Image

ഫാ. ബിജു പാറേക്കാട്ടിലിന് യാത്രയയപ്പു നല്‍കി

Published on 27 April, 2021
 ഫാ. ബിജു പാറേക്കാട്ടിലിന് യാത്രയയപ്പു നല്‍കി

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയായി പത്തു വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ഫാ. ബിജു എം. പാറേക്കാട്ടിലിന് വാട്ടര്‍ഫോര്‍ഡ് പള്ളി യാത്രയയപ്പു നല്‍കി. പരിശുദ്ധനായ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഫാ. ബിബിന്‍ തോമസ് അധ്യക്ഷത വഹിച്ചു. പള്ളി സെക്രട്ടറി ആന്‍ഡ്രൂസ് ജോയ്, ജോയിന്റ് സെക്രട്ടറി റെജി എന്‍ ഐ, ട്രസ്റ്റി ബിജു പോള്‍, ജോയിന്റ് ട്രസ്റ്റി ഗ്രേസ് ജേക്കബ് ജോണ്‍,സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തന്പി തോമസ്, വനിതാ സമാജം സെക്രട്ടറി ലിജി ബോബിന്‍, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ജോണ്‍സ്, സ്റ്റുഡന്റ് മൂവ്‌മെന്റ് സെക്രട്ടറി ജോയല്‍ ബെന്നി എന്നിവര്‍ തദവസരത്തില്‍ സംസാരിച്ചു.

യോഗത്തില്‍ സംസാരിച്ച ഏവരും പള്ളിയുടെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയില്‍ ബിജു അച്ചന്‍ നല്‍കിയ സേവനങ്ങളെ പ്രത്യേകം പ്രകീര്‍ത്തിച്ചു. എക്യൂമെനിക്കല്‍ രംഗത്ത് അച്ചന്‍ നല്‍കിയ സംഭാവനകള്‍ സഭയുടെ അയര്‍ലന്‍ഡിലെ പ്രവര്‍ത്തനങ്ങളില്‍ വളരെ സഹായകരമായിരുന്നുവെന്ന് ഏവരും പ്രത്യേകം എടുത്തു പറഞ്ഞു.

പള്ളിക്കു വേണ്ടി ഫാ. ബിബിന്‍ ബാബു ബിജു അച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ആന്‍ഡ്രൂസ് ജോയ്, ട്രസ്റ്റി ബിജു പോള്‍ എന്നിവര്‍ ചേര്‍ന്ന് ഇടവകയുടെ മൊമെന്േറാ അച്ചന് സമ്മാനിക്കുകയും ചെയ്തു. യാത്രയപ്പു സമ്മേളന നടപടികളില്‍ സൂം മീറ്റ് വഴിയായി കണ്ട് പങ്കെടുത്ത ഇടവകയിലെ എല്ലാ അംഗങ്ങള്‍ക്കും ബിജു അച്ചന്‍ ആശംസകള്‍ നേര്‍ന്നു.

2011 മുതല്‍ പത്തുവര്‍ഷക്കാലം അയര്‍ലന്‍ഡില്‍ സേവനമനുഷ്ഠിച്ച ഫാ. ബിജു എം. പാറേക്കാട്ടില്‍ ഏപ്രില്‍ 28നാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇടുക്കി പണിക്കന്‍കൂടി സ്വദേശിയായ ഫാ. ബിജു യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖല വൈദികനും അറിയപ്പെടുന്ന സഭാ പണ്ഡിതനുമാണ്.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക