-->

kazhchapadu

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

Published

on

ബോംബെയിൽ നിന്ന് അവധിക്ക് വരുമ്പോഴാണ് ആൽത്തറക്ക് ചുറ്റും ആൾക്കൂട്ടം കണ്ടത്.  തിരക്കിലൂടെ നുഴഞ്ഞ് നോക്കിയപ്പോൾ മനസ്സിൽ ഒരു ഇടിവാൾ മിന്നി.  അപ്പുവേട്ടൻ, കയ്യിൽ കൊളുത്താത്ത ഒരു സിഗററ്റ്. ഒറ്റമുണ്ടും പഴകിയ അരക്കയ്യൻ ഷർട്ടും.  അലസമായ താടിയും മുടിയും.  ആരോടോ പ്രതിഷേധിക്കുന്ന ചിരി മുഖത്ത്. ആൽത്തറ തിണ്ണയിൽ ചരിഞ്ഞ് കിടക്കുന്നു.  താഴെ റോഡിൽ ചോരപ്പാടുകൾ. ചോര ഛർദിച്ചതാണെന്ന് ആളുകൾ പറയുന്നുണ്ട്. ആരൊക്കെയോ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വണ്ടി വിളിക്കുന്നുണ്ട്.  അതിൻ്റെയൊന്നും കാര്യല്യ ... മിടിപ്പില്ല. .. കൈകൾ തണുത്തിരിക്കുന്നു .... കൂട്ടത്തിൽ വേറൊരാൾ പറയുന്നുണ്ട്.
 
അപ്പുവേട്ടൻ, ചേമ്പുള്ളി തറവാട്ടിലെ മൂത്ത ആൺതരി.  നോക്കെത്താത്ത ദൂരം പാടങ്ങളും പറമ്പുകളും ഉള്ള തറവാട്.. വീട്ടിനകത്ത് പത്ത് വേലക്കാരും പുറം പണിക്ക് ഇരുപത് പേരെങ്കിലും നിത്യവും കാണും . തറവാട്ടിലെ കാര്യങ്ങൾ നോക്കുന്നത് വയസ്സായെങ്കിലും അപ്പുവേട്ടൻ്റെ അമ്മ കല്യാണിയമ്മയാണ്.  കല്യാണിയമ്മയുടെ ഭർത്താവ് കൃഷ്ണേട്ടൻ ഭക്തിയും പൂജയുമായി വീട്ടിലെ ആളൊഴിഞ്ഞ തട്ടിൻപുറത്തെ ഒരു മുറിയിൽ ആർക്കും ശല്യമില്ലാതെ കഴിയുന്നു.  പുലരും മുന്നേ അമ്പല നടക്കലെത്തും. . കുളിയും അമ്പലകുളത്തിൽ തന്നെ.  കുട്ടിക്കാലത്ത് അച്ഛൻ്റെ കൈ പിടിച്ച് അമ്പലത്തിൽ വന്നിരുന്ന അപ്പുവേട്ടൻ കൃഷ്ണേട്ടൻ തൊഴുത് വരും വരെ ആൽതറയിലിരിക്കും. അങ്ങിനെയാവണം അപ്പുവേട്ടന് ഈ ആൽത്തറ പ്രിയങ്കരമായത്.
 
 
അപ്പുവേട്ടൻ പഠിക്കാൻ മിടുക്കനായിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ എംഎ എടുത്ത് ഇന്ത്യയിൽ പല കോളേജുകളിലും ലക്ചററായി ജോലി നോക്കി.  ഒരു സുപ്രഭാതത്തിൽ കാരണമൊന്നുമില്ലാതെ ജോലി ഉപേക്ഷിച്ച് അപ്പുവേട്ടൻ ചേമ്പുള്ളി തറവാട്ടിൽ തിരിച്ചെത്തി. അപ്പുവേട്ടന് താഴെ മൂന്ന് അനിയത്തിമാരും ഒരനിയനും .  അനിയൻ മനോജ് ചെറുപ്പത്തിൽ വീട്ടിൽ നിന്ന് ഓടിപ്പോയി കാനഡയിലോ ബ്രസീലിലോ ഒക്കെ ആണെന്ന് ജനസംസാരം.  വീട്ടുകാർക്കും എവിടെയെന്ന് നിശ്ചയമില്ലെങ്കിലും നാട്ടുകാരെ ബോധിപ്പിക്കാൻ മനോജിൻ്റെ പണവും ഫോണുമൊക്കെ വരുന്നുണ്ടെന്നേ കല്യാണിയമ്മ പറയൂ.  അപ്പുവേട്ടനോട് ആരും ഒന്നും ചോദിക്കാറില്ല
 
ചേമ്പുള്ളി തറവാട്ടിലെ പെൺകുട്ടികളെ കെട്ടിയതൊക്കെ യോഗ്യൻമാരായ ചെറുപ്പക്കാർ.  ആനയും അമ്പാരിയുമായിട്ടായിരുന്നു പെൺകുട്ട്യോളുടെ കല്യാണം.  നാടാകെ ക്ഷണം .. മൂന്ന് പെൺകുട്ടികളുടേയും കല്യാണത്തിന് ഒരാഴ്ച ഗ്രാമം മുഴുവൻ ഒഴുകിയെത്തിയത് ചേമ്പുള്ളി തറവാട്ടിൻ്റെ മുറ്റത്തേക്കായിരുന്നു.
 
അപ്പുവേട്ടൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അച്ഛൻ മരിക്കുന്നത്.  അത് പക്ഷെ ഒരു തീരാദു:ഖമായി കുടുംബത്തിലാർക്കും അനുഭവപ്പെട്ടില്ല  അങ്ങിനെയൊരു മരണം നാട്ടിലും വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. .കൃഷ്ണേട്ടൻ വീട്ടുകാർക്ക് തന്നെ അപ്രാപ്യനായിരുന്നല്ലോ. അപ്പോൾ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ.  കൃഷ്ണേട്ടൻ്റെ വൃത്തിയും ശുദ്ധിയും ഒക്കെ അപ്പുവേട്ടനും കിട്ടിയിരുന്നു.  കൃഷ്ണേട്ടൻ അമ്പലത്തിൽ പോകുമ്പോൾ പോലും ശകുനം നോക്കിയിരുന്ന ആളായിരുന്നു.  തട്ടിൻപുറത്ത് നിന്ന് അയ്യപ്പാ വിളി കേട്ടാൽ അർത്ഥം കൃഷ്ണേട്ടൻ അമ്പലത്തിലേക്ക് പോകാൻ ഗോവണി ഇറങ്ങാൻ പോകുന്നു എന്നാണ്. വീട്ടിലെ പണിക്കാർ മുന്നേ ഓടി മുന്നിൽ അപശകുനങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തും.  തൊടിയിലെ പണിക്കാരികൾ വാഴകൾക്കും കവുങ്ങുകൾക്കും പുറകിൽ മറഞ്ഞു നിൽക്കും.
 
അപ്പുവേട്ടന് ഫിലോസഫി വളരെ ഇഷ്ടമായിരുന്നു.  ഇംഗ്ലീഷ് മനസ്സിലാകുന്നവരേയും സംസാരിക്കുന്നവരേയും കിട്ടിയാൽ അപ്പുവേട്ടൻ വിടില്ല.   അവരോട് മണിക്കൂറുകൾ  സംസാരിച്ചു നിൽക്കും
 
അപ്പുവേട്ടൻ എന്താണ് കല്യാണം കഴിക്കാത്തതെന്ന് ആർക്കും അറിയില്ല.  പെൺകുട്ട്യോളുടെ കാര്യത്തിൽ മാത്രമേ വീട്ടുകാർക്ക് ശ്രദ്ധയുണ്ടായുള്ളു എന്ന് നാട്ടുകാർക്കിടയിൽ സംസാരം , അതല്ല ജോലി ഉപേക്ഷിച്ച് വന്ന ആളെ കെട്ടാൻ പെൺകുട്ട്യോൾ ആരും തയ്യാറാവാത്തതാണെന്നും സംസാരമുണ്ട്.  അപ്പുവേട്ടന് പഴയൊരു നഷ്ട പ്രണയമുണ്ടായിരുന്നു.  അതാണ് കല്യാണം കഴിക്കാത്തതെന്ന് ചിലർ അടക്കം പറയുന്നുണ്ട്.  എന്തായാലും പ്രണയത്തെ കുറിച്ച് പറയുമ്പോൾ അപ്പുവേട്ടൻ വാചാലനാകും.  വെട്ടിയൊതുക്കാത്ത താടി തടവി വിദൂരതയിലേക്ക് നോക്കി പറയും. "നഷ്ടപ്രണയം എന്നൊന്നില്ലടോ,  കാലം എത്ര കഴിഞ്ഞാലും പ്രണയം തിരിച്ചു വരും. കാത്തിരിക്കാൻ ക്ഷമയുണ്ടെങ്കിൽ "  അത് പറഞ്ഞ് ഉറക്കെ ചിരിക്കും .  ആ കാത്തിരിപ്പാണോ അവിവാഹിതനായി അപ്പുവേട്ടൻ്റെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
 
ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അപ്പുവേട്ടൻ വളരെ ഉല്ലാസവാനായിരുന്നു.  തൻ്റെ  യാത്രകളുടെ, കോളേജ് അനുഭവങ്ങളുടെ കഥകൾ അപ്പുവേട്ടൻ നാട്ടുകാർക്ക് മുന്നിൽ നിരത്തും.  ഗ്രാമത്തിന് പുറത്തു പോകാത്ത ഗ്രാമീണർ അത് അത്ഭുതത്തോടെ കേട്ടിരിക്കും.
 
കാലം കഴിയുന്തോറും അപ്പുവേട്ടൻ്റെ സമ്പാദ്യങ്ങൾ തീർന്നു തുടങ്ങി.  സിഗററ്റിന് പോലും അമ്മയെ ആശ്രയിക്കേണ്ട ഗതിയായി. അപ്പുവേട്ടൻ ഒരു ചെയിൻ സ്മോക്കറായിരുന്നു.   തറവാടിൻ്റെ വരാന്തയിൽ പത്തു രൂപയ്ക്ക് കൈ നീട്ടി അമ്മ കല്യാണിയമ്മയുടെ പുറകെ നടക്കുന്ന കാഴ്ച ഗ്രാമീണർക്ക് സുപരിചിതമായിരുന്നു.  
 
പെങ്ങന്മാർ കല്യാണം കഴിച്ച് പോയപ്പോൾ ആ വലിയ തറവാട്ടിൽ അമ്മയും അപ്പുവേട്ടനും മാത്രമായി.  എങ്കിലും വീട്ടിലെ വേലക്കാരുടെ എണ്ണത്തിൽ ഒരു കുറവും ഉണ്ടായിരുന്നില്ല.  
 
സഹോദരിമാരെയും അവരുടെ മക്കളെയും അപ്പുവേട്ടന് വലിയ ഇഷ്ടമായിരുന്നു. അവർ ഇടക്കൊക്കെ വീട്ടിൽ വരുമ്പോൾ അപ്പുവേട്ടന് വലിയ സന്തോഷമാണ്.  സിഗററ്റിന് ഉള്ള പൈസ പെങ്ങൻമാർ കൊടുക്കും -  കൂടാതെ അവർ തിരിച്ചു പോകുമ്പോൾ നൂറോ ഇരുനൂറോ കയ്യിൽ വച്ച് കൊടുക്കും.   അതാണ് സന്തോഷത്തിൻ്റെ പ്രധാന കാരണം.
 
ഒരിക്കൽ നാട്ടിൽ നിന്ന് അപ്രത്യക്ഷമായ ഒരു സ്കൂൾ മാഷെ തിരയാൻ വിട്ടുകാർ മുംബൈയിലേക്ക് വന്നപ്പോൾ കൂടെ കൂട്ടിയത് അപ്പുവേട്ടനെ ആയിരുന്നു. ഭാഷ അറിയുന്ന ഒരാൾ വേണമല്ലോ കൂടെ. ആ യാത്രയും അപ്പുവേട്ടൻ കൂടെക്കൂടെ പറയും ചെരിപ്പും ഷർട്ടും ഇടാതെയാണത്രെ അപ്പുവേട്ടൻ നഗരത്തിൽ നടന്നത്. അപ്പുവേട്ടൻ്റെ ഭാഷയിൽ പറഞ്ഞാൽ മുംബൈ എന്ന പരിഷ്കൃത ലോകത്തിൻ്റെ വിരിമാറിലൂടെ പ്രാകൃത വേഷധാരിയായി ഒറ്റമുണ്ടും ചുറ്റി ഞാൻ നടന്നു.
 
ഗ്രാമത്തിൽ ആദ്യമായി കറൻ്റു വന്നപ്പോൾ അപ്പുവേട്ടൻ നാട്ടുകാർക്ക് നൽകിയ ഉപദേശം ആരും കറൻ്റുണ്ടോ എന്നറിയാൻ പോസ്റ്റിൽ കയറി കമ്പി പിടിച്ചു നോക്കരുത് എന്നാണ്. അത് കേട്ട് ആളുകൾ ചിരിച്ചു.
 
ആകെയുള്ള ആശ്രയമായിരുന്ന അമ്മ കല്യാണിയമ്മയുടെ ആകസ്മിക മരണം അപ്പുവേട്ടനെ തളർത്തിക്കളഞ്ഞു.  ആ വലിയ വീട്ടിൽ അപ്പുവേട്ടൻ തനിച്ചായി.   അമ്മയുടെ മരണത്തോടെ ഇടക്ക് മുഖം കാട്ടിയിരുന്ന പെങ്ങൻമാരും വരാതായി. വീട്ടിലെ വേലക്കാരും പണിക്കാരും കൂടൊഴിഞ്ഞു.  ഭക്ഷണം പോലും നേരത്ത് കിട്ടാതായി.  പഴയ പണിക്കാർ ആരെങ്കിലും ദയ തോന്നി വല്ലതും വച്ചു കൊടുത്താൽ കഴിക്കും ഇല്ലെങ്കിൽ പട്ടിണി.
 
കല്യാണിയമ്മയുടെ മരണത്തോടെ സിഗററ്റിനും പൈസയില്ലാതായി.  വലിക്കാൻ കഴിയാതെ അസ്വസ്ഥനായ അപ്പുവേട്ടൻ വഴിയിൽ പലരോടും കൈ നീട്ടി.  അതിനാൽ അപ്പുവേട്ടനെ കണ്ടാൽ പലരും വഴിമാറി നടക്കാൻ തുടങ്ങി.  ചിലർ ചേമ്പുള്ളി തറവാട്ടിലെ കുട്ടിയല്ലേ എന്ന പരിഗണനയിൽ അഞ്ചോ പത്തോ കൊടുക്കും. പക്ഷെ കടം വാങ്ങിയവർക്ക് കൈയിൽ പൈസ വന്നാൽ അപ്പുവേട്ടൻ കൃത്യമായി തിരിച്ചു കൊടുക്കുമായിരുന്നു.
 
ആളുകൾ അപ്പുവേട്ടൻ്റെ ഈ ദുര്യോഗത്തിൽ പരിതപിച്ചു', ആവുന്ന കാലത്ത് കല്യാണം കഴിച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കും, വയസ്സാംകാലത്ത് നോക്കാൻ ആരുണ്ടാവില്യ ,
 
ബില്ലടക്കാത്തതിനാൽ വീട്ടിലെ ടെലഫോൺ കണക്ഷനും ഡിപ്പാർട്ട്മെൻ്റ് വിഛേദിച്ചു .. ആരും ആ തറവാട്ടിലേക്ക് തിരിഞ്ഞു നോക്കാതായി.  അടുപ്പമുള്ള വീടുകളിൽ ചെന്ന് ഒരു ഗ്ലാസ് ചായ തരുമോ എന്ന് അപ്പുവേട്ടൻ ചോദിക്കാറുണ്ട്. സിഗററ്റ് പോലെ ചായയും അപ്പുവേട്ടൻ്റെ ഒരു വീക്ക്നെസ് ആയിരുന്നു.  പലപ്പോഴും നടക്കാത്ത ഫോണിലൂടെ അപ്പുവേട്ടൻ പെങ്ങൻമാരോടും അവരുടെ  മക്കളോടും മണിക്കൂറുകളോളം സംസാരിക്കുന്നത് കാണാം. അപ്പുവേട്ടൻ അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയും തീവ്രതയും അതിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.
 
കല്യാണിയമ്മ മരിച്ചതിൽ പിന്നെ ആ ചുണ്ടത്ത് സിഗററ്റ് കണ്ടിട്ടില്ല. പക്ഷെ കയ്യിൽ കത്തിക്കാത്ത ഒരു സിഗററ്റ് എപ്പോഴും ഉണ്ടായിരിക്കും -  ഒരിക്കൽ എന്താണ് സിഗററ്റ് കത്തിക്കാതെ വിരലുകൾക്കുള്ളിൽ പിടിച്ചു നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ അപ്പുവേട്ടൻ തന്ന മറുപടി' " ഇത് കത്തിച്ചാൽ തീരില്ലേ.  പിന്നെ അടുത്ത വിഗററ്റിന് ആര് പൈസ തരും, ഇപ്പോൾ കൈയിൽ ഒരു സിഗററ്റ് ഉണ്ടെന്നുള്ള   ഒരാശ്വാസമുണ്ടല്ലോ എന്നാണ്.
 
അപ്പുവേട്ടൻ്റെ ചിന്തകളിലൂടെ റോഡിൻ്റെ ഓരം ചേർന്ന് നടക്കുമ്പോൾ ഒരു കാർ പിന്നിൽ വന്ന് ബ്രേക്കിട്ട് നിന്നു.  കാറിൻ്റെ സൈഡ് ഗ്ലാസ് താഴ്ത്തി മധ്യവയസ്കയായ ഒരു സ്ത്രീ തല പുറത്തേക്കിട്ടു.  കുലീനത്വമുള്ള മുഖം.  എവിടെയോ കണ്ടു മറന്നപോലെ.  "ഈ ചേമ്പുള്ളി തറവാട്ടിലേക്കുള്ള വഴിയേതാ?  സ്ത്രീ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.  
 
ദാ, ആ വളവു തിരിഞ്ഞ് തെക്കോട്ടുള്ള പോക്കറ്റ് റോഡ് അവരുടെ മുറ്റത്തേക്കാണ്. ഞാൻ പറഞ്ഞു
 
അവിടെയല്ലേ അപ്പുവേട്ടൻ താമസിക്കുന്നത്?  കാർ നീങ്ങും മുമ്പ് ആ സ്ത്രീ സംശയം ചോദിച്ചു.
 
ഉത്തരം കാത്തു നിൽക്കാതെ കാർ മുന്നോട്ട് നീങ്ങി വളവു തിരിയുമ്പോൾ പുറകിൽ അപ്പുവേട്ടൻ്റെ ചലനമറ്റ ശരീരവുമായി ഒരാംബുലൻസ് ഇരച്ചു വരുന്നുണ്ടായിരുന്നു.  മനസ്സിൽ അപ്പുവേട്ടൻ പറഞ്ഞ പഴയൊരു വാചകം കിടന്നു പിടച്ചു. "നഷ്ടപ്രണയം എന്നൊന്നില്ലടോ.  യഥാർത്ഥ പ്രണയം എന്നെങ്കിലും തിരിച്ചുവരും , കാത്തിരിക്കാനുള്ള ക്ഷമ വേണം" ...
 
അപ്പുവേട്ടനെ തിരഞ്ഞു വന്ന ആ സ്ത്രീ ചിലപ്പോൾ ?? പക്ഷെ കാത്തിരിക്കാതെ അപ്പുവേട്ടൻ പോയല്ലോ ??
----------------
രാജൻ കിണറ്റിങ്കര
മുംബൈ
 

Facebook Comments

Comments

 1. Jyothylakshmy

  2021-05-02 09:42:52

  ;ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്നു. ഉള്ളടക്കം പുതുമയുള്ളതല്ലെങ്കിലും അവതരണത്തെ നന്നായിരിക്കുന്നു

 2. Girija Menon

  2021-05-02 05:25:31

  മനോഹരമായി എഴുതി. ആശംസകൾ.

 3. Mayadath P. S

  2021-04-29 15:23:23

  പ്രണയമൊരിക്കലും നഷ്ടമാവില്ല. എങ്കിലും അപ്പുവേട്ടൻ ഒരു വേദനയായി മനസ്സിനെ വലയം ചെയ്യുന്നു.

 4. Mayadath P. S

  2021-04-29 15:10:55

  നല്ല ഒഴുക്കുള്ള കഥന രീതി. അപ്പുവേട്ടൻ ഒരു വേദനയായി മനസ്സിൽ കൂടുകെട്ടുന്നു.

 5. Sudha Anilkumar

  2021-04-26 08:48:08

  അനുഭവങ്ങളുടെ ചൂടുള്ള കഥ... ആശംസകൾ...

 6. Ramesh Amalapuzha

  2021-04-26 06:56:53

  അതിമനോഹരമായ കഥ..... കഥാപാത്രങ്ങളെ നമ്മുടെ അയല്‍പക്ക ത്ത് കണ്ടു.... അത് വായനക്ക് ഏറെ സുഖം പകര്‍ന്നു... വൈകി എത്തിയ പ്രണയം അല്പം നൊമ്പരം ഉണര്‍ത്തി... സിഗരറ്റ്‌ ഒരിടത്ത്‌ വിഗരറ്റ് ആയ ഒരു അക്ഷരതെറ്റ് മാത്രം, സാരമില്ല... അഭിനന്ദനങ്ങള്‍...

 7. Aswathy

  2021-04-25 08:03:14

  ഹൃദയസ്പർശിയായ കഥ, മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ👍

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

View More