Image

തമിഴ്‌നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കടിഞ്ഞാൺ വീണ്ടെടുക്കുന്നു

--എസ് സുന്ദര്ദാസ് Published on 03 May, 2021
തമിഴ്‌നാട്ടിൽ  ദ്രാവിഡരാഷ്ട്രീയം കടിഞ്ഞാൺ വീണ്ടെടുക്കുന്നു


ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ദ്രാവിഡമുന്നേറ്റകഴകം (ഡി എം കെ) നേടിയ ഈ ൻ വിജയം. ദേശീയ കക്ഷികളുടെ 'അധിനിവേശത്തെ' ചെറുക്കുകയും  ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രസക്തി വീണ്ടെടുക്കുകയും ചെയ്ത ഈ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യശില്പി പാർട്ടി പ്രസിഡന്റുകൂടിയായ സ്റാലിൻതന്നെ. ജയലളിതയുടെ മരണശേഷം കുത്തഴിഞ്ഞ നിലയിലായ എ  ഐ എ  ഡി എം കെ യിൽനിന്ന് ഒരു വിഭാഗത്തെ അടർത്തിയെടുത്ത് അധികാരത്തിൽ കയറിപ്പറ്റാൻ അദ്ദേഹത്തിന് അനായാസം കഴിയുമായിരുന്നു. എന്നാൽ വൈരുദ്ധ്യങ്ങളുടെ ഭാണ്ഡമായ എ  ഐ എ  ഡി എം കെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഛിന്നഭിന്നമാകുമെന്നും അപ്പോൾ തനിക്ക് നേരായ മാർഗത്തിലൂടെ അധികാരത്തിലെത്താനാകുമെന്നും പരിണിതപ്രജ്ഞനായ ആ നേതാവ് മനസ്സിലാക്കിയിരുന്നു.

കലൈഞ്ജരുടെ കലാ-സാഹിത്യ പാണ്ഡിത്യമോ പ്രതിഭയോ ല്ലെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ കൗശലം സ്റ്റാലിൻ സ്വായത്തമാക്കിയിട്ടുണ്ട് എന്ന് ഈ തെരഞ്ഞെടുപ്പ് വിജയം  .വ്യക്തമാക്കുന്നു. കോൺഗ്രസ് അടക്കമുള്ള സ്ഥിരം ഘടകക്ഷികളെ അദ്ദേഹം കൂടെ നിർത്തി. എന്നാൽ അവരുടെ, പ്രത്യേകിച്ചും കോൺഗ്രസിന്റെ സമ്മർദ്ദതന്ത്രങ്ങളെ അതിജീവിച്ച് സിറ്റ് വിഭജനം നടത്താനും അദ്ദേഹത്തിന് സാധിച്ചു. ഡി എം കെ തനിച്ച് ഭുരിപക്ഷം നേടുക എന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ. ജാതീയകക്ഷികളെയോ തെരഞ്ഞെപ്പുകാലങ്ങളിൽ മുളച്ചുപൊന്തുന്ന, സിനിമാതാരങ്ങളുടെ നേതൃത്വത്തിലുള്ള കക്ഷികളെയോ അദ്ദേഹം ഭയപ്പെട്ടില്ല. എം ജി ആർ അല്ലെങ്കിൽ ജയലളിത കൈയ്യാളിയപോലുള്ള താരരാഷ്ട്രീയം പ്രയോഗിക്കാൻ കെൽപ്പുള്ള ഒരു സിനിമാതാരവും ഇപ്പോൾ തമിഴ്‌നാട്ടിലില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പുതന്നെ  അദ്ദേഹം പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തനസജ്ജമാക്കി. കരുണാനിധിയുടെ മരണശേഷം സഹോദരനായ  അഴഗിരിയുടെ രാഷ്ട്രീയ നീക്കങ്ങളെ സമർത്ഥമായി അതിജീവിച്ച സ്റ്റാലിൻ പാർട്ടിയിൽ ന്റെ അപ്രമാദിത്വം ഉറപ്പാക്കി. താൻ മാത്രമാണ് കലൈഞ്ജരുടെ  പിന്തുടർച്ചാവകാശി എന്ന് അദ്ദേഹം അണികളെ ബോധ്യപ്പെടുത്തി. അതേസമയം   കനിമൊഴിയെയും മറ്റു കുടുംബാംഗങ്ങളെയും പാർട്ടിയിലെ മുതിർന്ന നേതാക്കളെയും കൂടെ നിർത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. കനിമൊഴി അടക്കമുള്ളവരെ അദ്ദേഹം പ്രചാരണരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. 

കേവലവിജയമല്ല, മൂന്നിൽരണ്ട്  ഭൂരിപക്ഷം തന്നെ അദ്ദേഹം ലക്ഷ്യമാക്കി. ജനങ്ങളാകട്ടെ, അതിലധികം തന്നെ അദ്ദേഹത്തിന് നൽകുകയും ചെയ്തു. കോൺഗ്രസ്സിന് കൂടുതൽ സീറ്റുകൾ  നൽകിയാൽ അവയിൽ ഏറെയും നഷ്ടമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മാത്രമല്ല തമിഴ്‌നാട്ടിൽ ആ പാർട്ടി ശരിയായ നേതൃത്വമില്ലാതെ കുത്തഴിഞ്ഞുകിടക്കുകയുമാണ്. പ്രചാരണത്തിനുവേണ്ടി രാഹുൽഗാന്ധിയെ അമിതമായി ആശ്രയിക്കാനും അദ്ദേഹം തയാറായില്ല. ദേശീയ തലത്തിലും കോൺഗ്രസ് ദുര്ബലമാണെങ്കിലും ബി ജെപിക്ക് ബദൽ എന്നനിലയിൽ കോൺഗ്രസിനെ കാണേണ്ടതിന്റെ അനിവാര്യതയും സ്റ്റാലിൻ ഉൾക്കൊണ്ടു. മത്സരിക്കാൻ ലഭിച്ച സീറ്റുകൾ അധികവും നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്ന് അദ്ദേഹം കോൺഗ്രസിന് മുന്നറിയിപ്പുനൽകി. അത് ഫലം കണ്ട് എന്നാണ് കോൺഗ്രസ് വിജയിച്ച സീറ്റുകളുടെ എണ്ണം വ്യക്തമാക്കുന്നത്.

തമിഴ്‌നാട് നിയമസഭയിൽ ഇതുവരെ എത്തിനോക്കാൻ പോലും അവസരം ലഭിച്ചിട്ടില്ലാത്ത ബി ജെ പി ഇത്തവണ ഏത് വിധേനയും അവിടെ കടന്നുകൂടാൻ ശ്രമിക്കുകയായിരുന്നു. ആദ്യം രജനികാന്തിനെ വശത്താക്കി സ്വന്തം നിലയിൽ ഒരു ശ്രമം നടത്താൻ   അവർ തുനിഞ്ഞു. അത് ഫലിക്കാതായപ്പോൾ പഴനിസാമിയെയും ശശികലയെയും ഒന്നിപ്പിച്ച് കാര്യം നേടാനാകുമോ എന്നും അവർ നോക്കി. ആ ശ്രമവും ചീറ്റിപ്പോയപ്പോൾ പഴനിസാമിയുടെ എ ഐ എ ഡി എം കെ യെയും സഖ്യകക്ഷികളെയും മുൻനിർത്തി പരമാവധി സീറ്റുകൾ നേടാനായി നീക്കം.  എ ഐ എ ഡി എം കെ യുടെ പരാജയം നേരത്തെതന്നെ ഉറപ്പാക്കിയ സ്റ്റാലിൻ ബി ജെ പിക്ക് തടയിടാൻ വേണ്ടി സ്ഥാനാർഥി നിർണയത്തിൽ അതീവ ജാഗ്രത പുലർത്തി. കഴിയുന്നത്ര കരുത്തരായ സ്ഥാനാർഥികളെത്തന്നെ ബി ജെ പി മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിർത്തി.

തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ രജനിയുടെ രാഷ്ട്രീയ പ്രവേശവാർത്ത മാത്രമാണ് സ്റ്റാലിനെ ചെറുതായൊന്ന് സംഭ്രമിപ്പിച്ചത്. അദ്ദേഹത്തിന്റെ പിന്നിൽ നിന്നുകൊണ്ട് ബി ജെ പി മുതലെടുക്കാൻ ശ്രമിക്കുന്നതിലെ അപകടം സ്റ്റാലിൻ തിരിച്ചറിഞ്ഞു.  എന്നാൽ മലപോലെ വന്ന രജനി തരംഗം മഞ്ഞുപോലെ അപ്രത്യക്ഷമായി. രജനിയുടെ ആരോഗ്യപ്രശ്നമായിരുന്നു  മുഖ്യകാരണമെങ്കിലും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വീണ്ടുവിചാരവും ആ പിന്മാറ്റത്തിന് പ്രേരണയായി. പിന്നെയുള്ളത് കമലാഹാസനായിരുന്നു. ശുദ്ധഗതിക്കാരനായ അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ കുതന്ത്രങ്ങൾ പോയിട്ട് നേരായ തന്ത്രങ്ങൾ പോലും  വശമില്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മക്കൾ നീതി മയ്യം  ഒരു ഭീഷണി അല്ലെന്ന്  സ്റ്റാലിൻ അറിയാമായിരുന്നു. തെരഞ്ഞെടുപ്പുഫലം  അത് ശരിവെക്കുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇടപെടാനും അതുവഴി അടുത്ത ലോകസഭാതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും ശ്രമിച്ച ബി ജെ പിക്കും നിയമസഭാതെരഞ്ഞെടുപ്പുഫലം തിരിച്ചടിയായി. അങ്ങനെ ഒരിക്കല്ക്കൂടി ദ്രാവിഡരാഷ്ട്രീയത്തിന്റെ ബിജെപി വിരുദ്ധമുഖമായി ഡി എം കെ.

നല്ല മെയ് വഴക്കമുള്ള സ്റ്റാലിന് രാഷ്ട്രീയ ട്രപ്പീസ് കളി അനായാസമാണ്. ഇന്ദിരാഗാന്ധിയോടും എം ജി ആറിനോനോടും പടപൊരുതി വീണിട്ടും സടകുടഞ്ഞെഴുനേൽക്കുകയും അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്ത കരുണാനിധിയുടെ മകന് അതിജീവനത്തിന്റെ രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ടതില്ല.  ഇപ്പോൾ അറുപത്തെട്ടുകാരനായ അദ്ദേഹം അക്ഷരാർഥത്തിൽത്തന്നെ രാഷ്ട്രീയത്തിൽ പിച്ചവെച്ചുനടന്ന് വളർന്ന ആളാണ്. ഇരുപതാം വയസ്സിൽ അദ്ദേഹം ഡി എം കെയുടെ ജനറൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ച അദ്ദേഹം 1982-ൽ   ഡി എം കെയുടെ യുവജനവിഭാഗം (ഇളൈഞ്ഞർ അണി) ജനറൽ സെക്രട്ടറിയായി. നാല് ദശകക്കാലം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. അണികൾ അദ്ദേഹത്തെ 'ഇളയ ദളപതി' എന്ന് വിളിച്ച്‌  കരുണാനിധിക്കുശേഷം ആർ എന്ന ചോദ്യത്തിന് അന്നേ മറുപടി നൽകി. 

മക്കളിൽ ആരെയെങ്കിലും എം ജി ആറിനെ വെല്ലുവിളിക്കാൻ കരുത്തുറ്റ സിനിമാ നടനാക്കണമെന്ന് കരുണാനിധി വ്യാമോഹിച്ചിരുന്നു. മൂത്തമകൻ മുത്തുവിനെ പിള്ളയോ പിള്ളൈ എന്ന ഒരു സിനിമയിൽ ഒരു എം ജി ആർ സ്റ്റൈൽ നായകനാക്കി നോക്കിയെങ്കിലും അത് ദയനീയ പരാജയമായിരുന്നു. സ്റ്റാലിനും ഒരു സിനിമയിലും ഒന്നുരണ്ട് ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചുവെങ്കിലും അദ്ദേഹം തന്റെ രാഷ്ട്രീയ നിയോഗം അപ്പോഴേ തിരിച്ചറിഞ്ഞു. തനിക്ക് കൈവിട്ടുപോയത്  (അതോ താൻ കൈവിട്ടതോ) തന്റെ മകനിലൂടെ നേടാൻ സ്‌റ്റാലിൻ ശ്രമിച്ചത്തിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ പുത്രൻ ഉദയനിധി സ്‌റ്റാലിൻ സിനിമാനിര്മാതാവും നടനുമൊക്കെ ആയത്.  ഇപ്പോൾ ഉദയനിധിയും രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ എത്തിയിരിക്കുന്നു. ചെന്നൈ ചെപ്പോക്ക് നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം വൻ വിജയം നേടിയിരിക്കുന്നു.

മുഖ്യമന്ത്രി എന്ന നിലയിൽ എങ്ങനെയുള്ള ഭരണാധികാരി ആയിരിക്കും സ്റ്റാലിൻ? ഭരണരംഗത്ത് വിവിധ പദവികളിലായി ദിർഘകാല പരിചയമുണ്ട് അദ്ദേഹത്തിന്. 1996-ൽ അദ്ദേഹം ചെന്നൈ നഗരത്തിന്റെ ആദ്യത്തെ നേരിട്ട് തെരഞ്ഞഞ്ഞെടുക്കപ്പെട്ട മേയറായി. ഒട്ടേറെ ഫ്‌ളൈ ഓവറുകളടക്കം ധാരാളം വികസനപരിപാടികൾ അദ്ദേഹം നഗരത്തിൽ നടപ്പാക്കി. നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി അദ്ദേഹം ആവിഷ്‌ക്കരിച്ച 'ശിങ്കാര ചെന്നൈ' (സുന്ദരമായ ചെന്നൈ ) എന്ന പദ്ധതി ഇന്നും തുടരുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത  ഒന്നാണ്. 2006-ൽ ഡി എം കെ അധികാരത്തിൽ വന്നപ്പോൾ സ്റ്റാലിൻ ഗ്രാമവികസന-തദ്ദേശഭരണ വകുപ്പ് മന്ത്രിയായി. അവിടെയും അദ്ദേഹം തന്റെ  ഭരണ പാടവം തെളിയിച്ചു. 2009-ൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായി ഉയർത്തപ്പെട്ടു. പാർട്ടിയിലും ഭരണത്തിലും കരുണാനിധിയുടെ ശിക്ഷണത്തിൽ പയറ്റിത്തെളിഞ്ഞ അദ്ദേഹത്തിന് ഒരു സഭാകമ്പവുമില്ലാതെ തന്റെ ചുമതല നിർവഹിക്കാൻ കഴിയും. എന്നാൽ ഭരണം കയ്യാളുകമാത്രമല്ല, തമിഴ്‌നാട്ടിൽ  ദ്രാവിഡരാഷ്ട്രീയത്തിന്റെ അപ്രമാദിത്വം  പുനഃസ്ഥാപിക്കുകകൂടി അദ്ദേഹത്തിന്റെ ദൗത്യമാണ്.

--എസ് സുന്ദര്ദാസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക