Image

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

Published on 07 May, 2021
നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

നയനക്കെല്ലാം ഒരു തമാശയായാണ് തോന്നിയത് ആദ്യം. ഉള്ളിൽ നിറഞ്ഞു തുളുമ്പിയ ചിരിയുടെ അലകൾ ചുണ്ടോളമെത്തിയത് പുറത്തു കാണിക്കാതിരിക്കാൻ അവൾക്കേറെ പണിപ്പെടേണ്ടി വന്നു. ടി.വി.യിൽ കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിട്ട് അധിക ദിവസമായിരുന്നില്ല. “ഇതെന്ത്  പ്രഹസനാണ് സജീ” എന്നും ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. എങ്കിലും മൂന്നു റൗണ്ട് കഴിഞ്ഞ് പുറം തള്ളപ്പെടാതെത്തിയ ആ അഞ്ചു പേരിൽ ഒരാളായതുകൊണ്ട് ഇത്തിരി അഭിമാനം തോന്നിയതിനാൽ അനവസരത്തിലുള്ള ചിരി ഒഴിവാക്കുകയേ മാർഗ്ഗമുണ്ടായുള്ളൂ. അടച്ച കണ്ണുകൾ തുറന്ന് ചുറ്റുമുള്ളവർ ചിരിക്കുന്നുണ്ടോ എന്നു നോക്കണമെന്നു വിചാരിച്ച അതേ സമയത്താണ് പരിശീലകൻ ''കണ്ണുതുറക്കരുത്, നാം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്'' എന്നു പറഞ്ഞത്. ആ അടുത്ത ഘട്ടം അവൾക്കേറെ ഇഷ്ടമാവുകയും ചെയ്തു.

 കയ്യിലേക്കിട്ടു തന്ന കുറച്ചു ഉണക്കമുന്തിരികൾ പതുക്കെപ്പതുക്കെ കഴിയ്ക്കുക എന്നതായിരുന്നു അത്. പതുക്കെ എന്നുവെച്ചാൽ പതുക്കെ എന്നുതന്നെ. ആദ്യമായി മുന്തിരികൾ കയ്യിലെടുത്ത് അതിന്റെ ആകൃതി, മൃദുത്വം, വലിപ്പം എന്നിവ കണ്ണുതുറക്കാതെ മനസ്സിലാക്കുക. മെല്ലെ ഞെക്കി നോക്കുക. പിന്നീട് സാവധാനം വായിലിടുക. നാവുകൊണ്ട് വീണ്ടും അതിന്റെ പുറത്തെ ആകൃതി അനുഭവിച്ചറിയുക. പലതവണ വായിൽ തിരിച്ചും മറിച്ചും ഇടുക. പിന്നെ മെല്ലെ കടിക്കുക. ഒരു കടി. അപ്പോൾ ഊറിവരുന്ന മധുരം അനുഭവിച്ചറിയുക. വീണ്ടും പതുക്കെ കടിക്കുക. അങ്ങനെ ഓരോ ഇഞ്ചും ആസ്വദിച്ചാസ്വദിച്ച് സാവധാനം ആ അഞ്ചു മുന്തിരികൾ ഭക്ഷിക്കുക. 

അപ്പോഴും അവൾക്ക് ചിരി വന്നു. ഒറ്റയടിയ്ക്ക് തീരേണ്ട കാര്യത്തെയിങ്ങനെ... രണ്ടു മിനിറ്റുകൊണ്ട് തീരേണ്ട ഒന്ന് അരമണിക്കൂർ എടുത്ത്... ഇത്രയൊക്കെ സമയമുണ്ടോ ജീവിതത്തിൽ എന്നോർത്തപ്പോഴാണ് ആ ചിന്ത വായിച്ചിട്ടെന്നപോലെ പരിശീലകൻ അതിനുമുത്തരം പറഞ്ഞത്. ''നിങ്ങളിൽ പലരും ഇതിനൊക്കെ സമയമെവിടെ എന്നോർക്കുന്നുണ്ടാവും. അതിന് അങ്ങനെ പ്രത്യേക സമയമൊന്നും മാറ്റിവെക്കേണ്ടതില്ല. ഇതൊരു ശീലമാക്കേണ്ടതാണ്. ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ, കാപ്പി കുടിക്കുമ്പോൾ, നാരങ്ങാവെള്ളം കുടിക്കുമ്പോൾ, ഐസ്‌ക്രീം കഴിക്കുമ്പോൾ ഒക്കെയുള്ള വ്യത്യാസങ്ങൾ, അനുഭവങ്ങൾ അനുഭൂതികളാക്കി മാറ്റാനാവും. ജീവിതം എത്ര മനോഹരമാണെന്ന് തിരിച്ചറിയാൻ തുടങ്ങും നമ്മളപ്പോൾ.'' 

നയനയുടെ സംശയം അപ്പോഴും അവസാനിച്ചിരുന്നില്ല. പരിശീലനകാലത്ത് പതിനയ്യായിരം രൂപ സ്റ്റൈപ്പന്റ് തരുന്നത് ഇതിനാണോ, ജീവിതം ആസ്വദിപ്പിക്കാനാണോ എന്നൊക്കെയായിരുന്നു അത്. എന്തായാലും പരിശീലകൻ അന്നേരം അവളുടെ മനസ്സ് വായിച്ചില്ല. പറഞ്ഞു തുടങ്ങിയതിന്റെ തുടർച്ചയിൽ സ്വയം ആഹ്ലാദം കണ്ടെത്തി അയാൾ സംസാരിക്കുകയായിരുന്നു. ''നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ സ്‌നേഹപൂർവ്വം തൊടുന്നത് നിങ്ങൾക്കപ്പോൾ പൂർണ്ണമായും ആസ്വദിക്കാനാവും. എന്തിന്! പലപ്പോഴും ഒരു ചടങ്ങുപോലെ നടന്നുപോകുന്ന ലൈംഗികബന്ധം എത്ര ആസ്വാദ്യജനകമാണെന്ന് നമുക്കു തിരിച്ചറിയാം. അതിന്റെ ഓരോ ഘട്ടത്തെയും അറിഞ്ഞറിഞ്ഞ് ഓരോന്നും ആസ്വദിച്ചങ്ങനെ... പ്രായപൂർത്തിയെത്തിയവർ മാത്രം ഉണ്ടായിരുന്ന ആ കൂട്ടത്തിലും അവസാനമയാൾ പറഞ്ഞത് വേണ്ടായിരുന്നു എന്ന് നയനയ്ക്ക് തോന്നി. പക്ഷെ അന്ന് ശമ്പളദിനമായിരുന്നു. തിരിച്ച് വീട്ടിൽപ്പോവുന്ന സമയത്ത് ഒരു ബ്ലാക് ഫോറസ്റ്റ് കേക്ക് വാങ്ങുന്നതും അതിന്റെ ഓരോ തരിയും നുണഞ്ഞറിയുന്നതുമായിരുന്നു മനസ്സിൽ. പരിശീലകൻ പറഞ്ഞ അവസാനത്തെ കാര്യമൊഴികെ ബാക്കിയെല്ലാം അമ്മയും അനിയത്തിയുമായി പങ്കുവെക്കുന്നതോർത്തപ്പോൾ അവൾക്ക് വലിയ സന്തോഷം തോന്നി. അമ്മ മിക്കവാറും കേക്ക് വേണ്ടാ  എന്നു പറയാനാണ് സാധ്യത. എന്നാലും ഒരു കഷണം അമ്മയെക്കൊണ്ടും കഴിപ്പിക്കും എന്നു നയന തീരുമാനിച്ചിരുന്നു.

കഴിഞ്ഞ രണ്ടുമാസത്തിലും കാര്യമായ ഒരു ജോലിയും ചെയ്തിരുന്നില്ല അവർ. ഒരു പത്രപ്പരസ്യം കണ്ട് അപേക്ഷിച്ചപ്പോൾ ഒരിക്കലും ഇങ്ങനെയാവും ജോലിയെന്ന് (ജോലിയല്ലല്ലോ!)  ഊഹിച്ചുമില്ല. ഒരു എച്ച്.ആർ. കമ്പനിയെന്നായിരുന്നു പരസ്യം. അഞ്ചുമാസത്തെ പരിശീലനവും പിന്നെ സ്ഥിരം നിയമനവും. പരീക്ഷയെഴുതാൻ ഒരുപാട് പേരുണ്ടായിരുന്നു. അധികവും പെൺകുട്ടികൾ. അതിൽ ജയിച്ച നൂറുപേരെയാണ് ഇന്റർവ്യുവിന് വിളിച്ചത്. ഒരിക്കൽപ്പോലും താൻ തെരഞ്ഞെടുക്കപ്പെടുമെന്ന് നയന കരുതിയിട്ടില്ല. സാധാരണ ഇന്റർവ്യുവിനുള്ള ചോദ്യങ്ങൾ ഒന്നുമല്ലായിരുന്നു അതിൽ. ഇരുപതോ അതിൽ കൂടുതലോ ശബ്ദങ്ങൾ, ഓരോന്നും ഇരുപത് സെക്കന്റ് കേൾപ്പിക്കും. പിന്നീട് അതിൽ നിന്ന് തിരഞ്ഞെടുത്ത് കേൾപ്പിക്കുന്നവ ഏതാണെന്ന് തിരിച്ചറിയണം. ഓരോന്നിനോടും ചേർത്ത് ഓരോ ഇംഗ്ലീഷ്  അക്ഷരങ്ങൾ ഉണ്ടാവും. അതും ഓർത്തുപറയണം. നൂറുപേരിൽ പത്തുപേർ മാത്രമാണ് ആ സെലക്ഷനിൽ അകത്തായത്. രണ്ടാമത്തെ റൗണ്ട് മണങ്ങൾ തിരിച്ചറിയുന്നതായിരുന്നു. ഏഴുപേർ അതും പാസായി. മൂന്നാമത്തേതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. ചില കോഡുകൾ-'കാപ്ച്ച' (Captcha) പോലെ- ഓർത്തു പറയുക. ഓരോന്നും കുറച്ചുനിമിഷങ്ങൾ കാണിക്കും. അഞ്ചെണ്ണം ശരിയായി പറഞ്ഞ നയനക്കായിരുന്നു ലിസ്റ്റിൽ ഒന്നാംറാങ്ക്. 

അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ ഒരാളായിരുന്നു നയന. നഗരത്തിൽ നിന്നല്പം മാറി ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപ്പെടാത്ത, കമ്പനിയുടെ ബോർഡുവെക്കാത്ത ആ സ്ഥാപനം കണ്ടുപിടിക്കാൻ നയനയും സന്തോഷേട്ടനും നന്നേ ബുദ്ധിമുട്ടി. പുറത്തു ബോർഡ് കണ്ടില്ല എന്ന് സന്തോഷേട്ടൻ സൂചിപ്പിച്ചപ്പോൾ അത് തൽക്കാലത്തെ ഓഫീസാണെന്നും താമസിയാതെ സ്ഥലം മാറുമെന്നും കൗണ്ടറിലിരുന്ന ആൾ അറിയിച്ചു. കൗണ്ടർ വരെയേ സന്തോഷേട്ടന് പ്രവേശനം ഉണ്ടായുള്ളൂ. പക്ഷേ കൂടെ ചേരാനുള്ള പെൺകുട്ടികളുടെ രക്ഷാകർത്താക്കളും അവിടം വരെയേ ഉണ്ടായുള്ളൂ എന്നതുകൊണ്ടും ഒപ്പമുള്ളത് പെൺകുട്ടികളായതുകൊണ്ടും സന്തോഷേട്ടൻ വലിയ ചോദ്യങ്ങളൊന്നുമില്ലാതെ തിരിച്ചുപോയി. പുറത്തു കണ്ട പോലെയായിരുന്നില്ല അകത്ത്. എല്ലാ അത്യന്താധുനിക സൗകര്യത്തോടും കൂടിയ ഒരു ഹോൾ, കമ്പ്യൂട്ടറുകൾ, ഏ.സി. എല്ലാമുണ്ടായിരുന്നു. അതിനകത്തേക്ക് കടത്തി വിടുമ്പോഴും തിരിച്ചിറങ്ങുമ്പോഴും കടുത്ത ദേഹപരിശോധന ചെയ്യുന്നതെന്തിനെന്ന് നയനയ്ക്ക് മനസ്സിലായില്ല. അവൾക്കത് ഏറ്റവും വെറുപ്പുള്ള ഒരു സംഗതിയുമായിരുന്നു. ഒരിക്കൽ മാത്രം പോയ ശോഭാസിറ്റിയിലെ തിയേറ്ററിൽ ഡിറ്റക്ടറുമായി വന്ന ചേച്ചിയോട് അവൾക്ക് കയർത്തു സംസാരിക്കേണ്ടി വന്നതും അനിയത്തിയ്ക്ക് അതിഷ്ടമാവാഞ്ഞതും അവളോർത്തു. ഇവിടെ അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. ജോലിയുടെ കാര്യമാണല്ലോ. മാത്രമല്ല, ഇപ്പോഴത് ഒരു ശീലവുമായി. നോക്കുന്നെങ്കിൽ നോക്കട്ടെ എന്ന മട്ടിലായി കാര്യങ്ങൾ.

അവിടെ ചേർന്ന അന്ന് ജോലി കഴിഞ്ഞ് (അല്ല പരിശീലനം കഴിഞ്ഞ്) വീട്ടിലെത്തിയപ്പോൾ സന്തോഷേട്ടനുണ്ടായിരുന്നു വീട്ടിൽ. ''ആകപ്പാടെ ഒരു വശപ്പിശകാണല്ലോടീ'' എന്നു സംശയിച്ചപ്പോൾ  ''ഏയ് ഒന്നുമില്ല സന്തോഷേട്ടാ. ഇതൊരു രസമുള്ള ഏർപ്പാടാ'' എന്നു പറഞ്ഞ് നയന അന്നത്തെ രസം പങ്കുവെച്ചു. ''എന്തോ, ഞാനാദ്യമായി കേൾക്കാ ഇങ്ങനെയൊരു ജോലി. എന്താ ജോലി, എച്ച്.ആർ. എന്നല്ലേ പറഞ്ഞത്? അതിനിങ്ങനെ ഒരേർപ്പാടുണ്ടോ?'' എന്ന് പിന്നെയും ഉറപ്പുവരായ്കയാൽ അന്നുതന്നെ സന്തോഷേട്ടൻ കമ്പനിയുടെ പേര് ഗൂഗിളിൽ സെർച്ചു ചെയ്ത് നോക്കി. പറഞ്ഞതുപ്രകാരം ആ കമ്പനി അങ്ങനെത്തന്നെയായിരുന്നു. ''വലിയ കുഴപ്പമൊന്നും കാണുന്നില്ലടീ. എന്നാലും എനിക്കൊരു…'' ''ഏയ്, ഒന്നുമില്ല. എനിക്കു നല്ല ഇഷ്ടമായി'' എന്ന നയനയുടെ ഉത്തരം കേട്ടപ്പോൾ അവളെ ഇടകണ്ണിട്ട് നോക്കി. ''അത് കേട്ടാ മതി'' എന്നുപറഞ്ഞ് പോയി. 

അതു കഴിഞ്ഞിട്ടിപ്പൊ രണ്ടു മാസമായി. ഓരോ ദിവസത്തെയും കാര്യങ്ങൾ പറഞ്ഞുകേൾക്കാൻ ആദ്യമൊക്കെ നല്ല ഉത്സാഹമായിരുന്നു, സന്തോഷേട്ടന്. ഇപ്പോൾ ഭയാശങ്കകളൊക്കെ നീങ്ങിയതുകാരണം ''വേറെ എന്തെങ്കിലും പറയ്'' എന്നു വിഷയം മാറ്റും മൂപ്പർ. പിന്നെ നയനയും വലിയതായി ഒന്നും പറയാറില്ല. മാത്രമല്ല, ഒന്നു രണ്ടാഴ്ച മുമ്പാണ് പരിശീലകൻ ''ഇവിടെ നടക്കുന്ന ട്രെയിനിംഗ് ഒരു പ്രത്യേക രീതിയിലുള്ളതാണെന്ന് ഇതിനകം നിങ്ങൾ മനസ്സിലാക്കിക്കാണുമല്ലോ. നമ്മുടെ കമ്പനിക്ക് ഒരുപാട് കോമ്പിറ്റേറ്റേഴ്‌സ് ഉണ്ട്. അതുകൊണ്ട് ഇവിടെയുള്ള കാര്യങ്ങൾ നിങ്ങൾ ആരോടും പറയരുതെന്നാണ് കമ്പനിയുടെ താല്പര്യം. ആരും പറയുകയില്ലല്ലൊ അല്ലേ?'' എന്നുമാവശ്യപ്പെട്ടത്. ഇതിൽ അവസാനത്തെ വാചകത്തിന് ഒരു താക്കീതിന്റെ സ്വരമുണ്ടായിരുന്നോ എന്ന് നയനക്കു തോന്നിയത് അർച്ചനയോട് ചോദിക്കാനിരിക്കുമ്പോഴാണ് പരിശീലകൻ ''നിങ്ങൾ തമ്മിൽത്തമ്മിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല'' എന്നറിയിച്ചത്. 

ഭയത്തിന്റെ ഒരു കുഞ്ഞുനാമ്പ് തന്റെയുള്ളിൽ വളരുന്നത് നയന അറിയുന്നുണ്ടായിരുന്നു. പക്ഷേ പരിശീലകന്റെ അടുത്തവാചകം അതിനെ വളരാനനുവദിച്ചില്ല. ''നിങ്ങളെല്ലാവരും തന്നെ വളരെ നന്നായി ഞങ്ങൾ പറയുന്നത് ഉൾക്കൊള്ളുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അഞ്ചുമാസം ഉദ്ദേശിച്ചിരുന്ന നമ്മുടെ ട്രെയിനിംഗ് അത്രയും സമയം വേണ്ടിവരില്ല എന്നു തോന്നുന്നു. നാലു മാസത്തിൽ തീർക്കാവുന്നതാണത്. മാത്രമല്ല, നിങ്ങളുടെ സ്റ്റൈപ്പന്റ് തുക രണ്ടായിരം രൂപ കൂടി ഉയർത്തിയിരിക്കുന്നു.'' നയനയ്ക്ക് സന്തോഷം സഹിക്കവയ്യാതായി. സന്തോഷേട്ടന് ഒരു റെഡിമേഡ് ഷർട്ടു വാങ്ങാം. അനിയത്തിക്ക് ''ആഡ് ഓൺ'' കോഴ്‌സിനു ചേരാൻ കാശ് കൊടുക്കാം. പാവം, കാശില്ലാത്തതുകൊണ്ട് അവൾ അത് വേണ്ടെന്ന് വെച്ചിരിക്കയായിരുന്നു. എന്തിന് പേടിക്കണമെന്ന് മനസ്സിനോട് പറഞ്ഞ് സമാധാനിപ്പിച്ച് നയന ആശ്വാസത്തോടെയിരുന്നു.

മൂന്നുമാസം കടന്നുപോയപ്പോഴേക്ക് അവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിരുന്നു. നയനയും അർച്ചനയും ഒരു ഗ്രൂപ്പും മറ്റു മൂന്നുപേരും വേറെ ഗ്രൂപ്പും. അവരുടെ പരിശീലനവും വെവ്വേറെയായി. പരിശീലനക്കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നത് കമ്പനി താല്പര്യപ്പെടുന്നില്ല എന്നതിനാൽ മറ്റുള്ളവർ എന്തു ചെയ്യുന്നുവെന്ന് നയനക്ക് അറിയാനായില്ല. അവർക്ക് നാണയങ്ങൾ വേർതിരിക്കുന്ന പരിശീലനമായിരുന്നു അപ്പോൾ. കണ്ണുകെട്ടിയതിനുശേഷം കുറെ ഇന്ത്യൻ നാണയങ്ങൾ കയ്യിൽകൊടുത്ത് അവ ഏതൊക്കെയാണെന്ന് തൊട്ടുപറയുകയെന്നതായിരുന്നു അത്. വെറും അരമണിക്കൂറിൽ നയന അതിന്റെയൊരു ഉസ്താദായി. പിന്നീട് അമേരിക്കൻ നാണയങ്ങളും യു.കെ. നാണയങ്ങളും വന്നു. അതിനുശേഷം അവയെല്ലാം പരസ്പരം ഇടകലർത്തുകയും ഓരോന്നും ഏതു രാജ്യത്തിന്റെയെന്നും ഏതു നാണയമെന്നും പറയുകയെന്നതായി ദൗത്യം. നയനയ്ക്ക് ഒരു ദിവസമേ അതിനും വേണ്ടിവന്നുള്ളൂ. കണ്ണിലെ കെട്ടഴിച്ചപ്പോൾ പരിശീലകന്റെ മുഖത്തെ സംതൃപ്തി അവൾക്ക് തികഞ്ഞ ആത്മവിശ്വാസമേകി. പക്ഷേ  ആ കണ്ണുകളിൽ അതിൽ കവിഞ്ഞെന്തോ ഉള്ളത് ഒരു തോന്നലായി മാത്രം അവൾ കരുതുകയും ചെയ്തു. പരിശീലനത്തിനിടയിൽ, കണ്ണുകെട്ടിയപ്പോൾ അയാളുടെ കൈ അറിയാത്ത മട്ടിൽ തന്റെ മാറിൽ തൊട്ടപോലെ തോന്നിയതും അവൾ യാദൃച്ഛികമെന്നു കരുതി.  

ആ വീട്ടിൽ അവരതുവരെ കാണാത്ത ഒരു മുറി കൂടി ഉണ്ടെന്ന അറിവ് നയനയ്ക്ക് പുതിയതായിരുന്നു. നാണയങ്ങളുടെ തരംതിരിവ് വിജയകരമായി പൂർത്തിയാക്കിയ അന്നാണ് പരിശീലകൻ അവളെ ഒരലമാരക്കു പിന്നിൽ അതുവരെ സ്വയം വെളിപ്പെടാതെ നിന്ന വാതിൽ തുറന്ന് മറ്റൊരു മുറിയിലേക്കെത്തിച്ചത്. ഇത്രകാലം അവിടെ ജോലി ചെയ്തിട്ടും അങ്ങനെയൊന്നവിടെ ഉണ്ടായിരുന്നുവെന്നതും അത് തങ്ങളിൽനിന്ന് മറച്ചുവെച്ചു എന്നതും നയനയ്ക്ക് വളരെ വിചിത്രമായാണ് തോന്നിയത്. അത്ര രഹസ്യമായതെന്തോ അവിടെ നടക്കുന്നുണ്ടെന്ന തോന്നൽ അവളുടെ ഉള്ളിൽ ആഴ്ന്നിറങ്ങി. ഹൃദയമിടിപ്പ് കൂടുന്നത് അവളറിയുന്നുണ്ടായിരുന്നു. പരിശീലകനാൽ ആനയിക്കപ്പെട്ട് എത്തിയത് കുറച്ചുകൂടി വിശാലമായ മറ്റൊരു മുറിയിലേക്കാണ്. മദ്ധ്യഭാഗത്തുള്ള കസേരയിൽ മാന്യമായി വസ്ത്രധാരണം ചെയ്ത ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അവർ അങ്ങോട്ട് കടന്നുചെല്ലുമ്പോൾ അയാൾ ആരോടോ അവൾക്കജ്ഞാതമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. ഭയഭക്തി ബഹുമാനത്തോടെയാണ് പരിശീലകൻ അയാളുടെ മുമ്പിൽ നിന്നത്.

 

ഫോൺ സംഭാഷണമവസാനിപ്പിച്ചപ്പോൾ അവളെ പരിശീലകൻ മുന്നിലേക്ക് നീക്കിനിർത്തി. ''ഇതാണ് ആ കുട്ടി'' എന്നു പറഞ്ഞു. കസേരയിലിരുന്നയാൾ അവളോട് മര്യാദയോടെ ''ഇങ്ങുവരൂ'' എന്നു വിളിച്ച് കസേര ചൂണ്ടിക്കാണിച്ചു. അതുവരെയുള്ള സംശയവും ഭയവും മാറ്റിവെച്ച്, ആ അജ്ഞാതഭൂമികയിൽ അവൾക്കാകെ പരിചയമുള്ള ഒരാൾ പരിശീലകനായതുകൊണ്ട് ഒരനുവാദത്തിനെന്നോണം അയാളെ നോക്കി. അയാളാവട്ടെ കണ്ണുകൊണ്ട് ''ചെല്ലൂ''  എന്നു കാണിക്കുകയും പെട്ടെന്നു തന്നെ വന്നവഴി അപ്രത്യക്ഷനാവുകയും ചെയ്തു. ജനലുകളോ വാതിലുകളോ കാണാൻ സാധിക്കാത്ത, ശീതീകരിച്ച, ചുമരുകളിൽ പടങ്ങളോ ക്ലോക്കോ പോലുമില്ലാത്ത ആ മുറിയിലിരുന്നപ്പോൾ നയനയ്ക്ക് ധൈര്യം മുഴുവൻ ചോർന്നുപോകുംപോലെ തോന്നി. അപ്പോഴേന്തോ, ആദ്യമായി അവളാ ജോലിക്ക് കേറേണ്ടിയിരുന്നില്ല എന്നും വിചാരിച്ചു. എന്നാൽ അവളുടെ ആ ആശങ്കകൾക്കൊക്കെ വിരാമമിട്ടുകൊണ്ട് അയാൾ പറഞ്ഞു.  ''നയനയെപ്പറ്റി ട്രെയിനർ പറഞ്ഞിരുന്നു. ഇന്റലിജന്റാണെന്നും കാര്യങ്ങൾ പെട്ടെന്ന് പിടിച്ചെടുക്കുന്നുണ്ടെന്നും. നന്നായി. ഞങ്ങൾക്കിങ്ങനെയുള്ള സ്റ്റാഫിനെയാണ് വേണ്ടത്. പരിപൂർണ്ണ സഹകരണവും നയനയിൽനിന്ന് ഞങ്ങൾക്കത് പ്രതീക്ഷിക്കാമല്ലോ അല്ലേ?'' ''യെസ് സർ'' എന്നുത്തരം പ്രതീക്ഷിക്കുന്ന ഒരു ചോദ്യമായിരുന്നതുകൊണ്ട് അവൾ ആ ഉത്തരം തന്നെ പറഞ്ഞു. 

അതു കേൾക്കാതെ അയാൾ തുടർന്നു. ''നോക്കൂ നയന, മുമ്പ് പറഞ്ഞതുപോലെ ഇത് വളരെ  കോമ്പിറ്റിഷൻ നേരിടുന്ന കമ്പനിയാണ്. വളരെയധികം സ്കിൽ ആവശ്യമുള്ള ഒരു ജോലിക്കാണ് ഞങ്ങൾ നിങ്ങളെ നിയമിക്കാൻ പോകുന്നത്. അതുകൊണ്ട് ഇനിയുള്ള ട്രെയിനിംഗിന്റെ   ഡീറ്റെയിൽസ് ആരോടും പറയരുത് എന്നുകൂടി പറയാനാണ് ഞാൻ വിളിച്ചു വരുത്തിയത്. അതെനിക്ക് ഉറപ്പുതരണം.'' ഒന്നും മനസ്സിലായില്ലെങ്കിലും നയന തലയാട്ടി. വാതിൽ തുറക്കുകയും പരിശീലകൻ അവളെ പഴയ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. തിരിച്ചുപോരുമ്പോൾ 3000 രൂപയുടെ ഒരു കവർ അവളുടെ കയ്യിലേല്പിക്കുകയും ''ഇതൊരു പ്രോത്സാഹനമാണ്'' എന്ന് ഒരു പ്രത്യേക ചിരിചിരിക്കുകയും ചെയ്തു.

വീട്ടിലെത്തിയപ്പോൾ അനിയത്തി ഒരു അപേക്ഷയുമായി അടുത്തു കൂടി. അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ ഒരു പ്രത്യേകതരം തത്തയെ കൊടുക്കാനുണ്ടത്രെ. കേരളത്തിൽ കാണുന്ന തരമല്ല. പച്ചയ്ക്കു പകരം ചുവപ്പും നീലയും ചിറകുകൾ. വളരെ അപൂർവ്വമായി മാത്രം കാണുന്ന ഒരിനം. അവൾക്കായതുകൊണ്ട് അയ്യായിരം രൂപയ്ക്ക് കൊടുക്കാമെന്നവർ സമ്മതിച്ചിട്ടുണ്ടത്രേ. അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നത് അന്നുള്ളിലുള്ള ആ വല്ലാത്ത തോന്നലിനെ ഇല്ലാതാക്കുമെന്ന പ്രതീക്ഷയിൽ നയന ആ തുക അവൾക്കു കൊടുത്തു. അമ്മക്കു മരുന്നുവാങ്ങാൻ ഇനി വേറെ പൈസ നോക്കേണ്ടിവരും. എങ്കിലും അപൂർവ്വമായ തത്തയല്ലേ? സന്തോഷട്ടനൊപ്പം ബൈക്കിൽപോയി തത്തയെ കൊണ്ടുവന്നപ്പോൾ അനിയത്തിയുടെ മുഖം അഭിമാനം കൊണ്ട് വിടർന്നിരുന്നു. അവളുടെ കൂട്ടുകാരികൾക്കൊന്നുമില്ലാത്ത ആ ഭാഗ്യത്തിൽ അവളേറെ സന്തോഷവതിയായി. തത്തയെ കൈമാറുമ്പോൾ അവർ കൊടുത്ത നിർദ്ദേശങ്ങൾ പ്രകാരം അനിയത്തി വേണ്ടതൊക്കെ ചെയ്തു. കൊടുക്കേണ്ട ഭക്ഷണം, കൂടു തൂക്കിയിടേണ്ട സ്ഥലം അങ്ങനെ പലതും. അന്നുരാത്രി നയനയ്ക്ക് തീരെ ഉറങ്ങാനായില്ല. പുറത്ത്, കൂട്ടിലിട്ടിരുന്ന ആ പാവം കിളിയും എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. 

അടുത്ത ദിവസം മുതൽ നയനയ്‌ക്കൊറ്റക്കായിരുന്നു പരിശീലനം. പതിവിനു വിപരീതമായി ശരീരപരിശോധന കഴിഞ്ഞയുടനേ അവളുടെ കണ്ണു കെട്ടപ്പെട്ടു. അതുവരെ പോകാത്ത എങ്ങോട്ടോ ആണ് അവളെ കൊണ്ടുപോയത്. അങ്ങോട്ടു കൊണ്ടുപോയപ്പോൾ പരിശീലകന്റെ നിശ്വാസം അവളുടെ മുഖത്തിന് വളരെ അടുത്തുവന്നതായി തോന്നി അവൾ ഭയപ്പെട്ടു. നാളിതുവരെയായിട്ടും അയാളുടെ പേരെന്തെന്ന് പറഞ്ഞിരുന്നില്ല എന്നും അതു ചോദിക്കാൻ തങ്ങൾക്കു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നും അവളോർത്തു. ഒരു ഗുരുവും ശിഷ്യയും തമ്മിലുള്ള വിശുദ്ധ ബന്ധമായും അവൾക്കത് തോന്നിയില്ല. ഭയപ്പെടേണ്ടതെന്തോ, രഹസ്യമായി വെക്കപ്പെടേണ്ടതെന്തോ തങ്ങൾക്കിടയിലുണ്ടെന്നതിന്റെ അസ്വസ്ഥത തുടക്കം മുതലുണ്ടായിരുന്നത് ഇപ്പോളേറെ അധികരിച്ചു. അതുകൊണ്ടു തന്നെ, കണ്ണു തുറക്കമണമെന്ന് അവളയാളോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഇതുവരെ കേൾക്കാത്ത ഒരധികാരസ്വരത്തിൽ അയാളവളോട് പറഞ്ഞത് അതു സാധിക്കില്ല എന്നാണ്. അവൾക്കാകെ ശ്വാസംമുട്ടി. ഛർദ്ദിക്കാൻ വന്നു. പക്ഷേ അനുസരിക്കയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ദിശയോ ആകൃതിയോ പ്രകൃതമോ ഒന്നും തിരിച്ചറിയാത്ത ഒരു മുറിയിൽ അവളെയയാൾ കൊണ്ടുചെന്നാക്കി. കല്ലുകളെന്നു തോന്നിപ്പിച്ച, കൂർത്ത മുനകളുള്ള എന്തോ ചിലത് തരംതിരിക്കുകയെന്ന ജോലിയായിരുന്നു അന്ന് ചെയ്യേണ്ടിയിരുന്നത്. കൈകൊണ്ട് തൊട്ടും അനുഭവിച്ചും ഒരേ തരത്തിലുള്ളത് ഓരോരോ ചെപ്പിലാക്കുക. അവൾ കൈകാര്യം ചെയ്തിരുന്നതെന്തെന്നോ എന്തിനെന്നോ ഒന്നുമറിയാതെ, നേരമെത്ര കടന്നുപോയെന്നറിയാതെ, ദാഹമോ വിശപ്പോ തീർക്കാതെ അവൾ അയാളെത്തുംവരെ ഏല്പിച്ച ജോലി തുടർന്നു. ഒടുവിൽ അയാളെത്തി അവളെ തിരിച്ചു കൊണ്ടുവന്നാക്കി കണ്ണിലെ കെട്ടഴിക്കുമ്പോൾ അവൾക്കൊന്നും കുറച്ചുനേരത്തേക്ക് കാണാൻ വയ്യാതായി. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത എന്തോ ഒന്ന് ചെയ്തപോലെ, ഒരിക്കലും എത്താൻ പാടില്ലാത്ത ഒരിടത്ത് എത്തിപ്പെട്ടപോലെ അവൾക്ക് കുറ്റബോധം മാത്രം തോന്നി. അന്നവൾ തിരിച്ചു വീട്ടിലേക്കു പോയത് നാളെ ജോലിക്കു പോകുന്നില്ല എന്നു തീരുമാനിച്ചുതന്നെയാണ്. 

കടുത്ത തലവേദനയുമായി കിടക്കുമ്പോഴാണ് സേവ് ചെയ്യാത്ത നമ്പറിൽനിന്ന് ഒരു കോൾ വന്നത്. ''നയന ഈ ജോലി ഉപേക്ഷിച്ചു പോകാമെന്ന് കരുതരുത്. അതു നടക്കില്ല.'' ഉറക്കമില്ലാത്ത രാത്രി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കൂട്ടിൽനിന്ന് തത്ത വല്ലാത്ത ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. പുതിയ സാഹചര്യവുമായി അതൊട്ടും പൊരുത്തപ്പെട്ടിരുന്നില്ല. കൊടുത്ത ഭക്ഷണമൊന്നും അത് തൊട്ടു നോക്കിയതേയില്ല. കൂടിന്റെ കമ്പികൾ കടിച്ചു പൊട്ടിക്കാനത് ശ്രമിച്ചുകൊണ്ടേയിരുന്നു. ദുസ്വപ്നം  പോലെ കരുതാൻ തീരുമാനിച്ച ആ കോൾ പിറ്റേന്ന് രാവിലെ ഒന്നുകൂടി വന്നപ്പോഴാണ് യാഥാർത്ഥ്യമെന്നു മനസ്സിലായത്. ''ഇന്ന് വരുമല്ലോ'' എന്നുമാത്രം ചോദിച്ച് ഫോൺ സംഭാഷണം അവസാനിച്ചു.

അവളുടെ ഉത്സാഹം കെട്ടുപോയതും മുഖത്ത് കാർമേഘങ്ങൾ നിറഞ്ഞതും അമ്മയുടെയും അനിയത്തിയുടെയും ശ്രദ്ധയിൽപ്പെട്ടില്ല. അനിയത്തി തത്തയ്ക്ക് ഭക്ഷണം കൊടുത്തനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. കൊടുത്തതൊന്നും കഴിക്കാതെ മുഖം തിരിച്ചിരുന്ന തത്തയോട് അവളെന്തൊക്കെയോ ഭീഷണികൾ മുഴക്കുന്നുണ്ടായിരുന്നു. കൂട്ടുകാരിയെ വിളിച്ചെന്തോ ചോദിക്കുന്നതും ''ചേച്ചി വരുമ്പോൾ കുറച്ച് പേരക്ക കൊണ്ടുവരണം ട്ടോ'' എന്നു പറഞ്ഞതും നയന പാതിബോധത്തിൽ കേട്ടു. ഭക്ഷണമൊന്നും കഴിക്കാതെ അവളുറങ്ങി. പേടികൊണ്ടും ആശങ്കകൊണ്ടും അവൾ വല്ലാതെ വീർപ്പുമുട്ടി. ഇരുട്ടിലേക്കു പോകാനുള്ള മണിക്കൂറുകൾ ഓർത്ത് അവൾ നടുങ്ങി. പക്ഷെ അപ്പോൾ അവളെ ആ രഹസ്യമുറിയിലേക്ക് കൊണ്ടുപോവുകയല്ല നേരെമറിച്ച് അന്നുകണ്ട ആ മാന്യന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. പതിവുപോലെ ബഹുമാനത്തോടെ പെരുമാറ്റം. ഇരിക്കാൻ പറയുകയും കാപ്പി മുന്നിൽ കൊണ്ടുവെക്കുകയും ചെയ്തു. അയാൾ പറഞ്ഞു ''നയനയ്ക്ക് ഇന്നലെ അൽപം ബുദ്ധിമുട്ടുണ്ടായതറിയാം. അതിന് ക്ഷമ ചോദിക്കുന്നു. സാരമില്ല ഇത് പരിശീലനം തന്നെയായി കരുതുക. നയന മാത്രമേ ഈ ജോലിക്ക് അനുയോജ്യയായുള്ളൂ. അതുകൊണ്ടാണ്. കുറച്ചുകഴിഞ്ഞാൽ ഇതൊരു ശീലമാവും. പിന്നെ നമ്മൾ അത് ആസ്വദിക്കാനും തുടങ്ങും. ഇവിടെത്തന്ന ട്രെയിനിംഗ് അതായിരുന്നല്ലോ. മൈന്റ്ഫുൾനസ്സ്. ശാന്തവും സൗമ്യവുമായിരുന്നു വാക്കുകളെങ്കിലും ചിലത്, ചില വാക്കുകൾ നയനയ്ക്ക് അസ്വാസ്ഥ്യമുണ്ടാക്കി. 

''ശീലമാവുക'', ''കുറച്ചു കഴിഞ്ഞാൽ''.  അപ്പോൾ ഈ കണ്ണുകെട്ടിക്കളി ഉടനെയൊന്നും അവസാനിക്കാൻ പോകുന്നില്ല എന്നാണോ അർത്ഥം? എവിടന്നോ സംഭരിച്ച ധൈര്യത്തിൽ അവൾ പറഞ്ഞു. ''സർ, എനിക്കിങ്ങനെ തുടരാനാവുമോ എന്നറിയില്ല. ഞാനിത് വേണ്ടെന്ന് വെക്കുകയാണ്.'' ശാന്തത ഒട്ടും കൈവിടാതെ തന്നെ അയാൾ പറഞ്ഞു.  ''തുടക്കത്തിൽ നിങ്ങൾ എഴുതിത്തന്ന ഒരു അഫിഡവിറ്റ് നയന വായിച്ചിരിക്കുമല്ലോ. നഷ്ടപരിഹാരത്തുക ഇരുപതുലക്ഷമാണ്, ജോലി ഇട്ടിട്ടുപോകുമ്പോൾ.'' നയന ഒന്നു ഞെട്ടി. ''ഇരുപതു ലക്ഷം! ദൈവമേ! എങ്ങനെ ഉണ്ടാക്കാനാണ്! പണയം വെക്കാനോ വിൽക്കാനോ ഒന്നുമില്ലാത്ത താനും കുടുംബവും! സന്തോഷേട്ടനോട് പറഞ്ഞാലോ? പാവം! അവിടെയും ഇതുതന്നെയാണല്ലോ സ്ഥിതി. പിന്നീട് വീണ്ടും അയാൾ പറഞ്ഞു. ''ഇത്ര ബുദ്ധിമുട്ടുള്ള എന്തു കാര്യമുണ്ടിതിൽ? കഠിനമായ ഒരു ജോലിയും ഞങ്ങൾ ആരെക്കൊണ്ടും ചെയ്യിക്കാറില്ല. ഇതൊരു കളിയായിട്ടു കണ്ടാൽമതി. ട്രെയിനിംഗ് കഴിഞ്ഞ് പോസ്റ്റിങ്ങിൽ ശമ്പളം നയന വിചാരിക്കുന്നതിൽനിന്ന് വളരെ കൂടിയ തുകയാവും. മാസം എഴുപത്തയ്യായിരം. ധൈര്യമായി പോവൂ.'' അവസാനം കേട്ട വാക്കിൽനിന്ന് ധൈര്യമുൾക്കൊണ്ട് അവൾ പോകാനൊരുങ്ങുമ്പോൾ അയാൾ പറഞ്ഞു. ''ഇനി ഒരു കാര്യം ചെയ്യണം. വീട്ടിൽച്ചെന്നാലും ഈ കളി തുടരാം. തുടക്കത്തിൽ കണ്ണുമൂടിക്കെട്ടി വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയവ ചെയ്തു നോക്കുക. കണ്ണു തുറന്നു ചെയ്തതിനേക്കാൾ എത്ര ആസ്വാദ്യകരമാവും അതെന്ന് തിരിച്ചറിയാനാവും. പിന്നെ പതുക്കെ വീടിന്നകത്ത് നടക്കുക, കുളിക്കുക, അങ്ങനെ പടിപടിയായി ഓരോന്ന്. ഓരോ ദിവസവും ഓരോ ആക്ടിവിറ്റി. അതിന്റെ വീഡിയോ ഞാൻ തരുന്ന നമ്പറിലേയ്ക്ക് അയക്കണം. മറക്കരുത്. വളരെ സാവകാശം, സാവധാനമായിരുന്നു അയാളിതൊക്കെ പറഞ്ഞതെങ്കിലും നയനയ്ക്ക് താനൊരു വല്ലാത്ത കെണിയിൽ പെട്ടതുപോലെ തോന്നി. ''ഇതൊക്കെ ഒരു തമാശയായി മാത്രം പുറത്തുപറയുക. ഫോൺ സൂക്ഷിച്ചുപയോഗിക്കുക'' എന്നുകൂടി പറഞ്ഞാണ് അവളെയയാൾ വിട്ടത്.

അന്നുവീട്ടിൽ ചെന്നപ്പോഴായിരുന്നു അനിയത്തി വലിയ സങ്കടത്തോടെ അക്കാര്യമറിയിച്ചത്. കൂടുതുറന്നപ്പോൾ അബദ്ധത്തിൽ തത്ത പുറത്തുപോയത്രെ. കുറച്ചുസമയം അത് മുറ്റത്തെ മരങ്ങളിലൊക്കെ ഇരുന്നുവെന്നും പിന്നെയെങ്ങോ പറന്നുപോയെന്നും അവൾ കണ്ണീരും കയ്യുമായി പറഞ്ഞു. ഉള്ളിൽ തിളയ്ക്കുന്ന അഗ്നിപർവതത്തിന്റെ ലാവ പുറത്തേക്കൊഴുക്കാതെ നയന സന്തോഷേട്ടനെ വിളിച്ചു. ചില ഗ്രൂപ്പുകളിൽ വിവരമിടാമെന്നും സുഹൃത്തുക്കളോട് പറയാമെന്നും പറഞ്ഞു. അവളോട് ഒന്നു ശരിക്കു മിണ്ടിയിട്ട് എത്ര നാളായെന്നും ഇപ്പോൾ ജോലി സ്ഥലത്തെ വിശേഷങ്ങൾ ഒന്നും പറയാത്തതെന്തെന്നും പരിഭവിച്ചു. പത്രപ്പരസ്യത്തിന് കുറച്ചു കാശു ചിലവുണ്ടെന്നും തല്ക്കാലം താൻ കടംവാങ്ങി അത് ചെയ്യിച്ചുകൊള്ളാമെന്നും പറഞ്ഞു. കണ്ണുകെട്ടിക്കളിയുടെ വിഡിയോ എടുത്ത് തരാൻ അനിയത്തിയോട് പറഞ്ഞെങ്കിലും തത്തപോയ വിഷമത്തിൽ അവൾ അത് ചെയ്തില്ല. മാത്രമല്ല, തനിക്കൊരു ഫോണുണ്ടായിരുന്നുവെങ്കിൽ എപ്പോഴേ അതിന്റെ ഫോട്ടോ എടുത്തയക്കാമായിരുന്നുവെന്നും ഇനിയെന്തു ചെയ്യുമെന്നും അവളെണ്ണിപ്പെറുക്കി. അടച്ചുകെട്ടിയ കണ്ണുകളിൽനിന്ന് ഊർന്നുവീണ കണ്ണീർതുള്ളികൾ കണ്ണുകെട്ടിയ തോർത്തുതന്നെ ഒപ്പിയെടുത്തതിനാൽ നയന കരയുന്നത് ആരും കണ്ടില്ല.

അയാൾ പറഞ്ഞത് ശരിയായിരുന്നു. ഒരു മാസം കഴിയുംമുമ്പേ നയനയ്ക്ക് കണ്ണുകെട്ടുന്നത് ഒരു വിഷയമല്ലാതായി. മാത്രമല്ല, അപ്പോൾ ജോലിയിലുള്ള വേഗതയും കൃത്യതയും കൂടുന്നതായും അവൾക്കനുഭവപ്പെട്ടു. ഇതിനകം വീട്ടിലും മിക്കവാറും കാര്യങ്ങൾ അവൾ കണ്ണുകെട്ടിത്തന്നെ ചെയ്യാൻ പരിശീലിച്ചു. കുളിക്കുന്നതും പാചകം ചെയ്യുന്നതുമെല്ലാം അങ്ങനെയായപ്പോഴും ഒരു പ്രയാസവും തോന്നിയില്ല. ട്രെയിനിംഗ് കാലാവധി തീർന്ന് പോസ്റ്റിങ്ങാവുകയാണെന്ന സന്തോഷവാർത്ത അവളെയറിക്കാൻ അയാൾ അവളെ വിളിച്ചു. ''ബോംബെ ഓഫീസിൽനിന്ന് അവർ വിളിച്ചിരുന്നു. അവിടേക്ക് വളരെ എഫിഷ്യന്റ് ആയ ഒരാളെ വേണമെന്നു പറഞ്ഞു. ശമ്പളം ഒരു ലക്ഷമായിരിക്കും. കുറച്ചുകൂടി സൂക്ഷ്മതയേറിയ ജോലിയാണവിടെ. പോകുന്നതല്ലേ നല്ലത്?'' നയനയ്ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. പോകുന്നതല്ലേ നല്ലത് എന്നു ചോദിച്ചെങ്കിലും പോകണമെന്നതാണ് അതിന്റെ അർത്ഥം. ''എങ്കിൽ പോകാൻ തയ്യാറായിക്കോളു. മറ്റന്നാൾ. തീർച്ചയായും അതൊരു പുതിയ ലോകമായിരിക്കും. നയനയുടെ കഴിവുകൾ മുഴുവൻ ഉപയോഗിക്കാവുന്ന ഒരവസരം. സ്പർശനത്തിലൂടെ, ഗന്ധത്തിലൂടെയൊക്കെ ഇപ്പോൾ കൈവന്ന സിദ്ധികൾ മുഴുവനുപയോഗിക്കാം. അവിടെ.''

വീട്ടിൽ തിരികെ ചെന്നപ്പോൾ അനിയത്തിയുടെ മുഖം പ്രസന്നമായിരുന്നു. പത്രപ്പരസ്യംകണ്ട് ആരോ സന്തോഷട്ടനെ വിളിച്ചിരുന്നു. തത്തയെ തിരിച്ചുകിട്ടി. വിചാരിച്ചതിൽ കൂടുതൽ തുക അതിനെ കണ്ടുപിടിച്ചവർക്ക് കൊടുക്കേണ്ടിവന്നു, എങ്കിലും തത്തയെ നഷ്ടപ്പെട്ടില്ലല്ലോ. അതിനി പറന്നുപോകാതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനാൽ  അവർ രണ്ടുപേരും കൂടി അതിന്റെ ചിറകുകൾ മുറിച്ചു കളഞ്ഞിരുന്നു. പഴയകൂട്ടിൽ അതൊരു ഭാഗത്ത് പേടിച്ചരണ്ട് ശബ്ദമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. ''ചിറകു മുറിക്കേണ്ടിയിരുന്നില്ല'' എന്നുപറഞ്ഞപ്പോൾ ''എന്തിനാ ഇനി റിസ്‌ക് എടുക്കുന്നത്'' എന്നുത്തരം പറഞ്ഞു അനിയത്തി. ''എത്ര വില കൊടുത്തു വാങ്ങിയതാണ്! പിന്നെ ചിറകല്ലേ പോയുള്ളൂ? അല്ലെങ്കിലും അതിനെ പറക്കാനല്ലല്ലോ വളർത്തുന്നത്?'' എന്ന് സന്തോഷേട്ടനും കൂട്ടിച്ചേർത്തു. മറ്റന്നാൾ പോകാനുള്ള കാര്യങ്ങൾ കണ്ണടച്ചുകെട്ടി ചെയ്തു തീർക്കുന്നതിനിടയ്ക്ക് നയനക്ക് മുമ്പുണ്ടായിരുന്ന ഭയമൊന്നും തോന്നിയില്ല. രാത്രിയോ പകലോ എന്നൊന്നുമവളപ്പോൾ ചിന്തിച്ചുമില്ല. അനിയത്തി സന്തോഷേട്ടനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതു കേട്ടു. ചിറകു മുറിക്കാൻ ശ്രമിച്ചപ്പോൾ അതിന്റെയൊരു പേടിയെന്നോ, എന്തായാലും ഇനി അഹങ്കരിക്കില്ല എന്നോ, മറ്റു തത്തകളെപ്പോലെയല്ലാത്തുകൊണ്ടാ, അല്ലെങ്കിൽ ആർക്കുവേണം അതിനെയെന്നോ മറ്റോ. തത്തയുടെ ഒച്ച നിന്നതുകൊണ്ട് സമാധാനമായിട്ട് ഉറങ്ങാമെന്ന് അമ്മയും പറയുന്നുണ്ടായിരുന്നു. തത്തയുടെ ഫോട്ടോയെടുത്ത് സ്റ്റാറ്റസ്സായി ഇടാൻ വേണ്ടി അനിയത്തി നയനയുടെ ഫോൺ എടുത്തപ്പോൾ അവളത് തട്ടിപ്പറിച്ചു. ''വേണ്ട, അതിൽ തൊടണ്ട'' എന്നു പറയുമ്പോഴേക്ക് നയന അതിഭയങ്കരമായി നിലവിളിച്ചു.

----
സന്ധ്യ ഇ  

തൃശ്ശൂരിൽ ജനനവും താമസവും . 'അമ്മ : ഇടക്കുന്നി  വാരിയത്ത് മാധവി വാരസ്സ്യാർ .അച്ഛൻ : കീരംകുളങ്ങര വാരിയത്ത് ഉണ്ണികൃഷ്ണ വാര്യർ .ഭർത്താവ് : ഡോ .എസ് .സതീശ് . രണ്ടു മക്കൾ .പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ആയി വിരമിച്ചു .

ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതുന്നു. 

മികച്ച യുവശാസ്ത്രജ്ഞക്കുള്ള ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ യങ് സയന്റിസ്റ്റ് അവാർഡ് , കോഴിക്കോട് സർവകലാശാലയിലെ മികച്ച അധ്യാപകർക്കുള്ള ഘനി അവാർഡ്, മികച്ച അദ്ധ്യാപികക്കുള്ള പ്രൊഫസർ ശിവപ്രസാദ് മെമ്മോറിയൽ അവാർഡ്, കേരളത്തിലെ മികച്ച അദ്ധ്യാപകർക്കുള്ള പ്രൊഫ.ജോസ് തെക്കൻ അവാർഡ് എന്നിവ ലഭിച്ചു. 

സാഗരനിദ്ര, പേരില്ലാവണ്ടിയിൽ , അമ്മയുള്ളതിനാൽ , ഈ മഴയുടെ ഒരു കാര്യം എന്നീ കവിതാ സമാഹാരങ്ങളും അനന്തരം ചാരുലത (ലിപി പുബ്ലിക്കേഷൻസ്), 4D ( ഗ്രീൻ ബുക്സ് ), പടികൾ കയറുന്ന പെൺകുട്ടി (H & C) എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. 

പേരില്ലാ വണ്ടിയിൽ പി ഫൗണ്ടേഷന്റെ താമരത്തോണി അവാർഡിനും ബി.വി.സി പുരസ്കാരത്തിനും അവനീബാല പുരസ്കാരത്തിനും അർഹമായി. സാഗരനിദ്രക്കു ചാത്തന്നൂർ മോഹൻ പുരസ്കാരവും അയ്യപ്പൻ കവിതാപഠന കേന്ദ്രം ഞെരളക്കാട്ട് രുഗ്മിണി യമ്മ പുരസ്കാരവും ലഭിച്ചു. അനന്തരം ചാരുലത 2019 ലെ ഇടശ്ശേരി അവാർഡിന് അർഹമായി . 

അമ്മയുള്ളതിനാൽ എന്ന സമാഹാരം കെ.എസ് . ബിമൽ അവാർഡ് , ചെമ്മനം ചാക്കോ പുരസ്‌കാരം , ഫറോക് വായനക്കൂട്ടം പുരസ്കാരം , മലയാറ്റൂർ പ്രൈസ് എന്നിവയ്ക്ക് അർഹമായി .

 

Join WhatsApp News
Anish Chacko 2021-05-07 04:17:35
സൂപ്പർ 👌👌 കൂട്ടിലടച്ച തത്ത vs കുട്ടിലടക്കെപെട്ട സ്ത്രീ 👍 provoking !
RAJU THOMAS 2021-05-08 12:19:46
ഈ കുറിപ്പ് ഈ കഥയുടെ പ്രമേയത്തെപ്പറ്റിയോ ആവിഷ്കാരരീതിയെപ്പറ്റിയോ ഒന്നുമല്ല, നാം സാധാരണ കാണുന്ന ലിപിവിന്യാസത്തെപ്പറ്റിയാണ്. ഈ മത്സരത്തിൽ കണ്ട മുപ്പത്തൊമ്പതു കഥകളിൽ മറ്റൊരെണ്ണംമാത്രമേ ഇതുപോലെ ശരിയായിട്ടുള്ളു. അതുകൊണ്ട്, ആ മറ്റുള്ളവർ ഈ കഥ ഒന്നൂടെ വായിക്കണമെന്ന് ഞാൻ താത്പര്യപ്പെടുന്നു--അപ്പോൾ മനസ്സിലാകും തങ്ങളുടെ മലയാളം, എഴുതിവന്നപ്പോൾ, എവിടൊക്കെ തെറ്റിപ്പോയെന്ന്. അതിന് എളിമ വേണം, ശ്രദ്ധയും. അല്ലാതെ, അവാർഡ് കിട്ടി എന്നതിനാൽ ആരും ഭാഷ നോക്കില്ല എന്നു കരുതരുത്. ഞാൻ പറഞ്ഞുവരുന്നത് എന്താണെന്നുപോലും പലർക്കും പിടികിട്ടിക്കാണില്ല.[ഒരുദാഹരണം: 'അയാൾ അവിടെനിന്നു പോയി' എന്നതിനുപകരം 'അയാൾ അവിടെ നിന്നുപോയി' എന്നെഴുതിയാലോ? അവിടെ നിന്നോ? അങ്ങനെ എന്തെല്ലാം കൊച്ചുകൊച്ചു കാര്യങ്ങൾ! ദയവായി ക്ഷമിക്കുക; എനിക്ക് ഈവക തെറ്റുകൾ സഹിക്കാൻ പറ്റുന്നില്ല. Now you se, Malayalam is much harder to write than English.]
Hema T Thrikkakkara 2021-05-09 17:13:27
മനസ്സിൻ്റെ ആന്തരികതലം ഉയർത്താനായി തുടങ്ങുന്ന പരീക്ഷണങ്ങൾ നയനയെന്ന കേന്ദ്ര കഥാപാത്രത്തിലൂടെ തുടങ്ങി വെയ്ക്കുമ്പോൾ ഒരു സാധാരാണകഥയായി മാത്രം വായിച്ചു തുടങ്ങിയ എൻ്റെ ആസ്വാദനക്ഷമതയുടെ അങ്ങേ അറ്റം വരെഎത്തിച്ചത് കഥാകാരിയുടെ കൈയ്യടക്കം ഒന്നു മാത്രമാണ്. ഒരക്ഷരം പോലും അമിതമാവാത്ത, ഒരു ദീർഘനിശ്വാസം പോലും അധികപറ്റാവാത്ത എഴുത്ത്. സൂക്ഷ്മതയുടേയും സ്വകാര്യതയുടേയും നേരിയ നൂൽപ്പാലത്തിലൂടെ ആകാംക്ഷാഭരിതരായി വായനക്കാരെ കൊണ്ടുപോവുക എന്നതു തന്നെയാണ് മികച്ച എഴുത്തിൻ്റെ ശൈലി. താൻ കുരുങ്ങി കൊണ്ടിരിക്കുന്ന കുരുക്കിൽ കെട്ടുകൾ മുറുകുമ്പോൾ ആകാശം ലക്ഷ്യമാക്കുന്ന തത്തയെ കൂട്ടിലടച്ച് കൃത്യമായൊരു ബിംബമാന്മകത സൃഷ്ടിക്കാനും എഴുത്തുകാരിക്കു കഴിഞ്ഞു. വിനാശകരമായ ഒരു പ്രതത്തിലേയ്ക്ക് നീങ്ങി നീങ്ങിപ്പോവുന്നു എന്നറിഞ്ഞതും ദുർബ്ബലമായി പ്രകടിപ്പിക്കുന്ന സകടത്തിൽ കുതിർന്ന ആന്മരോഷം പോലെത്തന്നയല്ലേ ഞൊടിയിട കൊണ്ട് രക്ഷപ്പെട്ട പക്ഷിയും ചെയ്തത്. പക്ഷേ നമുക്കു പുറകെ ഒരുങ്ങുന്ന ' കരുക്കിൻ്റെ തീക്ഷ്ണത ആ പാവം പക്ഷിയ്ക്ക് അറിയില്ലല്ലോ. ഒടുവിൽ ചിറകരിഞ്ഞ്, ആത്മവിശ്വാസത്തിൻ്റെ അവസാന കണികയും ഊറ്റി അറയിൽ അടയക്കുമ്പോൾ ചിറകറ്റ പക്ഷിയുടെ വേദനയ്ക്കൊപ്പം കുടുംബത്തിൻ്റെ അന്നമുട്ടിൻ്റെ ആവശ്യകതയും ആ നിസ്സഹായതയ്ക്കു പിൻബലമേറ്റുന്നു. ഒരു ചെറു കഥയുടെ തട്ടിലേറി ഇന്നത്തെ ആസന്നമായി കൊണ്ടിരിക്കുന്ന ചില വിപത്തുകളുടെ നേർസാക്ഷ്യമായി മാറുന്ന ഈ കഥ,  അടുത്തയിടെ വായിച്ച ചെറു കഥകളിൽ നിന്നൊരു വേറിട്ട അനുഭവമാകുന്നു. ഏഴുതിത്തെളിഞ്ഞ തൂലികയുടെ കൈയ്യടക്കത്തിന് അഭിനന്ദനങ്ങൾ.
Dr.Milu Maria Anto 2021-05-09 18:32:17
Short but a thoght provoking story.... Kept an element of suspence in readers.... We can visualize and feel the happenings of this story... Effortlessly introduced characters ....Keep writing mam.... Good Luck
Dr Abdullakutty Kolakkat 2021-05-10 03:23:30
നാം അറിയാതെ ആധുനിക സമൂഹം നമ്മുെടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നത് മനോഹരമായി ആഖ്യാനം ചെയ്ത കഥ . തത്തയുടെ പ്രതീകവും മികച്ചതായി.,
ശ്രീഹരി 2021-05-10 06:59:34
ഗംഭീരം... ബ്ലൂ വെയിൽ പോൽ ഊരും തോറും കുടുങ്ങുന്ന കുരുക്കുകൾ..അസ്തിത്വം ഇല്ലാതാക്കുന്ന ചിറകുകൾ അരിയുന്ന കച്ചവടം... എന്നിട്ടും മനസ്സിലാവാത്ത മലയാളി ബുദ്ധി കൂടി മണ്ടത്തരം എപ്പോഴും ചെയ്യുന്നവർ...കഥ മനസ്സിൽ വല്ലാത്ത ഒരവസ്ഥ ഉണ്ടാക്കുന്നു. അഭിനന്ദനങ്ങൾ സുഹൃത്തേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക