Image

മഹാമാരിക്കിടയില്‍ ആശ്വാസക്കുളിര്‍ക്കാറ്റായി ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം

ജോബിന്‍സ് തോമസ് Published on 07 May, 2021
മഹാമാരിക്കിടയില്‍ ആശ്വാസക്കുളിര്‍ക്കാറ്റായി ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം

മഹാമാരിക്കിടയില്‍ ലോകത്തിനും ആഗോളവിശ്വാസ സമൂഹത്തിനും പ്രത്യാശയുടേയും ആത്മവിശ്വാസത്തിന്റെയും കുളിര്‍ക്കാറ്റേകി ഫ്രാന്‍സീസ് പാപ്പാ. കുടിയേറ്റക്കാരുടേയും അഭായാര്‍ത്ഥികളുടേയും ദിനത്തിന്റെ ഭാഗമായാണ് പാപ്പാ സന്ദേശം നല്‍കിയത്. നല്ലസമറിയാക്കാരന്റെ മനോഭാവം ചൂണ്ടിക്കാട്ടിയാണ് പാപ്പാ നവലോകത്തിനായുള്ള പുത്തന്‍മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്.

'ഒന്നായി വ്യാപരിക്കേണ്ട നമ്മള്‍ ' എന്ന പ്രമേയത്തിലാണ് പാപ്പായുടെ സന്ദേശം പ്രകാശനം ചെയ്തത്. മെയ് അഞ്ചിന് വത്തിക്കാന്റെ പ്രസ് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രമേയപ്രകാശനം നടന്നത്. എല്ലാവരും സഹോദരങ്ങള്‍ എന്ന ചാക്രിക ലേഖനത്തില്‍ നിന്നും എടുത്ത ചിന്ത ആമുഖമാക്കിയായിരുന്നു പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ഇന്ന് ലോകം നേരിടുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പാപ്പാ ലോകത്തോട് സംസാരിക്കുന്നത്. ഈ മഹാമാരിക്കു ശേഷം ദൈവം അനുവദിക്കുകയാണെങ്കില്‍ പുറത്തുവരുന്നവര്‍ ഞങ്ങളും നിങ്ങളും എന്ന ചിന്ത ഒഴിവാക്കി ഒത്തരുമയോടെ ജീവിക്കാനാണ് സാധ്യത എന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിക്കുന്നു. കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയും പുത്തന്‍ലോകത്തിലേയ്ക്കാണ് പാപ്പ വിശ്വാസികളെ ക്ഷണിക്കുന്നത്.

സ്വാര്‍ത്ഥതയുടെ മനസാക്ഷി മാറ്റി നല്ല സമറിയാക്കാരന്‍ കാട്ടിത്തന്ന ഔദാര്യത്തിന്റെ നിലപാടിലേയ്‌ക്കെത്തണമെന്നും പാപ്പ പറയുന്നു.സ്വാര്‍ത്ഥതയാണ് മുറിവേറ്റു കിടന്ന വ്യക്തിയെ ഒഴിവാക്കി കടന്നു പോകാന്‍ പുരേഹിതനേയും ദേവാലയ ശുശ്രൂഷിയേയും പ്രേരിപ്പിച്ചതെന്നും എന്നാല്‍ ഒദാര്യത്തിന്റെ മാതൃക കാട്ടിയ നല്ല സമറായന്റെ മനസാക്ഷിയിലേയ്‌ക്കെത്തണമെന്നും പാപ്പ പറഞ്ഞു. ഉള്ളില്‍ സ്വാര്‍ത്ഥതയാണെങ്കില്‍ മറ്റുള്ളവരെ ഒഴിവാക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാവുമെന്നും അതിനാല്‍ സ്വാര്‍ത്ഥത തുടച്ചു നീക്കി ഔദാര്യവും സാഹോദര്യവുമാണ് നാം കാട്ടേണ്ടതെന്നും പാപ്പ പറയുന്നു. 

കോവിഡിന്റെ തുടക്കത്തില്‍ പാപ്പ മുന്നോട്ടു വച്ച' നമ്മള്‍ എല്ലാവരും ഒരേ ബോട്ടിലാണ് എന്ന ചിന്തയും പാപ്പ വിശദീകരിച്ചു. ഒരു മഹാവ്യാധിയില്‍ എല്ലാവരും കഷ്ടപ്പെടുമ്പോള്‍ നമ്മളും അവരും എന്ന ചിന്ത പാടില്ലെന്നും പാപ്പ പറയുന്നു. മഹാമാരിക്കാലത്ത് എല്ലാവരും കഷ്ടതയനുഭവിക്കുമ്പോള്‍ എല്ലാവരും ഒരു ബോട്ടിലെ യാത്രക്കാരാണെന്നും എല്ലാവരും ഒന്നിച്ചു തുഴഞ്ഞാലെ രക്ഷപ്പെടാന്‍ സാധിക്കുകയുള്ളുവെന്നും പാപ്പാ പറഞ്ഞു. ഇതില്‍ കുറച്ചു പേര്‍ അലസരായാല്‍ അത് എല്ലാവരേയും ബാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

ഈ മഹാമാരിയെ അതീജീവിച്ച് മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും നല്ല സമറിയാക്കാരന്റെ തുറവുള്ള  സമീപനം ഉണ്ടാവണമെന്നും സ്വാര്‍ത്ഥത വെടിയണമെന്നും സഭയുടെ മാത്രമല്ല മാനവകുലത്തിന്റെ തന്നെ രക്ഷയ്ക്കായി എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും പാപ്പ പ്രമേയത്തിലൂടെ പഠിപ്പിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക