Image

റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

Published on 04 May, 2021
 റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ


ലണ്ടന്‍: കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ യുകെയിലെ മലങ്കര കത്തോലിക്കാ സഭ മെയ് ഒന്നു മുതല്‍ 23 വരെ പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞം ക്രമീകരിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തില്‍ മഹാമാരിയുടെ ശമനത്തിനായി ജപമാല ചൊല്ലിയും ദൈവകരുണ പ്രത്യേകം യാചിച്ചും എല്ലാ കത്തോലിക്കാ വിശ്വാസികളും പ്രാര്‍ത്ഥിക്കണം എന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തോട് ചേര്‍ന്നു നിന്നു കൊണ്ടാണ് 'റഹ്മെ' (കരുണ എന്നര്‍ത്ഥമുള്ള സുറിയാനി പദം) എന്ന പേരില്‍ പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മെയ് ഒന്ന് മുതല്‍ 21 വരെ ദിവസങ്ങളില്‍ വൈകിട്ട് എട്ടിന് ജപമാല പ്രാര്‍ത്ഥനയും തുടര്‍ന്ന് സന്ധ്യായാമ നമസ്‌കാരവും യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പത്തൊന്‍പത് മിഷനുകളുടെയും എംസിവൈഎം, മാതൃസംഘം എന്നീ ഭക്തസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തും. ഫാ. തോമസ് മടുക്കുമ്മൂട്ടില്‍, ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് പുത്തന്‍വീട്, ഫാ. ജോണ്‍സന്‍ മനയില്‍, ഫാ. മാത്യു നെരിയാട്ടില്‍ എന്നിവര്‍ ഓരോ ദിവസങ്ങളിലെയും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. മലങ്കര കത്തോലിക്കാ സഭയുടെ സൂത്താറാ നമസ്‌കാരത്തിന്റെ ഭാഗമായ 'പട്ടാങ്ങപ്പെട്ട തമ്പുരാനെ'എന്ന ('സത്യവാനായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ' എന്നാരംഭിക്കുന്ന യാചന) ശക്തമായ വിടുതല്‍ പ്രാര്‍ത്ഥന ഈ പ്രാര്‍ത്ഥനയോടൊപ്പം ചൊല്ലുന്നതാണ്. പെട്ടന്നുള്ള മരണം, മിന്നലുകള്‍, ഇടികള്‍, വസന്തകള്‍, കഠിന പീഡകള്‍ എന്നിങ്ങനെ മുപ്പത്തിയൊന്‍പത് ഭൗമീകവും ആത്മീയവുമായ അപകടങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് നൂറ്റാണ്ടുകളായി അനേക തലമുറകള്‍ രാത്രിയുടെ യാമങ്ങളുടെ ആരംഭത്തില്‍ ഉറങ്ങും മുന്‍പ് ചൊല്ലുന്ന ഈ മനോഹരമായ പ്രാര്‍ത്ഥന മലങ്കര ആരാധനക്രമത്തിന്റെ പ്രത്യേക സൗന്ദര്യത്തിന്റേയും ശക്തിയുടെയും ദൃഷ്ടാന്തമാണ്.



മെയ് 22, ശനിയാഴ്ച വൈകിട്ട് എട്ടിനു സുവിശേഷസംഘത്തിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. പെന്തികോസ്തി തിരുനാള്‍ ദിനമായ മെയ് 23, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ കോഓര്‍ഡിനേറ്റര്‍, റവ. ഡോ. കുര്യാക്കോസ് തടത്തില്‍ പെന്തികോസ്തിപെരുന്നാളിന്റെ ശുശ്രൂഷകള്‍ നടത്തുകയും തുടര്‍ന്നു വി. കുര്‍ബാന അര്‍പ്പിക്കുകയും ചെയ്ത് 23 ദിവസം നീണ്ടു നില്‍ക്കുന്ന 'റഹ്മെ* എന്ന പ്രത്യേക ജാഗരണ കാലം സമാപിപ്പിക്കും. യൂറോപ്പിലെ മലങ്കര സമൂഹത്തിന്റെ അപ്പസ്‌തോലിക വിസിറ്റര്‍ ആയ ആബൂന്‍ മാര്‍ തിയഡോഷ്യസിന്റെ പ്രത്യേക താല്പര്യവും മലങ്കര സഭാ തലവന്‍ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് ബാവായുടെ ആശീര്‍വാദവും ഈ ശുശ്രൂഷകള്‍ക്കുണ്ട്.

റിപ്പോര്‍ട്ട്: ഫാ. മാത്യു നെരിയാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക