-->

kazhchapadu

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

Published

on

പതിവ് പോലെ അതികാലത്ത് പ്രഭാത നിസ്കാരത്തിന്റെ സമയത്തിനു തൊട്ടു മുമ്പ് തന്നെ അബൂക്ക ഉറക്കമുണർന്നു. തലേന്ന് രാത്രി വളരെ വൈകിയായിരുന്നു ഉറങ്ങാൻ കിടന്നത്. ജോലി കഴിഞ്ഞ് വന്ന്, റൂമിലെ എല്ലാ താമസക്കാർക്കും വേണ്ടി ഭക്ഷണം പാകം ചെയ്ത്, കുളിച്ച് കുറച്ച് അകലെ താമസിക്കുന്ന ഒരു ബാല്യകാല സുഹൃത്തിനെ കാണാൻ പോയി. കുറെ വർഷങ്ങൾക്ക് ശേഷമായിരുന്നു രമേശനെ അബൂക്ക നേരിൽ കാണുന്നത്. ഗൾഫിൽ തന്നെ ഉണ്ടെന്ന് അറിയാമായിരുന്നുവെങ്കിലും എവിടെയാണ് ഉള്ളത് എന്ന് അഞ്ചാറ് മാസം മുമ്പാണ് കൃത്യമായി മനസ്സിലായത്. കൊറോണ നിയന്ത്രണങ്ങൾ മൂലം യാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കണ്ട്മുട്ടൽ കുറെ നീണ്ടു പോയി. അവസാനം ഇന്നലെ വൈകുന്നേരമാണ് ചങ്ങാതിയെ കാണാൻ രണ്ടും കല്പിച്ച് ഒരു ടാക്സിയിൽ കുറച്ചകലെയുള്ള അജ്മാനിലേക്ക് അബൂക്ക ചെന്നത്.

കണ്ട് മുട്ടിയപ്പോൾ ചെറുപ്പ കാലത്തെ ധാരാളം മധുരസ്മരണകൾ അവർ അയവിറക്കി. പത്താം ക്ലാസ്സ് വരെ ഒരേ ക്ലാസ്സിൽ പഠിച്ചവരും ഒക്കച്ചങ്ങായിമാരുമായിരുന്നു രണ്ട് പേരും. ആ കാലഘട്ടത്തിൽ തോളിൽ കൈയിട്ട് അവർ നടന്നു പോകാത്ത സ്ഥലങ്ങൾ വളരെ കുറവായിരുന്നു. യാതൊരു വിധ ജീവിത പ്രാരാബ്ധങ്ങളും ബാധിക്കാത്ത അന്നത്തെ ജീവിതം ഓർത്തെടുത്ത് പ്രസന്നമായ കുറെ മണിക്കൂറുകൾക്ക് ശേഷം വളരെ വൈകിയാണ് അബൂക്ക ദുബായ് നയിഫ് റോഡ്  പരിസരത്തെ മുറിയിൽ തിരിച്ചെത്തിയത്. പിന്നെ ഉറങ്ങാൻ കിടന്നെങ്കിലും കുറെ സമയത്തേക്ക് ഉറക്കം വന്നതും ഇല്ല. സാധാരണ ദിവസങ്ങളിൽ അലോസരപ്പെ ടുത്തുന്ന ചിന്തകളാണ് അബൂക്കയുടെ ഉറക്കം കെടുത്താറുള്ളതെങ്കിൽ അന്ന് ചിന്തകളിൽ നിറഞ്ഞ് നിന്നത് കളിക്കൂട്ടുകാരനോടൊന്നിച്ചുള്ള പഴയ കാല മധുര സ്മരണകളാണ്. അവസാനം ഏറെ നേരം കഴിഞ്ഞ് ഉറങ്ങിയപ്പോഴാകട്ടെ സ്വപ്നങ്ങളുടെ ഘോഷയാത്ര ആയിരുന്നു.

ഈയിടെയായി അങ്ങിനെയാണ്. ഉറങ്ങുന്നതിനു മുമ്പ് എന്തെങ്കിലും ഓർത്താൽ മതി അത് അതെ പടി സ്വപ്നത്തിൽ പ്രത്യക്ഷപ്പെടും. അന്ന് ഉറങ്ങാൻ കിടന്നപ്പോൾ കൂട്ടുകാരനോടൊപ്പം ഉപ്പാന്റെ കണ്ണ് വെട്ടിച്ച് വയലെ കോട്ടത്ത് തെയ്യം കാണാൻ പോയ കാര്യം ഓർത്തിരുന്നു. അനുവാദം  ചോദിക്കാതെ രാത്രി സമയത്ത് വീട്ടിൽ നിന്നും പോയത് ഉപ്പ കണ്ട് പിടിച്ച് നല്ല ചൂരൽ കഷായം പാസ്സാക്കി..തെയ്യം കാണാൻ പോയതും അതിന്റെ അനന്തര ഫലങ്ങളും ഓർത്തത് കൊണ്ടായിരിക്കണം സ്വപ്നങ്ങളിൽ കടന്നു വന്നത് തെയ്യവും ചെണ്ടമുട്ടും വെളിച്ചപ്പാടും ഒക്കെ ആയിരുന്നു. രസകരമായ സംഗതി സ്വപ്നത്തിലെ കഥാപാത്രങ്ങൾക്കെല്ലാം സ്വന്തം കുടുംബാംഗങ്ങളുടെ മുഖഛായ ആയിരുന്നു എന്നതാണ്. ചെണ്ടക്കാരന് അനുജൻ മമ്മദിന്റെയും ഇലത്താളക്കാർക്ക് മമ്മദിന്റെ ബീഡറുടെയും മോളുടെയും മുഖഛായ  ആയിരുന്നു. രണ്ട് വെളിച്ചപ്പാടുകൾക്കും അബൂക്കയുടെ രണ്ട് സഹോദരിമാരുടെ മുഖവും, വെളിച്ചപ്പാടിന്റെ സഹായിക്ക് ഉമ്മയുടെ മുഖവും.

ആദ്യം ചെണ്ടക്കാരനും ഇലത്താളക്കാരുമായിരുന്നു രംഗത്ത് വന്നത്. കൊട്ടും താളവും മുറുകിത്തുടങ്ങിയപ്പോൾ രണ്ട് വെളിച്ചപ്പാടുകളും അവരുടെ സഹായിയും രംഗത്ത് വന്നു. അവർ ഉറഞ്ഞ് തുള്ളിക്കൊണ്ട് തോറ്റം പാട്ട് തുടങ്ങി. അവർ പാടുന്നതെല്ലാം കുറച്ചധികം തീവ്രതയോടെ സഹായിയും ഏറ്റ് ചൊല്ലി. മുമ്പെങ്ങോ ജീവിച്ചിരുന്ന ധീരയായ ഒരു രാജകുമാരിയുടെ അപദാനങ്ങളാണ് ആദ്യം പാടിയത്. രാജകുമാരി ഭർത്തൃ ഗൃഹത്തിൽ വെച്ച് അതി കഠിനമായ പീഠനങ്ങൾ അനുഭവിക്കേണ്ടി വരുന്നു. കുലമഹിമയിലും സമ്പത്തിലും ഭർത്താവിന്റെ വംശത്തേക്കാൾ കുറച്ച് താഴ്ന്നു പോയി എന്നതായിരുന്നു കാരണം. ഒടുവിൽ സഹികെട്ട് സംഹാരരുദ്രയായി മാറിയ രാജകുമാരി അവരെ നേരിടാൻ വന്ന ഭർത്താവിന്റെ സേനാ നായകരെയും സഹായികളെയും നിലം പരിശാക്കുകയും ഭർത്തൃ കുലം നശിപ്പിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ച് വരികയും ചെയ്യുന്നു. ഇങ്ങനെയൊക്കെയായിരുന്നു ആദ്യത്തെ തോറ്റം പാട്ട്.

ആദ്യ തോറ്റം പാട്ട് പോലെ തന്നെ രണ്ടാമത്തേതും ഒരു ധീര വനിതയെ പറ്റി തന്നെ. അവരുടെ വീരഗാഥ വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളിക്കൊണ്ട് ചൊല്ലിയപ്പോൾ എന്താണെന്ന് അറിയില്ല അതിനു ഒരു മാപ്പിളപ്പാട്ടിന്റെ ശീലാണ് എന്നാണു അബൂക്കക്ക് തോന്നിയത്. അവരുടെ വീരഗാഥ ഈണത്തോടെ ചൊല്ലുന്നതോടൊപ്പം വെളിച്ചപ്പാടിന്റെ സ്വത:സിദ്ധമായ ഭാവവാഹാദികളും ചുവടുകളും പാട്ടിനു കൊഴുപ്പു കൂട്ടി. ഈ നായിക സ്വന്തമായി യുദ്ധം ചെയ്യാതെ നേർ ആങ്ങളയെ യുദ്ധത്തിന് സന്നദ്ധനാക്കി എല്ലാ സന്നാഹങ്ങളും ചെയ്തു കൊടുക്കുകയായിരുന്നു. കടലുകൾക്കപ്പുറം ചെന്ന് കോട്ടകൾ പിടിച്ചടക്കാൻ തന്റെ പുരുവന്റെ സഹായത്തോടെ അവർ നേർ ആങ്ങളക്ക് കാര്യമായ ഒത്താശകൾ ചെയ്ത് കൊടുത്തു. പെങ്ങൾ പകർന്ന് കൊടുത്ത ധൈര്യവും  ആത്മവിശ്വാസവും ഉപയോഗപ്പെടുത്തി സ്ഥിരോത്സാഹത്തിലൂടെ നേരാങ്ങള കടലിനക്കരെയുള്ള കോട്ടകൾ പിടിച്ചടക്കി. അവിടെ നിന്നും എടുത്താൽ പൊങ്ങാത്ത സമ്പത്തുകളുമായി തിരിച്ചെത്തുകയും എല്ലാം നേർ പെങ്ങളുടെ കാൽക്കീഴിൽ സമർപ്പിക്കുകയും ചെയ്തു. അവർ ആ സമ്പത്ത് ഉപയോഗിച്ച് സ്വന്തം മക്കളെ വലിയ യോദ്ധാക്കളാക്കി മാറ്റി. കുടുംബ മഹിമ ഉയർത്താൻ ഇത് വരെയുള്ളതൊന്നും മതിയായില്ല എന്ന നേർപെങ്ങളുടെ അരുളപ്പാട് മാനിച്ച് ഇനിയും സമ്പത്തുകൾ തേടി നേരാങ്ങള വീണ്ടും കടൽ കടക്കുകയും ചെയ്തു.

വെളിച്ചപ്പാടുകൾ പാടുകയും സഹായി ഏറ്റു പാടുകയും ചെണ്ടക്കാരുടെയും താളക്കാരുടെയും മതിമറന്നുള്ള കൊട്ട് തകർക്കുകയും  ചെയ്യവേ ഉഗ്ര രൂപിണിയായ മറ്റൊരു തെയ്യം രംഗത്ത് പ്രത്യക്ഷപ്പെട്ടു. ആ തെയ്യത്തിന് അബൂക്കയുടെ ബീഡർ പാത്തുമ്മയുടെ മുഖമായിരുന്നു. അവരുടെ ഇളയ രണ്ട് മക്കൾ തെയ്യത്തിന്റെ മുതുകിൽ രണ്ട് വശത്തായും മൂത്തയാൾ തലയിലും ഇരുന്നിരുന്നു. ഏറ്റവും ചെറിയ രണ്ട് മക്കളെ രണ്ട് കൈകളിലും താങ്ങിപ്പിടിക്കുകയും ചെയ്തിരുന്നു. രക്തച്ഛവി കലർന്ന കണ്ണുകളാൽ തെയ്യം വെളിച്ചപ്പാടുകളെയും കാണികളെയും രൂക്ഷമായി നോക്കിക്കൊണ്ട് വന്യമായ ചുവടുകളോടെ ആടിത്തുടങ്ങി. ആരുടെയോ ചോരക്ക് വേണ്ടി തെയ്യം അലറി. തെയ്യത്തിന്റെ ദ്രുത ചലനങ്ങൾക്കൊപ്പം എത്താൻ പറ്റാതെ താളം പിഴച്ച് പോയ കൊട്ട്കാരും ഇലത്താളക്കാരും പാട്ടുകാരും എല്ലാം നിശ്ശബ്ദരായി.വെളിച്ചപ്പാടും സഹായിയും ചേർന്ന് ഒരു പൂവൻ കോഴിയെ അറുത്തു അതിന്റെ ചോര തെയ്യത്തിനു സമർപ്പിച്ചുവെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ, ഈ ചോരയൊന്നും പോരാ എന്ന ഭാവത്തിൽ സംഹാരരുദ്രയായി തെയ്യം വീണ്ടും താണ്ഡവമാടി. കാണികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന കുട്ടികൾ നില വിളിച്ചു. സഹികെട്ടപ്പോൾ നിർത്തൂ എന്ന് അബൂക്ക അലറി. സ്വന്തം അലർച്ചയുടെ ശബ്ദം കേട്ട് അബൂക്ക ഞെട്ടി ഉണർന്നു. കട്ടിലിനു തൊട്ടു താഴെ കിടന്നുറങ്ങുകയായിരുന്ന ഉസ്മാൻകുട്ടിയും ഉണർന്നു. എന്ത് പറ്റി അബൂക്കാ എന്ന് ഉസ്മാൻകുട്ടി ചോദിച്ചുവെങ്കിലും ഉറങ്ങുകയാണെന്ന നാട്യത്തിൽ അബൂക്ക അനങ്ങാതെ കിടന്നു. 

അടുത്തുള്ള പള്ളിയിൽ നിന്നും പ്രഭാത നിസ്കാരത്തിന്റെ ബാങ്ക് വിളിക്കുന്നതിന് തൊട്ടു മുമ്പ് അബൂക്ക കട്ടിലിൽ നിന്നും എഴുനേറ്റു. നാലുഭാഗവും കട്ടിലുകളിലും താഴെ നിലത്തും കഥ കേട്ടുറങ്ങുകയായിരുന്ന സഹവാസികളെ അബൂക്ക ദയാപൂർവം നോക്കി. അവരെല്ലാം അബൂക്കയുടെ സ്വന്തം അനുജന്മാരെ പോലെയായിരുന്നു. എല്ലാവരും അബൂക്കയെ ബഹുമാനിക്കുന്നവരും എല്ലാ പ്രശ്നങ്ങളിലും അബൂക്കയുടെ അഭിപ്രായവും ഉപദേശവും തേടുന്നവരുമായിരുന്നു.

അബൂക്ക കട്ടിലിൽ നിന്നും എഴുനേറ്റു താഴെ കിടന്നുറങ്ങുകയായിരുന്ന ഉസ്മാന്റെ സ്ഥാനം തെറ്റിയിരുന്ന ലുങ്കി നേരെയാക്കി പിന്നെ ഒരു സിഗരറ്റെടുത്ത് തീപറ്റിച്ചു. മൂന്നു നാല് പുകയെടുത്തതിന് ശേഷം കട്ടിലിനടിയിലുണ്ടായിരുന്ന ചാരപ്പാത്രം എടുത്ത് സിഗരറ്റ് അതിൽ കുത്തിത്തിരുകി. നിസ്കരിക്കാൻ വേണ്ടി ഒരു മുഷിയാത്ത വെള്ള മുണ്ടെടുത്ത് ഉടുത്ത് ബാത്റൂമിലേക്ക് നടന്നു. ബാത്റൂം കാലെടുത്ത് വെക്കാൻ പറ്റാത്ത വിധം വൃത്തി കേടായിക്കിടക്കുകയായിരുന്നു. തലേന്ന് വൈകി വന്നതിനാൽ ബാത്റൂം വൃത്തിയാക്കാൻ അബൂക്കക്ക് സമയം കിട്ടിയിരുന്നില്ല. കുട്ടികൾക്കാർക്കെങ്കിലും അത് വൃത്തിയാക്കാമായിരുന്നു എന്ന് അബൂക്ക വെറുതെ ഓർത്തു പോയി. പക്ഷെ അവരെ ആരെയും കുറ്റപ്പെടുത്താനുള്ള മന:സ്ഥിതി അബുക്കയ്ക്കു ഇല്ല. കാരണം എല്ലാവരും പാവങ്ങളായിരുന്നു. തന്നെ പോലെ എല്ലാ ദിവസവും കൃത്യ സമയത്ത് ജോലി കഴിഞ്ഞു വരുന്നവരായിരുന്നില്ല അവരിൽ മിക്കവരും. എല്ലാവരും മാർക്കറ്റിലും കാർപാർക്കുകളിലും റോഡരികിലും എല്ലാം പകലന്തിയോളം ജോലി ചെയ്യുന്നവരാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം പലർക്കും മാസങ്ങളോളം ജോലി ഉണ്ടായിരുന്നില്ല. ഇപ്പോൾ ജോലി ഉണ്ടെങ്കിലും ഉണ്ടായിരുന്ന തുച്ഛ വരുമാനം വീണ്ടും പകുതിയായി.

അബൂക്ക ഒരു പാത്രം വെള്ളമെടുത്ത് കുളി മുറിയുടെ തറയിൽ ഒഴുക്കി. കാലു കൊണ്ട് തറ ചെറുതായി ഒന്ന് ഉരച്ച് കഴുകി.പിന്നെ പല്ല്  തേച്ചു. മുണ്ട് അൽപ്പം കയറ്റി കുത്തിയിരുന്ന് അംഗസ്നാനം ചെയ്തു. പുറത്ത് കടന്നു മുസല്ല എടുത്ത് ഒരൊഴിഞ്ഞ സ്ഥലത്ത് വിരിച്ച് പ്രഭാത നിസ്കാരം നിർവഹിച്ചു. അത് കഴിഞ്ഞ് വിരിപ്പിൽ ഇരുന്നു പത്ത് മിനുറ്റ് വിശുദ്ധ ഖുർആൻ പാരായണം ചെയ്തു. നിസ്കരിക്കാൻ വേണ്ടി ഉടുത്തിരുന്ന വെള്ള മുണ്ട് മാറ്റി വീണ്ടും ലുങ്കി ഉടുത്ത് അടുക്കളയിലേക്ക് ചെന്നു. തലേന്നാൾ ഉണ്ടാക്കി വെച്ചിരുന്ന മീൻകറി ചൂടാക്കി. ഒരു വലിയ പാത്രത്തിൽ നിറയെ സുലൈമാനി ഉണ്ടാക്കി. അതിൽ നിന്നും തനിക്ക് വേണ്ടി ഒരു ഗ്ലാസിൽ നിറച്ചെടുത്ത് മാറ്റി വെച്ചു. ചെറിയ  ചോറ്റു പാത്രത്തിൽ തണുത്ത ചോറും പൊള്ളുന്ന മീൻകറിയും ഇട്ടു വെച്ചു. ചൂടൻ സുലൈമാനി സാവകാശം കുടിച്ചു. അപ്പോഴേക്കും പ്രഭാത നിസ്കാരത്തിനായി എഴുന്നേറ്റ ചിലർ അംഗ സ്നാനത്തിനായി ബാത്റൂമിലേക്ക് പോയിത്തുടങ്ങിയിരുന്നു.

അബൂക്ക ലുങ്കി മാറ്റി പാന്റ്സും കുപ്പായവും ഇട്ടു വാച്ചും കെട്ടി മുഖത്ത് മാസ്കും അണിഞ്ഞ് ചോറ്റു പാത്രവുമെടുത്ത് വാതിൽ തുറന്നു പുറത്തു കടക്കുമ്പോൾ ബാത്റൂമിൽ നിന്നും പുറത്ത് വന്ന കുട്ടിയാലി അബൂക്ക പുറപ്പെട്ടോ എന്ന പതിവ് ചോദ്യം ചോദിച്ചു. ഒന്നും മറുപടി പറയാതെ ചിരിച്ചു കൊണ്ട് അബൂക്ക പുറത്തിറങ്ങി. ദുബായി നഗരം ഉണർന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. തലശ്ശേരിക്കാരൻ കോയാമുവിന്റെ മലബാർ ടീസ്റ്റാൾ ഒഴികെ മറ്റൊരു കടയും തുറന്നിരുന്നില്ല. റോഡിൽ വാഹനങ്ങൾ വിരളമായി ഇറങ്ങിത്തുടങ്ങിയിരുന്നു. പ്രധാന പാതയുടെ ഇരു പാർശ്വങ്ങളിലുമുള്ള ഗല്ലികളിൽ കാർ ഡ്രൈവർമാർ തങ്ങളുടെ കാർ വൃത്തിയാക്കുന്നുണ്ടായിരുന്നു. ചില ബിൽഡിങ്ങുകളുടെ താഴെ വലിയ വലിയ കാറുകൾ വീട്ടുവേലക്കാരും തുടക്കുന്നുണ്ടായിരുന്നു. സുതാര്യമായ നിശാ വസ്ത്രങ്ങൾ അണിഞ്ഞ് മുഖത്തൊരു മാസ്കും തിരുകി യജമാനന്റെ കാർ തുടക്കുകയായിരുന്ന ഒരു ഫിലിപ്പെയിനി യുവതിയിലായിരുന്നു വഴി പോകുന്നവരുടെയെല്ലാം ശ്രദ്ധ. അടുത്തുള്ള പള്ളിയിൽ നിന്നും സാമൂഹ്യ അകലം പാലിച്ച് കൊണ്ട് തന്നെ സമൂഹ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഭക്തന്മാരിൽ ചിലരും തങ്ങൾ ഉരുവിട്ട് കൊണ്ടിരുന്ന മന്ത്രങ്ങൾ നിർത്തി യുവതിയെ ശ്രദ്ധിച്ചു കൊണ്ട് നടന്നു നീങ്ങി. എന്നും കാണുന്ന കാഴ്ചയായതിനാൽ അതൊന്നും ശ്രദ്ധിക്കാതെ അബൂക്ക സാവകാശം മുന്നോട്ട് നടന്നു. നടത്തത്തിനിടയിൽ മൂക്കിന് താഴേക്ക് ഉർന്നിറങ്ങിയ മാസ്ക് പരിഭ്രമത്തോടെഅബൂക്ക മേലോട്ട് കയറ്റി ഇട്ടു. അതികാലത്താണ്, പാതിരാത്രിയാണ് എന്ന വ്യത്യാസമൊന്നുമില്ലാതെ അറബിപ്പോലീസുകാർ മാസ്ക് ഇല്ലാത്തവരെയും ശരിക്കും ധരിക്കാത്തവരെയും പിടി കൂടാൻ പല രൂപത്തിലും റോന്ത് ചുറ്റുന്നുണ്ട്. പിടിക്കപ്പെട്ടാൽ മുവായിരം ദിർഹം പിഴ ചുമത്തും. അബൂക്കയെ പോലുള്ളവർക്ക് മുവായിരം ദിർഹം ഉണ്ടാക്കണമെങ്കിൽ എത്രയോ മാസങ്ങൾ ജോലി ചെയ്യേണ്ടി വരും.

ദുബായിലെ തെരുവീഥികളിലൂടെ സ്വസ്ഥമായി നടക്കാൻ പറ്റുന്ന സമയമായിരുന്നു അതികാലത്തെ ഈ സമയം. കാലത്തെ മുപ്പത് മിനുട്ടോളം നീളുന്ന ഈ നട ത്തത്തിനിടയിലാണ് അബൂക്കയുടെ മനസ്സിൽ ശുഭ പ്രതീക്ഷകളുടെ ചിന്തകൾ ചിറകു വിടർത്തുന്നത്. നാടും വീടും സ്വന്തക്കാരും എല്ലാം തന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവരാണെന്നു അബൂക്കാ കരുതും. തലേന്ന് രാത്രിയിൽ ഉറക്കം കെടുത്തിയിരുന്ന അലോസര സ്വപ്നങ്ങളെല്ലാം അബൂക്ക പാടെ മറക്കും. തെളിയുന്ന പ്രഭാതത്തിൽ അബൂക്കയുടെ സ്വപ്നങ്ങളെല്ലാം അതി മനോഹരമായി മാറും. നല്ല കുത്തരിയുടെ ചോറും മത്തി മുളകിട്ടതും ഒരുക്കി വെച്ച് തന്നെയും കാത്ത് കാത്തിരിക്കുന്ന ഭാര്യ പാത്തുമ്മ. അഞ്ച് പെറ്റിട്ടും ഒന്ന് പെറ്റ മേനിയുള്ള പാത്തുമ്മ. ഉപ്പ വരാതെ ചോറ് തിന്നില്ലെന്ന വാശിയിൽ മക്കൾ അഞ്ച് പേരും കുത്തിയിരിക്കുന്നു. സഹോദരിമാരും ഉമ്മയും വഴിയിലേക്ക് കണ്ണും നട്ടു തന്റെ വരവും കാത്തിരിക്കുന്നു. ഇവനെന്താണ് ഇത്ര വൈകുന്നതെന്ന് ആവലോടെ പിറുപിറുക്കുന്നു. താൻ അയച്ചു കൊടുത്ത പണം കൊണ്ട് തുടങ്ങുകയും അഭിവൃദ്ധിപ്പെടുകയും ചെയ്തത കട  നേരത്തെ പൂട്ടി അനുജൻ മമ്മദ് വീട്ടിലെത്തുന്നു. ഇത്താത്തയോട് ഫലിതം പറയുന്നു. മമ്മതിന്റെ ഭാര്യയും വർത്തമാനത്തിൽ പങ്ക് ചേരുന്നു.

പ്രധാന നിരത്ത് മുറിച്ച് കടന്നു വിശാലമായ പാർക്കിലെത്തി അബൂക്ക. കൊറോണ വ്യാപനത്തിന് ശേഷം കുറെ കാലം വിജനമായി പോയിരുന്നുവെങ്കിലും ഇപ്പോൾ പാർക് വീണ്ടും സജീവമായി വരുന്നു. പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും അടക്കം നിരവധി പേർ വ്യായാമത്തിനായി പാർക്കിലെത്തിയിട്ടുണ്ട്. അവർ ഓടുകയും ചാടുകയും വിവിധ കസർത്തുകൾ കാണിക്കുകയും ചെയ്യുന്നു. പണ്ടേ പാർക്കിലെ സ്ഥിരം നടത്തക്കാരിയായിരുന്ന മദാമ്മ ഇന്നും ചുവന്നു തുടുത്ത കാലുകൾ മുക്കാലും പ്രദർശിപ്പിച്ചു കൊണ്ട് പാർക്കിലൂടെ ധൃതിയിൽ  നടക്കുന്നുണ്ട്. അബൂക്കയെ കണ്ടപ്പോൾ പതിവ് പോലെ മാസ്ക് താഴ്ത്തി കൈ വീശി പരിചയം കാണിച്ചു മദാമ്മ. എന്നത്തേയും പോലെ നാണിച്ചു തല താഴ്ത്തിക്കൊണ്ട് പുറത്തേക്കുള്ള വഴിയിലൂടെ അബൂക്ക നടന്നു. കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ അകലെ അബൂക്കയുടെ ഓഫീസ് കാണാറായി. ഓഫീസ് ദൂരെ കണ്ടപ്പോൾ അബൂക്കയുടെ മുഖത്ത് അവാച്യമായ സന്തോഷം പൊട്ടി വിരിഞ്ഞു. അയാളുടെ നടത്തത്തിനു വേഗത കൂടി. വളരെ ഏറെ നേരം വഴിയറിയാതെ അലഞ്ഞു നടന്നു ഒടുവിൽ ലക്‌ഷ്യം കണ്ടെത്തിയത് പോലെ അയാൾ ആവേശത്തോടെ ഓഫീസിനടുത്തേയ്ക്ക് നടന്നു. പ്രധാന.വാതിൽ തുറന്നു അബൂക്ക അകത്തു കടന്നു. ഒരു കാരണവരെ പോലെ ഓഫീസ് ആകമാനം ഒന്ന് നോക്കി. ”കെ അബു-കിച്ചൺ സൂപ്രണ്ട്” എന്ന് എഴുതിയ ബോർഡ് തൂക്കിയ വാതിലിനു മുന്നിൽ അയാൾ എത്തി. ഓഫീസിലെ എല്ലാ മുറികൾക്ക് മുന്നിലും ഇത്തരം ബോർഡുകൾ വെച്ചപ്പോൾ രസികനായ വെള്ളക്കാരൻ ബോസ്സാണ് ചായ ഉണ്ടാക്കുന്ന മുറിയുടെ മുന്നിലും ഇങ്ങനെ ഒരു ബോർഡ് തൂക്കിയത്. അബൂക്കയെ ഏറെ അഭിമാനം കൊള്ളിച്ചിരുന്നു ഈ ബോർഡ്.

അബൂക്ക ചായ മുറിയുടെ വാതിൽ തുറന്നു അകത്ത് കടന്നു. തലേന്ന് വൈകിട്ട് കഴുകി തുടച്ചു വെച്ചിരുന്ന കെറ്റിലും കപ്പുകളും വീണ്ടും ഒന്ന് കൂടി കഴുകി തുടച്ചു. കെറ്റിലിൽ വളരെ കുറച്ച് വെള്ളമൊഴിച്ച് അത് തിളപ്പിച്ച് ഒരു തൂവെള്ള കപ്പെടുത്ത് അതിൽ നൂലിൽ കെട്ടിയ കൊച്ച് ചായപ്പൊടി സഞ്ചി വെച്ച് തിളച്ച വെള്ളം കപ്പിലേക്ക് പാർന്ന് നൂലിൽ പിടിച്ച് ചായപ്പൊടി സഞ്ചി ചൂട് വെള്ളത്തിൽ നന്നായി ഇളക്കി.അത് കഴിഞ്ഞ് കട്ടിപ്പാലിന്റെ ഒരു കൊച്ചു ടിന്നെടുത്ത് മുകളിൽ ഒരു തുളയുണ്ടാക്കി അതിലൂടെ കപ്പിലേക്ക് പാലൊഴിച്ച് ചേർത്തു. പാലൊഴിച്ചപ്പോൾ ചായക്ക് കടുപ്പം പോരെന്ന് തോന്നിയതിനാൽ വീണ്ടും മറ്റൊരു കൊച്ച് ചായപ്പൊടി സഞ്ചിയെടുത്ത് ചായയിൽ ഇട്ടു ഇളക്കി ചായക്ക് വേണ്ടുന്ന നിറം വരുത്തി.പിന്നീട് കപ്പിലെ ചായ മറ്റൊരു കപ്പിലേക്കും തിരിച്ചും നീട്ടി ഒഴിച്ച് നാടൻ ചായ തയാറാക്കി.

കപ്ബോർഡിൽ നിന്നും ബിസ്കറ്റിന്റെ ഒരു പാക്കറ്റെടുത്ത് പൊളിച്ച് അതിൽ നിന്നും ഏതാനും ബിസ്കറ്റുകൾ തിന്നുകയും ഒപ്പം കടുപ്പത്തിലുള്ള ചായ കുടിക്കുകയും ചെയ്തതിനു ശേഷം ഒരു സിഗരറ്റ് കത്തിച്ച് ധൃതിയിൽ അഞ്ചാറ് പുകയെടുത്തതിന് ശേഷം അത് കളഞ്ഞു. അബൂക്ക പിന്നീട് അണുനാശനിയും തുണിയും എടുത്ത് പുറത്ത് കടന്നു. ഓഫീസിലെ മറ്റെല്ലാ മുറികളും തുറന്നു മുഴുവൻ ഓഫീസും വൃത്തിയാക്കി അണുനശീകരണ ലായനി തെളിച്ചു.മേശകളും കസേരകളും തുടച്ചു. എയർകണ്ടീഷനുകൾ ഓണാക്കി. വെള്ളക്കാരൻ മാനേജരുടെ മുറി ഒന്ന് കൂടി തൂത്തു വാരി. മേശയും സമ്മേളന മേശയും കസേരകളും അലമാരയും എല്ലാം വീണ്ടും തുടച്ചു. മുറിയിൽ സുഗന്ധ ദ്രവ്യം തളിച്ചു. തിരിച്ച് കിച്ചണിൽ എത്തുമ്പോഴേക്കും ഓഫീസ് ജീവനക്കാർ ഓരോരുത്തരായി വന്നു തുടങ്ങി. വന്നവർ വന്നവർ അബൂക്കയെ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്തു. കൊറോണ കാലമായതിനാൽ പതിവ് കൈ പിടിച്ചു കുലുക്കൽ ഉണ്ടായില്ല.

അബൂക്ക കെറ്റിലിൽ നിറയെ വെള്ളം ഒഴിച്ച് തിളപ്പിച്ച് കപ്പുകളിൽ ചായയും കാപ്പിയും സുലൈമാനിയും പകർന്നു. പരന്ന ട്രേയിൽ കപ്പുകൾ എടുത്ത് വെച്ച് ഓരോരുത്തരുടെയും സീറ്റിനു മുന്നിലെ മേശ മേൽ കൊണ്ട് വെച്ച്  തുടങ്ങി. അപ്പോൾ പഴയ ഒരു മൈലാഞ്ചിപ്പാട്ട് അബൂക്കയുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു.
-----------
ഹസൈനാര്‍ അഞ്ചാം പീടിക

കണ്ണൂര്‍ ജില്ലയിലെ മൊറാഴയിലെ അഞ്ചാം പീടികയില്‍ജനനം. തോട്ടടയിലെ ഗവ. പോളിടെക്‌നിക്കില്‍ വിദ്യാഭ്യാസത്തിനു ശേഷംപൊതുമരാമത്ത് വകുപ്പിലും കല്പ്പാക്കം ആണവ നിലയത്തിലും പിന്നീട് ദീര്‍ഘകാലം ഗള്‍ഫിലും ജോലി ചെയ്തു.

രണ്ട് പുസ്തകം പ്രസിദ്ധീകരിച്ചു. നാട്ടോര്‍മ്മകളൂടെ കുറിപ്പുകളുടേ സമാഹാരമായ 'ആളില്ലാത്ത മണി ഓര്‍ഡര്‍.'പ്രസാധകര്‍ തലശേരി ജി.വി. ബുക്‌സ്
നോവല്‍ അഞ്ചാം പീട്യ-കണ്ണൂര്‍ കൈരളി ബുക്‌സ്‌

Facebook Comments

Comments

  1. Rafeeq Tharayil

    2021-05-03 22:35:52

    “പതിവ് പോലെ അതികാലത്ത് പ്രഭാത നിസ്കാരത്തിന്റെ സമയത്തിനു തൊട്ടു മുമ്പ് തന്നെ അബൂക്ക ഉറക്കമുണർന്നു.” The description is confusing.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

View More