Image

ചുവന്നു തുടുത്ത് കേരളം; 2 ജില്ലയിൽ മാത്രം യു.ഡി.എഫ് മുന്നിൽ; മലപ്പുറം ലോക്സഭാ സീറ്റ് ലീഗിന് തന്നെ 

മീട്ടു Published on 02 May, 2021
ചുവന്നു തുടുത്ത് കേരളം; 2 ജില്ലയിൽ മാത്രം യു.ഡി.എഫ് മുന്നിൽ; മലപ്പുറം ലോക്സഭാ സീറ്റ് ലീഗിന് തന്നെ 

44 വർഷങ്ങൾക്കിടയിൽ ആദ്യമായി കേരളത്തിൽ തുടർഭരണം സാധ്യമാകുന്നു. സർവേ ഫലങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ചപ്പോഴും യുഡിഎഫും ബിജെപിയും തങ്ങൾക്ക് ഇത്രവലിയൊരു പതനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടെത്തി കേരളത്തിൽ പ്രചാരണം നടത്തിയതും മോദിയും -അമിത്ഷായും ബിജെപി ക്കുവേണ്ടി എത്തിയതും തുണച്ചില്ല. 

ശബരിമല വിഷയം എടുത്തിട്ട്, വിശ്വാസികളെ കയ്യിലെടുക്കാൻ നടത്തിയ  ശ്രമവും വിഫലമായി.മുസ്‌ലീം ലീഗിന് അവരുടെ കോട്ടയ്ക്ക് അധികം പോറലേൽക്കാതെ നിലനിർത്താൻ സാധിച്ചിട്ടും യുഡിഎഫിനെ പിടിച്ചുകയറ്റാൻ ഉപകരിച്ചില്ല. അരലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടി ധർമ്മടത്ത് മുഖ്യമന്ത്രി വിജയം ആവർത്തിച്ചത്, വിവാദങ്ങളും  ആരോപണങ്ങളും  ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ്. 

പിണറായി വിജയന്റെ ക്യാപ്റ്റൻസിയുടെ വിജയമെന്ന് ഇതിനെ വിലയിരുത്തുമ്പോൾ തന്നെ ദയനീയമായ പരാജയം ഏറ്റുവാങ്ങാതെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചുകൊണ്ടാണ് പല മണ്ഡലങ്ങളും വിട്ടുകൊടുത്തത് എന്ന വസ്തുത യുഡിഎഫിന് ആശ്വാസത്തിന് വക നൽകും. കോൺഗ്രസിനുള്ളിൽ ഗ്രൂപ്പിസവും പടലപ്പിണക്കങ്ങളും സ്ഥാനാർഥി പ്രഖ്യാപനം വരെ നീണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മെച്ചപ്പെട്ട വോട്ട് നേടാനുള്ള അവസരം ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേക്ക് ചാഞ്ഞ ക്രിസ്ത്യൻ വോട്ടർമാരെ തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിയാതിരുന്നത് കോട്ടയത്തും ഇടുക്കിയിലും പ്രതിഫലിച്ചു. ഇത്രയും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും,  വ്യക്തമായ മുന്നേറ്റം നിലനിർത്തി അവസാന നിമിഷം വരെ പോരാടി  'ഫോട്ടോഫിനിഷിൽ' തോൽവിയുടെ കയ്പ്പറിഞ്ഞവർ കുറവല്ലെന്നത് സത്യത്തിൽ അത്ഭുതമാണ്. 

ബിജെപിയെക്കൊണ്ട് കേരളത്തിൽ അക്കൗണ്ട് തുറപ്പിക്കരുതെന്ന്  വോട്ടർമാർ തീരുമാനിച്ചിരുന്നെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് എംഎൽഎ മാരെ ബിജെപി വിലയ്‌ക്കെടുക്കുന്നു എന്ന വാർത്ത പ്രചരിച്ചത്, കേരളത്തിൽ കോൺഗ്രസിനെ വിജയിപ്പിച്ചാൽ അങ്ങനൊരു അപകടം ഉണ്ടാകുമോ  എന്നൊരു ചിന്ത ഉടലെടുത്തതും  ഇടതുപക്ഷത്തിന് ഗുണമായി.

സീറ്റ് നില 

ജില്ലാ                             എൽഡിഎഫ്     യുഡിഎഫ് 
1 .തിരുവനന്തപുരം          13                            1 
2.കൊല്ലം                              9                             2 
3.പത്തനംതിട്ട                     5                             0 
4.ആലപ്പുഴ                           8                             1 
5. കോട്ടയം                           5                             4 
6.ഇടുക്കി                              4                              1 
7.എറണാകുളം                   5                              9 
8. തൃശൂർ                             12                             1 
9. പാലക്കാട്                        10                             2 
10. മലപ്പുറം                          4                              12 
11. കോഴിക്കോട്                 11                              2 
12. വയനാട്                            1                              2 
13.കണ്ണൂർ                                9                              2 
14.കാസർഗോഡ്                   3                              2 

ആകെ                                       99                          41 

പത്തനംതിട്ടയിൽ യുഡിഎഫിന് ഒരു സീറ്റ് പോലും നേടാനായിട്ടില്ല. ആലപ്പുഴ, ഇടുക്കി, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നേടിയതാകട്ടെ കേവലം ഒരു സീറ്റ് വീതം.
മലപ്പുറത്തും എറണാകുളത്തും മാത്രമേ ഇടതുപക്ഷത്തെ മറികടക്കാൻ യുഡിഎഫിന് സാധിച്ചിട്ടുള്ളു.

പ്രമുഖരുടെ വിജയപരാജയങ്ങൾ ഒറ്റനോട്ടത്തിൽ 

കണ്ണൂരിൽ മട്ടന്നൂരിൽ  61,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊണ്ട്  ആരോഗ്യമന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ  കെ.കെ.ശൈലജ ഉജ്വലവിജയം നേടി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 49,000 ത്തില്പരം വോട്ടുകളുടെ  ഭൂരിപക്ഷം നേടി.

30,000 -ത്തില്പരം വോട്ടുകളുടെ ലീഡോടെ  ഇടുക്കി ഉടുമ്പഞ്ചോലയിൽ വൈദ്യുതി മന്ത്രി എം.എം. മണി നേടിയ വിജയവും ശ്രദ്ധേയമാണ്.

 ആലപ്പുഴയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്.

പുതുപ്പള്ളിയിൽ  ഉമ്മൻ ചാണ്ടി വിജയിച്ചെങ്കിലും  8000- ത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷമേ  നേടാൻ സാധിച്ചുള്ളൂ. തിരുവഞ്ചൂർ രാധാകൃഷ്ണൻ 17000 -തിലധികം ഭൂരിപക്ഷം നേടി. 
ബിജെപി ടിക്കറ്റിൽ സുരേഷ് ഗോപിയും യുഡിഎഫിന് വേണ്ടി പത്മജ വേണുഗോപാലും മാറ്റുരച്ച  തൃശൂരിൽ എൽഡിഎഫിന്റെ പി.ബാലചന്ദ്രന്റെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. അവസാന റൗണ്ടിൽ പോരാട്ടം പത്മജയും ബാലചന്ദ്രനുമായാണ് അരങ്ങേറിയത്. 1115 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബാലചന്ദ്രൻ വിജയിച്ചു.

കൊല്ലം കുണ്ടറയിൽ ഫിഷറീസ് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ  മേഴ്സിക്കുട്ടിയമ്മ യു ഡി എഫിന്റെ പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടത് മാത്രമാണ് ഇടതുപക്ഷത്തിനേറ്റ ചെറുതെങ്കിലും ഒരു തിരിച്ചടി. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദമാകാം ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

തിരുവനന്തപുരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ വിജയിച്ച നേമം  മണ്ഡലത്തിൽ എൽഡിഎഫിന്റെ വി.ശിവൻകുട്ടിയാണ് ഇക്കുറി വിജയിച്ചത്. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ കെ.മുരളീധരനെപ്പോലെ യു ഡി എഫിലെ പ്രമുഖൻ മൂന്നാം സ്ഥാനത്ത് ഒതുങ്ങി.
കഴക്കൂട്ടത്ത് ശബരിമല വിഷയം സിറ്റിംഗ് എംഎൽഎ കടകംപള്ളി സുരേന്ദ്രന് വെല്ലുവിളിയാകുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹം 19,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ബിജെപിയുടെ ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തും യു ഡി എഫിന്റെ എസ്.എസ്.ലാൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

കേരള കോൺഗ്രസ് (എം) പാർട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിക്ക്  പാലായിൽ  അടിപതറി. എൽഡിഎഫുമായി ലയിച്ച ശേഷമുള്ള ആദ്യമത്സരം എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പ്  അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയിൽ നിർണായകമായിരുന്നു. യു ഡി എഫിന്റെ മാണി.സി .കാപ്പനോടാണ് ജോസ് പരാജയപ്പെട്ടത്. എന്നിരുന്നാലും, 12 പേരെ മത്സരക്കളത്തിൽ ഇറക്കിയതിൽ 5 പേരെ വിജയിപ്പിച്ചെടുക്കാൻ ജോസ് പക്ഷത്തിന് കഴിഞ്ഞു.
10 സീറ്റിൽ മത്സരിച്ച പി.ജെ.ജോസഫ് വിഭാഗത്തിന് 2 പേരെ മാത്രമേ വിജയിപ്പിക്കാൻ കഴിഞ്ഞുള്ളു. തൊടുപുഴയിൽ പി.ജെ.ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫുമാണ് വിജയിച്ചത്.

പാലക്കാട്  ബിജെപി യുടെ ഇ.ശ്രീധരൻ ആദ്യഘട്ടങ്ങളിൽ കടുത്ത മുന്നേറ്റം കാഴ്ചവച്ച മത്സരത്തിൽ 3,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കോൺഗ്രസിന്റെ ഷാഫി പറമ്പിൽ വിജയിച്ചു. എൽഡിഎഫിന്റെ സി.പി.പ്രമോദ് മൂന്നാം സ്ഥാനത്താണ്.

 വിവാദങ്ങൾ ഏറെ വേട്ടയാടി മന്ത്രിസഥാനം രാജിവയ്‌ക്കേണ്ടി വന്ന കെ.ടി.ജലീലിന് തവനൂരിൽ സിറ്റിംഗ് സീറ്റ് നിലനിർത്താനായത് ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിലാണ്. അവസാന നിമിഷം വരെ യു ഡി എഫിന്റെ ഫിറോസ് കുന്നംപറമ്പിൽ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂവായിരത്തില്പരം  വോട്ടുകളുടെ ഭൂരിപക്ഷം ജലീൽ നേടി.

ശക്തമായ ത്രികോണമത്സരമാണ് തൃപ്പൂണിത്തുറയിൽ നടന്നത്.
എൽഡിഎഫിന്റെ എം.സ്വരാജിനെതിരെ  വിജയം ഉറപ്പിക്കാൻ  യുഡിഎഫിന്റെ മുൻ മന്ത്രി കെ.ബാബുവിന് അവസാനറൗണ്ട്  വരെ കാത്തുനിൽക്കേണ്ടിവന്നു.

ഇരട്ടത്തോൽവിയുടെ ആഘാതത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിക്ക് സ്വാധീനമുള്ള ഇടങ്ങളെന്ന് വിശ്വസിച്ച് മഞ്ചേശ്വരത്തും കോന്നിയിലും  മത്സരിച്ച് അദ്ദേഹം പരാജയം ഏറ്റുവാങ്ങി.

മലപ്പുറം ലോക് സഭ സീറ്റിൽ   അബ്ദുസമദ് സമദാനി 

മലപ്പുറത്ത് 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസമദ് സമദാനി വിജയിച്ചു. സമദാനിയുടെ മതനിരപേക്ഷ വ്യക്തിത്വവും ബഹുഭാഷ വൈദഗ്ധ്യവും രാഷ്ട്രീയരംഗത്തെ പ്രകടനങ്ങളും ഉയർത്തിക്കാട്ടിയതാണ് അനുകൂലഘടകമായത്.  എൽഡിഎഫിന്റെ വി.പി.സാനു രണ്ടാം സ്ഥാനത്തും ബിജെപി യുടെ അബ്ദുള്ളക്കുട്ടി മൂന്നാം സ്ഥാനത്തുമാണ്.

Join WhatsApp News
Political Observer 2021-05-02 15:10:48
Former members of Trump's inner circle are living in fear after Rudy Giuliani raid. The Rudy Giuliani raid has Trump allies feeling uneasy about what could come next, CNN reported. A former Trump advisor said the raid is proof that officials are willing to pursue his inner circle. Several Trump allies also said it "wouldn't shock" them if Giuliani turned on the former president. Trump allies are growing increasingly concerned about the future after former New York City Mayor Rudy Giuliani's office and apartment were raided by federal agents this week, according to CNN. On Wednesday, Giuliani, who acted as Trump's former attorney, was the target of two raids in which investigators seized several of his electronic devices as well as a computer belonging to his personal assistant. The searches were in connection to a criminal probe into Giuliani's dealings in Ukraine, The New York Times reported. Trump's allies and former members of his inner circle are now reportedly becoming increasingly worried about further raids and upcoming FBI investigations. trump's inner circle is more afraid that if trump get arrested he will bring down them along with him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക