Image

നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍

Published on 08 May, 2021
 നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് രണ്ടു ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ധര്‍
ബെയ്ജിങ്: നിയന്ത്രണം നഷ്ടമായ ചൈനയുടെ ലോങ് മാര്‍ച്ച്‌ 5 ബി റോക്കറ്റിന്റെ വലിയൊരു അവശിഷ്ടം വാരാന്ത്യത്തോടെ ഭൂമിയിലേക്ക് പതിച്ചേക്കുമെന്ന ആശങ്കയില്‍ ലോകം. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച റോക്കറ്റിന്റെ 70 ശതമാനം ഭാഗമാണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലര്‍ച്ചെയോ ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ അനുമാനം. ചൈനയുടെ സ്വപ്‌നപദ്ധതിയായ ലാര്‍ജ് മോഡ്യൂലാര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്.

18 ടണ്‍ ഭാരമുള്ള ഭാഗമാണ് വേര്‍പ്പെട്ടത്. ഇന്ത്യ, ആസ്‌ത്രേലിയ, ന്യൂസീലാന്‍ഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങള്‍. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും യൂറോപ്പിലും ഭീഷണിയില്ല. 

ജനവാസമേഖലകള്‍ക്കു ഭീഷണിയാവാതെ പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇതു ജനവാസമേഖലയില്‍ വീഴാനും സാധ്യതയുണ്ടെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ട്. 30 മീറ്റര്‍ (100 അടി) നീളവും 20,000 കിലോഗ്രാമിലധികം ഭാരവുമുള്ള ഈ റോക്കറ്റ് ഭൂമിയിലേക്ക് വീഴുന്ന ഏറ്റവും വലുതും ഭാരമേറിയതുമായ ബഹിരാകാശ അവശിഷ്ടങ്ങളിലൊന്നാണ്.

റോക്കറ്റിന്റെ സഞ്ചാരപാത സംബന്ധിച്ച്‌ ഒരു വിവരവും ചൈന നാഷനല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്‌എ) ഇതുവരെ പുറത്തുവിട്ടിട്ടില്ല. േേനര്‍ത്ത തൊലിയുള്ള അലുമിനിയം അലോയ് എക്സ്റ്റീരിയര്‍ അന്തരീക്ഷത്തില്‍ കത്തിയെരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗ്ലാബല്‍ ടൈംസ് പറയുന്നു. പക്ഷേ, വിദഗ്ധര്‍ പറയുന്നത് അവശിഷ്ടങ്ങള്‍ പലതും വീഴ്ചയെ അതിജീവിക്കുമെന്നാണ്. വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തില്‍ പതിക്കുമെന്നുമാണ് വിമര്‍ശനങ്ങളോടുള്ള ചൈനയുടെ പ്രതികരണം.

റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച്‌ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്ന് യുഎസിലെ ഹാര്‍വാഡ്‌സ്മിത്ത് സോനിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ഗവേഷകന്‍ ജൊനാഥന്‍ മക്‌ഡോവല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക