-->

kazhchapadu

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

Published

on

 
ഈ കഥയ്ക്ക് കാലമില്ല. ചരിത്രവുമായി പുലബന്ധം പോലുമില്ല. ചരിത്രം ഇവിടെ നിന്ന് അവിടേക്ക് നീട്ടുന്ന ഒരു നേര്‍കണയാണെങ്കില്‍, ഈ കഥ അതിനെ ചുള്ളിക്കമ്പുപോലെ ഒടിച്ചു നുറുക്കി, കഷണങ്ങളാക്കി, തോന്നുംപടി കൂട്ടിച്ചേര്‍ത്തെന്നിരിക്കും. ഈ കഥ എവിടെ, എങ്ങനെ തീരുമെന്നും എനിക്കറിയില്ല.
 
ഈ കഥ ഗര്‍ഭത്തിലായിരിക്കുമ്പോള്‍ രാമന്‍ കടല്‍ത്തീരത്തായിരുന്നു. ശ്രീരാമന്‍, ബലരാമന്‍, രാമാനുജന്‍ രാമന്‍, സി വി രാമന്‍, പി. രാമന്‍.... അങ്ങനെ ഒത്തിരിയൊത്തിരി രാമന്മാര്‍ ഉള്ളതുകൊണ്ട് ഈ രാമനെ നമ്മള്‍ പരശുരാമന്‍ എന്ന് അടയാളപ്പെടുത്തുന്നു. കടല്‍ത്തീരത്തപ്പോള്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു. ബീഥോവന്‍. പക്കമേളക്കാരനായി നമ്മുടെ രാമന്‍ കൂടെ കൂട്ടിയതായിരുന്നു.
 
ഇനിയുള്ളത് അമ്മൂമ്മ പറഞ്ഞ കഥയാണ്. ആ കഥയില്‍ രാമന്‍ ഭീക്ഷാംദേഹിയായിരുന്നു. രാമന്‍ കടലിനോട് ഒരിത്തിരി മണ്ണ് ഭിക്ഷ ചോദിച്ചു. ഒന്നു തപസ്സു ചെയ്യാനാണ്.
 
'ഒരിത്തിരി പോയിട്ട് ; ഒരു തരി പോലും തര്യേല'
 
'ആണോ? എങ്കില്‍ .....'
 
രാമന്‍ ഒറ്റക്കാലില്‍ നിന്ന് തപസ്സു ചെയ്യാന്‍ തുടങ്ങി. തപസ്സിന്റെ ചൂടില്‍ ഉയര്‍ന്ന ആഗോളതാപനത്തിന്റെ പഴികേട്ട സൂര്യ ഭാഗവാന്‍ കടലിനോട് പറഞ്ഞു,. “ഇത്തിരി കൊടുത്തേര്. അല്ലെങ്കില്‍ എന്റെയീ ചങ്ക് ബ്രോ നിന്നെ വറ്റിച്ച് സര്‍വ്വം സ്വന്തമാക്കും'. അപ്പോള്‍ കടലില്‍ നിന്നും കയറി വന്ന മത്സ്യകന്യക ഒരു സ്വര്‍ണ്ണപ്പരശു കൊടുത്തിട്ടു പറഞ്ഞു, 'ഇത് ചെന്ന് വീഴുമിടം വരെ നിനക്ക് സ്വന്തം”. മടങ്ങവേ മത്സ്യകന്യകയുടെ മുഖത്തൊരു ചുട്ടെടുത്ത ചിരിയുണ്ടായിരുന്നു. 'മണ്ടന്‍ ഈ പരശു എറിഞ്ഞാല്‍, എത്ര അടി മണ്ണു കിട്ടാനാ...”
 
അന്നോളം കണ്ടിട്ടില്ലാത്തൊരു വേലിയിറക്കമായിരുന്നു പിന്നീടുണ്ടായത്. കടല് ഇറങ്ങിപ്പോയ മണ്ണ് മുഴുവന്‍ സ്വന്തമാക്കി രാമന്‍ “കേരളം” എന്ന പേരിടീലും നടത്തി. കഥയില്‍ ഒത്തിരി ശരിതെറ്റുകള്‍ കണ്ടെന്നുവരാം. തെറ്റാവരമൊന്നുമില്ലാത്ത വാമൊഴിക്കിളി മൊഴിഞ്ഞതല്ലേ.
 
പോകപ്പോകെ വീണ്ടുവിചാരപ്പെട്ട രാമന്‍ ദൈവത്തിന്റെ കോടതിയില്‍ സങ്കടപ്പെട്ടു. “മത്സ്യകന്യക” പറഞ്ഞത് ശരിയായിരുന്നു. ഞാനൊരു മണ്ടനാ. മരമണ്ടന്‍. മാവേലി പാതാളത്തിലേക്ക് പോയപ്പോള്‍, വര്‍ഷത്തിലൊരിക്കല്‍ തന്റെ നാടും മക്കളെയും, അവന്റെയല്ല എന്റെയാ, കാണാന്‍ അനുവാദമാക്കീയിട്ടാ പോയത്. ഞാന്‍ മഴുവെറിഞ്ഞുണ്ടാക്കിയ എന്റെ നാടു കാണാന്‍ ഞാനിപ്പോള്‍ പാസ്‌പോര്‍ട്ടും വിസയും, കേരള ഗവണ്‍മെന്റിന്റെ പ്രത്യേക അനുവാദവും വാങ്ങിക്കണം. എല്‍ ഡി എഫ് ആണോ യു ഡി എഫ് ആണോ എന്‍ ഡി എ ആണോ എന്നുനോക്കി ഭരിക്കുന്ന പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിനൊത്ത പണക്കിഴിയും നല്‍കണം. അതിനെല്ലാമുപരിയായി ദൈവത്തിന്റെ എന്‍ ഒ സിയും വേണം. ഒരു നോട്ടക്കുറവിന്റെ പിഴ ! എന്തായാലും എനിക്കെന്റെ നാടൊന്നു കാണണം. കന്യാകുമാരി മുതല്‍ എന്റെ സ്വര്‍ണ്ണപ്പരശു വീണിടം വരെ, എനിക്കൊന്നു വിസ്തരിച്ചു കാണണം.
 
“എന്റെ യാത്രയ്ക്ക്  പശ്ചാത്തല  സംഗീതമൊരുക്കാന്‍ ഒരു പക്കമേളക്കാരന്‍ വേണമല്ലോ. അന്നെനിക്ക് പക്കമേളമൊരുക്കിയത് കടലായിരുന്നു. അത് ഒരു മനോധര്‍മ്മമായിരുന്നു. അപ്പപ്പോള്‍ ചുട്ടെടുക്കുന്ന ദോശ പോലെയൊന്ന്. അത്രയും നല്ലൊരു പക്കമേളക്കാരന്‍ ആരുണ്ട്?' ആ അന്വേഷണത്തിനൊടുവിലാണ് രാമന്‍ ലുഡ്വിഗ് വാന്‍ ബീഥോവനെ കണ്ടെത്തുന്നത്.
 
കടല്‍ത്തീരത്ത് പീയാനോ ഉറപ്പിച്ച്, വളരെ സ്വാഭാവികമാകാന്‍, ചില ഫ്‌ളാറ്റുകളും ഷാര്‍പ്പുകളും മൈനറുകളും കടലില്‍ നിന്നും കേട്ട് പഠിച്ച്, ബീഥോവന്‍ ഒരു സിംഫണിയുടെ വര കുറികള്‍ തുടങ്ങി. ഒന്നും പറയാതെ രാമന്‍ സൂര്യനമസ്‌ക്കാരത്തിന് കടലിലേക്ക് ഇറങ്ങിപ്പോകയാല്‍ വിഷാദിയായി ഒരു “ബി ഫ്‌ളാറ്റ്” കട്ടയില്‍ തട്ടിമുട്ടി നിന്ന ബീഥോവനോട് കടല് ചോദിച്ചു, 'ജീവിതത്തില്‍ എന്നും നിലനില്‍ക്കുന്നതെന്നതാ?'
 
ബീഥോവന്‍ ഉത്തരം പറയാന്‍ തുടങ്ങി,
 
കടലു പറഞ്ഞു : അല്ല
 
അല്ലേയല്ല
 
അല്ലെന്നെ
 
ഏയ്. അതല്ല.
 
തോറ്റു തൊപ്പിയിട്ട ബീഥോവനോട് കടല്‍ ശരിയുത്തരം പറഞ്ഞു: പ്രണയം. ആ ഉത്തരത്തിന്റെ ഉണര്‍വില്‍ ഉത്തേജിതനായി സപ്തസ്വരങ്ങളും ഫ്‌ളാറ്റുകളും ഷാര്‍പ്പുകളും സെവന്തുകളും മൈനറുകളും ഓഗുമെന്റുകളും ഡിമിനിഷുകളും കൂട്ടിക്കെട്ടി ബീഥോവന്‍ ഒരു കോറല്‍ സിംഫണിക്ക് അടിസ്ഥാനമിട്ടു.
 
അന്നുമുതലിന്നുവരെ
 
നിന്നെ ഞാനെന്നിലും സ്‌നേഹിച്ചിരുന്നു.
 
എന്നു മുതലെന്നുവരെ …
 
യെന്നു നീ ചോദിച്ചാല്‍
 
മഴുവെറിഞ്ഞ നാള്‍തൊട്ടിന്നുവരെ
 
യെന്നല്ലാതെന്തു ചൊല്‍വു, പ്രീയേ,
 
ഇതരെക്കുറിച്ചാണെന്ന നാണത്തില്‍, കടല് നഖം കടിച്ചു നിന്നപ്പോള്‍ ബീഥോവന്‍ പറഞ്ഞു. 'രാമന്റെ നാടില്ലേ, കേരളം: അവളെക്കുറിച്ച്'
 
സൂര്യനമസ്‌ക്കാരം കഴിഞ്ഞ് രാമന്‍ തീരത്ത് കാലെടുത്തു വച്ചപ്പോള്‍ കടല്‍ ചൊടിച്ചു. 'നില്‍ക്കവിടെ. ഇനിയാ കളിവേണ്ട. തന്നെയുമല്ല. കവര്‍ന്നെടുത്ത എന്റെ കടല്‍ ഭാഗം എനിക്ക് തിരികെത്തരണം'.
 
അതെന്താ.....?
 
തലയുയര്‍ത്തി, കണ്ണ് തുറന്ന്, ചെവി കൂര്‍പ്പിച്ച്, സൂക്ഷിച്ച് നോക്ക്. ദൈവത്തിന്റെ സ്വന്തം നാടിപ്പോള്‍ എന്താണെന്ന്. കാണാനും കേള്‍ക്കാനും എനിക്കൊട്ടു സഹിക്കാനും പറ്റാത്തതൊക്കെയാ അവിടെ നടക്കുന്നത്?'
 
എന്ത്…? എന്താ നടക്കുന്നത്…?
 
ഒരുള്‍ക്കിടിലത്തിന്റെ പതര്‍ച്ചയുണ്ടായിരുന്നു ആ ചോദ്യത്തിന് കടല്‍ അക്കമിട്ടു പറഞ്ഞു തുടങ്ങി
 
ഒന്ന് ....
 
രണ്ട് ....
 
മൂന്ന് ....
 
നാല് ....
 
രാമന്‍ കടല്‍ കാട്ടിക്കൊടുത്തതു കണ്ടുകൊണ്ടിരുന്നു. പറഞ്ഞത് കേട്ടുകൊണ്ടും. “.... അതു കൊണ്ട് എന്റെ കടല്‍ എനിക്ക് തിരികെത്തരണം'.
 
 
അപ്പോള്‍ മുതല്‍ രാമന്‍ ഒരു തീരുമാനത്തിനുള്ള തത്രപ്പാടിലായിരുന്നു. പിന്നെ, ഒരു തീരുമാനത്തില്‍ കാലുകള്‍ നീട്ടിവച്ച്, രാമന്‍ യാത്രയായി.
 
യാത്രയ്ക്ക് പറ്റിയ ഒരു സിംഫണി. അതായിരുന്നുപ്പോള്‍ ബീഥോവന്റെ അന്വേഷണം. സെലോയിലെപ്പോലെ സ്ലോ മൂവ്‌മെന്റ്‌സ് വേണം. ഗിറ്റാറിലെപ്പോലെ സേവന്തുകളും ഏയ്ത്തുകളും ഫ്‌ളാറ്റുകളും ഷാര്‍പ്പുകളും ചാടിക്കളിക്കുന്ന ഫാസ്റ്റ് മൂവ്‌മെന്റ്‌സ് വേണം. വണ്‍ ബീറ്റ്, ഹാഫ് ബീറ്റ് റെസ്റ്റുകള്‍ വേണം. പീയാനോയിലെപ്പോലുള്ള ഓടി നടക്കലുകള്‍ വേണം. “സി മൈനറി”ല്‍ ഈ നാല് മൂവ്‌മെന്റുകളും ഉള്ള ഒരു സിംഫണി ബീഥോവന്‍ ചിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.
 
'അമ്മേ കഥ.'
 
അന്നത്തെ കഥ വൈകുന്നതിലുള്ള ഈര്‍ഷ്യതയില്‍ കുട്ടി പറഞ്ഞതായിരുന്നു അത്. അമ്മ പറഞ്ഞ നുണക്കഥകള്‍ അങ്ങനെയാണുണ്ടായത്. അമ്മ പറഞ്ഞു, 'ഒരു മുഴുവന്‍ കഥ പറയാനിന്ന് സമയമില്ല. ഞാന്‍ ഒരു കഥയുടെ വണ്‍ലൈന്‍ പറയാം. നീ അതൊരു തിരക്കഥ പോലെ വികസിപ്പിച്ചെടുത്തോ. എനിക്കുശേഷോം ഒരു കഥപറച്ചിലുകാരന്‍ വേണ്ടേ. രാമന്‍, പരശുരാമന്‍ തിരഞ്ഞു കണ്ടെത്തിയ തന്റെ മഴുവെടുത്ത് വടക്കേ മലബാറിലെ ഗോകര്‍ണ്ണത്തു നിന്നും കന്യാകുമാരിയിലെ കടലിലേക്ക് ഒരേറെറിഞ്ഞു. അതു ചെന്നു വീണയിടം വരെ....” അടുക്കളയില്‍ നിന്നും കരിവുമണം മൂക്കിലടിച്ച് 'യ്യോ…, ന്റെ,  കറി കരിഞ്ഞു പോയെ' എന്നു പറഞ്ഞ് അമ്മ അടുക്കളയിലേക്കും കുട്ടി ഗര്‍ഭപാത്രത്തിലെ അഭിമന്യൂവിലേക്കും കയറിപ്പോയി.
 
അന്നുമുതല്‍ അവനാ വണ്‍ലൈണ്‍ കഥയ്ക്ക് അടയിരുന്നു. സൃഷ്ടിയുടെ ചൂടേറ്റ്, തൊണ്ടു പൊട്ടി പുറത്ത്  വരുന്നു ഒരു കഥയ്ക്കായി.
 
ഉമ്മറത്തെ അരമതിലില്‍ കാലാട്ടി, അമ്മ പറഞ്ഞ കഥയോര്‍ത്തിരുന്ന കുട്ടി മുറ്റത്തൊരു സന്യാസി വന്നു നിന്നത് കണ്ടില്ല. 'കുഞ്ഞേ” യെന്ന വിളയാണവനെ ഉണര്‍ത്തിയത്്. “ചോറ്, അരി, രൂപ...', സാധാരണയായി അമ്മ കൊടുക്കുന്നത് അതൊക്കെയാണെന്ന അറിവില്‍, അവന്‍ അതൊക്കെ ആവര്‍ത്തിച്ചു. എല്ലാത്തിനും “അതല്ല” എന്ന മറുപടിയില്‍ ശുണ്ടിപ്പെട്ട് അവന്‍ ചോദിച്ചു, 'പിന്നെന്നാവേണം?
 
“ഒരു മഴു.'
 
ഒരു പുതിയ അറിവില്‍ അവന്‍ ചോദിച്ചു, “മഴുവോ....!'
 
സന്യാസി പറഞ്ഞ ആകൃതി കോടാലിക്കുണ്ടെന്ന ധാരണയില്‍ അവന്‍ പറഞ്ഞു, 'ഇവ്‌ടെ വെറക് കീറ്ണ കോടാല്യാണ്ട്. അതുവേണേ അമ്മേനോട് ചോയിക്കണം.'
 
“അതല്ല മോനേ, എന്റെ ഒരു മഴു...'
 
'ഓ   … ! കാണാതെ പോയീല്ലേ, ഇവ്ടില്ല. കാണാതെ പോണവ കാട്ടിക്കൊടുക്ക്ണ അന്തോണീസ് പുണ്യള്‌ണോടോ, വല്ല ദേവമ്മരോടോ ചോയിക്ക്'.
 
'ഇവിടെ അടുത്ത് ആരാ ഉള്ളത്?
 
'അയ്യ്പ്പനൊണ്ട്. ശബരിമലേല്'
 
മലയിലെത്തുമ്പോള്‍ സന്ധ്യയായിരുന്നു. നട അടയ്ക്കാന്‍ ധൃതിപ്പെടുന്ന തന്ത്രി തീട്ടുരമിട്ടു. ഇരുമുടിക്കെട്ടില്ലാച്ചാ, ഇങ്ങ്ട്ട് കേറ്ണ്ട'
 
രാമന്‍ അയ്യപ്പനെയൊന്നു നോക്കി.
 
പണ്ടെറിഞ്ഞ സ്വര്‍ണ്ണപ്പരശു തേടിയുള്ള വരവിന്റെ ഗൂഢോദ്ദേശ്യം മനസ്സിലാക്കിയ അയ്യപ്പന്‍, അത്താഴപ്പൂജയുടെ ആലസ്യത്തില്‍ കണ്ണടച്ച്, കണ്ടില്ലാപ്പെട്ടു. തന്ത്രി നടയടച്ച് പടിയിറങ്ങിയിട്ടും അയ്യപ്പന്‍ കണ്ടില്ലാപ്പെടല്‍ തുടര്‍ന്നു.
 
'അയ്യപ്പാ, എന്റെ മണ്ണിലാ ഇരിക്കുന്നത്. മറക്കണ്ട'
 
'രാമാ, പരശുരാമാ, എനിക്കിവിടെ പരമസുഖമാ. ഓലപ്പാമ്പു കാട്ടല്ലേ. ആ കേക്കുന്നത് കാറ്റിന്റെ മുളക്കമല്ല. 'സ്വാമിയേ, ശരണമയ്യപ്പാ' ആണ്. എന്റെ ഭക്തരിളകിയാല്‍.....'
 
നേരം വെളുത്തപ്പോഴാണ് രാമന്‍ മലയാറ്റൂര്‍ മലയുടെ ചുവട്ടിലെത്തിയത്. അവിടെ ഒരു പൊന്നും കുരിശ് കാണുകയാല്‍ പൊന്നും പരശുവും അവിടെയുണ്ടാകാമെന്ന ചിന്തയില്‍ രാമന്‍ വിളിച്ചു 'തോമാ.............'
 
രാമന്റെ മനസ്സിലിരിപ്പറിഞ്ഞ തോമാ താക്കീതു ചെയ്തു, “ഇങ്ങോട്ടു കയറണ്ട. ഒരടി വച്ചാല്‍, ഞാന്‍ കൂട്ടമണി അടിക്കും. പിന്നെ ഒരു തിരിച്ചുപോക്ക്....'
 
അന്ന് മലയാറ്റൂര്‍ മലഞ്ചെരുവില്‍ രാപാര്‍ത്ത്, പ്രഭാതത്തില്‍ പെരിയാറിലൊന്നു മുങ്ങി നിവര്‍ന്നപ്പോഴാണ്, രാമന് ബോധോദയമുണ്ടായത്. പാണക്കാട്ടൊന്നു കേറിയാല്‍....
 
പാളയം പള്ളിയിലെ ബാങ്ക് വിളിയെ പരശു തേടി ഒരുവന്‍ വരുമെന്നും ബിജെപിക്കാരനാണെന്നും കേരളത്തെ കാവിവല്‍ക്കരിക്കാനുള്ള മോഡിയുടെ ചാരനാണെന്നും വ്യാഖ്യാനിച്ചുറപ്പിച്ച് പാണക്കാട്ടുകാര് വാതിലുകള്‍ കൊട്ടിയടച്ച്, പള്ളിയില്‍ പോയി അഖണ്ഡ നിസ്‌ക്കാരം തുടങ്ങിയിരുന്നു
 
എല്ലാം കൈവിട്ടുപോയ വ്യഥയില്‍ രാമന്‍ തെക്കോട്ട് തിരിഞ്ഞ് ഉച്ചത്തില്‍ വിളിച്ചു ബീഥോവാ....
 
ആ വിളിയിലെ നൈരാശ്യമറിഞ്ഞ ബീഥോവന്‍ “ഇ ഫ്‌ളാറ്റ്”മേജറില്‍ മേജറില്‍, ഒരു ഫ്യൂണറല്‍ മ്യൂസിക്കിന്റെ പശ്ചാത്തലത്തില്‍, ഒരു വിഷാദരാഗം കലര്‍ത്തി ERIOCA എന്നൊരു സിംഫണിക്ക് അടിസ്ഥാനമിട്ടു. സിംഫണിയുടെ അന്ത്യത്തോടടുത്തപ്പോഴാണ് രാമനൊരു ചിന്തയുദിച്ചത്. കന്യാകുമാരിയിലെ കടല്‍ക്കരയില്‍ നിന്നും  ജപിച്ചെറിഞ്ഞ മഴു ചെന്നു വീണത് ഇന്നത്തെ വടക്കേ മലബാറിന്റെ തുഞ്ചത്തെ ഗോവര്‍ണ്ണത്തല്ലായിരുന്നു. ആ മഴു ഇവിടെ തേടുന്നത്…
 
പിന്നെ വൈകിയില്ല. യാത്ര തുടര്‍ന്നു. ബീഥോവന്‍ സിംഫണിയുടെ അവസാനത്തെ ബീറ്റ് വായിച്ചു നിര്‍ത്തിയപ്പോള്‍, രാമന്‍ വടക്കേ മലബാറില്‍ എത്തിയിരുന്നു.
 
പിന്നെ നാടിളക്കിയുള്ള ഒരന്വേഷണമായിരുന്നു. “ഇവിടെ എവിടെയോ വീണ എന്റെ സ്വര്‍ണ്ണപ്പരശു.............. ?”
 
“പരശുവോ ..... !”
 
“ങാ, സ്വര്‍ണ്ണപ്പരശു. സ്വര്‍ണ്ണ മഴു”.
 
രാമനപ്പോള്‍ കേട്ടത് ഒരു നോവലിലെ “കഥ ഇതുവരെ” പോലെ ഒന്നായിരുന്നു.
 
ഒരിക്കല്‍ ഒരു കര്‍ഷകന്‍ നിലം ഉഴുമ്പോള്‍ മണ്ണില്‍ നിന്നും ഒരു മഴു പൊന്തി വന്നു. അതിനു സ്വര്‍ണ്ണനിറമായിരുന്നു. കിടപ്പാട ഈടിന്മേല്‍ മകളുടെ കല്യാണത്തിന് ലോണ്‍ എടുത്തിരുന്ന അയാള്‍, സര്‍ഫേസി ആക്ട് പ്രകാരമുള്ള ജപ്തി നടപടികള്‍ ഒഴിവാക്കാന്‍, ആ മഴു പട്ടണത്തിലെ ഒരു ബ്ലേയ്ഡുകാരന് പണയപ്പെടുത്തി. കാലാവധി തീരും മുമ്പ് അയാള്‍ക്കത് തിരിച്ചെടുക്കാന്‍ നിവൃത്തിയില്ലാതിരുന്നതുകൊണ്ട് ബ്ലേയ്ഡുകാരന്‍ അത് കൈക്കലാക്കി.
 
ഒറ്റക്കുതിപ്പിന് അയാളുടെ അടുത്തെത്തി വിശ്വരൂപം കാട്ടിയപ്പോഴാണ്, അയാള്‍ കള്ളങ്ങള്‍ക്കും കള്ളങ്ങള്‍ക്കുമിടയില്‍ സത്യം വെളിപ്പെടുത്തിയത്.
 
“ഓ... ആ.... സൊറ്ണപ്പരശ്വാ....? അയ് നിങ്ങ്ടാ... ഞമ്മ അത്‌രുക്കി ഉരുപ്പട്യാക്കി ആലൂക്കാസ്‌നും ആല്പ്പാട്ട്‌നും മലബാറ് ഗോള്ഡിനും പിന്ന്യാര്‍ക്കാണ്ടൊക്യോ വിറ്റു'.
 
അഭിമുഖം തീര്‍ത്തു കൊണ്ട് രാമന്‍ പറഞ്ഞത്, അയാള്‍ ഭീതിയോടെയാണ് കേട്ടത്.
 
'നിങ്ങളുടെ നിയമപ്രകാരം 'ഏഴു ദിവസത്തിനകം' അല്ലേ എല്ലാത്തിന്റെയും സമയപരിധി? അതുകൊണ്ട് എട്ടാം ദിവസം ഞാന്‍ വരും. എനിക്കെന്റെ  സ്വര്‍ണപ്പരശു തിരികെ കിട്ടണം.”
 
പരശു തിരികെ കിട്ടിയ സന്തോഷത്തില്‍ രാമന്‍ ഒരു ചിരി ചിരിച്ചു. ചിരിയൊലി മരങ്ങളെയും ലജ്ജാവതികളായ അരുവികളെയും തഴുകി കിളികളുടെ ചുണ്ടുകളില്‍ നാദപ്രപഞ്ചമൊരുക്കി, ഗ്രാമകന്യകളുടെ നടന ലാസ്യത്തിനൊത്ത് കടല്‍ത്തീരത്തെത്തിയപ്പോള്‍ ബീഥോവന്‍ അതിനോട് ബെയ്‌സ് ഗിറ്റാറിന്റെ ഇടിമുഴക്കവും ചേര്‍ത്ത് “എഫ് മേജറി”ല്‍ PASTORATE എന്ന സിംഫണി തീര്‍ത്തു. വീണ്ടും വീണ്ടും അതു കേട്ടുണ്ടായ ഹര്‍ഷോത്മാദത്തില്‍, രാമന്‍ വടക്കേ മലബാറിന്റെ ഉച്ചിയിലേക്ക് ആഞ്ഞു നടന്നു. അവിടെ ചുവടുറപ്പിച്ച് തിരികെ കിട്ടിയ സ്വര്‍ണ്ണപ്പരശു സര്‍വ്വശക്തിയുമെടുത്ത് തെക്കുള്ള കടല് ലാക്കാക്കി എറിഞ്ഞു. പിന്നെയുള്ള കാഴ്ചകള്‍ കണ്ണുതുറന്ന് കാണാന്‍ കെല്‍പ്പില്ലാതെ രാമന്‍ കണ്ണുകളടച്ച് ഒരു ത്രിമാന ചിത്രത്തിലെന്നപോലെ ഉള്‍ക്കണ്ണില്‍ കണ്ടു. മഴുവിനു പിന്നാലെ വടക്കേ മലബാര്‍ മുതല്‍ എല്ലാം ഒരു അക്ഷൗണിയിലെന്നപോലെ സമുദ്രത്തിലേക്ക് നീങ്ങുന്നു. അതില്‍ മലയാറ്റൂര്‍ മലയും പൊന്നും കുരിശും, ശബരിമലയും പതിനെട്ടു പടികളും, പാണക്കാടും പാളയം പള്ളിയുമൊക്കെയുണ്ടായിരുന്നു.
 
പെട്ടെന്നുണ്ടായ പക്കമേള നിശബ്ദതയില്‍ രാമന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് രണ്ട് കാര്യങ്ങളായിരുന്നു.
 
ഒന്ന് : കടലെടുത്ത് പോകാത്ത നാട് ...
 
അവിടെ, മലയാറ്റൂര്‍ മലയിലും ശബരിമലയിലും പാളയം പള്ളിയിലും അതാതു മതക്കാര്‍ മല്‍സരിച്ച് പുതിയ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടായിരുന്നു.
 
രണ്ട് : ബീഥോവന്‍ പീയാനോയുടെ മുകളില്‍ തലചായ്ച്ച് കിടക്കുന്നുണ്ടായിരുന്നു. അവസാന സിംഫണി പൂര്‍ത്തിയാക്കാനാകാതെ ചലനമറ്റുകൊണ്ടിരുന്ന വിരലുകളിലെ അവശേഷിച്ച ചൂടില്‍ വായിച്ചു തീര്‍ത്ത choral പാട്ട്. “Applaud my friends. The Comedy is over എന്നായിരുന്നു.
 
കലി കയറി കടല്‍ത്തീരത്തെത്തിയ രാമന്‍ കടലിനോട് ചോദിച്ചു, “എന്റെ മഴുവെവിടെ?”
 
കടല്‍ കണ്ണു ചൂണ്ടിയ ദിക്കിലേക്ക് നോക്കിയ രാമന്‍ കണ്ടു; തിരകള്‍ തള്ളിത്തള്ളി തീരദൂരത്തെത്തിച്ച തുരുമ്പിച്ച ഒരു കോടാലി. കോടാലിയില്‍ നിന്നിളകിയ സ്വര്‍ണ്ണച്ചായം, കോടാലി, തീരത്തുപേക്ഷിച്ചിട്ട് മടങ്ങിയ തിരകളുടെ നിറം പോലും മാറ്റിയിരുന്നു.
 
അമ്മയുടെ വണ്‍ലൈന്‍ കഥയില്‍ നിന്നും ഉരുവായ അവന്റെ കഥയിലെത്തുമ്പോള്‍ അവന്‍ പുരുഷപ്രാപ്തിയിലെത്തയിരുന്നു. അവന്റെ കഥയില്‍ പരശുരാമന്‍ തിരിച്ചെറിഞ്ഞ മഴുവിന്റെ സഞ്ചാര വഴികളിലെ മലയാറ്റൂര്‍ മലയും പൊന്നും കുരിശും, ശബരിമലയും പതിനെട്ടു പടികളും, പാണക്കാടും പാളയം പള്ളിയും കടല്‍ കൊടുത്തവ ആയിരുന്നില്ലെങ്കിലും കടലത് എടുത്തു. അവിടമാകെ പച്ചപ്പിന്റെ ചെറുതൈകള്‍ പച്ച പിടിച്ചു വരുന്നുണ്ടായിരുന്നു. അതിനിടയില്‍ പൂണൂലും കൊന്തയും നിസ്‌ക്കാരത്തഴമ്പുമില്ലാത്ത മനുഷ്യര്‍ പണിയെടുക്കുന്നുണ്ടായിരുന്നു.
 
അവന്‍ കഥ പൂര്‍ത്തിയാക്കി അമ്മയെ സമീപിച്ചു. 'ഇതല്ലേ, അമ്മേ കഥ'
 
കഥ വായിച്ചിട്ടമ്മ പറഞ്ഞു, 'മോനേ, ഇതല്ല കഥ. ഇതല്ല പരശുരാമന്‍ കണ്ടത്'
 
അപ്പോള്‍ അവന്‍ പറഞ്ഞു., 'ഇനി ഈ കഥ മതി. എന്റെ തലമുറ മുതല്‍ ഇനി ഇതാകട്ടെ കഥ.”
 
അമ്മയുടെ ചിന്തകള്‍ക്ക് പാഥേയമായി അത് വച്ചിട്ട്, അവനാ കഥ ഭാഗ്യപരീക്ഷണത്തിനായി പത്രമാസികകള്‍ക്കും ചാനല്‍ ചര്‍ചച്ചകള്‍ക്കും അവാര്‍ഡ് ലേലക്കാര്‍ക്കുമായി വിട്ടു കൊടുത്തു.
---
-----------------------
മാത്യു കെ.എം. കിണറ്റുകരയിൽ, തലയോലപ്പറമ്പ് 
 
Manager  in Lysoform Rushail Pharma Din Pvt Ltd.
published 3 short-story collections and 3 novels.  
 

Facebook Comments

Comments

 1. ബേബിപെരുവ

  2021-05-17 09:24:19

  nice story,9out of 10

 2. Merin jestin

  2021-05-10 14:44:03

  10/10

 3. SIBICHENK Kottayam

  2021-05-06 16:15:42

  excellent...

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

ഒട്ടകപ്പരുന്ത്  (കെ കെ സിദ്ധിക്ക്, കഥാ മത്സരം)

View More