Image

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

Published on 06 May, 2021
മുദ്ര  (കവിത: പുഷ്പ ബേബി തോമസ് )
അമ്മയാവാൻ ഒത്തിരി കൊതിക്കുന്ന ഒരുവൾക്ക് 
മച്ചിയെന്ന മുദ്ര 
വീണ്ടും വീണ്ടും 
നെറ്റിയിൽ പതിക്കപ്പെടുമ്പോൾ ,
ആർക്കും കാണാനാവാതെ ,
ആരെയും അറിയിക്കാനാവാതെ ,
പങ്കുവയ്ക്കാനാവാതെ ,
മനസ്സിലും , ശരീരത്തിലും , സമൂഹത്തിലും 
അവളേറ്റുവാങ്ങിയ മുറിവുകൾ ... 
ഏകാന്തതയിലെ ദീർഘനിശ്വാസത്തിൽ 
അവളുടെ വേവലിൻ്റെ ചൂട് .
ആശ്വാസവാക്ക് കേൾക്കാനാവാതെ 
നുറുങ്ങിയ മനസ്സോടെ 
അവൾ അഭയം തേടുന്ന 
ആശുപത്രികൾ ... ദൈവങ്ങൾ ....
ചാന്ദ്രമാസങ്ങൾ ചുവന്നചാലുകൾ കീറുമ്പോൾ 
തലയണയെ അവൾ കുളിപ്പിക്കാറുണ്ട് .
നീണ്ടു പോയ ചിലമാസങ്ങൾ  നൽകിയ 
പ്രതീക്ഷയുടെ തിളക്കം 
വെലോസിറ്റ് കാർഡിലെ ഒറ്റവരയിൽ 
തലതല്ലി ചാകുമ്പോൾ 
പാഴായ ബീജങ്ങളുടെ കണക്കു കേട്ട് 
അവളിലെ സ്ത്രീ നുറുങ്ങി ചത്തുമലച്ചത് 
വേറാരും അറിഞ്ഞില്ല ;
അവളല്ലാതെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക