Image

മാതൃദീപം - ആല്‍ബം പ്രകാശനം ചെയ്തു

Published on 04 May, 2021
 മാതൃദീപം - ആല്‍ബം പ്രകാശനം ചെയ്തു


ലണ്ടന്‍: കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങളിലൂടെ ജനങ്ങള്‍ ഇപ്പോള്‍ കടന്നു പോകുമ്പോള്‍ പരിശുദ്ധ ദൈവ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ടുള്ള 'മാതൃദീപം' ആല്‍ബത്തിലെ 'നീ തുണയേകണമേ.. ലോക മാതേ'.....എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ മരിയന്‍ പ്രാര്‍ത്ഥനാഗാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രകാശനം ചെയ്തത്. പ്രകാശനം ചെയ്തു സംസാരിച്ച ബിഷപ്പ് തന്റെ വ്യക്തി ജീവിതത്തിലും ആദ്ധ്യാത്മിക ജീവിത്തിലും മാതാവിന് വലിയ സ്ഥാനമാണ് കൊടുത്തിരിക്കുന്നതെന്നും മാതാവിന്റെ ഏറ്റവും വലിയ ഭക്തനാണ് താനെന്നും പറയുകയുണ്ടായി. മാതാവിന്റെ മാസത്തിന്റെ തുടക്കത്തില്‍ തന്നെ മാതൃസ്തുതിയുടെ ഗാനം ആലപിച്ച ആനി അലോഷ്യസിനെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

മലയാളം മിഷന്‍ യുകെയുടെ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയുമായ ശ്രീ.സി.എ ജോസഫ് വിശിഷ്ടാതിഥിയെയും മറ്റുള്ളവരേയും പ്രകാശന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. പ്രകാശചടങ്ങില്‍ യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാര്‍ പിള്ള, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റും സേവനം യുകെ മുന്‍ ചെയര്‍മാനുമായ ഡോ. ബിജു പെരിങ്ങത്തറ, ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഹരീഷ് പാലാ, ഛായാഗ്രഹണം നിര്‍വ്വഹിച്ച ജയ്‌സന്‍ ലോറന്‍സ്, തോമസ് കളപ്പുരയില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗായിക ആനി അലോഷ്യസിന്റെ പിതാവും ആല്‍ബത്തിന്റെ ഗാനരചയിതാവുമായ അലോഷ്യസ് ഗബ്രിയേല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. യുകെയിലെ അറിയപ്പെടുന്ന കലാകാരിയും യുക്മ കലാ ഭൂഷണം അവാര്‍ഡ് ജേതാവുമായ ദീപാ നായര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതാരകയായി എത്തി ചടങ്ങിന് മികവേകി.

യുക്മ കലാതിലകം ആനി അലോഷ്യസ് ആലപിച്ച 'മാതൃ ദീപം' എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ആല്‍ബം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാതൃ ഭക്തിയുടെ നിറവില്‍ അതീവമായ മനോഹാരിതയില്‍ ഭക്തി സാന്ദ്രമായ ദൃശ്യാവിഷ്‌കരണം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട യുകെയിലെ അറിയപ്പെടുന്ന ഗായികയായ ആനി അലോഷ്യസാണ് പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ ഭക്തി ഗാനം ആലപിച്ചിരിക്കുന്നത്. ആനിയുടെ പിതാവ് അലോഷ്യസ് ഗബ്രിയേല്‍ ആണ് ഈ ആല്‍ബത്തിലെ ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹരീഷ് പാലയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഓര്‍ക്കസ്‌ട്രേഷന്‍ ലിജോ ലീനോസ്. ക്യാമറ - എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ജെയ്‌സണ്‍ ലോറന്‍സും തോമസ് കളപ്പുരയിലും ചേര്‍ന്നാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക