-->

kazhchapadu

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

Published

on

കുമാർതുളിക്ക് സമീപമുള്ള ഇടുങ്ങിയ ഗലികളിലൂടെ ജീവിതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം വിരൽത്തുമ്പിൽ മുറുകെപ്പിടിച്ച്,  മഞ്ഞനിറമുള്ള രാത്രിയിൽ ഓടുമ്പോൾ ‘ഭയം’ നീരയെ പിന്തുടർന്നു. ഭയമായിരുന്നു അവൾക്കു കാവൽ - അവളുടെ പിറവിയിലും പിറവിയ്ക്കു മുൻപും,  പിൻപും. അവൾക്കു തിരിഞ്ഞു നോക്കണമെന്ന് തോന്നി. ദൂരെ ദൂരേയ്ക്ക് മാഞ്ഞുപോകുന്ന സോനാഗച്ചിയുടെ ‘ചുവന്ന ആഴങ്ങളിൽ’ അവളുടെ ആഗ്നിദാദിയുടെ  മുഖം തെളിഞ്ഞു വന്നേക്കാം. അതവളെ വീണ്ടും അവിടേയ്ക്കു തന്നെ വലിച്ചടുപ്പിയ്ക്കും. ഭൂതകാലത്തിന്റെ കെട്ടികിടപ്പുകളെ മായ്ച്ചുകളഞ്ഞ് ചരിത്രത്തിൽ നിന്ന് മോചനമാണ് അവൾക്കു വേണ്ടത്. ടക്.. ടക്.. ടക്....ടക്.. തനിക്കു പിറകിൽ കാക്കി  ബൂട്ടുകൾ ഊക്കിൽ  പതിയുന്ന ശബ്ദം അവൾ കേൾക്കുന്നു. ഒരാൾ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നലിൽ, ഭയന്ന് ഞെട്ടിക്കൊണ്ടേയിരിക്കുന്ന  കേഴമാനിനെപ്പോലെ അവൾ വിറച്ചു. അവളുടെ കണ്ണുകൾ നിഴലുകളിൽ പരതി. ഊറിവന്ന ഭയത്തെ കാലുകളിലെ വേഗമാക്കി മാറ്റി അവൾ ഓടുകയാണ്..ദൂരെ, രവീന്ദ്ര സരണിയിൽ നിന്ന്  ദുർഗാപൂജയുടെ മന്ത്രമുണരുന്നു. “ബോലോ.. ദുർഗാമാ   കീ ജയ്.. ദുർഗാമാ  കീ ജയ്”!
 
കൽക്കത്തയ്ക്ക് ദുർഗാമായുടെ  മുഖമാണെന്നാണ് ആഗ്നിദാദി  അവൾക്ക് പറഞ്ഞു കൊടുത്തിട്ടുള്ളത്. കാളീഘാട്ടിലെ കാളീ പ്രതിഷ്ഠയാണ് അതിന്റെ ഹൃദയം. അതിന് ചുറ്റും കെട്ടുപിണഞ്ഞ രക്തക്കുഴലുകൾ  പോലെ പടർന്നു പിടിച്ചിരിക്കുകയാണ് സോനാഗച്ചി.ആഗ്നി ദാദിയെപ്പോലെ,   കടംവീട്ടുന്നതിനു സോനാഗച്ചിയിലേക്ക് വേണ്ടപ്പെട്ടവരാൽ  വിട്ടുകൊടുക്കപ്പെട്ടവളായിരുന്നു രേണുമായും. ചങ്കിലെ മുറിവിൽ നിന്നൂറിയ ആഴമുള്ള നിലവിളികളുമായാണവർ ഉയിർമണ്ണിനെയും വേണ്ടപ്പെട്ടവരെയും വേർപിരിഞ്ഞ് സോനാഗച്ചിയിലെത്തിയത്.  വിലാസ്‌ബാബുവിന്റെ കുറിയ നിഴലിനോട് ചേർന്ന്,  തുറിച്ചു നോക്കുന്ന ആൺകണ്ണുകളെ മറികടന്നു നടക്കുമ്പോൾ ഭയത്താൽ രേണുവിന്റെ തൊണ്ട വരണ്ടിരുന്നു. ഇടുങ്ങിയ വൃത്തിഹീനമായ തെരുവുകളും,  ഓവുചാലുകളുടെയും മനുഷ്യവിസർജ്ജത്തിന്റെയും ദുർഗന്ധവും  അവളെ അസ്വസ്ഥയാക്കി. ശരീരഭാഗങ്ങൾ ഭാഗികമായി കാണിച്ചു ഇടപാടുകാരെ ക്ഷണിക്കുന്ന സ്ത്രീകളും പുതിയൊരുവളെ കാണുമ്പോഴുള്ള അവരുടെ അമർത്തിയ ചിരികളും പാതവക്കത്തെ പൈപ്പുകളിൽ വെള്ളം പിടിക്കുന്ന സ്ത്രീകളുടെ  തെറിവിളികളുമായി സോനാഗച്ചി അതിന്റെ ചുവപ്പുകരങ്ങളാൽ രേണുവിനെ  സ്വീകരിച്ചു. 
 
 
പലവട്ടം അവൾക്കു തിരിഞ്ഞു നടക്കണമെന്ന് തോന്നി. കടന്നു വന്ന വഴികളിലൂടെ സോനഗച്ചിയിൽ നിന്നും ഒരു പെണ്ണിനും തിരിഞ്ഞു നടക്കുക അത്ര എളുപ്പമായിരുന്നില്ല. മുന്നോട്ട് നടക്കുംതോറും തെരുവിന് ആഴം കൂടി വരുന്നതായി രേണുവിന്‌ അനുഭവപ്പെട്ടു.  പൊട്ടിപ്പൊളിഞ്ഞ ഒരു മൂന്നുനില കെട്ടിടമായിരുന്നു അത്, ചാരനിറത്തിലുള്ളത്. അതിനുമേലെ വേരുകൾ പടർന്നിറങ്ങിയിരുന്നു.  സോനാഗച്ചിയിലെ കെട്ടിടങ്ങൾക്ക് ഇരുണ്ടതും മങ്ങിയതുമായ നിറങ്ങളായിരുന്നു- അതിനുള്ളിലെ സ്ത്രീകളുടെ അകംജീവിതങ്ങളുടെ നിറം. ഹൂഗ്ലി നദിക്കുമേലെ ഇരുട്ട് ഒരു കനത്ത പുതപ്പുപോലെ മൂടുമ്പോൾ കടുത്ത നിറങ്ങളുള്ള ഉടയാടകളും ചുണ്ടുകളിൽ ചുവന്ന ചായവും തേച്ചുപിടിപ്പിച്ച്,  അണിഞ്ഞൊരുങ്ങി സോനാഗച്ചിയിലെ ‘ദുർഗാരൂപങ്ങൾ’ ആ കെട്ടിടങ്ങൾക്ക് താഴെ ഇറങ്ങി നിൽക്കും.വശ്യമായ ചില അംഗചേഷ്ടകളോടെ അവർ അവരുടെ ആ രാത്രിയിലെ ഉടമസ്ഥരെ ക്ഷണിച്ചു തുടങ്ങും. ഇടുങ്ങിയ ഗോവണിയിലൂടെ കയറിച്ചെന്ന്, കറുത്ത് തടിച്ച ഒരു സ്ത്രീയുടെ മുൻപിലാണ് വിലാസ്‌ബാബു അവളെ കൊണ്ട് നിറുത്തിയത്.
 
 “ബിദ്യ മേംസാബ്..”
 
അയാൾ ബഹുമാനപൂർവ്വം വിളിച്ചു. അവർ രേണുവിനെ തറപ്പിച്ചു നോക്കി. കണ്ണുകൾകൊണ്ട് അവളുടെയുടൽ  ഉഴിഞ്ഞു. കടവായിൽ നിന്നൊലിച്ചിറങ്ങിയ ഭാങ്കിന്റെ ചാറ് ചൂണ്ടുവിരലിൽ തൂത്തെടുത്ത് അവർ  രേണുവിന്റെ കവിളിൽ തേച്ചു. അവൾക്ക് വെറുപ്പ് തികട്ടി വന്നു. പിന്നെ ഇരുട്ടിലേക്ക് തള്ളപ്പെട്ടു. രേണുവിന്‌ മുൻപിൽ പുറംലോകം എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു. സോനാഗച്ചിയിലെ രേണുവിന്റെ ആദ്യത്തെ ദിനം തൊട്ടടുത്ത നിമിഷം തന്നെ കാത്തിരിക്കുന്നതെന്ത് എന്ന ചിന്തയാൽ അവളെ പേടിപ്പെടുത്തി. ഏത് നിമിഷവും ഒരു കൈ, അവളുടെ മടിക്കുത്തിൽ, ഇളംമാറിൽ പതിയും. 
 
ഇരുണ്ടമുറിയിലെ ജാലകത്തിലൂടെ ആ രാത്രി അവൾ പുറത്തെ തെരുവിലേക്ക് നോക്കി. അവിടെ അങ്ങിങ്ങായി ഒറ്റയ്ക്കും കൂട്ടമായും അണിഞ്ഞൊരുങ്ങി നിൽക്കുന്ന അനേകം സ്ത്രീകളെ അവൾ കണ്ടു. സ്വപ്‌നങ്ങൾക്കുമീതെ ജീവിതത്തിന്റെ കടുംചായങ്ങൾ തേച്ചു കൃത്രിമമായി ചിരിച്ചു നിൽക്കുന്ന ഒറ്റപ്പെട്ട തുരുത്തുകളായിരുന്നു അവരിൽ ഏറെയും പേർ. അവർക്കിടയിൽ ആ തെരുവിലേക്ക് വെച്ചേറ്റവും ഒറ്റപ്പെട്ടവൾ താനാണെന്ന് രേണുവിനറിയാമായിരുന്നു.
 
 “ഇതൊരു മരണക്കിണറാണ് രേണുബേട്ടീ . ഇതിനകത്ത് വട്ടത്തിൽ  കറങ്ങിക്കൊണ്ടേയിരിക്കുക മാത്രമേ ചെയ്യാനാവൂ. ഈ കിണറിന്റെ വായ് വട്ടത്തിനുള്ളിലൂടെ  പുറത്തെ ലോകവും നീലാകാശവും നിന്നെ  കൊതിപ്പിച്ചു കൊണ്ടിരിക്കും. പക്ഷേ പുറത്ത് കടക്കാനാവില്ല. വട്ടത്തിൽ വട്ടത്തിൽ ഓടുക ..ജീവിച്ചു തീർക്കുക..അല്ല, ജീവിതം അനുഭവിച്ചു തീർക്കുക.”
 
കാലം നൽകിയ വടുക്കളും ചുളിവുകളുമായി ആഗ്നിദാദി പറഞ്ഞു. അവരുടെ കൺതടങ്ങളിൽ ജീവിതത്തോടുള്ള അവജ്ഞയും വെറുപ്പും കറുത്ത നിറത്തിൽ കെട്ടിക്കിടന്നു. സോനാഗച്ചിയിൽ   രേണുവിനോട് അനുതാപത്തോടെയും വാത്സല്യത്തോടെയും ഇടപെഴകിയത് ആഗ്നിദാദി മാത്രമായിരുന്നു. ആഗ്നിദാദിയെ സോനാഗച്ചിയിലെ വട്ടപ്പിരിവിന് വരുന്ന  തെരുവ് ദാദാമാരും  വേശ്യാഗൃഹങ്ങളിലെ മേംസാബുകളും ഭയന്നിരുന്നു. അവർ ഒരു പ്രത്യേകതരം സ്ത്രീയായിരുന്നു. ആരെയും ഒന്നിനെയും കൂസാത്തവൾ. പ്രതിരോധമില്ലാത്ത ഒരു ദുർബലയായിരുന്നില്ല അവർ. ഭീഷണികൊണ്ടും അധികാരം കൊണ്ടും തന്നെ കീഴ്പ്പെടുത്താൻ വരുന്നവർക്ക് മുന്നിൽ ഒന്നിനെയും വകവെക്കാതെ ചുളിഞ്ഞ ചർമ്മവും ഇടുങ്ങിയ ചുവന്ന കണ്ണുകളും കറുത്ത പല്ലുകളുമായി  ഒരു പിശാചിനിയെപ്പോലെ അവർ നിവർന്നു നിന്നു. അവരുടെ കണ്ണുകൾക്ക് തീക്ഷ്ണമായി പ്രഹരിക്കാനറിയാമായിരുന്നു. തണുത്ത് മരവിച്ചതെങ്കിലും മൂർച്ചയുള്ളതായിരുന്നു അവരുടെ ശബ്ദം. ആഗ്നിദാദി സോനാഗച്ചിയുടെ ഇരുണ്ട ആഴങ്ങളെ അവരുടെ കാലംകൊണ്ട് മറികടന്നവളാണ്. രേണുവിനെ പോലെ സോനാഗച്ചിയിൽ എത്തുന്നവർക്കും നീരയെപ്പോലെ സോനാഗച്ചിയിൽ പിറന്നു വീഴുന്നവർക്കും നാഥയായി, കാവലായി അവർ സോനാഗച്ചിയിലെ ജീവിതം തിരഞ്ഞെടുത്തു.
 
മൂന്നാം നാൾ, സോനാഗച്ചിയിലെ ഇരുണ്ട രാത്രിയിൽ , നവവധുവിനെപോലെ അണിഞ്ഞൊരുങ്ങി ചുവന്ന അരണ്ട വെളിച്ചമുള്ള മുറിയിലേക്ക് കടക്കും മുൻപേ ഇരുട്ടിൽ ഒരിടത്ത് മറഞ്ഞു നിന്ന് തന്നെ നോക്കുന്ന ആഗ്നിദാദിയെ രേണു കണ്ടു. ആഗ്നിദാദി കണ്ണുകൾ കൂമ്പിയടച്ചു. അവരുടെ കൺകോണുകളിൽ നനവ് പടർന്നിരുന്നു. ഒടുങ്ങാത്ത കാമവുമായി ആർത്തി മുറ്റി നിൽക്കുന്ന കണ്ണുകളും ഉമിനീരൊലിക്കുന്ന തുറന്നു പിടിച്ച വായുമായി ഒരാൾ തന്നിലേക്ക് നടന്നടുക്കുന്നത് രേണു നടുക്കത്തോടെ നോക്കി നിന്നു.. ‘അരുതേ’ എന്ന നിശബ്ദമായ നിലവിളികൾ അവളുടെ കണ്ണുകളിൽ നിന്നയാൾ വായിച്ചെടുത്തു. വേട്ടമൃഗത്തിനു മുന്നിൽ നിസ്സഹായയായി നിൽക്കുന്ന ഇരയുടെ ഭയം അവളെ പൊതിഞ്ഞു. അവളുടെ മടിക്കുത്തഴിഞ്ഞു, പിന്നെ അയാൾക്കൊപ്പം പതുപതുത്ത കിടക്കയിലേക്ക് മറിഞ്ഞു വീണു, അടക്കിയ നിലവിളികൾ മാത്രം പുറത്തേക്ക് വന്നു. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു നിർവൃതിയോടെ അയാൾ പുറത്തേക്ക് കടന്ന നിമിഷം ആഗ്നിദാദി അവൾക്കരികിലേക്ക് ചെന്നു. അടർന്നു കിടന്ന ഉടയാടകൾ ദേഹത്തേക്ക് വലിച്ചിട്ട് കലങ്ങിയ കണ്ണുകളോടെ രേണു ആഗ്നിദാദിയുടെ മടിയിലേക്ക് ചായുകയായിരുന്നു. അവളുടെ നെറുകയിൽ തലോടി ദാദി പറഞ്ഞു – “ആദ്യത്തെ പൊള്ളലേൽക്കുമ്പോഴേ  നീറ്റലുണ്ടാകൂ. എല്ലാ നീറ്റലുകളും ശീലമായി കഴിയുമ്പോൾ നീറ്റലല്ലാതാകും!”.
 
പറഞ്ഞുറപ്പിച്ച പണം ഗോവണികവാടത്തിൽ നിന്നെണ്ണി വാങ്ങിക്കുന്ന ബിദ്യാമേംസാബിനോടയാൾ പറഞ്ഞു –“അവൾ കന്നിഭൂമിയാണ്. ഉഴുതുമറിക്കാനേറെയുണ്ട് ”!. സോനാഗച്ചിയിൽ അത്തരം കന്നിഭൂമികൾ തരിശായി മാറിക്കൊണ്ടിരുന്നു. 
 
ഭയത്തിന്റെ മുള്ളാണിമുനയിലായിരുന്നു നീരയുടെ ജനനം, ഒരു മഴക്കാലത്ത്. മഴയിൽ തെരുവുകളിലും ഓടകളിലും വെള്ളം നിറഞ്ഞ് ദുർഗന്ധം പുറംതള്ളി. പ്രസവത്തിൽ കുഞ്ഞ് മരിച്ചുപോകണമേയെന്നാണ്  രേണു തീവ്രമായി ആഗ്രഹിച്ചത്. അതൊരു ആൺ കുഞ്ഞാണെങ്കിൽ,  അവൻ സോനാഗച്ചിയിലെ തെരുവ് ദാദാമാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും പുതിയ തലമുറയിൽ ഒരംഗമാകും. മറിച്ച്  പെൺ കുഞ്ഞാണെങ്കിൽ അവൾ തന്റെ തന്നെ  പാത പിന്തുടരും. ഒരു തുടർച്ച അവൾ ആഗ്രഹിക്കുന്നില്ല. 
 
രണ്ടായാലും ലാഭം ബിദ്യാ മേംസാബിനും നഷ്ടം രേണുവിനുമാണ്. സ്വന്തം കാലടികൾ മായ്ച്ചു കളഞ്ഞ് അവൾക്ക് ചരിത്രത്തെ ഇല്ലാതാക്കണം. കുഞ്ഞിനെ, അവളിൽ നാമ്പിട്ട ജീവന്റെ നിർമലമായ തുടിപ്പിനെ ഏത് വിധവും കൊന്നു കളയാൻ അവൾ പരിശ്രമിച്ചു കൊണ്ടിരുന്നു. അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം നിഷേധിക്കപ്പെട്ട് നീര  മരണഭയത്താൽ അതിനകത്ത് കിടന്നു. ഏത് നിമിഷവും താൻ കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയോടെ ഒരു ഭ്രൂണം അമ്മയിൽ വളർന്നു കൊണ്ടിരുന്നു. ജീവനാപത്ത്  വരാതെ ആഗ്നിദാദി അവൾ ജനിക്കും മുൻപേ അവൾക്ക് കൂട്ടിരിക്കാൻ തുടങ്ങി. പ്രസവിച്ചു സോനാഗച്ചിയുടെ ചുവന്ന മണ്ണിലേക്ക് അവളെ ഏറ്റുവാങ്ങിയത് ആഗ്നിദാദിയാണ്. കറപുരണ്ട പല്ലുകളുമായി  വെളുക്കെ ചിരിച്ച് ആഗ്നിദാദി അവളെ ‘നീരാ’ എന്ന് വിളിച്ചു. തന്റെ ജീവന്റെ ഒരംശമായിരുന്നിട്ട് പോലും രേണു  ആ കുഞ്ഞിനെ അഗാധമായി വെറുത്തു . രേണുമായുടെ വെറുപ്പും, ആഗ്നിദാദിയുടെ സ്നേഹവും,  സോനാഗച്ചിയുടെ ഭാവിയുമായി അവൾ തെരുവിലും, ആഗ്നിദാദിയുടെ തട്ടുകടപ്പുറത്തും വളർന്നു.
 
ഓടിത്തളർന്ന്, സാന്ദ്രഗച്ചി റെയിൽവേസ്റ്റേഷൻ  പ്ലാറ്റ്ഫോമിലെ സിമന്റടർന്ന ഒരു ഇരിപ്പിടത്തിൽ ഇരുന്നുറങ്ങവേ തന്റെ കാൽപാദങ്ങളിലൂടെ അപരിചതമായ ഒരു സ്പർശം ഇഴഞ്ഞുകയറുന്നതറിഞ്ഞ് നീര ഞെട്ടിപ്പിടണഞ്ഞുണർന്നു. അഴുകിയ ചിരിയുമായൊരാൾ അവളുടെ നഗ്നമാക്കപ്പെട്ട  പാദങ്ങളിലേക്ക് തുറിച്ചു നോക്കുകയാണ്. അയാളുടെ കൈകൾ മേലോട്ട് മേലോട്ട് ചലിച്ചു കൊണ്ടിരുന്നു. ‘വരൂ ചോട്ടീ.. ഒറ്റയ്ക്ക് പേടിയാവുന്നില്ലേ നിനക്ക്.. വരൂ.. ഒരു സ്ഥലം കാണിച്ചു തരാം’ എന്നവളെ വിളിക്കുകയാണയാൾ.
 
അവളുടെ കണ്ണുകളിൽ മേഘ്‌നേശ്‌സാബിന്റെ  മുഖം തെളിഞ്ഞു വന്നു. ആഗ്നിദാദിയെ ഒറ്റത്തൊഴിയിൽ കൊന്നുകളഞ്ഞു തന്നിലേക്ക് അമർന്നു കയറാൻ ഓടിയടുത്ത പുരുഷസത്വം അവളെ ഭയപ്പെടുത്തി. ഭയം ഒരു ഭീമാകാരനായ ചിലന്തിയുടെ നീളൻ കാലുകളെപ്പോലെ അവളുടെ ഉടലിലും പിന്നെ ആത്മാവിലും അരിച്ചു നടന്നു. അവൾ പിടഞ്ഞെഴുന്നേറ്റ് എണ്ണമറിയാത്ത  പ്ലാറ്റ്‌ഫോമുകളിലൂടെ ഓടി, ചലിച്ചു തുടങ്ങിയ ഏതോ ഒരു തീവണ്ടി കമ്പാർട്മെന്റിൽ അള്ളിപ്പിടിച്ചു കയറി. പിറകോട്ടു പായുന്ന രാത്രിയുടെ നുറുങ്ങു വെളിച്ചങ്ങളിലേക്ക് അവൾ ഉൾക്കിടിലത്തോടെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 
 
ഉണ്ട്. ഒരാൾ പിന്തുടരുന്നുണ്ട്. ഏത് നിമിഷവും ആക്രമിക്കെപ്പെട്ടേക്കാം, 
 
“ജാഗരൂകയാവുക”! ആഗ്നി ദാദിയുടെ ശബ്ദമാണത്,  അവളുടെ ഉള്ളിലിരുന്നാണ് ആഗ്നി ദാദി അത് പറയുന്നത് . ആഗ്നിദാദി. ശിരസ്സ് തകർന്ന് ചോരയൊലിക്കുന്ന അവരുടെ അവസാനത്തെ മുഖം ഓർമ്മവന്നപ്പോൾ നീരക്ക് കരച്ചിൽ വന്നു. ഇരുട്ടിലേക്ക് നോക്കിയവൾ കരഞ്ഞു. തീവണ്ടി അതിവേഗം മുന്നോട്ട് കുതിച്ചു. 
 
രേണുമാ ഒരിക്കലുമവളോട് സംസാരിച്ചില്ല, ഒരു നോട്ടംകൊണ്ടുപോലും അവളെ സ്പർശിച്ചില്ല. പൂർണ്ണമായി അവഗണിക്കപ്പെട്ടിട്ടും,  നീര അവളുടെ അമ്മയെ സ്നേഹിച്ചു. “എന്നെങ്കിലുമൊരിക്കൽ നിന്റെ രേണുമാ നിന്നെ വാരിപ്പുണരും” എന്ന ആഗ്നി ദാദിയുടെ സാന്ത്വനങ്ങളെ അവൾ ഉറച്ചു വിശ്വസിച്ചു. സോനാഗച്ചിയിൽ നടക്കുന്നതെന്താണെന്നുള്ളത് അക്കാലത്ത് നീരയ്ക്ക് ഉത്തരം കിട്ടാത്ത ഒരു സമസ്യയായിരുന്നു.അവളുടെ രേണുമാ ഉൾപ്പെടെ ഒട്ടനവധി സ്ത്രീകൾ വൈകുന്നേരങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. അപരിചിതരായ, ചിലപ്പോൾ സ്ഥിരം കണ്ടു പരിചയമുള്ളവരും അവിടെ വന്നു പോകുന്നു. സ്വന്തം ബുദ്ധിക്കനുസരിച്ച് അവൾ ആ ദൃശ്യങ്ങളെ കുറിച്ച്  പുതിയ കഥകൾ മെനഞ്ഞ്  സ്വയം സമാധാനിച്ചു.അവൾ,  അവളുടെ സംശയങ്ങൾ പകൽ നേരങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ കടവരാന്തയിൽ കൽക്കരി അടുപ്പുകൾ കൂട്ടി ചെറിയ മൺപാത്രങ്ങളിൽ ചായയും പാനിപൂരിയും കാത്തിറോളുകളും വിറ്റുകൊണ്ടിരുന്ന  ആഗ്നിദാദിയോട് മാത്രം ചോദിച്ചു.
 
അവളുടെ ചോദ്യങ്ങൾക്കുള്ള വ്യകതമായ  ഉത്തരങ്ങളൊന്നും ആഗ്നിദാദിയുടെ പക്കലുണ്ടായിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കുമ്പോൾ നിസ്സംഗതയും നിസ്സഹായതയും തികട്ടി വന്ന ഹൃദയത്തോടെ ആഗ്നിദാദി അവൾക്ക് ഹിൽസ മത്സ്യം മുളകില്ലാത്ത കടുകെണ്ണയിൽ പൊരിച്ചെടുത്ത് സ്നേഹത്തോടെ വിളമ്പി. ദുർഗന്ധം വമിക്കുന്ന ബക്കറ്റുകൾ തലയിലേറ്റി നടക്കുന്ന തോട്ടികളെ അനുഗമിക്കുന്ന,  കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച,  ദൈന്യത തുളുമ്പിയ മുഖമുള്ള കുട്ടികളെ അവൾ നോക്കിയിരുന്നു. സോനാഗച്ചിയുടെ സന്തതികളാണത്. അവരുടേതാണീ ഭൂമി. വളരുംതോറും അവളുടെ സംശയങ്ങൾ നിലച്ചു. അവൾ കഥകൾ മെനയുന്നത് അവസാനിപ്പിച്ചു. മൗനമല്ല, ഉത്തരങ്ങളായിരുന്നു അവൾ തേടിയത്.  ആഗ്നിദാദിയുടെ കടവരാന്തയോട് ചേർന്നുള്ള മണ്ണിൽ അവൾ മണ്ണപ്പം ചുട്ടുകളിച്ചു. അവയിൽ ചിലത് പൊടിഞ്ഞു പോയി. സോനാഗച്ചിയിലെ മണ്ണ് അവൾ കൈകളിലെടുത്തു.പുണ്യങ്ങളുടെ മണ്ണ്. എത്രയോ സ്ത്രീകളുടെ കണ്ണുനീർ വീണ മണ്ണ്.! 
 
"ചോട്ടീ.... നീരാ.. 
 
നീ കുമാർതുളിയിലെ ദുർഗാ പ്രതിമകളെ കണ്ടിട്ടില്ലേ ?.. തിളങ്ങുന്ന വലിയ കണ്ണുകളും ചുവന്ന ചുണ്ടുകളും ഉയർന്ന മൂക്കുകളുമുള്ളവ..  
 
കടുത്ത നിറങ്ങൾ കൊടുത്ത് ആടകൾ നൽകി ഒരുക്കി നിർത്തിയിരിക്കുന്നവ.സോനാഗച്ചിയിലെ മണ്ണുകൊണ്ടാണ് അവ നിർമ്മിക്കപ്പെടുന്നത്. നിഷിദ്ധോ പള്ളിയിൽ നിന്ന് ശേഖരിക്കുന്ന പുണ്യമാട്ടിയും ഹൂഗ്ലി നദിയിലെ കളിമണ്ണും ചേർത്താണ് അവ കുഴച്ചെടുക്കുന്നത് . ആദ്യം വൈക്കോൽ. പിന്നീട് തടിക്കഷ്ണങ്ങൾ ചേർത്തു കെട്ടി ആകൃതിയുണ്ടാക്കുന്നു .പിന്നെ മണ്ണ് കുഴച്ചു തേച്ചു പിടിപ്പിക്കുന്നു.മണ്ണ്..  സോനാഗച്ചിയുടെ മണ്ണ്,  കണ്ണീർ വീണ മണ്ണ്..” 
 
നീര ആ മണ്ണിന്റെ ഗന്ധം ഉള്ളിലേക്കെടുത്തു. 
 
"തലയും ഉടലും വേറെ വേറെയായാണ് അവയെ നിർമ്മിക്കുക. തലയില്ലാതെ ഉടൽ മാത്രമായി നിൽക്കുന്ന ദുർഗാപ്രതിമകളെ  കാണുമ്പോൾ എനിക്കു  സോനാഗച്ചിയെയാണ് ഓർമവരിക.  നിന്റെ രേണുമായെയും  എന്റെ കെട്ടുപോയ കാലത്തെയും ഓർമവരും.. 
 
ഉടൽ മാത്രമുള്ള പെണ്ണുങ്ങൾ...അവയ്ക്ക് ചുറ്റും കണ്ണുകളിൽ ആർത്തിയുമായി ആണുങ്ങൾ.."
 
ആഗ്നി ദാദി ഭൂതകാലത്തിലേക്ക് നീട്ടി തുപ്പി. 
 
ഇന്ന് ഇന്നലെകളേക്കാൾ മോശമാണെന്ന് നീരയ്ക്ക് തോന്നി. നാളെ എന്തായി തീരണമെന്നാണ് പ്രതീക്ഷിക്കേണ്ടതെന്നും അവൾക്ക് ധാരണയുണ്ടായിരുന്നു.
 
നീര വളർന്നു. അവളുടെ പെണ്ണുടൽ, ഉടുപ്പിനു പുറത്തേക്ക് അതിന്റെ പൂർണ്ണവളർച്ചയിൽ  വെളിപ്പെട്ടു. ആഗ്നിദാദി കൂടുതൽ അസ്വസ്ഥയായി. കന്യകകളെ ബിദ്യാമേംസാബ്  ആദ്യം കാഴ്‌ചവെക്കുക മേഘ്‌നേശ്‌ സാബിനാണെന്ന് അവർക്കറിയാമായിരുന്നു. അതൊരു പ്രത്യുപകാരമാണ്. സോനാഗച്ചിയിൽ ഇടയ്ക്കിടെ പോലീസ് റെയ്ഡ് നടക്കും. റെയ്ഡ് നടക്കുമെന്ന വിവരം മേഘ്‌നേശ്‌സാബ് മുൻകൂട്ടി ബിദ്യാ മേംസാബിനെ അറിയിച്ചിരിക്കും. പകരം, ‘കന്നിഭൂമികൾ’ ഉഴുതുമറിക്കാൻ അയാൾക്ക് അവസരം ലഭിക്കുന്നു. ശുഷ്കമായ എല്ലുന്തിയ മാറിടങ്ങളുള്ള സ്ത്രീകളെ അയാൾക്ക് വെറുപ്പായിരുന്നു.ചോരയും നീരുമുള്ള കന്യകകളെ അയാൾ ക്രൂരമായി ഭോഗിച്ചു. അയാളുടെ പോലീസ് ബൂട്ടുകൊണ്ട് പ്രഹരമേൽക്കുമ്പോഴുള്ള നിലവിളികൾ ആഗ്നിദാദിയുടെ മടിയിൽ കിടന്ന് കഥകേട്ടുറങ്ങുന്ന രാത്രികളിൽ നീരയുടെ കാതുകളിൽ വന്നലച്ചിട്ടുണ്ട് . ആ നിലവിളികൾ അവളെ ഭയപ്പെടുത്തിയിരുന്നു. അവളുടെ കുഞ്ഞ് ഹൃദയം ആ നിലവിളികളിൽ അതിന് താങ്ങാവുന്നതിലും കവിഞ്ഞ ഭാരത്തെ അടക്കി,  വിറച്ചിരുന്നു.  
 
സോനാഗച്ചിയിൽ ആരോഗ്യവും സൗന്ദര്യവും മാത്രമാണ് നിലനില്പിനുള്ള യോഗ്യത. അല്ലാത്തവർ ഇരുട്ടുമുറികളിൽ ഉപേക്ഷിക്കപ്പെടുന്നു. അവരുടെ നിലയ്ക്കാത്ത  കണ്ണുനീരും വിയർപ്പും ഇരുട്ടു മുറികളിൽ ഘനീഭവിച്ചു  കിടന്നു. ഒരു രാത്രി അയാളുടെ കഴുകൻ കണ്ണുകളിലെ ആർത്തി നീരയ്ക്കു മേലും  പതിഞ്ഞു. ആഗ്നിദാദി അവളെ അതിൽ നിന്നും  പൊതിഞ്ഞു പിടിക്കുകയായിരുന്നു. നീര അപകടം മണത്തു. ‘പെണ്ണ് മൂക്കട്ടെ.. ദുർഗാപൂജയ്ക്ക് വരൂ സാബ്. അതുവരെ ഇവളെ ആരും തൊടില്ല. ഇത് ബിദ്യയുടെ വാക്ക്.” ബിദ്യാമേംസാബ് അയാൾക്കുറപ്പു കൊടുത്തു . ദുർഗാപൂജ നീരയെ ഭയപ്പെടുത്തുന്നു. അവളുടെ വിധിയാണ് ദുർഗാപൂജയുടെ പത്താം നാൾ എഴുതപ്പെടുക . പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ കണ്ണുകളിലെ തുളുമ്പി നിന്ന ഭയം എങ്ങിനെ ഒപ്പിയെടുക്കണമെന്നറിയാതെ ആഗ്നിദാദി നിസഹായയായി. ഇരുട്ടിലും വെളിച്ചത്തിലും അവൾ ആഗ്നിദാദിയുടെ വിരലുകളിൽ മുറുകെപ്പിടിച്ചു. തട്ടുകടയുടെ പൊട്ടിപ്പൊളിഞ്ഞ വരാന്തയിലിരുന്ന് നീര ചോദിച്ചു “ദാദീ.. എനിക്കു സോനാഗച്ചിയിൽ നിന്ന്  രക്ഷപ്പെടാനാകുമോ.?”
 
“ചോട്ടീ.. നീരാ ചോട്ടീ”..! അവരുടെ ആത്മാവിന് ആഴത്തിൽ മുറിവേറ്റു.  ആഗ്നിദാദിക്ക് ഉത്തരമില്ലെന്നവൾക്കറിയാം. സ്വന്തം ശരീരമാണിപ്പോൾ അവളെ ഭയപ്പെടുത്തുന്നത്. ശരീരത്തിൽ നിന്ന് ആത്മാവിനെ രക്ഷപ്പെടുത്തണമെന്നവൾ ആഗ്രഹിക്കുന്നു .
 
“ദുർഗാപൂജ..!. എനിക്കു പേടിയാവുന്നു ദാദീ”. അവൾ ഭാവിയെക്കുറിച്ചോർത്ത് വിതുമ്പി. 
 
“കരയാതെ.. പേടിക്കാതെ. ആഗ്നിദാദിക്ക് ജീവനുണ്ടെങ്കിൽ നീരാ.. നിന്നെ ആരും തൊടില്ല”. 
 
അവൾക്കതു മതി-ആഗ്നിദാദിയുടെ വാക്കുകളുടെ ഉറപ്പ്. റോഡിൽ പതിച്ച ഇഷ്ടികകളിൽ തെന്നി ഭാരമുള്ള ഉന്തുവണ്ടി ഉന്തിനീക്കാൻ കഷ്ടപ്പെടുന്ന ഒരു വൃദ്ധനെ നോക്കി അവളിരുന്നു. അവൾക്കയാളെ സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവൾ തളർന്നിരുന്നു. ഭയം ഇരച്ചുകയറുകയാണ്. ദിവസങ്ങൾ എണ്ണപ്പെട്ടു. 
 
ദുർഗാപൂജയുടെ പത്താം നാൾ, ബിദ്യാമേംസാബ് അവൾക്ക് പുതിയ വസ്ത്രങ്ങൾ സമ്മാനിച്ചു. അവളെ ഒരുക്കിയെടുക്കാൻ ആജ്ഞ നൽകി.അവൾ ആഗ്നിദാദിയെ മുറുകെപ്പിടിച്ചു. ആഗ്നിദാദിയുടെ കണ്ണുകൾ ചുവന്നു. സോനാഗച്ചിയിലെ സ്ത്രീകൾ പട്ടുചേലചുറ്റി അവരുടെ വേശ്യാഗൃഹങ്ങൾക്ക് മുൻപിൽ ഒരുങ്ങി നിന്നു. അയാൾ വരികയാണ്. ഗോവണിപ്പടികൾ കയറി നടന്നടുക്കുന്ന മേഘ്‌നേശ്‌സാബിന്റെ ബൂട്ടുകളുടെ ശബ്ദം അവൾ കേട്ടു.  നീരയുടെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. മേഘ്‌നേശ്‌ സാബ് അവളെ അടിമുടി ഉഴിഞ്ഞു, അടക്കാനാവാത്ത കാമത്തോടെ അവളിലേക്കടുക്കും മുൻപ് സർവ്വശക്തിയുമൂറ്റി  ആഗ്നിദാദി അയാൾക്കുനേരെ പ്രാകൃതമായ ഒരലർച്ചയോടെ  പാഞ്ഞടുത്തിരുന്നു. അപ്രതീക്ഷിതമായി പെടലിയിലേറ്റ പ്രഹരത്താൽ മേഘ്‌നേശ്‌സാബ് നിലതെറ്റി വീണു.ഞൊടിയിടയിൽ നില വീണ്ടെടുത്ത അയാൾ അലറിക്കൊണ്ട് ആഗ്നിദാദിയെ തൊഴിച്ചു. ഭിത്തിയിൽ തലതല്ലി ആഗ്നിദാദി താഴേക്കൊടിഞ്ഞു വീഴുന്നത് നടുക്കത്തോടെ നീര കണ്ടു. നടുക്കം വിട്ടുമാറാതെ നിന്ന നീരയെ നോക്കി ശിരസ്സ് പൊട്ടി ചോരയൊലിപ്പിച്ച് കിടന്ന ആഗ്നിദാദിയുടെ ജീവൻ, അതിന്റെ  അവസാനത്തെ പിടച്ചിലിൽ  പറഞ്ഞു –“ചോട്ടീ.. പോ.. രക്ഷപ്പെടൂ”. വിറച്ചു വിറച്ചു അവരുടെ ദേഹം നിശ്ചലമായി, കണ്ണുകളും .ഒരു നിമിഷത്തെ പകപ്പിലും പിടച്ചിലിനുമൊടുവിൽ   മേഘ്‌നേശ്‌സാബിനെ ഉന്തിയിട്ട് കണ്ണിൽ കണ്ണീരില്ലാതെ  നീര ഗോവണിപ്പടികളിറങ്ങിയോടുകയായിരുന്നു. “ആഗ്നിദാദീ”എന്നൊരു നിലവിളി അവളുടെ തൊണ്ടക്കുഴിയിൽ തങ്ങി നിന്നു. സോനാഗച്ചിയിലെ മഞ്ഞ നിറമുള്ള രാത്രിയിൽ സ്ഥലകാലങ്ങൾ മറന്ന് നക്ഷത്രങ്ങളെയും നിലാവിനെയും ചവിട്ടിമെതിച്ചു, തികട്ടി വന്ന ഭയവുമായി അവൾ തെരുവിന്റെ തുടക്കത്തിലെ വലിയ കാളീ വിഗ്രഹവും മറികടന്നോടി.   
 
  നിലയ്ക്കാത്ത ഓട്ടം,..! എവിടേക്കെന്നറിയാത്ത ഒരു തീവണ്ടി കംപാർട്മെന്റിൽ താനിപ്പോഴും ശ്വാസമെടുക്കുന്നുണ്ടോ എന്ന്  തീർച്ചപ്പെടുത്താനാവാതെ ഒരു ബെർത്തിനോട്‌ ചേർന്നു നിൽക്കുകയായിരുന്നു അവൾ. അവളുടെ ഹൃദയം ക്ഷീണിതമായിരുന്നു. തളർച്ച അവളെ കീഴടിക്കിയിരുന്നു. നിന്നിരുന്നിടത്ത് നിന്നവൾ  നിലത്തെക്കൂർന്നിറങ്ങിയിരുന്നു. അറിയാതെ  കണ്ണുകളടഞ്ഞു . സോനാഗച്ചിയേക്കാൾ അരക്ഷിതമാണ് പുറത്തെ ലോകമെന്ന് അവൾ തിരിച്ചറിയുന്നതിനു മാത്രകൾ മുൻപ് ഇരുട്ടിൽ നിന്നൊരു കൈ വീണ്ടും  അവളുടെ അരക്കെട്ടിലേക്ക് നീണ്ടു വന്നു. അവളെ വരിഞ്ഞു, പിന്നെ മാറിൽ പിടുത്തമിട്ടു. ഒരലർച്ചയോടെ എഴുന്നേറ്റ്  കംപാർട്മെന്റുകളുടെ തുടർച്ചയിലൂടെ അവൾ ഓടി. ലൈറ്റുകൾ അണഞ്ഞു കിടന്നിരുന്നു, ബർത്തിലുള്ളവർ ഉറക്കംപിടിച്ചിരുന്നു. അവളുടെ നിലവിളികൾ  തീവണ്ടിയുടെ ചൂളം വിളിയിൽ തട്ടിച്ചിതറിത്തെറിച്ചു. ഓട്ടം നിലച്ചു, തുടർച്ചയവസാനിച്ചു. ഇനിയോടാൻ വഴികളില്ല. 
 
ഇരുട്ടിൽ നിന്നു നീണ്ടു വന്ന കൈകൾ, അത് തന്റെ തോന്നലായിരുന്നോ സത്യമായിരുന്നോ എന്ന് തിരിച്ചറിയാനാവാതെ നീര നിന്നു കിതച്ചു. ഇരുവശത്തും തുറന്നു കിടന്ന വാതിലുകളിലൂടെ കാറ്റ് ഇരച്ചുകയറി. അവൾ ഒരു വശത്തെ വാതിലിൽ ചാരി പുറത്തേക്ക് നോക്കി നിന്നു ദീർഘശ്വാസമെടുത്തു . പൊടുന്നനെ ഒരു നിഴൽ തന്റെ പുറകിൽ നീങ്ങുകയും കരുത്തുള്ള വിരലുകളുടെ വൃത്തികെട്ട ചലനം തന്റെ ഉടലിൽ അറിയുകയും ചെയ്ത നിമിഷം അവൾ ആ സത്യമറിഞ്ഞു – ഭയം, സോനാഗച്ചിയിലേതിനേക്കാൾ സാന്ദ്രമായി, തന്നെ പൊതിഞ്ഞിരിക്കുന്നു. സോനാഗച്ചിയിലേതിനേക്കാൾ കടുത്ത അരക്ഷിതത്വം തന്നെ പുറം ലോകത്ത് കാത്തിരിക്കുന്നു – അവളുടെ തൊണ്ട വരണ്ടുണങ്ങി. ശ്വാസം നിലച്ചു . നാക്കു പുറത്തേക്കിട്ട് ചുണ്ടുകൾ നനച്ച് , അടങ്ങാത്ത ആർത്തിയോടെ  അയാൾ അവളിലേക്കടുക്കുകയാണ്. തീവണ്ടി ഒരു പാലത്തിലേക്ക് കടന്നു. ചക്രങ്ങളും പാളവും ഉരയുന്ന ശബ്ദം അവളുടെ കാതുകളെയടച്ചു. താഴെ അഗാധതയിൽ പുഴ നിലയില്ലാതെ ഒഴുകി.  നിലവിളികൾ ഉള്ളിലടക്കി, മങ്ങിയ കണ്ണുകൾ താഴ്ത്തി, ചിറകുകൾ ഒതുക്കി വേട്ടമൃഗത്തിനു മുന്നിൽ പരാജയപ്പെട്ട ഇരയെപ്പോലെ, ഊറി വന്ന ഭയത്തോടെ അവൾ നിന്നു..തിരിഞ്ഞോടാൻ അവൾക്കിനി ഒരു വഴിയേ ബാക്കിയുള്ളൂ... 
 
ഡപ് ഡപ് ഡപ് ഡപ്... ഡപ് ഡപ്.. അവളുടെ ഹൃദയം മിടിച്ചുകൊണ്ടിരുന്നു... 
 
കൽക്കത്ത നഗരത്തിൽ ജനസമുദ്രം ഒഴുകുകയായിരുന്നു- ജീവന്റെ നിലയ്ക്കാത്ത ചലനം. രബീന്ദ്ര സംഗീതത്തിന്റെ ശീലുകളുടെയും ധാക് മേളങ്ങളുടെയും അകമ്പടിയിൽ ഹൂഗ്ലി തീരത്തെ ബാബുഘാട്ടിൽ കുമാർതുളിയിലെ ദുർഗാപ്രതിമകളുടെ ‘വിസർജൻ’ നടക്കുകയാണ്. “അഷ്ച്ചേ ബൊച്ചോർ അബാർ ഹൊബ്ബേ” എന്ന പ്രാർഥനയോടെ  സ്ത്രീകൾ പ്രപഞ്ചമാതാവിനു  വികാരനിർഭരമായ വിട നൽകി..ആദ്യം, ദുർഗാപ്രതിമകളുടെ  പാദങ്ങൾ മുങ്ങി , പിന്നെയുടൽ. ഏറ്റവുമൊടുവിൽ ശിരസ്സ്.അപ്പോൾ,  അവയുടെ തിളങ്ങുന്ന വലിയ കണ്ണുകളിൽ അടിഞ്ഞുകിടന്ന ഭാവം ഭയമായിരുന്നോ, അതോ പ്രതീക്ഷയോ.  ‘ബ്ധും ബ്ധും ബ്ധും ബ്ധും..’ ഒഴുക്കിൽ ഒന്ന് രണ്ട് തവണ മുങ്ങിയും പൊങ്ങിയും അവർ,  കുമാർതുളിയിലെ ദുർഗാപ്രതിമകൾ എന്നെന്നേക്കുമായി മാഞ്ഞു പോവുകയായിരുന്നു. 
-----------------
ശ്യാംസുന്ദർ പി ഹരിദാസ്
 
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് ജനനം. എഞ്ചിനീയറിംഗ് ബിരുദധാരി. സോഷ്യൽ മീഡിയയിലെ അനുഭവക്കുറിപ്പുകളിലൂടെ ശ്രദ്ധേയനായി. ഇ മലയാളി. കോം, മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് മാഗസിൻ, മലയാള മനോരമ, ഇടം മാഗസിൻ, കേരള ലിറ്ററെചർ മാഗസിൻ, സൈകതം മാഗസിൻ തുടങ്ങിയവയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒടുവിലത്തെ കിടപ്പുമുറി എന്ന ആദ്യ കഥാസമാഹാരം മഴത്തുള്ളി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു.
വിലാസം - പൂവൻകര, പലപ്പെട്ടി,679579, മലപ്പുറം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

View More