിക്ക് ഇതു മാത്രമേയുള്ളൂ..ആരെങ്കിലും തരുമോ ഒരു ചാർജ്ജർ?..’’ ബോധം നഷ്ടപ്പെട്ടവനെപ്പോലെ അയാൾ പുലമ്പി..പിന്നീട് പല ദിവസങ്ങളിലും പകലും രാത്രിയുമെന്നില്ലാതെ വിജനമായ വഴികളിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ആ വിളി പലരും കേട്ടു, ആരെങ്കിലും തരുമോ എനിക്കൊരു ചാർജ്ജർ?
---------------------------------
നൈനമണ്ണഞ്ചേരി
 
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി സ്വദേശി. 
മലയാളത്തിൽ എം.എ. ബിഎഡ്. ബിരുദം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ബാലരമയിൽ പ്രസിദ്ധീകരിച്ച ബാലകഥയിലൂടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് തുടക്കം. കഥ, കവിത, ലേഖന വിഭാഗങ്ങളിലായി വിവിധ പ്രസിദ്ധീകരണങ്ങളിൽ  സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിൽ  വർഷങ്ങളായി കഥകളും കവിതകളും  അവതരിപ്പിക്കുന്നു. ഇപ്പോൾ നർമ്മ സാഹിത്യ രംഗത്ത് സജീവം.
 
കവിതയ്ക്ക് പൂന്താനം പുരസ്ക്കാരം, കലാകേന്ദ്രം പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൊൽക്കൊത്ത പുരോഗമന കലാസാഹിത്യ സംഘവും, ബാംഗളൂർ കേരള സമാജവും അഖിലേന്ത്യാതലത്തിൽ നടത്തിയ സാഹിത്യമൽസരങ്ങളിൽ ജേതാവായി. ബാംഗളൂർ പ്രവാസി സാഹിത്യശിൽപ്പശാല നടത്തിയ നവയുഗ സാഹിത്യ മൽസരത്തിൽ ‘ഇനിയെന്നു പോകും നിങ്ങൾ’ എന്ന നർമ്മകഥ ഒന്നാം സമ്മാനം നേടി. നെഹ്രുട്രോഫി ജലോൽസവകമ്മറ്റിയും നേപ്പാൾ യൂണിവേഴ്സൽ കോളേജ് ഓഫ് മെഡിക്കൽ സയൻസസും ചേർന്നു നടത്തിയ റിപ്പോർട്ടിംഗ് മൽസരത്തിൽ ഒന്നാം സ്ഥാനത്തെത്തി നേപ്പാൾ യാത്രയ്ക്ക് അർഹനായി.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ അംബേദ്ക്കർ നാഷണൽ ഫേല്ലോഷിപ്പ് അവാർഡ് നേടിയിട്ടുണ്ട്. ‘’സ്നേഹതീരങ്ങൾ’’ എന്ന കുട്ടികളൂടെ നോവൽ  2013..ലെ പാലാ കെ.എം.മാത്യൂ  ബാലസാഹിത്യ പുരസ്ക്കാരം നേടി. ഈ നോവൽ ‘’സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ ‘’എന്ന പേരിൽ ചലച്ചിത്രമായപ്പോൾ അതിന്റെ തിരക്കഥ, സംഭാഷണം , ഗാനങ്ങൾ എഴുതി. ’നന്ദിത’എന്ന ചിത്രമുൾപ്പെടെ 3 ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചു.
 
’’മന്ത്രവാദിയുടെ കുതിര’’ എന്ന ബാലകഥാ സമാഹാരത്തിന് 2014ലെ ചിക്കൂസ്  ബാലസാഹിത്യ പുരസ്ക്കാരം ലഭിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ  2014 ലെ കുഞ്ചൻ പ്രബന്ധ പുരസ്ക്കാരം നേടിയിട്ടണ്ട്. 2020 -ലെ ഇൻഡിവുഡ് സാഹിത്യ പുരസ്ക്കാരത്തിന് ''പങ്കൻസ് ഓൺ കൺ‍ട്രി'' എന്ന നർമ്മകഥാ സമാഹാരം അർഹമായി. അക്കാദമി ക്യാമ്പ് കൂട്ടായ്മയായ ‘കഥാസംസ്ക്കാര’ പ്രസിദ്ധീകരിച്ച ’അനുയാത്രികരുടെ ആത്മഭാഷണങ്ങൾ’എന്ന  സമാഹാരത്തിൽ 3 കഥകൾ ഉൾപ്പെടുത്തി. സൗദിഅറേബ്യയുടെയും യെമന്റെയും അതിർത്തിയായ ഷറൂറയിൽ അഞ്ചുവർഷത്തെ പ്രവാസജീവിതം. ഇപ്പോൾ . തൊഴിൽ വകുപ്പിലെ ജീവനക്കാരനാണ്.
          
മുഴുവൻപേര് - ജലാലുദീൻ നൈന 
ഭാര്യ-  ബീന.ജെ.നൈന 
മക്കൾ-ഡോ. മാരി.ജെ.നൈന, മിറാസ്. ജെ.നൈന  
വിലാസം- 'നൈനാസ്’ എരമല്ലൂർ.  ആലപ്പുഴ 
 
   നൈനമണ്ണഞ്ചേരിയുടെ കൃതികൾ
 
നർമ്മകഥകൾ
 
സൂക്ഷിക്കുക,അവാർഡ് വരുന്നു!
 
 പങ്കൻസ് ഓൺ കൺട്രി
 
 ഇമ്മിണി ബല്യ നൂറ്
 
വഴിയേ പോയ വിനോദയാത്ര
 
 അവൻ താനല്ലയോ ഇവൻ?
 
 ഹാസ്യനോവൽ
 
 ഓമനപ്പാറ ഗ്രാമപഞ്ചായത്ത്
 
കുട്ടികളുടെ നോവൽ
 
സ്നേഹതീരങ്ങളിൽ
 
കുട്ടികളുടെ കഥകൾ
 
മന്ത്രവാദിയുടെ കുതിര          
 
കുട്ടികളുടെ  യാത്രാവിവരണം
 
അച്ഛൻ മകൾക്കെഴുതിയ യാത്രാവിവരണങ്ങൾ
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

View More