-->

kazhchapadu

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

Published

on

ഭൂമിയില്‍ അരവി മാഷ് മരണപ്പെട്ടു. മാനന്തേരി മുഴുക്കെ അന്‍പ് വിവരം കൊടുത്തു. ഇയാളിപ്പഴാണോ ചാവുന്നതെന്ന ആശ്ചര്യം മുഖത്തറിയിക്കാതെ കേട്ടവരൊക്കെ അന്‍പിന്റെ പുറകെ ഓടി. വിരമിച്ച അധ്യാപകരും പഴയ വിദ്യാര്‍ത്ഥികളും ചുരുക്കം ചില വായനക്കാരും ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയക്കാരുമൊക്കെയായി വൈകാതെ ഭൂമി നിറഞ്ഞു. ഇവരേക്കാള്‍ ഒന്നര മണിക്കൂറെങ്കിലും മുമ്പ് അരവി മാഷിന്റെ ഭാര്യ ദയാവതി ടീച്ചറും തിരിച്ചെത്തിയിരുന്നു.

അരവി മാഷ് അവസാന കാലത്ത് എഴുതിയ ‘ആണ്‍വേശ്യകളുടെ സുവിശേഷം’ എന്ന വിവാദ നോവലില്‍ സ്വയമൊരു കഥാപാത്രമായി മാഷ് പ്രത്യക്ഷപ്പെടുകയും കേട്ടാലറയ്ക്കുന്ന പലതും ആ നോവലിലെങ്കിലും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ മഹാപാതകത്തില്‍ മനംനൊന്ത് നാല് കൊല്ലം മുമ്പ് ദയാവതി ടീച്ചര്‍ സ്വന്തം വീട്ടിലേക്ക് പോയതാണ്. നോവലിന്റെ ആദ്യ അധ്യായവും അവസാന അധ്യായവും പോലെ തമ്മില്‍ തൊടാതെ ഈ നാല് കൊല്ലവും അവര്‍ കഴിഞ്ഞു.

‘Dadda is no more. Will miss the party night’  എന്ന് തന്റെ സഹ ടെക്കിയായ സമീര്‍ റഹ്മാന് വാട്‌സ്ആപ്പ് ചെയ്ത് ബാംഗ്ലൂരില്‍ നിന്ന് കാറോടിച്ചാണ് അരവി മാഷിന്റെ മകന്‍ നിശ്ചല്‍ ഭൂമിയിലെത്തിയത്. നിശ്ചലെത്തുന്ന സമയം കണക്കാക്കി സഹോദരി നിരഞ്ജനയും ഭര്‍ത്താവ് അനിരുദ്ധനും ഉമ്മറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. പി.എച്ച്.ഡി തീസിസ് പ്രസന്റേഷന്‍ മുടങ്ങിയ അരിശത്തില്‍ തലശ്ശേരി മുതല്‍ മാനന്തേരി വരെയുള്ള പാതയില്‍ കണ്ണില്‍ കണ്ടവരെയൊക്കെ നിര്‍ത്താതെ പ്രാകിയതിന്റെ ക്ഷീണം നിരഞ്ജനയുടെ മേക്ക്ഓവറില്‍ ഉണ്ടായിരുന്നു. മരണവീടിന്റെ അറ്റ്‌മോസ്ഫിയറിനത് ചേരുന്നുണ്ടെന്ന് ആള്‍നോട്ടങ്ങളില്‍ നിന്ന് നിരഞ്ജനയ്ക്ക് ബോധ്യപ്പെട്ടു. ഭൂമിയുടെ നടുത്തളത്തില്‍ മലര്‍ന്ന് കിടക്കുന്ന അരവി മാഷിനെ അവസാനമായി മുഖം കാട്ടാന്‍ നിശ്ചല്‍ അകത്ത് കയറി. മാഷിന്റെ തലയ്ക്കല്‍ ഒരു ഒറ്റത്തിരി വിളക്കും ദയാവതി ടീച്ചറും കത്തി നില്‍ക്കുന്നുണ്ടായിരുന്നു.

വെള്ള പുതച്ച് ചൊറഞ്ഞ് കിടക്കുന്ന അരവി മാഷിന് ചുറ്റും പൂക്കള മത്സരത്തിന് മാര്‍ക്കിടാന്‍ വന്നവരെ കൂട്ട് വന്നവരൊക്കെ വലം വെച്ചു. മുറിയാത്ത നിശബ്ദതയില്‍ ശാന്തസ്വരൂപനായി അരവിമാഷ് തൊഴുത് കിടക്കുന്ന കാഴ്ചയ്ക്ക് നൂറില്‍ നൂറ് മാര്‍ക്ക് ഐകകണ്‌ഠേന പ്രഖ്യാപിക്കപ്പെട്ടു. പ്രധാന വിലയിരുത്തലുകള്‍ ഇപ്രകാരമായിരുന്നു;

റിട്ട. ടീച്ചേര്‍സ് ഫോറം: മഹാജ്ഞാനികള്‍ ചില ഘട്ടങ്ങളില്‍ മൗനികളായി കാണപ്പെടുന്നു. ജീവിതത്തില്‍ മാത്രമല്ല മരണത്തിലും അവര്‍ ശാന്തത കൈവെടിയുന്നില്ല. പലപ്പോഴും അറിവിന്റെ അവസാനരൂപം തന്നെ മൗനമാകുന്നു- സാത്വികമാകുന്നു- അരവി മാഷാകുന്നു.

വായനക്കാര്‍ (ആകെ വിറ്റത് 150 കോപ്പി) മാര്‍ക്വേസ്, ടോള്‍സ്റ്റോയ്, വിക്ടര്‍ യൂഗോ, ദസ്‌തേവിസ്‌കി, ദേവ്, തകഴി, ബഷീര്‍, പൊറ്റക്കാട്, ഒ.വി.വിജയന്‍ …. പിന്നെ ബി.അരവിന്ദന്‍ മാഷ്. അക്ഷരങ്ങളുടെ അരവിന്ദശോഭയേ അങ്ങേയ്ക്ക് വിട.

പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ: അരവിമാഷിന്റെ ക്ലാസുകള്‍ ഒളിച്ചു കേള്‍ക്കാന്‍ വരാന്തയില്‍ ഇടംതപ്പിയ ഇതര ഡിപ്പാര്‍ട്ട്‌മെന്റുകളിലെ കുട്ടികള്‍ പുലര്‍ത്തിയ അതേ അച്ചടക്കമാണ് മാഷിന്റെ ചേതനയറ്റ ശരീരത്തിലും ദര്‍ശിക്കാനാകുന്നത്.

വാര്‍ഡ് മെമ്പര്‍ : അരവി മാഷിന് വലത് പ്രത്യയശാസ്ത്രങ്ങളോടാണ് മമത എന്ന് തെറ്റിദ്ധരിപ്പിച്ച് ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും നിജസ്ഥിതി അങ്ങനല്ലെന്ന് നമുക്കറിയാം. മാര്‍ക്‌സിയന്‍ ആശയങ്ങളുടെ വക്താവായ അദ്ദേഹം നമ്മുടെ പ്രസ്ഥാനത്തിനൊപ്പം തന്നെയാണ് എക്കാലവും സഞ്ചരിച്ചത്. അധികാരി വര്‍ഗ്ഗത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സദാ കലഹിച്ച ഒരു പോരാളിയായിരുന്നു ബി.അരവിന്ദന്‍ മാഷ്. ഈ കിടപ്പ് തന്നെ നോക്കുക. നാം ചെഗുവേരയെ ഓര്‍ത്ത് പോകുന്നു.

അരവിമാഷിനെ അവലോകനങ്ങള്‍ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ‘ഉയ്യെന്റെ മുത്തപ്പാ’ന്നും വിളിച്ചൊരുത്തി മാഷിന്റെ ദേഹത്ത് വീണത്. സാരി തടഞ്ഞ് വീണതാണെന്ന് മനസ്സിലാകാതിരിക്കാന്‍ അജ്ഞാതമായ ചില വാക്കുകള്‍ക്കൊപ്പം മാഷിനെ കെട്ടിപ്പിടിച്ച് നിലവിളിക്കുകയും ചെയ്തു. കൂത്തിച്ചിമോള് പേടിപ്പിച്ചല്ലോന്നും പറഞ്ഞ് ഭൂമിയിലെത്തിയവരെല്ലാം പിന്നെ കൂട്ടക്കരച്ചിലായി. രണ്ടുപേര്‍ മാത്രം ഇതിലൊന്നും പങ്കാളികളാകാതെ മാറി നില്‍ക്കുകയായിരുന്നു -അന്‍പും അനിരുദ്ധനും.

ഭൂമിയുടെ തെക്കേ കോണില്‍ അന്‍പ് അരവി മാഷ്‌ക്കുള്ള പട്ടടക്കുഴി തോണ്ടുകയായിരുന്നു. അനിരുദ്ധനാകട്ടെ മറന്ന് പോയ എന്തോ ഓര്‍ത്തെടുക്കാനുള്ള തീവ്രശ്രമത്തിലും എത്ര കുഴിച്ചിട്ടും ലക്ഷ്യം കാണാത്ത പുരാവസ്തു അന്വേഷകരെ പോലെ അന്‍പും അനിരുദ്ധനും അരവി മാഷ് കീര്‍ത്തനങ്ങള്‍ക്ക് വെളിയില്‍ നിന്ന് വിയര്‍ത്തു.

‘ഗോകുലം, വൃന്ദാവനം, സുകൃതം, കൃപാലയം, ലക്ഷ്മിഭവനം- അങ്ങനെ എന്തെല്ലാം പേര് പറഞ്ഞോട്ത്താണെന്ന് നിങ്ങക്കറിയുവോ? എന്നിട്ട് ഇട്ടതോ ….. ഒരു വീടിന് ഇടണ്ട പേരാന്നോ ഇത് …….. ഭൂമി പോലും !’

കാരയപ്പത്തിലെ തേങ്ങാക്കൊത്തിനോട് മുഖം വക്രിച്ച് ദയാവതി ടീച്ചറുടെ നാവ് പുറത്തേക്ക് തുപ്പി.

‘ഇനിയിപ്പോ ഇഷ്ടം പോലെ മാറ്റാലോ.’

കാരയപ്പത്തിന്റെ പ്ലേറ്റ് ദൂരേക്ക് നീക്കിവെച്ച് ഡയറ്റിങ്ങിലാണെന്ന വിനീത ഭാവത്തില്‍ നിരഞ്ജന മറുപടി കൊടുത്തു. മറന്നതെന്താണെന്ന് പിടികിട്ടാതെ അനുരുദ്ധന്‍ കാരയപ്പം ചൂണ്ടുവിരലിനും തള്ള വിരലിനുമിടയിലിട്ട് ഞെരിച്ചു. ഉള്ളംകൈയിലൂടെ നെയ്യ് ഒലിച്ചിറങ്ങി. പന്ത്രണ്ട് ദിവസത്തേക്ക് വര്‍ക്ക് അറ്റ് ഹോം അനുമതി ലഭിച്ച വിവരം നിശ്ചലിനപ്പോഴാണ് മെയില്‍ വന്നത്.

അരവി മാഷിനെ ചിതയിലേക്കെടുക്കും മുമ്പ് വാര്‍ഡ്‌മെമ്പറുടെ നേതൃത്വത്തില്‍ തുടര്‍പരിപാടികള്‍ ആലോചിച്ച് തീരുമാനമെടുത്തിരുന്നു. പന്ത്രണ്ട് ദിവസം പരേതന്റെ കുടുംബത്തിന് പുല കല്പിച്ചു. ദായക്രമം മാറിയിട്ട് കാലങ്ങളായത് കൊണ്ടും മരുമക്കള്‍ എന്നാല്‍ മക്കളുടെ ജീവിതപങ്കാളികള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രം ഇപ്പോള്‍ പറയപ്പെടുന്നത് കൊണ്ടും മരുമകന് പുല നിര്‍ബന്ധമില്ല. മൂന്നിന്റന്ന് കുഴിമൂടലും പന്ത്രണ്ടിന് അസ്ഥിയൊഴുക്കലും ധാരണയായി. കുറെ നരകിച്ച് കിടന്നിട്ടാണ് പോയത് എന്നകാര്യം കൂടി പരിഗണിച്ച് ആവാഹനവും മറ്റ് കര്‍മ്മങ്ങളും കൂടി വേണമെന്ന് ഭൂമിയില്‍ കൂടിയ എമര്‍ജന്‍സി സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. കതിരൂര്‍ ഐവര്‍മഠത്തില്‍ നിന്ന് ഗ്യാസ്‌കുറ്റിയും വിറകുമായി വന്നവര്‍ പ്രാര്‍ത്ഥനയും മന്ത്രങ്ങളുമായി ദിക്കും ദിശയും തിട്ടപ്പെടുത്തി. യുക്തിവാദിയായി ജീവിച്ചു മരിച്ച അരവി മാഷിനെ ആചാരമര്യാദകളോടെ ചാരമാക്കി അവര്‍ തിരിച്ച് പോവുകയും ചെയ്തു.

വൈകുന്നേരത്തെ ചായക്ക് കാരയപ്പം ചുട്ടടുക്കുന്ന അന്‍പിന് അപ്പച്ചട്ടിയിലെ കുഴികളില്‍ കുറെ കണ്ണുകള്‍ മൊരിഞ്ഞ് പൊങ്ങിക്കിടക്കുന്നതായി തോന്നി. കിണ്ണത്തില്‍ അടുക്കിയിട്ട കാരയപ്പത്തില്‍ നിരഞ്ജന ജ്വല്ലേഴ്‌സിന്റെ പുതിയ ഡിസൈന്‍ ലോക്കറ്റിന്റെ മാതൃകയാണ് അനിരുദ്ധന്‍ കണ്ടത്.

‘ആ പണിക്കാരന്‍ തമിഴനില്ലേ, അവനാളൊരു നളന്‍ തന്നെയാണ്. എന്തൊരു ടേസ്റ്റാ അവനുണ്ടാക്കുന്ന തിനൊക്കെ ! ഏതായാലും മൂന്നാല് കൊല്ലം നല്ല ശാപ്പാട് കഴിച്ചിട്ട് തന്നെയാ നിന്റച്ഛന്‍ പോയത്’.

കാരയപ്പത്തിന്റെ മണമോര്‍ത്ത് അനിരുദ്ധന്‍ കിടക്കയില്‍ കയ്യില്‍ തടഞ്ഞതൊക്കെ പിടിച്ച് ഞെരിച്ചു. ചൂണ്ട് വിരലിലൂടെ നെയ്യ് ഊര്‍ന്നിറങ്ങുന്നെന്ന് തോന്നി പുതപ്പ് കൂട്ടിത്തിരുമ്മി. തൊടുന്നിടത്തൊക്കെ കാരയപ്പം പോലത്തെ മൊട്ടുകളും പൂവും മാത്രം.

‘ഓ മൈ ഗോഡ്! അത് കാറില്‍ തന്നെയുണ്ട്.’ ബന്ധനം വിട്ട് അനിരുദ്ധന്‍ കുടഞ്ഞെണീറ്റു.

‘ഏത് ?’

‘രാവിലെ ഇങ്ങോട്ട് പോരുമ്പോള്‍ തലശ്ശേരിന്ന് നമ്മള്‍ വാങ്ങിയില്ലേ. അത് തന്നെ. ഇവിടെ വന്നിറങ്ങിയപ്പോ മുതല്‍ നിന്റെ ബ്രദറുമായി ഞാന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. അവന്‍ എത്തുന്ന സമയവും കാര്യങ്ങളുമൊക്കെ തിരക്കുന്നതിനിടയില്‍ ഞാനത് കാറീന്ന് പുറത്തെടുക്കാന്‍ മറന്നു. പിന്നെ ആളും കോളുമായി. ഇന്ന് മുഴുവന്‍ ഞാന്‍ മറന്നതെന്താണെന്ന് ആലോചിക്കുകയായിരുന്നു. എന്തോ ഒരു കാര്യം മറന്നൂന്നല്ലാതെ അതെന്താണെന്ന് എനിക്ക് പിടുത്തം കിട്ടിയിരുന്നില്ല. ഇപ്പോളാണത് കത്തിയത്. അതിപ്പഴും കാറിന്റെ ഡിക്കിയില്‍ തന്നെയുണ്ട്………… !

‘വാട്ട് ദ … അനീ, താനിത്ര ഇറസ്‌പോണ്‍സിബിള്‍ ആയിപ്പോയല്ലോ ….. ഇനി പന്ത്രണ്ട് ദിവസം നമ്മളിവിടെ നില്‍ക്കാനുള്ളതാണെന്ന് ഓര്‍മ വേണം. ഇന്ന് വരാന്‍ പറ്റാത്തോരൊക്കെ നാളെ തൊട്ട് വന്ന് തുടങ്ങും. നാലാള് കണ്ടാപ്പിന്നെ അതുമതി. ആരുടേം കണ്ണില്‍ പെടാതെ നോക്കിക്കോണം. മനുഷ്യനെ നാറ്റിക്കാനായിട്ട് ….’

ഉടലാകെ പുതപ്പില്‍ പൊതിഞ്ഞ് നിരഞ്ജന കട്ടിലിന്റെ ഒരറ്റത്ത് പൂത്ത് കിടന്നു. ആന്ത്രോഫോബിയ ബാധിച്ചവനായി മറ്റേയറ്റത്ത് അനിരുദ്ധനും.

മൂന്ന് മൂന്നരക്കൊല്ലം മുമ്പാണ് തൂത്തുക്കുടിക്കാരന്‍ അന്‍പ്‌ ശെല്‍വം പഞ്ഞിമിഠായിയും കൊണ്ട് മാനന്തേരിയിലെത്തുന്നത്. പഞ്ഞിമിഠായിയിലൂടെ ബാല്യം തിരിച്ചു പിടിക്കാനുള്ള പൂതിയില്‍ ചില വൃദ്ധരും അക്കാലമത്രയും പഞ്ഞിമിഠായി കണ്ടിട്ട് പോലുമില്ലാത്ത പിള്ളേരും അന്‍പിനെ അന്ന് വരവേറ്റു. കാലങ്ങള്‍ക്ക് ശേഷം പഞ്ഞിമിഠായി വീണ്ടും മാനന്തേരിയില്‍ തരംഗമായി.

ആദ്യ നാളുകളില്‍ നരച്ചവരും ചിമിട്ടുകളും മാനന്തേരി കവലയില്‍ അന്‍പിനെ കാത്തിരിക്കുമായിരുന്നു. പതിയെ ആ പതിവില്ലാതായി. നിരത്തിലും തെയ്യപ്പറമ്പിലും ഒരേ അന്‍പും ഒരേ പഞ്ഞിമിഠായിയും മാനന്തേരിക്കാരെ മടുപ്പിച്ചു. അന്‍പും പഞ്ഞിമിഠായിയും അലിഞ്ഞില്ലാതാകാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ മാനന്തേരിയിലെ വീടുകള്‍ കേറി അന്‍പ് കച്ചോടം തുടങ്ങി. അങ്ങനെ വീടുകേറ്റം ഭൂമിയിലെത്തിയപ്പോഴാണ് ടെറസില്‍ നിന്ന് വീണ് ബോധമറ്റ് കിടക്കുന്ന അരവി മാഷിനെ അന്‍പ് ആദ്യമായി കാണുന്നത്. ആവുന്നത്ര ഉച്ചത്തില്‍ തമിഴിലും മലയാളത്തിലും തമിലാളത്തിലും അലമുറയിട്ട് അന്‍പ് ആളെ കൂട്ടി. അരവി മാഷിന്റെ ഇടതുകൈയും വലതുകാലും വാരിയെല്ലും നുറുങ്ങിയിരുന്നു. ആശുപത്രിയില്‍ ഒരു രാത്രിയും പകലും മുഴുവന്‍ അന്‍പ് അരവി മാഷിനും പഞ്ഞിമിഠായിക്കും കാവലിരുന്നു. ഉറുമ്പോ ഈച്ചയോ വരുമ്പോള്‍ ആട്ടിപ്പായിച്ചു. പിറ്റേന്ന് വൈകുന്നേരം കണ്ണ് തുറന്നപാടെ വിശക്കുന്നൂന്ന് പറഞ്ഞ അരവിമാഷിന് ഒരു കവര്‍ പൊട്ടിച്ച് പഞ്ഞിമിഠായി വായിലിട്ട് കൊടുത്തു. അത്താഴവുമായി വന്ന മാനന്തേരിയിലെ സഖാക്കള്‍ അന്‍പിന്റെ തോളില്‍ തട്ടി ലാല്‍സലാം പറഞ്ഞു.

അരവി മാഷിനെ കാണാന്‍ വീഴ്ചയുടെ മൂന്നാംനാള്‍ ദയാവതി ടീച്ചറും നിരഞ്ജനയും എത്തുമ്പോഴേക്കും മാഷിനെ മുറിയിലേക്ക് മാറ്റിയിരുന്നു. മാനന്തേരിയില്‍ യുവജനപ്രസ്ഥാനത്തിന്റെ ചുമതലയുള്ള സഖാക്കള്‍ ദയാവതി ടീച്ചറുടെ തറവാട്ടില്‍ വിവരമറിയിക്കാന്‍ ചെന്ന വകയില്‍ ആറ് പൂച്ചട്ടിയും ഒരു ജനല്‍ച്ചില്ലും രണ്ട് ചൂരല്‍ക്കസേരയുമാണ് ടീച്ചര്‍ക്ക് തന്റേതല്ലാത്ത കുറ്റത്തിന് നഷ്ടമായത്. പോകുന്ന പോക്കില്‍ ഒരുത്തന്‍ കൂട്ടില്‍ കിടക്കുന്ന ലാബിനെ നോക്കി ‘സയമത്തിന് ഈട്ന്ന് മൂഞ്ചാന്‍ തരുന്നതല്ലേ, ഒന്ന് കൊരക്കെടാ നായിന്റെ മോനേ’ന്ന് അശ്ലീലഭാഷ്യം ചൊരിയുകപോലും ചെയ്തിരുന്നു. അതൊക്കെയും ക്ഷമിച്ചാണ് അക്ഷരാര്‍ത്ഥത്തില്‍ ദയാവതിയായി ടീച്ചര്‍ അരവി മാഷിനെ കാണാന്‍ ചെന്നത്.

ദയാവതി ടീച്ചറും നിരഞ്ജനയും മുറിയിലെത്തുമ്പോള്‍ അരവി മാഷ് വട്ടത്തില്‍ തുളയുള്ള ഒരു സ്റ്റൂളിലിരുന്ന് ആത്മാര്‍ത്ഥമായി മുക്കുകയായിരുന്നു. സ്റ്റൂളിന്റെ പൊള്ളയായ നടുഭാഗത്തിന് നേരെ താഴെ നിലത്ത് വെച്ച ഒരു ഫൈബര്‍ പ്ലേറ്റില്‍ മലം മുറിഞ്ഞു വീഴുന്നു. ഓര്‍ക്കാപ്പുറത്ത് വാതിലും തുറന്ന് ദയാവതി ടീച്ചറും നിരഞ്ജനയും അകത്ത് കേറുമ്പോള്‍ നിയന്ത്രണം വിട്ട അരവിമാഷ് സ്റ്റൂളീന്ന് മറിഞ്ഞ് നിലത്ത് വീണു. മാഷിന്റെ വലത്‌കൈ മലത്തില്‍ ആണ്ട് പോയി. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ തൊട്ടടുത്ത നിമിഷം അരവിമാഷ് ഫൈബര്‍ പ്ലേറ്റില്‍ കൂനയായി കിടക്കുന്ന മലം വാരി ദയാവതി ടീച്ചര്‍ക്കും നിരഞ്ജനയ്ക്കും നേരെയെറിഞ്ഞു. കുതറി മാറുന്നതിന് മുമ്പ് ടീച്ചറുടെ വട്ടക്കണ്ണടയ്ക്കുള്ളിലും കസവ് കരയുള്ള ബ്ലൗസിലും കണിക്കൊന്ന പൂത്തുലഞ്ഞു. നിരഞ്ജന മുട്ട് കുത്തിയിരുന്ന് ഓക്കാനിച്ചു. ഉച്ചഭക്ഷണവുമായി മുറിയിലെത്തിയ അന്‍പ് ഈച്ചകള്‍ക്കൊപ്പം മലത്തില്‍ വെരകുന്ന അരവിമാഷിനെയാണ് കണ്ടത്. ഒപ്പം അരവിമാഷിന്റേതല്ലാത്തതായി മലം തുടച്ച രണ്ട് കര്‍ച്ചിഫും.

മാഷിനെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഭൂമിയുടെ മേല്‍നോട്ടം അന്‍പ് ഏറ്റെടുത്തു. ഏറ്റെടുത്തെന്ന് പറഞ്ഞാല്‍ അതൊരു നുണയായി പോകും. മാനന്തേരിക്കാര്‍ അന്‍പിന്റെ ചുമലില്‍ പഞ്ഞിമിഠായിക്ക് പകരം വെച്ച് കെട്ടിക്കൊടുത്തു എന്നതാണ് സത്യം. മൂന്നാം കൊല്ലം ഷുഗര്‍ പഴുത്തു പൊട്ടി അരവിമാഷ് കിടന്ന കിടപ്പിലാകും വരെ മാനന്തേരിയുടെ എല്ലില്ലാത്ത നാക്കിന് ഇണങ്ങുന്ന രുചികൂട്ടുകള്‍ മുഴുവന്‍ അന്‍പ് പരീക്ഷിച്ചു. നിത്യേന രണ്ട് നേരം ചൂടുവെള്ളത്തില്‍ തോര്‍ത്ത് മുക്കി അരവിമാഷിന്റെ വാട ഒലുംബിക്കളഞ്ഞു. ഇടയ്ക്കിടെ അരവിമാഷിന് ഇഷ്ടമുള്ള കാരയപ്പത്തിന് കൂട്ട് കുഴച്ചു. മാനന്തേരിയിലെ കടത്തിണ്ണകളിലും ബസ്‌സ്റ്റോപ്പിലും ഉയരുന്ന അമ്പേ അമ്പേ വിളികള്‍ക്ക് കാതോര്‍ത്തു. നിന്നെയല്ലേടാ അമ്പേ, ഞാന്‍ പശൂനെ വിളിച്ചതാ എന്ന മക്കാറുകള്‍ക്ക് കൂടെ ചിരിച്ചു മറിഞ്ഞു. ഓണിയന്‍ പ്രേമന്‍ സ്മാരക കബഡി ടൂര്‍ണമെന്റില്‍ മാസ്റ്റേഴ്‌സിന്റെ പ്രധാന കളിക്കാരനായി കയ്യടി വാങ്ങി. ഷഹബാസ് അമന്റെ മൂന്ന് പാട്ടുകള്‍ കാണാതെ പാടാന്‍ പഠിച്ചു. അരവിമാഷിനെ മറന്നവര്‍ പോലും ഭൂമിയിലെ അന്‍പിനെ കൂടെക്കൂടെ തിരക്കി. മരിക്കുന്നതിന്റെ അന്ന് കാലത്ത് വരെ മാഷിന്റെ ഇടുക്കില്‍ നിന്ന് മലം കിള്ളി. അവസാനമായി നാവ് നനച്ചിട്ട് നാടൊട്ടുക്കും പാഞ്ഞ് മരിപ്പറിയിച്ചു. സഖാക്കള്‍ക്കൊപ്പം ഒരിക്കല്‍ കൂടി മാഷിനെ കുളിപ്പിച്ചു. ചിരട്ടയ്ക്ക് പറിഞ്ഞ് പോരുന്ന മണ്ണില്‍ പട്ടടയക്ക് അടിപ്പാത്തി കൂട്ടാന്‍ ആഴത്തില്‍ കൊത്തി. ശ്രമം അമ്പേ പരാജയപ്പെട്ടു. അന്‍പ് ഉദ്ദേശിച്ച് പോലെ മണ്ണ് കുഴിഞ്ഞ് കിട്ടിയില്ല. പിന്നെ ചിതയിലെ തീ കെടുംവരെ നോക്കി നിന്ന് കെട്ടപ്പോള്‍ അടുപ്പില്‍ തീ കൂട്ടി കട്ടന്‍കാപ്പിയും കഞ്ഞിയും വെച്ചു. കാരയപ്പം ചുട്ടു. കിണ്ണത്തിലെ കാരയപ്പത്തില്‍ ഉടക്കി നിന്ന അനിരുദ്ധനെ കണ്ടപ്പോള്‍ തന്നെപോലെ അയാളും മരിച്ച് പോയ കിഴവന്റെ രൂപം ഓര്‍ത്തെടുക്കുകയാണെന്ന് സമാധാനിച്ചു.

നിരഞ്ജന മഷിയിട്ട് നോക്കിയപ്പോള്‍ കണ്ടത് മാതിരി കാര്യമായൊരു ജനത്തള്ളിച്ചയൊന്നും ഈ പന്ത്രണ്ട് ദിനങ്ങളിലും ഭൂമിയിലുണ്ടായില്ല. സമയമൊപ്പിച്ച് ചിലര്‍ മാത്രം വന്നു. വരുന്നവരെ കാണുമ്പോഴൊക്കെ പോര്‍ച്ചിലെ കാറിലേക്ക് അനിരുദ്ധന്‍ ഭയപ്പാടോടെ നോക്കുകയും ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. കേറിവരുന്നവരുടെ കൂടെ തലതെറിച്ച ഏതെങ്കിലും പിള്ളേരുണ്ടെങ്കില്‍ പട്ട പൊളിയുമെന്ന് പേടിച്ച് കാറിന്റെ താക്കോല്‍ ആരും തൊടില്ലെന്ന് ഉറപ്പുള്ള അരവി മാഷിന്റെ വിമര്‍ശനഗ്രന്ഥങ്ങള്‍ക്കിടയില്‍ പൂഴ്ത്തി. എങ്ങാനും ഡിക്കി തുറക്കേണ്ടി വന്നാല്‍ അഭിമാനം തൊഴുത്തിലേക്ക് ചാഞ്ഞ ചെമ്പകമാകുമെന്ന് നിരഞ്ജന ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു. അരവി മാഷിന്റെ കര്‍മ്മത്തിനുള്ള കോപ്പുകള്‍ വാങ്ങാന്‍ നിശ്ചലിന്റെ കാറിലാണ് അനിരുദ്ധന്‍ പുറത്തേക്ക് പോയത്. സ്വന്തം കാറിന്റെ താക്കോല്‍ പുസ്തകങ്ങള്‍ക്കിടയില്‍ പൊടി തിന്നുന്നതോര്‍ത്ത് അനിരുദ്ധന്റെ ഉള്ള് നീറി.

കുഴിമൂടലിന് കര്‍മിയായി വന്നത് ദയാവതി ടീച്ചറുടെ ബന്ധത്തിലുള്ള ഒരു കാഷായധാരിയായിരുന്നു. ചാരത്തില്‍ ചിക്കിയും ചികഞ്ഞും കിട്ടിയ അരവിമാഷിന്റെ അസ്ഥി ഒരു മണ്‍കുടത്തിലിട്ട് അതിന്റെ വാവട്ടം മൂടിക്കെട്ടിയ ശേഷം അയാള്‍ നിശ്ചലിനെ കൊണ്ട് പിതൃകര്‍മങ്ങള്‍ മുറയ്ക്ക് ചെയ്യിച്ചു. ചടങ്ങ് കഴിഞ്ഞ് ചായക്കൊപ്പം വിളമ്പിയ തരിയുപ്പുമാവില്‍ ഇഞ്ചി കടിച്ചതിന് തീറ്റ പാതിയിലുപേക്ഷിക്കുകയും അന്‍പിനെ നോക്കി ദഹിപ്പിച്ച് അയാള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീടയാള്‍ പന്ത്രണ്ടിന് അസ്ഥിയൊഴുക്കുന്ന കര്‍മങ്ങള്‍ ചെയ്യാനാണ് മടങ്ങി വന്നത്. അന്ന് തനിക്കുള്ള അത്താഴം സ്വന്തം സഞ്ചിയില്‍ അയാള്‍ കരുതിയിരുന്നു. ‘ഗോവിന്ദാ ഹരേ നാരായണാ…’ പാടി ചുണ്ടപ്പുഴ വരെ കാല്‍നടയായി പോയി അസ്ഥിയൊഴുക്കിയ പാതിരാസംഘത്തെ അയാള്‍ മുന്നില്‍ നിന്ന് നയിച്ചു. ഇതിലൊന്നും പെടാത്ത രണ്ടുപേര്‍ അന്നും ഭൂമിയിലുണ്ടായിരുന്നു- അന്‍പും അനിരുദ്ധനും. ഒരാള്‍ ചായ്പിന് പിറകില്‍ ഏത് നേരവും നിലം പൊത്തിയേക്കാവുന്ന കറമൂസ് മരത്തിലും മറ്റേയാള്‍ ഡിക്കി തുറന്ന് പുറത്ത് ചാടാനിടയുള്ള മണത്തിലും കുരുങ്ങിക്കിടപ്പായിരുന്നു.

‘നിന്നെയിനി അധികനാള്‍ ഒറ്റയ്ക്ക് ബാംഗ്ലൂരില്‍ കറങ്ങാന്‍ സമ്മതിക്കില്ല കേട്ടോ. നിനക്ക് പറ്റിയൊരാളെ വൈകാതെ ഞങ്ങളങ്ങ് തപ്പിപ്പിടിച്ച് തന്നേക്കാം. അസ്ഥിയൊഴുക്കി തിരിച്ചെത്തിയ നിശ്ചലിന് കാപ്പി ഒഴിച്ച് കൊടുക്കുന്നതിനിടെ നിരഞ്ജന സൂചിപ്പിച്ചു. ചൂട് കാപ്പിയുടെ ആവി നിശ്ചലിന്റെ കണ്ണില്‍ ഇരച്ച് കേറി.

‘എനിക്കുള്ള ആളെ ഞാന്‍ തന്നെ കണ്ടെത്തിട്ടുണ്ട്. നിങ്ങളാരും എതിര് നില്‍ക്കാതിരിന്നാല്‍ മതി. അഥവാ നിന്നാലും ഇക്കാര്യത്തില്‍ ഞാന്‍ മറ്റൊരാളെ അനുസരിക്കില്ല. ‘

‘അതുശരി അപ്പൊ ഞങ്ങളായിട്ട് നിന്നോട് ചോദിക്കാന്‍ കാത്തിരിക്കുകയായിരുന്നു നീ, അല്ലെ ?..... ആരാണ് കക്ഷി ?’

ദയാവതി ടീച്ചറുടെ പുരികം ആകാംഷയോടെ പൊങ്ങി.

എന്റെ കമ്പനിയില്‍ തന്നെയുള്ളതാണ്. പേര് സമീര്‍ റഹ്മാന്‍. രണ്ട് വര്‍ഷമായി ഞങ്ങളിഷ്ടത്തിലാണ്. നിശ്ചല്‍ ഗ്ലാസിലേക്ക് ഊതി മുഖം ചൂടാക്കി. മൂക്കിന്‍ തുമ്പത്ത് പ്രണയത്തിന്റെ വിയര്‍പ്പ് മണികള്‍ പൊടിഞ്ഞു. ദയാവതി ടീച്ചര്‍ ഡൈനിങ്  ടേബിളില്‍ തലയുടെ ഒരുവശം താങ്ങിക്കിടന്നു. മേല്‍ക്കൂരയില്‍ നിന്ന് ടീച്ചറുടെ കണ്ണടയില്‍ ഒരു പല്ലിയുടെ കാഷ്ഠം പതിക്കുകയും തന്നെ മലം വാരിയെറിഞ്ഞ അരവി മാഷിന്റെ മകനാണ് നിശ്ചലെന്ന് തല്ക്ഷണം അവരോര്‍ക്കുകയും ചെയ്തു.

ഉറങ്ങാന്‍ കിടന്നപ്പോള്‍ ‘സ്വവര്‍ഗ്ഗ ലൈംഗികതയുടെ ആവിഷ്‌കരണം ഉത്താരധുനിക മലയാള സാഹിത്യത്തില്‍’ എന്ന പി.എച്ച്.ഡി.തീസിസ് നിരഞ്ജനയ്ക്ക് മുന്നില്‍ തെളിഞ്ഞു. ആത്മാര്‍ത്ഥമായ നിഗമനങ്ങളുടെ അഭാവത്തില്‍ അപൂര്‍ണമായ ഒരന്വേഷണമായി നിമിഷാര്‍ദ്ധത്തില്‍ അത് എങ്ങോട്ടോ പാറിപ്പറന്ന് പോയി.

യാത്രയയപ്പിന് വികാരപ്രകടനങ്ങളുടെ ഔപചാരികതകളില്ലാതെ പിറ്റേന്ന് കാലത്ത് നിശ്ചല്‍ ബാംഗ്ലൂരിലേക്ക് പോയി. പുസ്തകങ്ങള്‍ക്കിടയില്‍ മറവ് ചെയ്ത താക്കോല്‍ വീണ്ടെടുത്ത് അനിരുദ്ധനും പുറകെ ഇറങ്ങി. ഡിക്കിയുടെ വിടവിലേക്ക് കൈ കടത്താന്‍ കഷ്ടപ്പെടുന്ന ഒരു പട്ടിയെ നിരഞ്ജനയുടെ ഹീല്‍ചെരുപ്പ് കൊണ്ട് എറിഞ്ഞോടിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. പന്ത്രണ്ട് ദിനം കാത്ത് സൂക്ഷിച്ച മാനം അവസാന നിമിഷം നശിപ്പിക്കാനൊരുമ്പെട്ട ആ പട്ടിയെ ആക്‌സിലേറ്റര്‍ കൊണ്ട് മുരച്ച് തോല്‍പ്പിച്ച് കാര്‍ ഗേറ്റ് കടന്നു. അന്‍പിനോട് ചിലതൊക്കെ പറഞ്ഞേല്‍പ്പിച്ച് ദയാവതി ടീച്ചറും ഭൂമി വിട്ടിറങ്ങി.

‘ഒരു ചെറിയ ഓര്‍മ്മപ്പിശക് നിമിത്തം എത്ര ദിവസം ടെന്‍ഷനടിച്ചെന്നോ. ഇനിയെങ്കിലും ആ മാരണം ഡീക്കീന്ന് എടുത്ത് ഒഴിവാക്ക്. ഇനി ഇതുംകൊണ്ട് വീട്ടിലേക്ക് പോയിട്ട് എന്തിനാ ….!’ ആളൊഴിഞ്ഞ ഒരിടത്തെത്തിയപ്പോള്‍ നിരഞ്ജന ഓര്‍മിപ്പിച്ചു.

വണ്ടി ഒതുക്കി അനിരുദ്ധന്‍ ഡിക്കി തുറന്നു. ചീഞ്ഞ് തുടങ്ങിയ പൂക്കള്‍ക്കിടയില്‍ കൊലക്കയര്‍ വണ്ണത്തില്‍ കസവ് നൂലുകള്‍ കുരുങ്ങിക്കിടക്കുന്ന ഒരു റീത്ത് ദയനീയമായി കിടക്കുന്നു. നിരഞ്ജന ജ്വല്ലേഴ്‌സ് എന്ന് കുറുകെ ലേബലൊട്ടിച്ച മോഹിപ്പിക്കുന്ന ഒരു റീത്ത്. പന്ത്രണ്ട് ദിവസമായി അത് ഡിക്കിയില്‍ ചത്ത് കിടക്കുകയായിരുന്നു. കൃത്യസമയത്ത് പുറത്തിറക്കാനാകാതെ ശ്വാസംമുട്ടി മരിച്ച ഒരു കുഞ്ഞിനെയെന്നപോലെ അനിരുദ്ധന്‍ അത് കൈയ്യിലെടുത്തു.

‘വല്ലാത്ത നഷ്ടം തന്നെ …. രൂപാ ആയിരത്തി മുന്നൂറാണ് പോയത്.’

അവകാശികളില്ലാതെ അനാഥമായ പുറംപോക്കിലേക്ക് വലിച്ചെറിഞ്ഞ് അനിരുദ്ധന്‍ കാറില്‍ കയറി.

അടര്‍ന്ന് തൂങ്ങിയ മേല്‍ക്കൂരയില്‍ ഭൂമിയുടെ പഴക്കം വെളിപ്പെടുന്നതും നോക്കി അന്‍പ് മലര്‍ന്ന് കിടന്നു. പഞ്ഞി മിഠായിയുടെ മണമുള്ളൊരു കാറ്റ് ഭൂമിയുടെ തെക്ക് നിന്ന് ഒഴുകി വരുമെന്ന് അന്നേരം അന്‍പ് കരുതി. പക്ഷെ അങ്ങനൊന്നുണ്ടായില്ല. അരവി മാഷ് യുക്തിവാദിയാണ്. നിഷേധം അയാളുടെ കൂടപ്പിറപ്പാണ്.
-------------------
അമൽരാജ് പാറേമ്മൽ.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ താമസിക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും യു. ജി. സി ലക്ചർഷിപ്പും നേടി. ഇപ്പോൾ ആനുകാലികങ്ങളിൽ എഴുതുന്നു. പെരുവ (ആയുഷ്യം മാസിക ), നൊയിച്ചി (മൂല്യശ്രുതി മാസിക) ബ്രണ്ണൻ ശിലാശാസനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്നിവ അടുത്തിടെ പ്രസിദ്ധീകരിച്ച കഥകളാണ്. 
സംസ്കൃതി പുല്ലൂർ ചെറുകഥാ പുരസ്‌കാരം 2019, കർഷകസംഘം കഥാപുരസ്‌കാരം 2020, ഒ വി വിജയൻ സ്മാരക യുവകഥാ പുരസ്‌കാരം 2020 എന്നിവ ലഭിച്ചു.

Facebook Comments

Comments

 1. Rafeeq Tharayil

  2021-05-03 23:46:14

  പ്രിയ എന്റെ അനിയാ... വെറുതെ ഒരു story കൊടുത്ത് ആധുനികം എന്ന് വായനക്കാരെ ഫൂൾ ആക്കാൻ വേണ്ടി എഴുതിയ കഥ അതിന്റെ ലക്ഷ്യം കാണട്ടെ എന്ന് ആശംസിക്കുന്നു. More, ഇങ്ങനെ ആളുകളെ തെറ്റിറ്റിദ്ധരിപ്പിച്ചുകൊണ്ടു കഥകൾ എഴുതൂ... ട്ടോ...

 2. Anish Chacko

  2021-04-28 23:08:41

  നല്ലെഴുത്ത് .. 👌👌

 3. കവിത

  2021-04-28 19:55:41

  നല്ല കഥ

 4. Shaneep

  2021-04-28 19:54:33

  അമൽ ,കഥ നന്നായി ... ഒറ്റയിരിപ്പിന് വായിച്ചു പോകാവുന്ന കഥ ... അഭിനന്ദനങ്ങൾ ... ഭൂമി എന്നു കേട്ടപ്പോൾ സുഭാഷേട്ടന്റെ വീട് ഓർത്തു പോയി .....

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

ഒട്ടകപ്പരുന്ത്  (കെ കെ സിദ്ധിക്ക്, കഥാ മത്സരം)

View More