Image

തൊട്ടാവാടി (കവിത: ദേവി ശങ്കര്‍)

ദേവി ശങ്കര്‍ Published on 24 April, 2021
തൊട്ടാവാടി (കവിത:  ദേവി ശങ്കര്‍)
ഹാ! സൂനമേ, നറുമലരിന്റെ
സുഗന്ധം പരത്തുവാനായില്ലെങ്കിലും
ഉത്സാഹമായ് പൂത്തു നില്‍ക്കും
നിന്‍ ഗുണമൊന്നതാരറിവൂ?
തലയെടുപ്പില്‍ കാന്തിയോടെ
അഴകില്‍ പ്രൗഢിയോടെ
തൊട്ടാല്‍ ചിണുങ്ങിയായി
പൂത്തു നില്‍ക്കും നിന്നരികെ
നിന്നു കിന്നാരം ചൊല്ലാന്‍
മടിക്കുന്നതെന്തേ അരുമ സഖിയേ!

പ്രകൃതിതന്‍ വരദാനമേ ...
തൊടിയിലെ മിഴിവിളക്കേ ...
നിനക്കണയാന്‍....
തലചായ്ക്കാനൊരിടം
ഇന്നുമാത്രമല്ല, എന്നും
അന്യമാണല്ലോ!
നിന്റെ സംരക്ഷണമായ്
ദൈവത്തിന്‍ കരുതല്‍
അസഹിഷ്ണുത പടര്‍ത്തുമീ
മര്‍ത്ത്യരില്‍ ...
എന്നിരുന്നാലും,
ആത്മാര്‍ത്ഥമായൊരു
മനസ്സിനു വൈകല്യമേല്‍ക്കാതെ
നീ ദിനവും പൂക്കുന്നു....
ചായുന്നു.....

വേദികള്‍ക്കലങ്കാരമാകാതെ....
ഭഗവത്പാദങ്ങളണയാതെ...
മോഹപ്രപഞ്ചങ്ങളൊരുക്കാതെ...
നാളെയുടെ പ്രതീക്ഷയില്ലാതെ..
അനുനയങ്ങളില്‍ അനുരക്തയാകാതെ...
സ്വയമേ സൃഷ്ടിച്ച വലയത്തിനുള്ളില്‍
കര്‍മ്മാധിധര്‍മ്മങ്ങളൊന്നുമില്ലെന്നാകിലും
തന്റെ പാതയെ കാണിച്ചൊരീശന്റെ
നിര്‍വൃതി പൂകുവാന്‍
നീയെത്തിടുന്നു...

വേദാന്ത വാക്കുകള്‍ നിനക്കന്യമായി....
കേഴുന്ന മാനസം
നീയ്യന്യമാക്കി...
വിലസുമീ രാജാങ്കണത്തിന്‍
വഴിത്താരയില്‍
വിട്ടെറിഞ്ഞതെത്ര
കിനാക്കളിന്‍ ജീവകണങ്ങള്‍...

തൊട്ടാവാടി (കവിത:  ദേവി ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക