Image

തോറ്റു പോയവരുടെ ചരിത്രം ഇനിയും വീണ്ടെടുക്കുക തന്നെ ചെയ്യും

അനിൽ പെണ്ണുക്കര Published on 02 May, 2021
തോറ്റു പോയവരുടെ ചരിത്രം ഇനിയും വീണ്ടെടുക്കുക തന്നെ ചെയ്യും

തിരഞ്ഞെടുപ്പ് ചരിത്രങ്ങളിൽ ഇത്രത്തോളം തോറ്റുപോയവർ കോൺഗ്രസിനോളം മാറ്റാരുമില്ല. പതിനഞ്ചു വർഷങ്ങൾ രാഷ്ട്രീയ ചിത്രത്തിലേ ഇല്ലായിരുന്നിട്ടും പെട്ടന്നൊരിക്കൽ ആളിക്കത്തി തിരിച്ചു വരാനും കോൺഗ്രസിനോളം കഴിയുന്ന മാറ്റാരുമില്ല.
എവിടെയാണ് കേരളത്തിൽ യു ഡി എഫ് ന് പിഴച്ചത്. ഏത് കണക്കുകൂട്ടലുകളാണ് കാര്യക്ഷമമാകാതെ പോയത്. ഭരണമികവ് പോലെ തന്നെ വ്യക്തമായ ഒന്നാണ് പ്രതിപക്ഷത്തിന്റെ നിലനിൽപ്പ്, തോൽവികളുടെ ആക്കം പരിശോധിക്കുമ്പോൾ ആ നിലനിൽപ്പ് പ്രതിപക്ഷം ഒരിക്കൽ പോലും പ്രകടിപ്പിച്ചില്ലെന്ന് വ്യക്തമാണ്. അതായത് ഇടതുപക്ഷത്തിന്റെ വലിയ മുന്നേറ്റങ്ങൾക്ക് കാരണമായത് മികച്ച ഒരു പ്രതിപക്ഷത്തിന്റെ അഭാവം തന്നെയാണ്.

ഒരു പ്രതിപക്ഷമാണ് ഭരണപക്ഷത്തേക്കാൾ നാടിന്റെ ഓരോ അനക്കങ്ങളിലും അടയാളപ്പെട്ടു കിടക്കുന്നത്. ഭരണപക്ഷത്തിന്റെ ഓരോ തെറ്റുകളെയും കൃത്യമായി ചൂണ്ടിക്കാണിക്കേണ്ടത് അവരാണ്. ഉറങ്ങാതെ കൃത്യമായ നീതിയും നിയമവും നടപ്പാക്കുന്നുണ്ടോ എന്ന് വീക്ഷിക്കേണ്ടതും അവർ തന്നെയാണ്. പക്ഷെ കേരളത്തിലെ  യു ഡി എഫ് ലേക്ക് വരുമ്പോൾ ആ പ്രതിപക്ഷം വലിയ പരാജയമായിരുന്നെന്ന് വേണം മനസ്സിലാക്കാൻ. ആരോപണങ്ങൾ ഉന്നയിക്കുക മാത്രം ചെയ്ത് അതിനിടയിലെല്ലാം എവിടെയൊക്കെയോ പിടിവിട്ടുപോയ
ഒരാത്മാവായി ചെന്നിത്തല മാറുന്നത് നമ്മൾ കണ്ടതാണ്. ആരോപണങ്ങൾ തെളിയിക്കാൻ ഒരിക്കലും ചെന്നിത്തല ശ്രമിച്ചില്ല. പകരം വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തതത്. അതുകൊണ്ട് പാർട്ടിക്കോ നാടിനോ ഉപകാരങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടുമില്ല.

ഈ തോൽവി ഐക്യ ജനാധിപത്യ മുന്നണിയുടെ വേരിനേറ്റ ക്ഷതം തന്നെയാണ്, അല്ലെങ്കിലും കരുണാകാരനെ വെട്ടിവീഴ്ത്തി ഗുരുശാപത്തോടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കിറങ്ങിയവർക്ക് സ്വന്തം സ്വത്വം നിലനിർത്തുക എന്നുള്ളത് പ്രയാസകരമാണ്. യു ഡി എഫ് ക്യാമ്പുകൾ ഈ തോൽവിയെ കൃത്യമായി പഠിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഉറപ്പുള്ള മണ്ഡലങ്ങളിൽ പോലും തോറ്റു പോയതെന്ന് കണ്ടെത്തേണ്ടതാണ്. വേരു മുറിയുമ്പോഴും അതിന്റെ ആഴങ്ങളിൽ നിന്ന് പൊടിഞ്ഞ തണലായി ഒടുവിൽ വളർന്ന ഷാഫിയും, പി സി വിഷ്ണുനാഥും  അടക്കമുള്ളവർ പ്രതീക്ഷ നൽകുന്നുണ്ട്. ആദ്യം കേരളമൊഴികെ എല്ലായിടത്തും തകർന്നടിഞ്ഞു, ഇപ്പോൾ കേരളത്തിലും. കോൺഗ്രസ് ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയും ബഹുദൂരം ജന്മനസ്സുകളിലേക്ക് നടന്നടുക്കേണ്ടതുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക