Image

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം -8 )

Published on 01 May, 2021
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം -8 )
ഗിരിധറിന്, തന്റെ സുഹൃത്തിൽനിന്നും പറയത്തക്ക വിവരങ്ങളൊന്നും ലഭിച്ചില്ല. വിക്കിപീഡിയ.., അല്ലെങ്കിൽ അയാൾക്ക് ഇതിനകം തന്നെ അറിയാവുന്ന കാര്യങ്ങൾ മാത്രം... മഹാഗൗരി ഇപ്പോഴും ഒരു പ്രഹേളികയായി തുടരുകതന്നെയാണ്. അവളുടേതായ രഹസ്യങ്ങളൊന്നും കണ്ടുപിടിക്കാൻ ആർക്കും സാധിക്കുന്നില്ല. യഥാർത്ഥത്തിൽ അവൾ ആരാണെന്നു പോലും...

നന്നായിട്ടു പൊള്ളുമ്പോൾ മനസ്സും ശരീരവും ഒരുപോലെ വിങ്ങും. നീറ്റലാണ്... ശരീമാസകലം.. ശ്വാസം കിട്ടാത്തപോലെ.. തന്റെ ഹൃദയതാളം പിന്നെയും തെറ്റാനുളള പുറപ്പാടാണോ..?
വക്കീലിന്റെ ഫോൺ; മുൻകൂർ ജ്യാമം കിട്ടുമോയെന്ന കാര്യം ഉറപ്പില്ലെന്ന്.

" ഗിരി തൽക്കാലം ഇവിടുന്നൊന്ന് മാറി നില്ക്കുന്നോ..?"
" എന്തിനു.. ? ഇവിടുന്നോടി
ഞാനെവിടെ പോകാൻ.. ? , വേണ്ട.. ഇതിനുവേണ്ടി ഇനി ജയിലിൽ പോകേണ്ടി വന്നാലും ഞാൻ പോകും... പോകേണ്ടിവന്നാൽ, ഒരൊറ്റ ദിവസത്തിനകം എന്നെ പുറത്തുകൊണ്ടു
വന്നിരിക്കണം .."
"ജയിലിൽ പോകേണ്ടി വന്നാൽ രണ്ട് ആഴ്ചയെങ്കിലും കഴിയാതെ ജാമ്യം കിട്ടില്ല.. "
"അങ്ങനെയെങ്കിലങ്ങനെ..
എനിക്കു പേടിയില്ല.. "
ഫോൺ വെച്ചുകഴിഞ്ഞപ്പോഴാണ് ഓർത്തത്, തൻ്റെയീ പിടിവാശി, മൻപും പിൻപും നോക്കാതെയുള്ള എടുത്തുചാട്ടം, ഇതെല്ലാമാണ് എല്ലാത്തിനും കാരണം..
തന്റെ ന്യൂനതകൾ തനിക്കുതന്നെ അറിയാം.. എന്നിട്ടും ....
ഈ സ്വഭാവംവച്ചുകൊണ്ട് ഉറപ്പായിട്ടും തനിക്കു കക്ഷിരാഷ്ട്രീയം അത്ര എളുപ്പമാവില്ല.. പക്ഷേ....ഇനിയൊട്ടു തിരിഞ്ഞു നടക്കാനും വയ്യ.
തനിക്കു സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടി വരും.. സ്വയം വരുത്തിവച്ചതല്ലേ.. അനുഭവിക്കുകതന്നെ..!.
എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം
ഒരുനാൾ മറനീക്കി പുറത്തു വരികതന്നെ ചെയ്യും..
ഒരു നിഷ്ക്കളങ്കനാണ് കൊല്ലപ്പെട്ടത്.
ആത്മാവുണ്ടോ,.. ഇല്ലയോ.. അറിയില്ല....കർമ്മഫലം അനുഭവിക്കതന്നെ വേണം ..
മഹാഗൗരിയുടെ ഫോൺ രാത്രിയും ഇടവിടാതെ ശബ്ദിച്ചു കൊണ്ടിരിന്നു.
വളരെ അത്യാവശ്യമുള്ള കോളുകൾ മാത്രമേ അവൾ അറ്റൻഡു ചെയ്തുളളൂ..,
ഗിരിധർ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഏകദേശം ഉറപ്പായി .
വീഡിയോ ക്ലിപ്പിംഗ് പോലീസ് തൊണ്ടി മുതലായി എടുത്തുകൊണ്ടുപോയി..
പരമേശ്വരിയുടെ ഫോൺ രാത്രി വളരെ വൈകിയിട്ടും മഹാഗൗരി എടുത്തു. തമ്മിൽ പിരിഞ്ഞെങ്കിലും പരമേശ്വരിക്ക് ഇപ്പോഴും ഗിരിധറിനോടൊരു കരുതലുണ്ടെന്ന് മഹാഗൗരിക്കറിയാം.

" ഗൗരി നന്നായിട്ടു, ഹോംവർക്ക് ചെയ്തെന്നു തോന്നുന്നു ഗിരിയുടെ കാര്യത്തിൽ... "
" അങ്ങനെ ചെയ്തിട്ടില്ല എന്ന് പറഞ്ഞാൽ അത് അസത്യമാകും.. "
" നിങ്ങൾക്കു തമ്മിൽ എന്തെങ്കിലും പൂർവ്വ വൈരാഗ്യങ്ങളുണ്ടോ.. ?
ഹാവ് യു ക്രോസ്സ്ഡ് paths before ?"
മഹാഗൗരി അതിനു മറുപടി പറയാതെ മറ്റൊരു കാര്യമാണെടുത്തിട്ടത്..

" ഗിരിധറിനേ
പോലെയുള്ളവരുടെ കയ്യിൽ ഭരണം കൈവന്നാലുളള
അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ.., ഈ രാജ്യത്തിന്റെ ഗതി എന്താകും..?
ഇവർ ഒരുതരം
രാജവാഴ്ചയല്ലേ നടത്തൂ.. ഇഷ്ടം ഇല്ലാത്തവരെ തീർത്തുകളയും, യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ.. ."
" അത് നേരാണ്.. " പരമേശ്വരി സമ്മതിച്ചു
" അത്ര ഈസിയായിട്ടുള്ള ആളല്ല ഗിരി.. പിന്നെ വൈരാഗ്യവും, മുൻകോപവും..,
ഒരു രാഷ്ട്രീയ പ്രവർത്തകനു വേണ്ടതായ ഒരു നന്മയുമില്ല,. നയതന്ത്രജ്ഞത തീരെയില്ല.. "
ഗിരിയുടെ വക്കീലിനോട് സംസാരിച്ച കാര്യത്തെക്കുറിച്ചും,
ജാമ്യം കിട്ടാൻ സാധ്യതയില്ലെന്ന്
അദ്ദേഹം പറഞ്ഞതും.. കേസിന്റെ നിലനിൽപ്പിനേക്കുറിച്ചുമൊക്കെ അവർ വിശദമായി ചർച്ച ചെയ്തു .
കൊലപാതകം മാത്രമല്ല, പണം കൊടുത്തു വശീകരിച്ചു കുറ്റം ഏറ്റെടുക്കാൻ മറ്റൊരാളെ പ്രേരിപ്പിച്ചു... എന്തൊക്കെ വകുപ്പുകൾ ചുമത്തിയാണ്
ശിക്ഷിക്കപ്പെടാൻ പോകുന്നതെന്നാർക്കറിയാം..
തരംഗം ടി.വിയാണ്. ഇങ്ങനെയൊരു വാർത്ത പുറത്തുകൊണ്ടുവന്നത്.
അതിന്റെ തിക്താനുഭവം എന്തായിരിക്കുമെന്നറിയില്ല
മഹാഗൗരിയെക്കുറിച്ച് ഗിരിധറിനു മാത്രമല്ല, മറ്റു മാധ്യമപ്രവർത്തകർക്കും
ഒന്നും അറിയില്ല. അറിയാനാഗ്രഹമുണ്ടായിരുന്നു..നിരാശയായിരുന്നു
ഫലം..ബ്രിന്ദയെ സംബന്ധിച്ചിടത്തോളം, ചാനലിന്റെ TRP റേറ്റിംഗ് കൂട്ടാൻ സാധിച്ചു ഈയൊരു വാർത്ത കൊണ്ട്.. എന്നാലും മഹാഗൗരിയുടെ ജീവിതം ഇതിനുശേഷം
എന്താകുമെന്ന ഭയമുണ്ട്..
ഗിരിധറിനെ ജയിലിൽ അടയ്ക്കാൻ സാധിക്കുമായിരിക്കും.. പക്ഷെ.. അയാൾ ഉറപ്പായും പകരം വീട്ടും...
ഇതൊന്നും തെല്ലുപോലും , മഹാഗൗരിയെ ഭയപെടുത്തുന്നില്ല, അതാണ് അത്ഭുതം. വല്ലാത്ത ധൈര്യമുള്ള സ്ത്രീതന്നെ..
ഒരു വഴിയിലൂടെ ഒരു ലക്ഷ്യത്തോടെ നടന്നു നീങ്ങുന്ന ചിലരുണ്ട്. പാദത്തിൽ എത്ര മുള്ളുകൾ തുളച്ചു കയറിയാലും അതിനെ നിഷ്പ്രയാസം ഊരിയെടുത്തു വഴിയിൽ വലിച്ചെറിഞ്ഞു മുന്നോട്ടു നടക്കും.. ചിലരാകട്ടെ അതീവ ജാഗ്രതയോടെ അതിലേറെ സൂക്ഷ്മതയോടെ മുള്ളെടുക്കുന്നു, അതിനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ഉപേക്ഷിക്കും. മറ്റു ചിലരാകട്ടെ തറച്ച മുള്ളിനെ മുറിവിന്റെ
ആഴങ്ങളിലേക്ക് ഇറക്കി വിട്ട് ആ നോവൊരു ലഹരിയാക്കി, അതിൽ നിന്നും ശക്തി സംഭരിച്ചു ജീവിക്കും . മഹാഗൗരി ആ ജനുസ്സിൽ പെട്ടവളാണ്.
എപ്പോഴോ ഗിരിധർ ഉറങ്ങിപ്പോയി.. മാനസികമായും ശാരീരികമായും വല്ലാതെ തളർന്നിരിക്കുന്നു.
അല്ല തളർത്തി
യിരിക്കുന്നു..അറ്റമില്ലാത്ത ചോദ്യങ്ങളുടെ താക്കോൽകൂട്ടം എറിഞ്ഞു കൊടുക്കും പോലെ, ആയിരം ചോദ്യശരങ്ങൾ അയാളിലൂടെ കടന്നു പോയി. ആ നിദ്രയിലും
പുറത്തെന്തോ ബഹളം കേട്ടാണുണർന്നത്..
പുറത്തു ചാനലുകാരുടെ ഒരു പട തന്നെയുണ്ട്..
സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു.. താൻ ഇത്രയും നേരം ഉറങ്ങിപ്പോയോ.. ? ഫോണിൽ വളരെയധികം മിസ്സ്ഡ് കോളുകൾ, വക്കീലിന്റെ..
താഴേക്കിറങ്ങി ചെല്ലുമ്പോൾ വക്കീൽ അക്ഷമനായി കാത്തിരിക്കുന്നു,
കൂടെ പോലീസുകാരും.. അവർ അയാൾക്ക് വസ്ത്രം മാറാനും മറ്റും സമയം അനുവദിച്ചു. എന്താണെങ്കിലും, അവരിൽ ചിലരുടെയെങ്കിലും മേലാധികാരിയായിരിന്നുകുറച്ചു നാളെങ്കിലും അയാൾ..
അതെ, ഗിരിധർ മഹാദേവൻ അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാ ചാനലുകളും, മറ്റു വാർത്താ മാധ്യമങ്ങളും അത് ആഘോഷിക്കുകയാണ്.. വലിയവരുടെ പതനം, അത് കാണുന്നത് എല്ലാവർക്കും ഉള്ളിന്റെയുള്ളിൽ
ഒരു സന്തോഷമാണ്. പ്രത്യക്ഷത്തിൽ ശത്രുക്കൾ ഇല്ലെങ്കിലും, അയാളെ തീർത്തുകാണാൻ പലരും ഉള്ളാലെ ആഗ്രഹിച്ചിരുന്നു.
അതിനായിട്ടിറങ്ങി പുറപ്പെട്ട ദുർഗ്ഗയാണോ ഈ മഹാഗൗരി..!
ആദിപരാശക്തിയുടെ മൂർത്തരൂപമായ ദുർഗ്ഗ..! ശിവപത്നിയായ ശ്രീപാർവ്വതിയുടെ മൂലരൂപമായ ദുർഗ്ഗ...! മഹിഷാസുരമർദ്ദിനിയായ
ദുർഗ്ഗ..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക