Image

കവിത പാട്ടാവുമ്പോൾ, കവി ഉദ്ദേശിച്ചത്...? (മായ കൃഷ്ണൻ)

Published on 27 April, 2021
കവിത പാട്ടാവുമ്പോൾ, കവി ഉദ്ദേശിച്ചത്...? (മായ കൃഷ്ണൻ)
പഴയകാലസിനിമാഗാനങ്ങൾക്ക്, കവിത ശരീരം തന്നെയായിരുന്നു. സംഗീതം ആത്മാവും .. കവിയും സംഗീതസംവിധായകനും ഒന്നുചേർന്നാണ് ബ്രഹ്മകർമം നിർവഹിച്ചിരുന്നത്, ഗാനത്തെ വ്യക്ത(ക്തി)രൂപത്തിലേക്ക് പരിവർത്തിച്ചിരുന്നത്. അപ്പോൾ ഗായകന് /ഗായികക്ക് എന്ത് റോളാണൊരു ഗാനത്തിലുള്ളത്?? പ്രസൂതികാകർമം മാത്രം.. ആസ്വാദകലോകത്തേക്കുള്ള വാതായനം തുറന്ന്, ഗായകൻ /ഗായിക ഗാനത്തെ സ്വതന്ത്രമാക്കുന്നു.. എന്നാൽ ആസ്വാദകരാവട്ടെ, വലിയൊരളവിൽ ഗായകന്റെയോ ഗായികയുടെയോ പേരിലാണ് ഓരോ ഗാനത്തെയും തിരിച്ചറിയുന്നതുപോലും.. യേശുദാസിന്റെ പാട്ട്, എസ്. ജാനകിയുടെ പാട്ട്, ജയചന്ദ്രന്റെ -ചിത്രയുടെ....... അങ്ങനെയങ്ങനെ നമ്മൾ പാട്ടുകളുടെ പിതൃ-മാതൃ ത്വങ്ങൾ നിർവചിക്കുന്നു.. അതൊക്കെ നമ്മളുടെ പാവം ചിന്തകൾ.. പല പാട്ടുകളും പൊതുവെ മനസ്സിലുണ്ടാക്കാറുള്ളൊരു തോന്നലാണ് തലക്കെട്ടായി ☝☝കൊടുത്തത്.. വ്യക്തമാക്കാം.. ശ്രീ. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികളാണ് "ലക്ഷാർച്ചനകണ്ടു മടങ്ങുമ്പോളൊരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു.. "എന്ന പാട്ടായത്.. മലയാളിയെ അനുരാഗസമുദ്രത്തിൽ അനേകസഹസ്രംതവണ നീരാടിച്ച പാട്ട്... "മല്ലികാർജ്ജുന (ശിവൻ )ക്ഷേത്രത്തിൽ വെച്ചവൾ...... "(ക്ക് എന്തുപറ്റി?? )ഗായകൻ പാടുന്നത്, "മല്ലീശ്വരന്റെ "പൂവമ്പ് കൊണ്ടു എന്നാണ്. അത് മല്ലീശ്വരനാണോ മല്ലീശര(മല്ലിപ്പൂ ശരമായുള്ളവൻ -കാമദേവൻ )നാണോ?.... മല്ലീശരനാവാനേ ഇടയുള്ളൂ.

അല്ലാതെങ്ങനെ "അധരംകൊണ്ടധരത്തിൽ അമൃതുനിവേദിക്കുന്ന അസുലഭനിർവൃതി "അവരറിയാൻ? കവി ഉദ്ദേശിച്ചതെന്തെന്ന് അദ്ദേഹത്തിനേ അറിയൂ.... മറ്റൊന്ന് ഏറെ പഴയതല്ലാത്തൊരു ഗാനമാണ്... കവി ശ്രീ. ഒ . എൻ. വി. കുറുപ്പ്.. ഗായകൻ ഇങ്ങനെ പാടുന്നു.. "നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി... "(വേറെന്തു തുളുമ്പാൻ, നീർ നിറഞ്ഞ മിഴിയുടെ പീലിയിൽ? )കവിതന്നെ ഒരിക്കൽ (ഒരു അഭിമുഖത്തിലോ മറ്റോ -വ്യക്തമായി ഓർമയില്ല )പറയുകയുണ്ടായി, അദ്ദേഹം "നീൾമിഴിപ്പീലി "(നീണ്ടമിഴിയുടെ പീലി )യിലാണ് നീർമണികൾ തുളുമ്പിച്ചതെന്ന് !!എങ്കിൽപ്പിന്നെ പ്രസൂതിക (കൻ )ക്ക് പിഴവ് പറ്റിയതാവാം, കുഞ്ഞിന്റെ ചെറുതെങ്കിലും ശ്രദ്ധേയമായ അംഗവൈകല്യം !കേട്ടുകേൾവിയില്ലാത്ത (ചിലപ്പോൾ എനിക്ക് )ഒരു പദപ്രയോഗം, ശ്രീ. കൈതപ്രത്തിന്റെ ഒരു ഗാനത്തിൽ ഗായകൻ നടത്തിയിട്ടുണ്ട്... "ദേവീ..... ആത്മരാഗമേകാൻ... കന്യാവനിയിൽ....... "എന്ന് തുടങ്ങുന്ന ഗാനത്തിൽ "ഗന്ധഴ് വൻ "എന്നൊരാളെ പരാമർശിക്കുന്നു... ശരിക്കും അതാണോ അത്? ഗന്ധർവനല്ലേ അത്?

സാന്ദർഭികമായി ശ്രദ്ധയിൽപ്പെട്ട ചില ഗാനങ്ങൾ മാത്രമാണിവ.. എത്രയെത്രയോ വേറെയുണ്ടാവാം.... എന്റെ സംശയം ഇത്രേയുള്ളൂ... കവിത പാട്ടാവുന്നതോടെ രംഗം വിടേണ്ടയാളാണോ കവി? ഗാനശരീരത്തിൽ മാറ്റിക്കുറിക്കലുകൾ നടത്താൻ ഗായകർക്ക് എന്തവകാശമാണുള്ളത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക