Image

അക്ഷരപ്പൂട്ട് (കവിത: വേണുനമ്പ്യാർ)

Published on 26 April, 2021
അക്ഷരപ്പൂട്ട്  (കവിത:  വേണുനമ്പ്യാർ)
വോട്ട്

എന്റെ കണ്മുന്നിൽ    വെച്ച്    
പച്ചച്ചേര പേക്രോംതവളയെ  
വിഴുങ്ങാൻ വാ തുറന്നപ്പോൾ
എനിക്കൊരു തെറ്റ് പറ്റിപ്പോയി;
ചേരയുടെ ചിന്ഹത്തിലാകട്ടെ
തവളയുടെ ചിന്ഹത്തിലാകട്ടെ
ഞാൻ   വോട്ട് കുത്തിയില്ല.

"ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കാത്ത താൻ ഒരു പൗരനാണോ?" എന്ന് ചോദിച്ചും കൊണ്ട്
നരച്ച   ഒരു  ചിലന്തി എന്നെ അപഹസിച്ചു.  

അടുത്ത ക്ഷണം എന്റെ കണ്മുന്നിൽ    വെച്ച്       നരയന്റെ  നരച്ച
വലയിൽ കുടുങ്ങി    പിടയുകയായിരുന്നു ഒരു ചെറുതേനീച്ച! 

പ്രതി

കയ്യെഴുത്തുപ്രതി
ഒരു പറക്കും തളികയായി പറന്ന്
കോടതിമുറിയിലെ
പ്രതിക്കൂട്ടിലെത്തി.
വാദിഭാഗം വക്കീൽ
വിസ്തരിക്കാനുള്ള അനുമതി തേടി.

"യുവർ ഓണർ, അപൂർണ്ണമായ ഒരു പോസ്റ്റ് മോഡേൺ കവിതയാണ് ഞാൻ."
 കയ്യെഴുത്തുപ്രതി മനസ്സ് തുറന്നു :
 "കവിയുടെ ആത്മഹത്യയിൽ എനിക്കും    പങ്കുണ്ട് എന്ന് പറഞ്ഞാൽ അത് ശരിയാകില്ല.അക്കാര്യത്തിൽ.........എനിക്കുമാത്രമാണ് പരിപൂർണ പങ്കാളിത്തം."

സോനാർ ബംഗ്ല

സത്യത്തിന്റെ
ചോര വീണ തെരുവിൽ
കള്ളം ചക്രക്കസേരയിൽ.
നോവിന്റെ ഔദ്ധത്യത്തിന്റെ  മേനി പറച്ചിലിനിടെ
അധികാരത്തിനുവേണ്ടിയുള്ള
മറ്റൊരു പകിടയുരുട്ടൽ.
സദ്ഭരണത്തിന്റെ കല അറിയാത്തവർ
കട്ട് മണി പങ്കിട്ടെടുക്കാൻ  
മല്ലയുദ്ധത്തിലേക്ക് മടങ്ങുന്നതാണ് നല്ലത്.

കൊറോണപ്പൂരം


ഓക്സിജൻ കിട്ടാതെ
ഉയരുന്ന നിലവിളികൾക്ക്
ഐ സി യു വാർഡിലെ  ഷോർട് സർക്യൂട്ടിൽ    
ജീവന്റെ കൂടുമാറ്റം

ആംബുലൻസിന്റെ വിറളിപൂണ്ട
മേളപ്പെരുക്കങ്ങൾ

മരിച്ചവർ പോലും
ക്യൂ നിൽക്കുന്ന
പറമ്പിനു  മീതെ
അകലം സൂക്ഷിച്ചുംകൊണ്ട്‌  
പതിയെ    പതിയെ
മണ്ണിലേക്ക് തന്നെ  
മടങ്ങാൻ കൊതിക്കുന്ന
രസക്കുടുക്കകൾ.
Join WhatsApp News
American Mollakka 2021-04-26 19:11:43
പോസ്റ്റ് മോഡേൺ കവിതയുമായി അമേരിക്കൻ മലയാളികളുടെ അടുത്ത് പോയ ശ്രീ നമ്പ്യാരോട് ജഡ്ജി ചോദിച്ചു വേറെ എവിടെ പോയാലും അവിടെ പോയത് തെറ്റായി.. ആദ്യമായതുകൊണ്ട് ശിക്ഷിക്കുന്നില്ല. ശ്രീ നമ്പ്യാർ ഒരു പക്ഷെ എസ് യുവർ ഹോണർ എന്ന് പറഞ്ഞോ? ആവോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക