Image

ഗോവിന്ദച്ചാമിയ്ക്കു പിന്നാലെ ബാബുക്കുട്ടന്‍: തീവണ്ടിയിലെ കവര്‍ച്ചകള്‍ തുടര്‍ക്കഥ (ഉയരുന്ന ശബ്ദം-36: ജോളി അടിമത്ര)

Published on 01 May, 2021
ഗോവിന്ദച്ചാമിയ്ക്കു പിന്നാലെ ബാബുക്കുട്ടന്‍: തീവണ്ടിയിലെ കവര്‍ച്ചകള്‍ തുടര്‍ക്കഥ (ഉയരുന്ന ശബ്ദം-36: ജോളി അടിമത്ര)
സ്ത്രീയുടെ ജീവിതം എന്തെന്തു ദുരന്തങ്ങളെ വകഞ്ഞുമാറ്റിയാണ് മുന്നോട്ടു പോകുന്നത്.ഏതെല്ലാം കടലിടുക്കുകളെ കടന്നുവേണം മറുകരയിലെത്താന്‍.എത്ര മരുഭൂമികളെ അതിജീവിച്ചുവേണേം അപ്പുറത്തെ പുല്‍പ്പുറത്തെത്താന്‍.അടക്കിവച്ച ഞരക്കങ്ങള്‍ ആരുമറിയുന്നില്ല, അമര്‍ത്തിവച്ച കൊടുങ്കാറ്റുകള്‍ ആരും കേള്‍ക്കുന്നില്ല.പതിയിരിക്കുന്ന ദുരന്തങ്ങളെ അതിജീവിച്ചാണ് ഓരോ ദിവസവും അവള്‍ പിന്നിടുന്നത്. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം എറണാകുളത്തിനടുത്ത് മുളന്തുരുത്തിയില്‍നിന്നും തീവണ്ടിയില്‍ കറിയ യുവതിയ്ക്കു നേരിട്ട ദുരന്തത്തിന്റെ സാഹചര്യത്തിലാണ്..
മാസങ്ങള്‍ക്കുമുമ്പ് റിസര്‍വ്വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്ത പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതിനും മോശമായിപെരുമാറിയതിനും ടിടിഇ അറസ്റ്റിലായതും ഇന്നലത്തെതന്നെ വന്ന മറ്റൊരു വാര്‍ത്തയായിരുന്നു.വേലിതന്നെ വിളവു തിന്നുമ്പോള്‍ ഭിക്ഷാടനത്തിന്റെ മറവില്‍ തീവണ്ടിയില്‍ വിഹരിക്കുന്ന ക്രിമിനലുകളെപ്പറ്റി എന്തു പറയാന്‍..

സ്ഥിരംട്രെയിന്‍ യാത്രികരായ സ്ത്രീകള്‍  അതിരാവിലെ എണീറ്റ് വീട്ടുകാര്‍ക്കുള്ള പ്രാതലും ഉച്ചഭക്ഷണവും ഒരുക്കി ,കഴിച്ചും കഴിക്കാതെയും പൊതിഞ്ഞെടുത്തും ഒരോട്ടമാണ് തീവണ്ടി ആപ്പീസിലേക്ക്.തീവണ്ടി പോയാല്‍ ഒരു ദിവസമാണ് പോയിക്കിട്ടുന്നത്.ഒരു തൊഴില്‍ദിനം പാഴായാല്‍ ജീവിതചക്രം തന്നെ മാറിപ്പോകുന്ന കാലത്താണ് നമ്മുടെ ജീവിതമിപ്പോള്‍.അങ്ങനെയാണ് കഴിഞ്ഞ ബുധനാഴ്ച കൊച്ചി , മുളന്തുരുത്തി സ്‌നേഹനഗര്‍ കാര്‍ത്യായനി സദനത്തില്‍ രാഹുലിന്റെ ഭാര്യ മുപ്പത്തിഒന്നുകാരി ആശ ഗുരുവായൂര്‍-പുനലൂര്‍  തീവണ്ടിയില്‍ കയറിയത്.ചെങ്ങന്നൂര്‍ വിദ്യാഭ്യസ ഡപ്യൂട്ടി ഡയറക്ടര്‍ ഒഫീസിലെ ഉദ്യോഗസ്ഥയാണ് അവര്‍. മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ട്രെയിനില്‍ കയറിയത്.. സമയം രാവിലെ എട്ടേമുക്കാല്‍.അടുത്ത സ്റ്റേഷനില്‍നിന്നും പതിവുയാത്രക്കാര്‍ കയറാനുള്ളതിനാലാവണം ആശ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരുമില്ലാതായിട്ടും കറിയത്.മറ്റൊരു കോച്ചിലുണ്ടായിരുന്ന അക്രമി ട്രെയിന്‍ വിടുന്നതിനു തൊട്ടുമുമ്പ് നൊടിനേരത്തിനുള്ളില്‍  ആ കമ്പാര്‍ട്ടുമെന്റിലേക്ക് വന്നു കയറി.കവര്‍ച്ചയ്ക്കു തക്കം പാര്‍ത്തിരുന്നപ്പോഴാവണം ആശ ഒറ്റയ്ക്ക് ലേഡിസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നതു കണ്ടത്.പരിചയസമ്പന്നനാവണം അയാള്‍.  വന്നുകയറിയതും ട്രെയിന്‍ വിട്ടു.ഉടന്‍തന്നെ അയാള്‍ വാതിലുകള്‍ അടച്ചു.അതു കണ്ട യുവതി സഹോദരിയെ വിളിച്ചു വിവരം അറിയിച്ചിരുന്നു.ആശയുടെ അടുത്തുചെന്ന് സ്‌ക്രൂഡ്രൈവര്‍ കാണിച്ച് ഭീഷമിപ്പെടുത്തി മാലയും വളയും ഊരി വാങ്ങി.ഫോണ്‍ വാങ്ങി പുറത്തേക്ക് വലിച്ചെറിഞ്ഞു.പിന്നെ യുവതിയുടെ മുടിയില്‍ പിടിച്ചുവലിച്ച് ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു.ആക്രമണം സര്‍വ്വശക്തിയുമെടുത്ത് ചെറുത്ത യുവതി എങ്ങനെയോ വാതില്‍ വലിച്ചുതുറന്ന് പുറത്തേക്കു ചാടാനൊരുങ്ങി.നല്ല വേഗതയിലോടുന്ന ട്രെയിനിന്റെ വാതില്‍പ്പടിയില്‍ തൂങ്ങിക്കിടക്കുന്നതിനിടെ ആശ പുറത്തേക്കു തെറിച്ചു വീണു. അക്രമി ആശയുടെ കൈകള്‍ വിടുവിച്ചതാണെന്നും പറയുന്നു.10 മിനുട്ടിനുള്ളിലാണ് എല്ലാം സംഭവിച്ചത്.ട്രാക്കില്‍ വീണു കിടന്ന സ്ത്രീയെ കണ്ട് നാട്ടുകാരാണ് കണ്ടെത്തിയതും ഭര്‍ത്താവിനെ വിവരം അറിയിച്ചത്.ആശ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായി.അക്രമി ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണെന്ന് കണ്ടെത്തി.ഇയാള്‍ ഉടന്‍ വലയിലാകുമെന്നു സൂചനയുണ്ട്.

   എവിടെയാണ് പിഴവു പറ്റിയത് ?

പത്തു വര്‍ഷം മുമ്പ് ഗോവിന്ദച്ചാമി എന്ന ഭിക്ഷക്കാരന്‍ തീവണ്ടിയാത്രക്കാരിയായ സൗമ്യ എന്ന പാവപ്പെട്ട പെണ്‍കുട്ടിയെ ആക്രമിച്ചതും കൊന്നതും മലയാളി ഞെട്ടലോടെയാണ് ഓര്‍മിക്കുന്നത്.വിളിപ്പുറത്ത് വഴിക്കണ്ണുമായി കാത്തിരുന്ന ഒരമ്മയുണ്ടായിരുന്നു സൗമ്യയ്ക്ക്.വിവാഹസ്വപ്‌നങ്ങളുടെ തങ്കക്കിനാക്കള്‍ നെയ്‌തെടുക്കുന്ന പെണ്‍കുട്ടിയെ  ഒറ്റ നിമിഷം കൊണ്ടാണ് ആ ഭിക്ഷക്കാരന്‍ അവളെ  അതിക്രൂരമായി ഇല്ലായ്മ ചെയ്തത്.ആ അരുംകൊല  രാത്രി കനക്കുംമുമ്പായിരുന്നെങ്കില്‍ ഇത് പട്ടാപ്പകല്‍ എന്ന വ്യത്യാസം കൂടിയുണ്ട്.ഒാടുന്ന തീവണ്ടിപ്പടിയില്‍ തൂങ്ങക്കിടിന്ന് ജീവനു വേണ്ടി പിടയ്ക്കുന്ന സഹജീവിയുടെ കൈകള്‍ ബലമായി വിടുവിച്ച് മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത് സന്തോഷിക്കുന്ന മനസ്സുള്ള ക്രിമിനല്‍ .ആരാണ് ഇവരെയൊക്കെ ഇവിടെ വളര്‍ത്തുന്നത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.ഭിക്ഷക്കാരന്‍ ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാനും ഇവിടെ പേരുള്ള അഭിഭാഷകര്‍ മുന്നോട്ടുവന്നു എന്നത് ഒരു മുന്നറിയിപ്പാണ്.ഏതോ ചില അവിഹിതകൂട്ടുകെട്ടുകളുടെ സൂചന അതിലില്ലേ എന്നു സംശയിക്കണം.

   സ്ത്രീകള്‍ തനിയെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.ഇത്തരം ദുരന്തങ്ങള്‍ക്കു നാം സാക്ഷികളാവുമ്പോള്‍ പ്രത്യേകിച്ചും.റെയില്‍ അലര്‍ട്ട് നമ്പറുകള്‍ ഫോണില്‍ സേവ്‌ചെയ്യുക.അടിയന്തര ഘട്ടത്തില്‍ അവ ഉപയോഗിക്കണം.യാത്രയില്‍ വാരിവലിച്ച് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് പ്രദര്‍ശിപ്പിക്കാതിരിക്കുക.ചില സ്ത്രീകള്‍ സീറ്റു കിട്ടിയാലുടന്‍ പരിസരബോധമില്ലാതെ കൂര്‍ക്കം വലിച്ചുറങ്ങുന്നത് കണ്ടിട്ടുണ്ട്.ഒരു കാരണവശാലും ആരുമില്ലാത്ത കമ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്ക് സ്ത്രീകള്‍ യാത്ര ചെയ്യരുത്.അടുത്ത സ്റ്റേഷനില്‍നിന്ന് ആളുകള്‍ കയറിക്കഴിഞ്ഞാല്‍ മാറിക്കയറാവുന്നതേയുള്ളൂ.എന്തെങ്കിലും സാഹചര്യത്തില്‍ കയറേണ്ടിവന്നാല്‍ സീറ്റിനടിയിലും ടോയ്‌ലറ്റിലും ആരുമില്ലെന്നുറപ്പാക്കിയിട്ടേ യാത്ര തുടരാവൂ.ട്രെയിനിന്റെ വാതില്‍ അടച്ച് കുറ്റിയിടാന്‍ മറക്കരുത്.സമര്‍ത്ഥരായ കവര്‍ച്ചക്കാര്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടശേഷം സ്പീഡെടുക്കുംമുമ്പാണ് ചാടിക്കയറുക.

 എനിക്കുണ്ടായ അനുഭവം പറയട്ടെ.
കോഴിക്കോട്ട് ജോലിചെയ്ത എട്ടുവര്‍ഷവും തീവണ്ടിയാത്രക്കാരിയായിരുന്നു ഞാന്‍.2000-2008 കാലം.ബുക്കുചെയ്തു മിക്കപ്പോഴും ജോലിത്തിരക്കില്‍  കാന്‍സലേഷന്‍ പതിവായപ്പോള്‍ കിട്ടുന്ന ട്രെയിനെന്നായി.ജനറല്‍കമ്പാര്‍ട്ടുമെന്റിലെ തിക്കിത്തിരക്കുകള്‍ അസഹ്യമായതോടെ  ലേഡിസ് കമ്പാര്‍ട്ടുമെന്റ് ശരണമാക്കി.പാതിരായാത്ര ശീലമായി.ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലെത്തി അന്നു പാതിരാതീവണ്ടിക്കു തിരിച്ചുപോകുന്ന അവസ്ഥ.ഒരിക്കലും അതെന്നെ വിഷമിപ്പിച്ചില്ല.തളര്‍ത്തിയുമില്ല.പത്രപ്രവര്‍ത്തനമെന്ന ഇഷ്ടമേഖലയിലെത്തിയ ആഹ്‌ളാദത്തില്‍ മുന്നിലെ ചെറിയ തടസ്സങ്ങളെ അവഗണിച്ചു.അങ്ങനെ പതിവുപോലെ വൈകുന്നേരം ആറരയുടെ ട്രെയിനില്‍ കോഴിക്കോടുനിന്ന് കോട്ടയത്തേക്കു യാത്ര തിരിച്ചു.ട്രെയിന്‍ താനൂര്‍ വിട്ടു.സ്പീഡെടുക്കുംമുമ്പൊരാല്‍ ഓടിക്കയറിയതായി ഒരു യാത്രക്കാരി വിളിച്ചു പറഞ്ഞു.ടോയ്‌ലറ്റിലേക്കുപോയ സ്ത്രീ തുറിച്ചുനോക്കിയ ആളെക്കണ്ടു തിരിച്ചുപോന്നു.വിവരമറിഞ്ഞ ഞങ്ങള്‍ രണ്ടുമൂന്നു സ്ത്രീകള്‍ വാതില്‍ക്കലെത്തി അയാളെ കണ്ടു.അതു ലേഡീസ് കമ്പാര്‍ട്ടുമെന്റാണെന്നും അടുത്ത സ്റ്റേഷനില്‍ ഇറങ്ങിമാറിക്കയറണമെന്നും പറഞ്ഞു.അയാള്‍ ഞങ്ങളുടെ പിന്നാലെ വന്ന് അലറാന്‍ തുടങ്ങി.താന്‍ ജയില്‍ശിക്ഷ കഴിഞ്ഞ്  ഇറങ്ങിയവനാണെന്നും കത്തി കൈവശമുണ്ടന്നും കുത്തിമലര്‍ത്തുമെന്നുമൊക്കെയാണ് ആക്രോശം.ഇതിനിടെ ഞാന്‍ അപായചങ്ങല പിടിച്ചു വലിച്ച.തീവണ്ടി ഉടന്‍ നില്‍ക്കുമെന്നാണല്ലോ നമ്മുടെ സങ്കല്‍പ്പം.ഞാന്‍ വലിഞ്ഞതല്ലാതെ ചെയിനിന് യാതൊരു അനക്കമുണ്ടായില്ല.' വലിക്കെടീ,ആഞ്ഞുവലിക്കെടീ ' എന്നു പറഞ്ഞ് അക്രമി എന്നെ പരിഹസിക്കയും ചെയ്തു.എല്ലാവരും നിശബ്ദരായി .താനൂരെത്തുംമുമ്പ് ട്രെയിന്‍ സ്പീഡു കുറച്ചതോടെ അയാള്‍ ഇരുളിലേക്കു ചാടി മറഞ്ഞു.പരിചയസമ്പന്നനായിരിക്കണം അയാള്‍.പിന്നീട് ഗാര്‍ഡിനെ  വിവരം അറിയിച്ചപ്പോള്‍  അക്രമി ഓടിപ്പോയ സാഹചര്യത്തില്‍  വാതിലടയ്ക്കാന്‍ മാത്രമായിരുന്നു മറുപടി.അന്ന് മൊബൈല്‍ഫോണ്‍ സൗകര്യങ്ങളില്ലായിരുന്നു.
ലേഡിസ് കംമ്പാര്‍ട്ടുമെന്റുകള്‍ ഇപ്പോള്‍ തീവണ്ടിയുടെ  ഏറ്റവും ഒടുവിലാണ് .എന്തുകൊണ്ട് അത് നടുവിലാക്കിക്കൂടാ.പിന്നിലാക്കിയാലും മറ്റു കമ്പാര്‍ട്ടുമെന്റില്‍നിന്ന് പ്രവേശിക്കാവുന്ന വിധം വാതില്‍ സൗകര്യം ഉണ്ടെങ്കില്‍ ഇത്തരം അപകടങ്ങളെ ഒരു പരിധിവരെ തടയാനാവും.റെയില്‍വേ ഡ്യൂട്ടിപൊലിസിനും ഇടയ്ക്കിടെ ശ്രദ്ധിക്കാനാവും

      തീവണ്ടിയില്‍ ഭിക്ഷാടനം കര്‍ശനമായി നിരോധിക്കാത്തതെന്തുകൊണ്ട് ?.

എന്തായാലും  ഭിക്ഷാടകര്‍ കയറുന്നതും ഇറങ്ങുന്നതും സ്‌റ്റേഷനില്‍നിന്നുതന്നെയാവുമല്ലോ.എന്തുകൊണ്ട് റെയില്‍വേ പൊലിസിനെ നിയോഗിച്ച് ഇവരെ അകറ്റി നിര്‍ത്തുന്നില്ല.ടിക്കറ്റെടുക്കാതെ  ഒാസിലാണ് ഇവരെല്ലാം തീവണ്ടിയില്‍ തമ്പടിക്കുന്നത്.ഇവരില്‍ മിക്കവരും ക്രിമിനലുകളാണ്.ഇത്തവണത്തെ അക്രമി  ബാബുക്കുട്ടന്‍ നിരവധിക്കേസുകളില്‍ പ്രതിയാണെന്ന  വാര്‍ത്തയും പുറത്തുവരുന്നു.തീവണ്ടികളില്‍ ഭിക്ഷാടനത്തിനെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ റെയില്‍വേയ്‌ക്കെന്നതുപോലെ യാത്രക്കാര്‍ക്കും പങ്കുണ്ട്.കൈനീട്ടുന്നവര്‍ക്കെല്ലാം പണം നല്‍കുന്ന രീതി നിര്‍ത്തണം.ഇരുന്നു നിരങ്ങി ട്രെയിനിനകം തൂത്തുവാരി പണത്തിനു കൈനീട്ടുന്നവരെ കണ്ടിട്ടുണ്ട്.പലര്‍ക്കും കാലിന് ഒരു കുഴപ്പവുമില്ല.ഒടുവിലത്തെ സ്‌റ്റേഷനിന്‍നിന്ന് പൊടിതട്ടി രണ്ടുകാലില്‍ നടന്ന് സ്ഥലം വിടുന്ന കാഴ്ച കാണാം.  നമ്മുടെ സഹതാപം ഇത്തരക്കാരെ വളര്‍ത്തുകയാണെന്നു മറക്കരുത്.മാത്രമല്ല,കൈ നീട്ടുന്ന നിസ്സഹായമുഖങ്ങളെ കച്ചവടത്തിനിറക്കി പണം പിരിക്കുന്ന വലിയൊരു സംഘം പിന്നിലുണ്ടെന്നും ഓര്‍മിക്കണെം.കൊലപാതകംചെയ്ത ക്രിമിനലുകളെപ്പോലും രക്ഷിക്കാന്‍ , കേസ്സു വാദിക്കാന്‍ പ്രമുഖ അഭിഭാഷകരെ രംഗത്തിറക്കുന്നതിന്റെ പിന്നിലും ആരെന്നുള്ളതും ചിന്തിക്കുക.
    എന്തായാലും  ആശ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ജീവിതത്തിലേക്കു മെല്ലെ മടങ്ങുകയാണവള്‍.എന്നിരുന്നാലും മനസ്സിനേറ്റ ആഘാതത്തില്‍നിന്നു മോചനം നേടാന്‍ എത്രകാലമെടുക്കും.

വീണ്ടുമൊരു കവര്‍ച്ചാശ്രമം ഉണ്ടായതോടെ റെയില്‍വേയും സംസ്ഥാനപൊലീസും സടകുടഞ്ഞെണീറ്റു.ഹൈക്കോടതി ഉണര്‍ന്നു.വൈകാതെ റെഡ് ബട്ടണ്‍ സംവിധാനം വരുമെന്നു കേള്‍ക്കുന്നു.പോര്‍ട്ടര്‍മാരെയും സ്ഥിരം യാത്രക്കാരെയും ചേര്‍ത്ത് ജനമൈത്രി റെയില്‍വേ പൊലിസ് സംവിധാനം ഉണ്ടാക്കും.തീവണ്ടിയിലെ അപായ ചങ്ങല വലിച്ച് കൈ തളര്‍ന്നതുപോലെയാകുമോ ചുവന്ന ''ബട്ടണ്‍സ് ' സംവിധാനം.ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ ആകെ ജഗപൊക.അതു കഴിഞ്ഞാല്‍ എല്ലാം തഥൈവ.ഇത്തവണയെങ്കിലും മാറ്റം സംഭവിക്കുമോ ?കാത്തിരുന്നു കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക