Image

നിയമസഭയിലെത്തിയ വനിതകള്‍ 11 പേര്‍

Published on 02 May, 2021
നിയമസഭയിലെത്തിയ വനിതകള്‍ 11 പേര്‍


കഴിഞ്ഞ തവണ എട്ട് വനിതാ എം.എല്‍.എമാരായിരുന്നു നിയമസഭയില്‍ കേരളത്തിലെ സ്ത്രീകളെ പ്രതിനിധീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ 
പതിനൊന്ന് വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതില്‍ പത്തുപേര്‍ എല്‍.ഡി.എഫില്‍ നിന്നും ഒരാള്‍ യു.ഡി.എഫിന്റെ പ്രതിനിധിയുമാണ്

പതിനഞ്ച് വനിതാ സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നത്. അതില്‍ പലരും പുതുമുഖങ്ങളുമായിരുന്നു. മത്സരിച്ച പ്രമുഖരില്‍ മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. യു.ഡി.എഫിന്റെ പത്ത് വനിതാ സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചത് ഒരാള്‍ മാത്രമാണ്. എന്‍.ഡി.എയുടെ 20 വനിതാ സ്ഥാനാര്‍ത്ഥികളില്‍ ആരും വിജയിച്ചവരില്ല. 

വീണ ജോര്‍ജ്- ആറന്മുളയില്‍ വിജയം വീണ്ടും ഉറപ്പിച്ച് വീണ ജോര്‍ജ്. 13,853 വോട്ടിനാണ് വീണ ജോര്‍ജ് വിജയിച്ചത് 2016-ല്‍ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 

കെ.കെ, രമ- വടകരയില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആര്‍.എം.പി. എം.എല്‍.എ. ആയി നിയമസഭയിലേക്ക് എത്തുന്നത്. ഭൂരിപക്ഷം 7491. 2008 ല്‍ ഒഞ്ചിയത്തെ സി.പി.എം. വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍.എം.പിക്കു ചരിത്രത്തില്‍ ആദ്യമായി ഒരു എം.എല്‍.എ. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മൂന്ന് മുന്നണികള്‍ക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ടു നേടിയിരുന്നു. 

സി.കെ. ആശ- സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗം കൂടിയായ ആശ 2016-ല്‍  28,947 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. ഇത്തവണയും ഭൂരിപക്ഷം അത്രതന്നെ. മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ഡോ. പി.ആര്‍. സോനയെയാണ്.

കെ.കെ. ശൈലജ- മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,035 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ നേടിയത്. ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്തിയെയാണ് പരാജയപ്പെടുത്തിയത്. 

ആര്‍. ബിന്ദു- ഇരിങ്ങാലക്കുടയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു പിന്തള്ളിയത്. 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിന്ദു വിജയം നേടിയത്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയര്‍ ആയിരുന്നു.

കെ. ശാന്തകുമാരി- എല്‍.ഡി.എഫ് കളത്തിലിറക്കിയ പുതുമുഖമായ കെ. ശാന്തകുമാരി 3,214 വോട്ടുകള്‍ക്കാണ് കോങ്ങാട് മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥികളായത് ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥിയായ യു.സി രാമനും ബി.ജെ.പിയുടെ സുരേഷ് ബാബു എമ്മുവാണ്. 


ജെ. ചിഞ്ചുറാണി- എല്‍.ഡി.എഫിന്റെ പുതുമുഖ വനിതാ പോരാളികളില്‍ മറ്റൊരാളാണ്. കൊല്ലം ചടയമംഗലത്ത് നിന്ന 10923 വോട്ടുകള്‍ക്കാണ് ചിഞ്ചുറാണി വിജയിച്ചത്.

ദലീമ ജോജോ -അരനൂറ്റാണ്ടിനുശേഷം അരൂര്‍ മണ്ഡലത്തില്‍ രണ്ടു സ്ത്രീകള്‍ നേര്‍ക്കുനേര്‍  നിന്നുള്ള പോരാട്ടമായിരുന്നു. യു.ഡി.എഫിനായി നിലവിലെ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാനും എല്‍.ഡി.എഫിനായി ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ദലീമ ജോജോയുമാണ് കളത്തില്‍. പിന്നണി ഗാനരംഗത്തുനിന്നു തിരഞ്ഞെടുപ്പിന്റെ മുന്നണിയിലേക്കു ദലീമ ജോജോ കടന്നിരിക്കുമ്പോള്‍, ചരിത്രത്തിലേക്കുള്ളൊരു കടന്നുകയറ്റം കൂടിയായി ആ മത്സരം മാറി. ഷാനിമോള്‍ ഉസ്മാനെ 6,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദലീമ തോല്‍പ്പിച്ചത്.

ഒ.എസ് അംബിക- തിരുവനന്തപുരം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഒ.എസ് അംബിക വിജയിച്ചത്.

യു. പ്രതിഭ - കായംകുളത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എയുമായ യു. പ്രതിഭയാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ 6,270  വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ മറികടന്നത്. 

കാനത്തില്‍ ജമീല -കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫിന് വേണ്ടി നിലനിര്‍ത്തി കാനത്തില്‍ ജമീല. യു.ഡി.എഫിലെ എന്‍. സുബ്രഹ്മണ്യനെതിരെ 7,431 വോട്ടുകള്‍ക്കാണ് കാനത്തില്‍ ജമീല വിജയിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് കാനത്തില്‍ ജമീല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക