-->

kazhchapadu

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

Published

on

ഖബർസ്ഥാനിലെ ആ  നനഞ്ഞ മണ്ണിൽ നിന്നപ്പോൾ റഷീദിന്റെ കാൽപാദങ്ങൾക്ക് ഒരു നീറ്റൽ അനുഭവപ്പെട്ടു.  ഇനിയാരും തനിക്കു വേണ്ടി കാത്തിരിക്കാനില്ല.
 
താൻ ഇനി ആരെയും തേടിയെത്തേണ്ടതുമില്ല. ഈ വിശാലമായ ലോകത്ത് താൻ തനിച്ചായിരിക്കുന്നു. വല്ലാത്തൊരു നിശ്ശബ്ദതയും പേറി നിൽക്കുന്ന ഖബർസ്ഥാൻ. ഇടതൂർന്ന് വളർന്ന അടിക്കാടുകൾ.
 
മൃതദേഹങ്ങളിൽ നിന്ന് നീര് വലിച്ചെടുത്ത് ഭീമാകാരമായ വൻ വൃക്ഷങ്ങൾ സദാസമയവും ഖബർസ്ഥാനിലേക്ക് കണ്ണുനട്ട് നിർവികാരമായി നിൽക്കുന്നു.
 
നിലയ്ക്കാത്ത കണ്ണുനീർ തുള്ളികൾ പോലെ വള്ളിപ്പടർപ്പുകളിലെ ഇലകളിൽ  നിന്ന് വെള്ളതുള്ളികൾ ഇറ്റുവീണു കൊണ്ടേയിരിക്കുന്നു. 
 
മണ്ണൊലിച്ച് പോയ പഴങ്കബറുകൾ. അവയുടെ ഇരുതലക്കലുമുള്ള വെട്ടുകല്ലുകൾ ദ്രവിച്ച് തുടങ്ങിയിരിക്കുന്നു.
 
പഴയൊരു വയലിനിന്റെ തുരുമ്പിച്ച കമ്പിയിൽ നിന്ന് വരുന്ന വികൃതശബ്ദം പോലെ കഫം കുറുകുന്ന സുലൈഖയുടെ ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി .
 
അലക്കാതെ മഞ്ഞ നിറമാർന്ന ''വെള്ളക്കാച്ചു"ടുത്ത മെലിഞ്ഞുണങ്ങിയ ദൈന്യതയുടെ ആൾരൂപമായ ഉമ്മ.  
എപ്പോഴും വെള്ളമൊലിക്കുന്ന തിളക്കമില്ലാത്ത രണ്ട് വെള്ളാരം കണ്ണുകൾ അവന്റെ മുന്നിൽ തെളിഞ്ഞു .
ചുളിഞ്ഞു തൂങ്ങിയ പ്രതീക്ഷയുടെ പ്രകാശം ഒട്ടുമില്ലാത്ത ഉമ്മയുടെ മുഖം അവന്റെ മനസ്സിൽ മിന്നി മാഞ്ഞു.
 
 
ബുദ്ധിയുറക്കാത്ത ഒരിക്കലും ചിരിയെന്ന് തോന്നാത്ത ആ  ശബ്ദം. റഷീദിന്റെ മനസ്സിനെ എന്നും അസ്വസ്ഥമാക്കിയിരുന്ന അതേ വികൃത ശബ്ദം. ഖബർസ്ഥാനിന്റെ ആ നിതാന്ത നിശ്ശബ്ദതയിൽ പോറലുകൾ വീഴ്ത്തി അവന്റെ ഹൃദയത്തിൽ മുഴങ്ങി .
ഇപ്പോ, ഒരു പെരുമഴ പെയ്ത് തോർന്നതേയുള്ളൂ.
കൈക്കോട്ട് കൊണ്ട് ഇളക്കി മറിച്ച പുതുമണ്ണ്.
 
മീസാൻ കല്ലുകളുടെ ഇരുതലക്കലും കുത്തിയ ചെമ്പരത്തിച്ചെടികൾ വാടാൻ തുടങ്ങിയിരിക്കുന്നു.
അതിലുണ്ടായിരുന്ന വിരിയാൻ  തുടങ്ങിയ ഒരു പൂമൊട്ട് പോലും ദു:ഖഭാരത്താൽ തല തൂക്കിയിട്ടപോലെ റഷീദിന് തോന്നി.
ഖബർസ്ഥാനിലെ എല്ലാ ഖബറുകളുടെയും ഇരുഭാഗത്തുമുള്ള മീസാൻ കല്ലുകളുടെ അരികിലും പല ചെടികളുമുണ്ട്.
എല്ലാ ചെടികളുടെയും ഭാവം കടുത്ത ദുഃഖം തന്നെ .
.......... ................................
" റഷീദേ ...
മ്മാന്റെ... കൊയമ്പ് , ജ്ജ് ബെര്മ്പൊ കൊണ്ടരൂലേ..?"
പണിക്ക് പോകാനിറങ്ങുമ്പോൾ പുറകിൽ നിന്നുള്ള ഉമ്മയുടെ ചോദ്യമാണ്.
" നോക്കട്ടെമ്മാ.. ഞാം 
കൂലി കിട്ട്യാ.. കൊണ്ടരാ ..." അതൃപ്തിയോടെയാണ് റഷീദ് അതിന് മറുപടി പറഞ്ഞത്.
കിട്ടുന്ന കൂലി കൊണ്ട്  കീറിപ്പറിഞ്ഞ ജീവിതം  തുന്നി ശരിയാക്കി വരുന്നതേയുള്ളൂ. സുലൈഖാക്ക് എന്നും ശ്വാസം മുട്ടലാണ്.
നെഞ്ചിൻ കൂടിനകത്ത് നിന്ന് വരുന്ന വല്ലാത്തൊരു ശബ്ദമുണ്ട്.
പരിശീലനമില്ലാത്തവർ വയലിൻ വായിക്കുമ്പോഴുള്ള ശബ്ദം പോലെ.
മകനാണെങ്കിലോ, ബുദ്ധി വളർച്ചയില്ലാത്തവൻ. എന്നാൽ ശാരീരികവളർച്ചക്ക് ഒട്ടും  കുറവില്ലാത്തവനാണവൻ.
 
കൊണ്ടുവരുന്ന പല ചരക്കു സാധനങ്ങൾ ഇത്രവേഗം തീർന്നു പോകുന്നതെങ്ങനെയെന്നുള്ള റഷീദിന്റെ ചോദ്യത്തിനുള്ള, സുലൈഖയുടെ ഉത്തരമാണ് അവന്റെ തീറ്റ.
 
"ങ്ങള്... അരി കൊട്ന്ന്ലേ .?"
പ്രാവ് കുറുകുന്ന ശബ്ദത്തിൽ സുലൈഖയുടെ ചോദ്യം .
"അരി... മിന്ഞ്ഞാന്നല്ലേ കൊട്ന്നത്.?''
''അദാകെ... മൂന്ന് കിലോനല്ലേ. ?
അദ് വെച്ച് തീർന്ന് . "
"സുലൈക്കാ...
ച്ച്... റേസം പീട്യ  നടത്ത്വല്ല പണി .. അന്റെ ചെർക്കന്റെ തൊള്ളീല്  ഞാം  മണ്ണ് വാരിടും .
യെന്ത്  തീറ്റേ.. ദ് തമ്പുരാനേ.... "
 റഷീദ് മകനെ പ്രാകി .
 
"മനേ.. മ്മാന്റെ  കുട്ടി അയ്നെ പിരാകണ്ട. അദ്ണ്ടായീന്     സേഷാ  അനക്ക് കൊറച്ചേലും ബാഗ്യം...." 
ഉമ്മ താക്കീത് കലർത്തി അപേക്ഷിച്ചു.
" ഔ, വല്ലാത്ത ബാഗ്യം തന്നെ..
 മൻസൻ ഇര്പത്തിനാല് മണിക്കൂറ് പണിട്ത്താലും
 ഈയൊര് ചെർക്കന് തിന്നാന്ല്ലെ.... 
അരി മാങ്ങാന്ള്ള കായിപോലും  കിട്ട്ണ്ല്ല." 
റഷീദിന് ദേഷ്യം വന്നു.
 
ഇടക്ക് ഇങ്ങനെ പറയുമെങ്കിലും റഷീദിന്  ഇഷ്ടമാണവനെ .
 ചില സമയത്ത് അവന്റെ നിഷ്കളങ്കമായ ചിരി കാണുമ്പോൾ റഷീദിന്  സങ്കടം വരും.  തന്റെ വിധിയെ ഓർത്തവന്റെ കണ്ണുകൾ നിറയും. മകന് ബുദ്ധിയില്ലാതെയായത് ആരുടെയും കുറ്റമല്ലല്ലോ.
എന്തിനാണ് ഇങ്ങനെ ഒരു ജീവിതം ദൈവം തനിക്ക് തന്നത്. ഒരുകാലത്തും സുഖം തനിക്ക് വിധിച്ചിട്ടില്ല.
കടുത്ത ദു:ഖങ്ങൾ മാത്രം.
ഉമ്മാക്ക് എന്നും അസുഖം.
ഭാര്യയും നിത്യദീനക്കാരി തന്നെ .
മകനാണെങ്കിൽ ഇങ്ങനെയും .
 
ചിലപ്പോഴവന്റെ തീറ്റ കണ്ടാൽ ഭക്ഷണത്തോട്  തന്നെ റഷീദിന് അറപ്പ് തോന്നും.മൂക്കിൽ നിന്ന് ഒലിച്ചിറങ്ങുന്ന മൂക്കളയോടൊപ്പം ചെളിയിൽ പുതഞ്ഞ കൈ കൊണ്ടവൻ ചോറ് വാരി വായിൽ തേമ്പും. അത് കാണുമ്പോൾ റഷീദിന് ഓക്കാനം വരും.
 
വില പിടിച്ചതൊന്നും വീട്ടിലില്ലെങ്കിലും കൈയിൽ കിട്ടുന്നതെല്ലാം എടുത്തവൻ വലിച്ചെറിയും. അവൻ നശിപ്പിക്കുന്നതെല്ലാം റഷീദിന് വില പിടിച്ചത് തന്നെയായിരുന്നു. അത് മൺചട്ടിയായാലും. ഓട്ടപ്പാട്ടയായാലും. പ്രാകിപ്പറഞ്ഞാലും തല്ലിച്ചതച്ചാലും, അവനതെല്ലാം നശിപ്പിച്ചു കൊണ്ടേയിരുന്നു .
ചില സമയത്ത് റഷീദിന് വല്ലാത്ത ദേഷ്യം വരും.
 
നിന്ന നിൽപ്പിൽ അവൻ മലമൂത്ര വിസർജനം നടത്തുമ്പോൾ റഷീദ് വലിയ വായിൽ ഒച്ചയെടുക്കും.
"സൂലൈക്കാ.....
ഒന്ന് തൂറിച്ചൂടെ   അൻക്ക് ബനെ...?"
"അയ്ന് ഓന്   തൂറാമുട്ട്ണത്... ച്ചറീലല്ലോ?"
"അൻക്ക്...  യെന്ത് ഒലക്കേ... പിന്നെ അറ്യാ...? കെഗ്ഗിക്കൊടുക്കയ്നെ.    തീട്ടം മണ്ത്ത്ട്ട്  ബടെ നിക്കാംപറ്റ്ണ്ല്ല.!!"
 
വീർത്തുന്തിയ  വയറിൽ നിന്ന്  മുളച്ച് പൊന്തിയ കാലുകളിൽ വളഞ്ഞ് നാട്ടകുത്തി നിന്ന്,  റഷീദിനെ നോക്കി നിഷ്കളങ്കതയോടെ  വികൃത ശബ്ദത്തോടെ അവനൊന്ന് ചിരിക്കും.
അപ്പോൾ റഷീദ് ഒന്ന് തണുക്കും.
മകനെയും കുടുംബത്തെയും കുറിച്ചോർത്താൽ റഷീദിനെന്നും ആധി തന്നെ.
...................
" അമീദേ.. 
ജ്ജ് പറീണ മായ്ര്യല്ല.
ഓന്റെ ബെജ്ജായി മാറൂല്ലടാ...."
 
പുതിയ പെയിന്റ് ടിന്ന് സ്ക്രൂഡ്രൈവറിന്റെ മുന കൊണ്ട് തുറക്കുന്നതിനിടയിൽ റഷീദ് പറഞ്ഞു.
"ജ്ജ്.... മാറൂല്ലാന്നും പർഞ്ഞ് കുത്തിര്ന്നോ .. ..
ഇത് വരെ  യേതെങ്കിലും ആസ്പത്തിരീല്  ഓനെജ്ജ് കൊണ്ടോയ്ക്ക്ണോ.?"
അവന് ടർപ്പൻറയ്ൻ എടുത്തു കൊടുത്ത് ഹമീദ് ചോദിച്ചു.
 
"യെന്ന് ചോയ്ച്ചാ.. ഇല്ല.
പഷെ ... ആ വെജ്ജായി മാറൂല്ലാന്ന്  ച്ചറ്യാ.. "
ടർപ്പൻറയ്ൻ ഒഴിച്ച് പെയ്ന്റ് ലൂസാക്കി ഇളക്കുന്നതിനിടയിൽ റഷീദ് നിരാശയോടെ പറഞ്ഞു.
"ന്നാപ്പിന്നെ .... ഓന് പട്ച്ചാം പറ്റ്യേ എത്തര ഇസ്കൂള്ണ്ട്  നാട്ടില്. 
അയ്ല് ചേർത്തൂടെ... അൻക്ക്.?"
 
ഹമീദിന്റെ ചോദ്യം ന്യായമാണ്.
"പൂതില്ലായ്റ്റല്ല പൊന്നാര അമീദേ ..... യെത്തരങ്ങാനും പ്രസ്നങ്ങളാ...
ച്ച്... എന്നനക്കറ്യാലോ...? സുലൈക്കാക്ക്  എന്നും സാസം മുട്ടലാ ...
മ്മാക്കാണെങ്കി ബെജ്ജായി മാറ്യേ.. ദിവസല്ല. ചെർക്കനാണെങ്കി ഇങ്ങനീം..
പിന്നെ...
 പെരന്റെ കോലം
 കണ്ട്ലേ...ജ്ജ്... ?
മയക്കാലം മന്നാ ചോരാത്ത ഒര് സലം ആ പെരീല്.. ല്ല!"
തന്റെ ദാരിദ്ര്യത്തിന്റെ പത്തായം  റഷീദ് , ഹമീദിന് മുന്നിൽ തുറന്നു വെച്ചു.
 
"അല്ല... ഞാംപർഞ്ഞൂന്നൊള്ളൂ. ആ ചെർക്കനെ കണ്ടാ ച്ച് ...ബയങ്കര സങ്കടാ.." ചെറിയ രണ്ടിഞ്ച് ബ്രഷ് ടർപ്പൻറയ്ൻ കൊണ്ട് ഹമീദ് നന്നായൊന്ന് കഴുകിക്കുടഞ്ഞു.
 
"പഷേ... ഒാന്റെ തീറ്റ കണ്ടാ  അന്റെ സങ്കടൊക്കെ  അങ്ങട്ട് മാറും. യെജ്ജാതി തീറ്റേന്നറ്യോ.. അൻക്ക്... ? "
"പാവാണെടാ... 
അയ്ന് ബുദ്ധില്ലായ്റ്റല്ലേ..."
ഹമീദ് സഹതപിച്ചു.
"സംഗതി ഓന് ബുദ്ധില്ല. ന്നാലും... 
എത്തര സാദനം പെരീക്ക് കൊണ്ടോയാലും ചെർക്കന് തെകീല്ലാന്ന്.... അനക്കറ്യോ അമീദേ.. ?
ഞാം ചെല ദെവസം വെറും കഞ്ഞിന്റള്ളം മാത്തരാ കുട്ച്ചല് .
ഓം അന്റെ പെരീലാണെങ്കി എന്നേ... ജ്ജ് .. ഓനെ തച്ചാട്ടും. "
"അങ്ങന്യെ ഒന്നും പറേല്ലേ  റസീദേ . പടച്ചോൻ ഓരോന്ന് ഓരോരുത്തര്ക്ക്  വിധിച്ച്ണതല്ലേ.?
ഇങ്ങക്കാര്ക്കും ആ പാവത്തിനോട് ഒര് സ്നേഹോല്ല. ലേസംണ്ടങ്കി..തന്നെ.. ആ വല്ലിമ്മാക്കൊള്ളൂ...."
"സ്നേഹോം ഇശ്റ്റോം ഒന്നൂല്ലായ്റ്റല്ലടാ ...  ചെലേ നേരത്തെ ഓന്റെ കാട്ടല് കാണുമ്പോ   ഓന് ബുദ്ധില്ലാത്തത് ഞാനങ്ങട്ട് മർക്കും..
ഞ്ചെ ഈറച്ച്  പുട്ച്ചാ..ക്ട്ടൂല.  ചെലപ്പോ ഞാം  നല്ലോണങ്ങട്ട് തല്ലും . " റഷീദിന്റെ കണ്ണുകളിൽ വെള്ളം കിനിഞ്ഞു.
 
"ആമീദേ....അനക്കറ്യോ.. ഒര് ആങ്കുട്ട്യായപ്പൊ  ഒര്പാട് സന്തോസിച്ചോനാ ഞാന്. യെത്തര എടങ്ങേറായാലും മാണ്ടില്ല, .. ഓനെ  ഉസാറായി നോക്കി വല്താക്കണന്നെയ്നു.. ഞ്ചെ... കശ്റ്റപ്പാടൊക്കെ ഓം വല്താകുമ്പൊ തീര്വോലോ എന്ന് ഞാങ്കെര്തി. " അവനൊന്ന് നിർത്തി.  എന്നിട്ടൊരു ദീർഘശ്വാസമയച്ചു.
 
"ബെറ്തെ.... യെല്ലാം ബെറ്തെ.....  യെത്തര അധ്വാനിച്ച്ട്ടും കയ്ച്ച്ലാവ്ണ്ല്ലെടാ.." റഷീദിന്റെ കവിളുകളിലൂടെ നിരാശ കണ്ണുനീരായി ഉരുണ്ടിറങ്ങി.
 
"സാരല്ലടാ .....
പടച്ചോം  ഓനക്കോണ്ടും എന്തേലും  ഒന്ന് കണ്ടക്കും...  ഒക്കെ റബ്ബിന്റെ വിധി.. " ഹമീദ് പെയിന്റ് ടിന്നും ബ്രഷുമായി മുകൾ നിലയിലേക്ക് പോയി.
"ന്നാ ഇജ്ജാതി വിദി , ഇച്ച് വിദിച്ചണ്ടില്ലെയ്നു.  ആകെ എടങ്ങേറയ്ക്ക്ണ് ഞാം.  എന്നാദീന്ന് ച്ചൊര് മോചനം പടച്ചോനെ ...?"
റഷീദ് മനംനൊന്ത് പ്രാർത്ഥിച്ചു.
 
റഷീദ്  പ്ലാസ്റ്റിക് എമൽഷന്റെ ടിന്ന് പൊട്ടിച്ച് ബക്കറ്റിലേക്കൊഴിച്ചു. നാലിഞ്ച് ബ്രഷ് ടാപ്പിന്റെ  ചുവട്ടിൽപ്പിടിച്ച് നന്നായൊന്ന് ഉരച്ച് കഴുകി. അവൻ അതും കൊണ്ട് ചെറിയ അലുമിനിയം കോണിയിലേക്ക് കയറി.
...................
"മ്മാന്റെ... കുട്ടി.. എത്താ ഈ കാട്ട്ണ്..?"
പ്ലാസ്റ്റിക് കവറിൽ നിന്ന് അരി,  ഇരു കൈകൾ കൊണ്ടും വാരി വാരി പുറത്തേക്ക് വിതറിയിടുന്ന  മന്ദബുദ്ധിയായ മകനരികത്തേക്ക് സുലൈഖ ഓടി വന്നു.
പെട്ടെന്നവൻ അരിയുടെ കവർ എടുത്ത്  വലിച്ച് വീശിയെറിഞ്ഞു.
 
"ഞ്ചെ പടച്ചോനെ...  ഈ നസീകരം പുട്ച്ച നായിനെക്കൊണ്ട് ഞാൻ തോറ്റ്... "
 
അവൾ വികൃതച്ചിരി ചിരിച്ച് മിഴിച്ചു നിൽക്കുന്ന അവനെ പൊതിരെ തല്ലി. അവൻ വലിയ വായിൽ  കാറിക്കരഞ്ഞു.
 
"യെത്തിനാടീ.. ആ കുട്ടിനെ ജ്ജ്.. ഇങ്ങനെ തല്ല്ണ്.?
അന്റെ.. കജ്ജ് നെരഗത്തിലാട്ടൊ.. നല്ലോണം.. ഓർമ്മിച്ചോ." ഉമ്മ അവളെ തടഞ്ഞു.
 
"നോക്കാണീംമ്മാങ്ങള്.  ഈ ബലാല്  കാട്ട്യേ.. ഒര് പണി. ഒര് മണി അരി കിട്ടീലാ ....ഒക്കെ ഇട്ത്ത്
 വല്ച്ചെർഞ്ഞു. " സുലൈഖ പരാതി പറഞ്ഞു.
"അയ്ന് അന്തല്ലായ്റ്റല്ലെടീ... ജൊക്കെ അങ്ങട്ട് ബാരിപ്പൊർക്കിക്കളാ."
 
അതും പറഞ്ഞവർ പേരമകനരികിലെത്തി. ഏങ്ങിയേങ്ങിക്കരഞ്ഞ് കൊണ്ടിരുന്ന അവനെ തന്നോട് ചേർത്ത് നിർത്തി  തലയിൽ തഴുകി തലോടി.
 
"യെന്തിനാ... വല്ലിമ്മാന്റെ കുട്ടി.. വിഗ്ഗ്ർതി കാട്ട്ണ്.  ജ്ജ്... എടങ്ങേറാക്കീറ്റല്ലേ അന്നെ ഓള് തച്ചത്..?"
ചുളിഞ്ഞയഞ്ഞ കൈകൾ കൊണ്ട് അവരവനെ വാത്സല്യത്തോടെ തഴുകിക്കൊണ്ടേയിരുന്നു . 
 
കരഞ്ഞ് കരഞ്ഞ് തേങ്ങി അവൻ വല്ല്യുമ്മയുടെ പുള്ളിത്തുണിയോടൊട്ടി നിന്നു. മകനൊരു കുഞ്ഞുണ്ടായപ്പോൾ നന്നായി സന്തോഷിച്ചിരുന്നു ആ ഉമ്മ. അതൊരു ആൺകുട്ടിയായപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി.
പക്ഷേ, ആ സന്തോഷത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. സാധാരണ കുഞ്ഞുങ്ങളെക്കാളുമുള്ള അവന്റെ തലയുടെ വലുപ്പം . മറ്റു കുഞ്ഞുങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ അവന്റെ മുഖഛായ . ബുദ്ധിച്ചവളർച്ച കുറവായിരിക്കുമെന്ന ഡോക്ടറുടെ വാക്കുകൾ.
അവന്റെ ജനനം മുതലുള്ള കാര്യങ്ങൾ അവർ ഓർത്തു കൊണ്ടേയിരുന്നു.
മഴപെയ്ത്  ചെളി നിറഞ്ഞ കരിയിലകൾ വീണ് ചീഞ്ഞ് കിടക്കുന്ന മുറ്റത്തേക്ക് അവർ നോക്കി.
അവരുടെ പീള നിറഞ്ഞ കുഴിഞ്ഞ വെള്ളാരംകണ്ണുകളിലെ ദൈന്യത ആ വീട്ടിലെ ദാരിദ്ര്യത്തിന്റെ കഠിനതയെ ഓർമിപ്പിച്ചു.
ഇനിയും എത്ര ദൂരം ഈ ദുരിതങ്ങളുടെ മുഷിഞ്ഞ മാറാപ്പ് തോളിൽ ചുമക്കണം...?
അവർ നെടുവീർപ്പിട്ടു.
 
സന്തോഷമെന്ന വികാരം എങ്ങനെയാണെന്നറിയാത്ത ദുരന്തപൂർണമായ ജീവിതങ്ങളുടെ നടുവിലേക്ക്
 മറ്റൊരു ദുരന്തമായി വന്ന് വീണ കോടിപ്പരന്ന മുഖമുള്ള ആ കുഞ്ഞ് മങ്ങിയ അന്തരീക്ഷത്തിലെ  വെളിച്ചത്തിന്റെ അവസാന കണികയും തല്ലിക്കെടുത്തി.
 
ദാരിദ്ര്യത്തിന്റെ മഹാസമുദ്രത്തിലേക്ക് നിറഞ്ഞു കവിഞ്ഞ് കൂലംകുത്തി ഒഴുകി വന്ന മഹാനദിയായി അവന്റെ ജനനം മാറി .
..................................
പുറത്ത് ഒരു ഓട്ടോ വന്നു നിന്നു.
"യെടാ.... റസീദേ....
റസീദ്........ യെടാ .....''
റഷീദിന്റെ അയൽവാസിയായ കരീംക്ക പുറത്ത് നിന്ന് വിളിക്കുന്നു.
റഷീദ് ശ്രമപ്പെട്ട് കോണിയിൽ നിന്നിറങ്ങി വന്നു.
"ങാ.. യെന്താ  കരീമാക്കാ.. രാവിലെത്തന്നെ.''
 
കരീംക്കയുടെ മുഖം വല്ലാതെയാണ്. അയാളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്. ശരീരഭാഷ തന്നെ പേടിച്ചരണ്ട പോലെയാണ്. ഹമീദും മുകളിൽ നിന്ന് താഴേക്ക് വന്നു.
 
" യെന്താ.. കരീമാക്ക കാര്യം?"
എന്ത് പറയണമെന്നറിയാതെ നിൽക്കുന്ന കരീംക്കയോട് ഹമീദാണത് ചോദിച്ചത്.
" അമീദേ.. ജെജാന്ന് മന്നാ... ഒര് വിശയണ്ട്. '"
മുറ്റത്തിന്റെ മൂലയിലേക്ക് മാറ്റി നിർത്തി കരീംക്ക ഹമീദിനോടെന്തോ സ്വകാര്യമായി പറഞ്ഞു.ഹമീദ് തലയിൽ കൈ വെച്ച് നിലത്ത് തളർന്നിരുന്നു.
"യെത്താ...?
യെത്താ... സംബവം?
ഞ്ഞോട്.. പറീംങ്ങളെയ്."
റഷീദ് ഓടിയെത്തി.
"ജ്ജ് ..ബാ..."
റഷീദിന്റെ കൈകളിൽ വിറക്കുന്ന കൈകളോടെ  മുറുകെ പിടിച്ചു കൊണ്ട് ഹമീദ്,
ഓട്ടോറിക്ഷക്കരികിലേക്ക് നടന്നു.
''ന്ന്ക്ക് അമീദേ, യെങ്ങട്ടാജ്ജ് ഞ്ഞെ കൊണ്ടോക്ണ്.?
ഞാം...ഞ്ചെ വർക്കിം ഡ്രസ്സൊന്ന് മാറട്ടെ..." അവൻ കുതറി.
 
"അതൊന്നും മാറണ്ട. വന്നാ ...ജ്ജ് " കരച്ചിലടക്കി വിതുമ്പി വിറക്കുന്ന ചുണ്ടുകളോടെ ഹമീദ് പറഞ്ഞു.
"യെന്താ.. പ്രസ്നം..? 
യെന്താന്ന്ങ്ങള്.. ഞ്ഞോട്.. പറീംഞ്ചെ പൊന്നാര കരീമാക്കാ..."
കാര്യമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ റഷീദ്, ഒരാന്തലോടെ.. വെപ്രാളത്തോടെ, കരച്ചിലിന്റെ വക്കോളമെത്തി, കെഞ്ചിക്കൊണ്ട്  കുറച്ച് ഉച്ചത്തിൽ തന്നെയാണത് ചോദിച്ചത്.
ഹമീദും കരീംക്കയും പരസ്പരം നോക്കി.
" അന്റെ.... അന്റെ പെരക്ക്... തീപുട്ച്ചെടാ റസീദേ....." രണ്ടും കൽപ്പിച്ച് ഹമീദാണത് പറഞ്ഞത്.
 
"റബ്ബുൽ.. ആലമീനായ തമ്പുരാനേ.. " ആ ദുരന്തവാർത്ത താങ്ങാനാവാതെ, നിലവിളിച്ചു കൊണ്ട്  ഇരുവശവും നിന്ന് തന്നെ പിടിച്ചിരിക്കുന്ന കരീംക്കയുടെയും ഹമീദിന്റെയും കൈകളിൽ നിന്ന് ഒരു പഴന്തുണികെട്ട് പോലെ റഷീദ് ഊർന്ന് നിലത്ത് വീണു. 
 
എങ്ങനെയൊക്കെയോ അവർ രണ്ട് പേരും റഷീദിനെ ഓട്ടോയിലേക്ക് വലിച്ചു കയറ്റി.
"എങ്ങനേ...സംബവം.?"
ഓട്ടോയിൽ വെച്ച് ഹമീദ് ചോദിച്ചു.
 " ആ കുട്ടി... കൾച്ച്ങ്ങാണ്ട്.. മണ്ണെണ്ണ വളക്ക്  തട്ടി മർച്ചതാന്നാ പറീണ് ." ഹമീദിന്റെ ചോദ്യത്തിനുത്തരമായി കരീംക്ക പറഞ്ഞു.
.............................................
റഷീദ്, ദൂരെ നിന്നേ കണ്ടു .
ഒരാൾക്കൂട്ടം തന്റെ വീട് മറഞ്ഞു നിൽക്കുന്നു . പുകപടലങ്ങൾ മേലോട്ട് പൊന്തുന്നുണ്ട്. ഓട്ടോയിൽ നിന്ന്  വാ  പൊത്തി കരഞ്ഞ് കൊണ്ട് റഷീദ് വേച്ച് വേച്ചിറങ്ങി.
 
അഴിഞ്ഞു വീഴാറായ പെയിന്റ് വീണ് നിറഞ്ഞ ലുങ്കി  വാരിപ്പിടിച്ചിറങ്ങിയ അയാളെ കണ്ടതും ആൾക്കൂട്ടം ഓടിയെത്തി.
 
"യെവടേ...?യെവടേ...... ഞ്ചമ്മ ?
ഞ്ചെ... സുലൈക്ക...?
ഞ്ചെ....ചെർക്കനെവടെ.? "
 
ആൾക്കൂട്ടത്തിന് നേർക്കയാൾ ആർത്ത് വിളിച്ചു ചോദ്യശരങ്ങളെയ്തു.
 
എല്ലാവരും അമ്പരന്ന് അയാളെ നോക്കി നിന്നു.
"യെബടേ ....?"
അയാൾ അലറി..
"യേബടേന്ന്....
ഒന്ന്... പർഞ്ഞ്.. തര്യടാ നായ്ക്കളെ.........!!!"
 
അയാൾ വാവിട്ട് കരഞ്ഞ് അലറി വിളിച്ചു കൊണ്ട് തളർന്ന് മുട്ടുകുത്തി വീണു.
കറുത്തിരുണ്ട് മേലോട്ട് പൊങ്ങുന്ന പുകപടലങ്ങൾ ആകാശത്തിന്റെ അനന്തതയിലങ്ങിനെ ലയിച്ചു  കൊണ്ടിരുന്നു.
 
കത്തിയമർന്ന വീടിന്റെ കഴുക്കോലുകളിൽ പടർന്ന കനലുകൾ  ചുവന്ന് ജ്വലിച്ചുകൊണ്ടേയിരുന്നു .
.......................................
വിജനമായ ഖബർസ്ഥാൻ .
മഴ നന്നായി പെയ്യുന്നുണ്ട്.
മൺകൂനകളായി പൊന്തിയ രണ്ട് വലിയ ഖബറുകളും ഒരു കുഞ്ഞ് ഖബറും.
ആ ഖബറുകൾക്കരികിൽ ആർത്തലച്ച് കരയുന്ന ആകാശത്തിന് ചുവട്ടിൽ  നനഞ്ഞ് കുതിർന്ന് , തളർന്ന് തകർന്ന് റഷീദ് നിന്നു..
ഇനിയവരില്ല.. ഇനിയാരുമില്ല.
ഇനിയാരും വരില്ല...!
തന്റെ പകലുകളെ അസ്വസ്ഥമാക്കാൻ ...
തന്റെ ചിന്തകളിൽ കടും കെട്ടുകളിടാൻ. 
പ്രാകിപ്പറഞ്ഞ്,  കരിവാരിതേച്ച് തന്റെ ഓർമയുടെ ചുവരുകളെ വികൃതമാക്കാൻ .
നിലക്കാത്ത ആവശ്യങ്ങളുമായി തന്നെ ദേഷ്യം പിടിപ്പിക്കാൻ..
 
ഞെളുങ്ങിയമർന്ന അലുമിനിയപ്പാത്രത്തിലേക്ക് നീണ്ടു വരുന്ന ചെളി നിറഞ്ഞ രണ്ട് കൈകൾ .
മണ്ണ് വാരിയിട്ട, പൊടി പാറുന്ന തലമുടിയിൽ  ഒരു പ്രത്യേക ഒച്ചയോടെ നിർത്താതെ മാന്തുന്ന മകന്റെ മുഖം.
താനവനെ വാത്സല്യത്തോടെ ഒന്ന് തഴുകിയിട്ടില്ലേ...?
താനവനെ സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചിട്ടില്ലേ..?
അരുമയോടെ,  ഹൃദയത്തിൽ തട്ടി, ''മോനേ..."എന്ന ഒരു വിളി പോലും....
റഷീദ് ശബ്ദമില്ലാതെ കരഞ്ഞു.
 
"ഈ ദുരിതക്കയത്തിൽ എന്തിന് ജനിച്ചു ഞാൻ?" 
എന്ന് ചിന്തിച്ചിരുന്ന താനിപ്പോൾ   ''ഇവിടെ ഇനിയെന്തിന് ജീവിക്കണം?" എന്നതാണല്ലോ ചിന്തിക്കുന്നത് എന്ന് അതിശയത്തോടെ റഷീദ് ഓർത്തു.
കത്തിയമർന്ന തന്റെ വീടിന്റെ ചിത്രം അയാളുടെ മനസ്സിന്റെ തിരശ്ശീലയിൽ തെളിഞ്ഞു .
അവിടെ ചാണകം മെഴുകിയ തറയിലും  ചെമ്മണ്ണിളകിയടർന്ന ചുവരിലും  പായൽ പിടിച്ച് വഴുക്കലുണ്ടാക്കുന്ന ഒതുക്കുകളിലുമായി പടർന്ന് കിടക്കുന്ന തന്റെ മകനുണ്ടാക്കിയ പോറലുകൾ  അയാളുടെ ഹൃദയത്തിൽ കീറിവരച്ച മുറിവുകളായി മാറി.
 
സങ്കടം കൂടിക്കുഴഞ്ഞ് ഉരുണ്ടുകൂടി തൊണ്ടക്കുഴിയിലെത്തി പുറത്ത് വരാനാവാതെ വിങ്ങി വീർത്ത് അയാളുടെ കഴുത്തിൽ തടഞ്ഞു നിന്നു. ശ്രമപ്പെട്ട്, അയാൾ കുടിനീരിറക്കി.
 
കവിളുകളിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീർ,  ആർത്തലച്ചു കരയുന്ന ആകാശത്തിന്റെ കണ്ണുനീരിനൊപ്പം ലയിച്ചു ചേർന്നു. നനവാർന്ന മണ്ണിലേക്ക്  അതിശക്തമായി പെയ്യുന്ന മഴ കൊണ്ടാവണം, തന്റെ മകന്റെ കുഞ്ഞു ഖബറിനു മുകളിലെ മൺകൂന  ഖബറിനുളളിലേക്ക് അൽപം ഇടിഞ്ഞുതാണത് റഷീദ് കണ്ടു. 
 
അയാൾ വേദനയോടെ  ഓർത്തു 
" ഖബറിനുളളിലും അവന്  ഭക്ഷണം മതിയാവുന്നുണ്ടാവില്ല!! "
-------------------------
സാക്കിർ ഹുസൈൻ.
സാക്കിർ - സാക്കി നിലമ്പൂർ എന്നാണ്  തൂലികാനാമം.
 
കഥകൾ കുറെ എഴുതിയിട്ടുണ്ട്.
കഥ മാസിക, കലാകൗമുദി, ചന്ദ്രിക ,പുടവ ,അക്ഷരദീപം, കവിമൊഴി മാസിക, ഉറവ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലമ്പൂരിൽ ഒരു ടൈൽസ് ഷോപ്പ് നടത്തുന്നു 

Facebook Comments

Comments

 1. വായിച്ചു തീർന്നപ്പോഴേക്കും ശരിക്കും മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു.. നന്നായിട്ടുണ്ട്...

 2. FARIS ALIPPARAMBAN

  2021-04-30 11:28:37

  ഹൃദയം നനച്ചല്ലോ പ്രിയ സുഹൃത്തേ..👍

 3. Shafeeque babu

  2021-04-30 09:40:09

  ഏറനാട്ടിലെ തനത് ശൈലിയിൽ എഴുതുകയും ആ എഴുതുന്നത് മുഴുവനും അതേ ശൈലിയിൽ തന്നെ പ്രസന്റ്റ് ചെയ്യുകയാണ് എന്റെ പ്രിയ ജേഷ്ഠതുല്യനും എന്റെ പ്രിയ നാട്ടുകാരനും കൂടിയായ സാക്കിർ സാക്കി എന്ന എഴുത്തുകാരൻ എഴുതിയ സമ്പൂർണ്ണ കൃതിയാണ് ചക്കര ചോറ് അതിലെ ഒരു ചെറുകഥയാണ് മീസാൻ കല്ലുകളുടെ വിലാപം എനിക്കേറെ പ്രിയപ്പെട്ട ശൈലിയിൽ ഈ ചെറുകഥ വിവരിച്ചു തന്നു സാക്കിർ. അഭിനന്ദനങ്ങൾ ഒരുപാട് ഒരുപാട് ആശംസകൾ ഇനിയും ഒരുപാട് എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ മനസ്സിന്റെ ഉള്ളിൽ നിന്നും ഒരുപാട് നന്ദി

 4. Rajeev Mambully

  2021-04-30 09:35:56

  ഇക്കഥയ്ക്ക് 8 മാർക്കിട്ടുന്നു

 5. Rajeev Mambully

  2021-04-30 09:34:49

  അസ്സലായിട്ടുണ്ട് സാക്കി ..... പ്രാദേശിക ഭാഷാ തനിമ ഒട്ടും ചോരാതെ നെഞ്ചുരുക്കിയെടുത്ത കഥ നല്ല കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു .... നീറ്റൽ അനുഭവിക്കാതെ ഇതു വായിച്ചു തീർക്കാൻ പറ്റില്ല .... വായനയ്ക്കു ശേഷവും കത്തിയമരുന്ന വീടും , ഖബറും ..... മകനും കുടുംബവും ..... നല്ല അവതരണം - ഭാവുകങ്ങൾ

 6. Mayadath P. S

  2021-04-29 15:39:08

  സാക്കിർ സാക്കി തൻ്റെ സ്വതസിദ്ധ രീതിയിൽ മനോഹരമായി റഷീദിൻ്റെ ജീവിതം വരച്ചിട്ടിരിക്കുന്നു. ഒറ്റപ്പെടലിൻ്റെ വേദന വാക്കുകളിലൂടെ വരച്ചുകാട്ടുന്നു. നല്ല കഥ

 7. Rahmathbeegam

  2021-04-29 14:35:49

  അടിപൊളി 😍

 8. Insar

  2021-04-29 05:49:51

  മാർക്ക്‌ 10

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

ഒട്ടകപ്പരുന്ത്  (കെ കെ സിദ്ധിക്ക്, കഥാ മത്സരം)

View More