Image

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

Published on 26 April, 2021
പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

തൊട്ടടുത്തിരിക്കുന്ന യുവതിയുടെ, സ്ഥാനം മാറി കിടക്കുന്ന കുർത്തയുടെ വിടവിൽ കാണുന്ന ഇറുകിയ ലെഗ്ഗിങ്സിനു മുകളിലൂടെ, അവളുടെ തുടവണ്ണം കണ്ണു കൊണ്ട് ഇടയ്ക്കിടെ അളന്ന് അയാൾ വാട്സാപ്പ് ഗ്രൂപ്പിൽ സ്ത്രീയുടെ വസ്ത്ര സ്വാതന്ത്യത്തെക്കുറിച്ചൊരു മെസേജ് പായിച്ചു.

ധീരയും തന്റേടിയുമായ നായിക നായകന്‍റെ   കരണത്തടിക്കുന്നിടത്ത് എഴുതി അവസാനിപ്പിച്ച് കഥയ്ക്ക് അടിവരയിട്ടപ്പോഴാണ് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ ടോൺ കേട്ടത്. ഒരു സ്ത്രീ സുഹൃത്ത് പണ്ടു മുതൽ അനുഭവിക്കുന്ന ചൂഷണങ്ങളും പീഢകളും സിംപതി കലർന്ന ഭാഷയിൽ ആൺവർഗത്തെ മ്ലേച്ഛന്മാരായി ഹൈലൈറ്റ് ചെയ്തെഴുതിയ ഒരു പോസ്റ്റ് ആണ്‌. സഹാനുഭൂതി വാരിവിതറിയൊരു കമന്റ് ടൈപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു കോൾ വന്നു. കൂട്ടുകാരിയുടെ അനിയന്‍റെ   കല്യാണത്തിനു പോകുന്ന കാര്യം ചോദിച്ച് ഭാര്യ ആണ്.

"ആ പ്ലാൻ ഒഴിവാക്ക് !! ഞാനിന്ന് നേരത്തേ വരും പുറത്തു പോകാം"

മറുപടിയിൽ ഉണ്ടായ ഇഷ്ടക്കേട് തിരിച്ചൊരു ചോദ്യമായി ആണ് വന്നത്. "ഇന്നലെക്കൂടി പറഞ്ഞതല്ലേ ഞാൻ...?"

"പറയുന്നതങ്ങനുസരിച്ചാൽ മതി" എന്ന മറുപടിയിൽ ഫോൺ കട്ടായി. അടിമകളായി സ്വയം കരുതുന്നിടത്ത് നിന്‍റെ   പരാജയം തുടങ്ങുന്നു എന്ന്.. നേരത്തേ എഴുതിയ കമന്റ് പൂർത്തിയാക്കി പോസ്റ്റ് ചെയ്തു.

അല്പം നേരത്തേ പോകാൻ പഞ്ചിങ് മെഷീന് അടുത്തേക്ക് നടക്കുമ്പോൾ ഒരു കോൾ unknown number ആണ്‌. ‍" ന" യുടെ പുറത്തൊരു ചുമന്ന ഗുണന ചിഹ്നത്തോടു കൂടി "ന:സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്ന ലേഖനവും ചേർത്തു കഴിഞ്ഞ ലക്കം പാർട്ടി മാസിക പുറത്തിറങ്ങിയതിനു ശേഷം ഇതു പോലെ പരിചയമില്ലാത്ത വിളികൾ വരുന്നുണ്ട്. പച്ചയിലൊന്നു തൊട്ടു.

"ഹലോ.."

മറുപടി ഹലോ ഇല്ലാതെ.. മറുവശം പറഞ്ഞു തുടങ്ങി

" നിർമ്മല, കഥാക്കൂട്ടിൽ ഒരിക്കൽ പരിചയപ്പെട്ടിരുന്നു. ഓർക്കുന്നോ? "

അന്ന് അവളിട്ടിരുന്ന നിറം നരച്ച കഴുത്തിറങ്ങിയ ജൂബ വ്യക്തമായി ഓർത്തുകൊണ്ട് പറഞ്ഞു. "ആ ഓർമയുണ്ട്. പറയൂ, നിർമ്മല"

"ലേഖനം വായിച്ചു. 'സമത്വം എന്നത് പുരുഷന്‍റെ   കർത്തവ്യമല്ല, സ്ത്രീയുടെ അവകാശമാണ് !' എന്ന് എഴുതിയത് കണ്ടു. ഈ തരത്തിൽ ചിന്തിക്കുന്നവരായിരുന്നു എല്ലാ പുരുഷൻമാരും എങ്കിൽ സമത്വത്തിനായുള്ള സമരങ്ങൾ ഒഴിവാക്കാമായിരുന്നു."

പരസ്പരം അനുകൂലിച്ചുള്ള മറുപടികളിലൂടെ ആ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടു. ഇതിനിടയിൽ ആളൊഴിഞ്ഞ കാന്റീനിൽ പോയിരുന്നൊരു ചായയും തീർത്തു.

വീട്ടിലെത്താൻ പതിവിലും വൈകി. ഡൈനിംഗ് ടേബിളിൽ ബാഗ് വച്ച് കസേരയിലേക്കിരുന്നു. ചായയും ഉള്ളിവടയും ടേബിളിൽ വന്നു. വൈകുന്നേരം കൊടുത്ത കമന്റിനുള്ള പ്രതികരണങ്ങൾ കൂടുന്നതിനൊപ്പം ചായയുടെയുംവടയുടെയും അളവ് കുറഞ്ഞു കൊണ്ടിരുന്നു. ഒരു പുളിച്ച മണം തുളച്ചു കയറിയതിനാൽ മൂക്ക് ചുളിച്ചു കൊണ്ട് നോക്കി 

അപ്പോൾ..., അവൾ എന്റെ ലഞ്ച് ബാഗ് തുറന്നതാണ്. 

കഴുകാത്ത പാത്രവും അടപ്പും ബാഗിൽ വെവ്വേറെ കിടന്ന് മീൻമുള്ളും മറ്റവശിഷ്ടങ്ങളുമായി സംഘടിച്ചതാണ്.

"അത് ആ വാഷ് ബേസിന്റെ അവിടെപ്പോയി തുറന്നാൽ പോരേ... ഇവിടെ കഴിച്ചു കൊണ്ടിരിക്കുവല്ലേ?"

"... ആ എല്ലാരും കഴിക്കുന്നതാ..."

ഇനിയുമെന്തോ പറയാൻ തുടങ്ങിയ അവളോട് "ഇവിടെ അനാവശ്യമായി ശബ്ദമുയർത്തരുതെന്ന് പല വട്ടം പറഞ്ഞിട്ടുണ്ട്" 

എന്നയാൾ ശബ്ദമുയർത്തി.അവൾ മിണ്ടിയില്ല.

വീണ്ടുമൊരു ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ!!! അടിച്ചമർത്തലിന്റെ നോവുകൾ പറഞ്ഞൊരു പോസ്റ്റ്......

വളരെ വേഗത്തിൽ‍അയാളതിനു കമന്റ് ചെയ്തു,

"പെണ്ണേ നീ തീയാവുക!!!"

---------------------------

ലക്ഷ്മി എസ് ദേവി 

തിരുവനന്തപുരം സ്വദേശി. 

2017 ൽ നിലാവിനെന്താഴം എന്ന കഥാ സമാഹാരം പ്രസിദ്ധീകരിച്ചു. 

ഇ പബ്ലിക്കയുടെ കവിത പൂക്കും കാലം, ഓണപതിപ്പ് 2020 എന്നിവയില്‍ കൃതികൾ പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരം ആകാശവാണിയിൽ അവതാരകയാണ്. 

lekshmi.s.devi.blogspot.comൽ സജീവമായി എഴുതി വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക