Image

കോട്ടയം ജില്ലയില്‍ ബിജെപി നേതൃത്വം മറുപടി പറയേണ്ടിവരും; വോട്ടില്‍ കനത്ത ഇടിവ്(ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 04 May, 2021
 കോട്ടയം ജില്ലയില്‍ ബിജെപി നേതൃത്വം മറുപടി പറയേണ്ടിവരും; വോട്ടില്‍ കനത്ത ഇടിവ്(ജോബിന്‍സ് തോമസ്)
കേരളത്തില്‍ വോട്ടുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശിയ നേതൃത്വമൊന്നടക്കം ഒരു പരിധിവരെ കേരളത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നയിച്ചിട്ടും വോട്ടില്‍ ഉണ്ടായ ഇടിവ് തെല്ലൊന്നുമല്ല. ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്നാഥ് സിംഗുമടക്കം പല വന്‍ റാലികള്‍ക്കു നേതൃത്വം നല്‍കിയിട്ടും ഉണ്ടായിരുന്ന ഒരു എംഎല്‍എ സ്ഥാനം ന്ഷ്ടമാവുകയാണ് ചെയ്ത്. മാത്രമല്ല മത്സരിച്ച രണ്ടിടങ്ങളിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കനത്ത പരാജയം ഏറ്റുവാങ്ങി. സംസ്ഥാനമാകെ കനത്ത നഷ്ടമാണ് ബിജെപിക്ക് സംഭവിച്ചത്.

കോട്ടയം ജില്ലയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലാ നേതൃത്വം വിശദീകരിക്കുവാനായി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സാരം. എഴുപത്തി അയ്യായിരത്തിലധികം വോട്ടുകളുടെ വിത്യാസമാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് സംഭവിച്ചത്.

പാലാ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണ ലഭിച്ചത് 24,821 വോട്ടുകളായിരുന്നുവെങ്കില്‍ ഇത്തവണ നേടിയത് കേവലം 10,533 വോട്ടുകള്‍ മാത്രമാണ്. ഇതു സംബന്ധിച്ച് യുഡിഎഫുമായി വോട്ട് കച്ചവടം നടത്തിയെന്ന് ജോസ് കെ. മാണി ഇതിനകം തന്നെ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കോട്ടയത്ത് കഴിഞ്ഞ തവണ ലഭിച്ചത് 12,816 വോട്ടുകളായിരുന്നു ഇത്തവണ ലഭിച്ചതാകട്ടെ 8613 വോട്ടുകളും .ഏറ്റുമാനൂരില്‍ വന്‍ ഇടിവാണ് സംഭവിച്ചത് 2016 ലെ വോട്ട് 27,540 ആയിരുന്നു എന്നാല്‍ 2021 ആയപ്പോള്‍ അത് 13746 ലേയ്ക്ക് കുറഞ്ഞു പതിനാലായിരത്തില്‍പ്പരം വോട്ടുകളുടെ വിത്യാസം. വൈക്കത്താകട്ടെ വോട്ട് നില 2016 ലെ 30067 എന്ന അക്കത്തില്‍ നിന്നും 11,953 ലേക്ക് എത്തി.

ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഇത്തവണ ലഭിച്ചത് കേവലം 2,965 വോട്ടുകളാണ് കഴിഞ്ഞ തവണ ഇത് 19,966 ആയിരുന്നു. പുതുപ്പള്ളിയിലാകട്ടെ 15993 ല്‍ നിന്നും 11694 ലേയ്ക്കാണ് വോട്ട് ഇടിഞ്ഞത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു കാഞ്ഞിരപ്പള്ളി അവിടെ കഴിഞ്ഞ തവണത്തെ 31,411 ല്‍ നിന്നും 29,157 ലേയ്ക്ക്  ഇടിഞ്ഞു. എന്‍എസ്എസ് ആസ്ഥാനമായ ചങ്ങനാശേരിയിലാകട്ടെ 21,455 ല്‍ നിന്നും 14491 ലേയ്ക്കാണ് വോട്ട് കുറഞ്ഞത്.കടുത്തുരുത്തിയില്‍ 2016 ല്‍ 17536 വോട്ടുകള്‍ നേടിയെങ്കില്‍ ഇത്തവണ അത് 11670 ലേയ്ക്ക് കുറഞ്ഞു.

 കോട്ടയം ജില്ലയില്‍ ബിജെപി നേതൃത്വം മറുപടി പറയേണ്ടിവരും; വോട്ടില്‍ കനത്ത ഇടിവ്(ജോബിന്‍സ് തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക