Image

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

Published on 07 May, 2021
കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു
വാഷിങ്ടണ്‍: കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തില്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കും എന്നു കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടയ്ക്കു സമര്‍പ്പിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.

ഇതോടെ പേറ്റന്റ് ഒഴിവാക്കാനുള്ള നടപടികള്‍ ലോകവ്യാപാര സംഘടനയുടെ പൊതുസമിതിക്ക് വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. സംഘടനയുടെ പൊതുസമിതി യോഗം ജനീവയില്‍ നടന്നുവരുകയാണ്. 164 അംഗരാജ്യങ്ങളില്‍ 100 രാജ്യങ്ങള്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച സമിതി അടുത്ത മാസം വിഷയം പരിഗണിക്കും.

അതേസമയം, ബൗദ്ധികസ്വത്തവകാശത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി മരുന്നു കമ്പനികളും അമേരിക്കന്‍ ചേംബഴ്‌സ് ഓഫ് കൊമേഴ്‌സും തീരുമാനത്തെ എതിര്‍ത്തു. അസാധാരണ സമയത്തെ അസാധാരണ നടപടിയാണിതെന്ന് യു. എസ്. വ്യാപാര പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു.

യുഎസിന് പിറകേ യൂറോപ്യന്‍ യൂണിയനും ഈ പേറ്റന്റ് ഒഴിവാക്കാനുളള തീരുമാനമെടുത്തു. ന്യൂസിലന്‍ഡും തീരുമാനത്തെ അനുകൂലിച്ചു. എന്നാല്‍ ജര്‍മനി, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ എന്നിവര്‍ ഈ തീരുമാനത്തിന് എതിരാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക