Image

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

വെള്ളാശേരി ജോസഫ് Published on 08 May, 2021
വരാനിരിക്കുന്നത്  സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്.  നിരാശപ്പെടേണ്ട  (വെള്ളാശേരി ജോസഫ് )
പെന്‍ഷനും കിറ്റും ആണ് എല്‍.ഡി.എഫിനെ ജയിപ്പിച്ചതെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍. പല നിരീക്ഷണങ്ങളും ആ വഴിക്കു തന്നെയാണ്. പക്ഷെ ഇത്തരം തിരഞ്ഞെടുപ്പ് വിശകലനങ്ങള്‍ വെറും ഉപരിവിപ്ലവം മാത്രമാണെന്നാണ് ഇതെഴുതുന്ന ആള്‍ക്ക് പറയാനുള്ളത്. കാരണം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക 1200 തൊട്ട് 1500 രൂപ വരെ ഉള്ളൂ. കേരളത്തില്‍ ഒരു താറാമുട്ടക്ക് ഇന്ന് 10 രൂപ കൊടുക്കണം; ഒരു കിലോ കരിമീന് 450 രൂപയാണ്. കഴിഞ്ഞ ആഴ്ച വരാലിന് കേരളത്തില്‍ വില ചോദിച്ചപ്പോള്‍ മീന്‍കാരി കിലോക്ക് 500 രൂപ ആണെന്നാണ് പറഞ്ഞത്. ആട്ടിറച്ചിക്ക് കിലോക്ക് 500-600 രൂപയോ അതിലധികമോ ആണ്. ഇനി മുട്ടയും മീനും ഇറച്ചിയും ഒക്കെ മാറ്റിവെച്ച് പച്ചക്കറി ആയാലും കാശ് നല്ലതുപോലെ കയ്യില്‍ നിന്നു പോകും. വെജിറ്റേറിയന്‍സ് പനീറോ കൂണോ ഒക്കെ കഴിക്കാന്‍ നോക്കിയാല്‍ നല്ല വില കൊടുക്കേണ്ടി വരും. പഴങ്ങള്‍ക്കും തീവിലയാണ് കേരളത്തില്‍. അപ്പോള്‍ പെന്‍ഷനും കിറ്റും ഉണ്ടെങ്കില്‍ അരിഷ്ടിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാനേ കേരളത്തില്‍ കഴിയൂ. മലയാളികള്‍ പൊതുവേ അരിഷ്ടിച്ചു ജീവിക്കുന്നവരല്ല; കേരള സമൂഹം കുറെയേറെ വര്‍ഷങ്ങളായി 'ഹൈ കണ്‍സ്യൂമിംഗ് സോസൈറ്റി' ആണ്. അപ്പോള്‍ തിരഞ്ഞെടുപ്പിലെ വിജയകാരണങ്ങള്‍ പെന്‍ഷനും കിറ്റിനും അപ്പുറത്തുള്ള കാര്യങ്ങള്‍ തന്നെയാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പില്‍ പിണറായ് വിജയന്റ്റെ നെത്ര്വത്ത്വത്തിലുള്ള എല്‍.ഡി.എഫ്. മുന്നണി വിജയിച്ചതിന് പ്രധാന കാരണം സി.പി.എമ്മിന്റെ സംഘടനാ സെറ്റപ്പും പ്രചാരണവുമാണ്. കോണ്‍ഗ്രസുകാര്‍ ഇനിയും ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന ഒന്നാണ് സംഘടനാ തലത്തില്‍ പാലിക്കേണ്ട അച്ചടക്കവും കെട്ടുറപ്പും. 8-10 വര്‍ഷം മുമ്പേ പിണറായ് വിജയന്റ്റെ നെത്ര്വത്ത്വത്തില്‍ പാര്‍ട്ടിയെ മൊത്തത്തില്‍ 'പ്രൊഫഷണലൈസ്' ചെയ്തു. കൃത്യമായ വരുമാനം നിശ്ചയിച്ച് തികഞ്ഞ അച്ചടക്കത്തോടെയും കെട്ടുറപ്പോടെയും പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി സംവിധാനം ഇന്ന് സി..പി.എമ്മിനുണ്ട്. എന്ത് ആരോപണം വന്നാലും അത് നേരിടാനുള്ള കരുത്ത് ഈ പാര്‍ട്ടി സംവിധാനത്തിനുണ്ട്. അതുകൊണ്ടാണ് സോവിയറ്റ് യൂണിയനിലും ലോകമൊട്ടാകെയും കമ്യൂണിസം പരാജയപ്പെട്ടിട്ടും സി..പി.എം. കേരളത്തില്‍ വിജയിക്കുന്നത്. അമിത് ഷായുടെയും നരേന്ദ്ര മോഡിയുടെയും നെത്ര്വത്ത്വത്തില്‍ ബി.ജെ.പി.-യേയും മൊത്തത്തില്‍ 8-10 വര്‍ഷം മുമ്പേ 'പ്രൊഫഷണലൈസ്' ചെയ്തു. കോണ്‍ഗ്രസുകാര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല.

അല്ലെങ്കിലും ഇന്നത്തെ രാഷ്ട്രീയം ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും, ടി.വി. ചാനലുകളിലൂടെയും നടത്തുന്ന പ്രചാരണമാണ്. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് മികച്ച പബ്ലിക് റിലേഷന്‍സ് നെറ്റ്വര്‍ക്ക് വേണം. ചുരുക്കം പറഞ്ഞാല്‍ ഫ്രൊഫഷണലിസത്തിന്റ്റെ മികവാണ് ഇന്നത്തെ രാഷ്ട്രീയത്തിലെ വിജയം. സോഷ്യല്‍ മീഡിയയിലൂടെയും ഇലക്ട്രോണിക്ക് മീഡിയയിലൂടെയും ജനങ്ങളോട് സംവദിക്കാനുള്ള കഴിവ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെയാണ് സി..പി.എം. കേരളത്തില്‍ സ്‌കോര്‍ ചെയ്തത്.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കോടികള്‍ മുടക്കിയുള്ള പബ്ലിക്ക് റിലേഷന്‍സിലൂടെ മാധ്യമങ്ങളേയും ജനങ്ങളേയും ഒരു മാസ്മരിക തലത്തിലേക്ക് എത്തിക്കാന്‍ പിണറായ് വിജയന് കഴിഞ്ഞു. കേരളത്തിലെ ജനം ആ പബ്ലിക്ക് റിലേഷന്‍സ് വര്‍ക്കില്‍ വീണതുമൂലമാണ് കേരളത്തിലെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗമുണ്ടായത്. താല്‍ക്കാലികമായി ജനങ്ങള്‍ പ്രളയത്തിന്റ്റേയും കോവിഡിന്റ്റേയും കാര്യത്തില്‍ പിണറായ് വിജയന്റ്റെ നെത്ര്വത്ത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാര്‍ എന്തോ മല മറിക്കുന്ന പ്രവൃത്തികള്‍ ചെയ്തു കൂട്ടുന്നുണ്ടെന്നു വിശ്വസിച്ചു. അതിന്റ്റെ ഭാഗമായിട്ടാണ് എല്‍.ഡി.എഫിന് വലിയ വിജയം നേടാന്‍ കഴിഞ്ഞത്.

കമ്യൂണിസ്റ്റുകാരും പൊതുവെ ഇടതുപക്ഷ അനുകൂലികളും പിണറായ് വിജയനെ പൊക്കിപിടിക്കുന്നതില്‍ വലിയ വൈരുദ്ധ്യമുണ്ട്. കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ട മൂല്യബോധം തമസ്‌ക്കരിച്ചുകൊണ്ട് തികഞ്ഞ ഏകാധിപത്യ രീതിയിലാണ് പിണറായ് വിജയന്‍ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്തായാലും ശരിക്കും ഗവണ്‍മെന്റ്റിന്റ്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയാണ് വിലയിരുത്തപ്പെടാന്‍ പോവുന്നത്.

ഇന്ത്യയില്‍ 'ഹൗസ്‌ഹോള്‍ഡ് കണ്‍സമ്ബ്ബ്ഷന്‍' ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സമ്പദ് വ്യവസ്ഥ 'ഡിമാന്‍ഡ് ആന്‍ഡ് സപ്‌ളൈ' തത്വം അനുസരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ 'ഹൈ കണ്‍സ്യൂമറിസം' പണം ഇങ്ങോട്ട് ഒഴുകുന്നത് മൂലമാണെന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. കോവിഡ് പ്രതിസന്ധി മൂലം കേരളത്തിലേക്കുള്ള പണത്തിന്റ്റെ ഒഴുക്ക് വരും കാലങ്ങളില്‍ കുറയും. അതിനെ കേരളത്തിലെ സമ്പദ് വ്യവസ്ഥ എങ്ങനെ ഭാവിയില്‍ ഉള്‍ക്കൊള്ളും എന്നാണ് ഇനി കാണാനുള്ളത്. ചുരുക്കം പറഞ്ഞാല്‍, കേരളത്തിന്റ്റെ 'ഗ്രൗണ്ട് റിയാലിറ്റി' മാറിമറിയാന്‍ ഇനി അധികം താമസം ഒന്നും വേണ്ടാ.

സത്യത്തില്‍ ഇനിയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണിന്റ്റെ അവസാനം വരാനിരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പലരും മനസിലാക്കുന്നില്ല. ബസുകള്‍, ടാക്സികള്‍, ഓട്ടോകള്‍  - ഇവയിലൊക്കെ ഭാഗികമായ ലോക്ക്ഡൗണ്‍ കാലത്തു പോലും യാത്രക്കാര്‍ ഇല്ലായിരുന്നു. അപ്പോള്‍  സമ്പൂര്‍ണ ലോക്ക്ഡൗണിന്റ്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇത്തരം സര്‍വീസുകളെ ഒക്കെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിന് കുടുംബങ്ങള്‍ കേരളത്തിലുണ്ട്; ഇന്ത്യയൊട്ടാകെ ഉണ്ട്. അപ്പോള്‍ അവരൊക്കെ എങ്ങനെ ജീവിക്കും? കടകളില്‍ എടുത്തുകൊടുക്കാനായി നില്‍ക്കുന്നവരും മൊത്തത്തില്‍ നോക്കിയാല്‍ ലക്ഷകണക്കിനുണ്ട് കേരളത്തില്‍. പതിനായിരകണക്കിന് സ്ത്രീകള്‍ കേരളത്തില്‍ 'സെയില്‍സ് ഗേള്‍' അതല്ലെങ്കില്‍ 'സെയില്‍സ് വുമണ്‍' ആയി ശമ്പളം പറ്റി ജീവിക്കുന്നു. ഇവരുടെയൊക്കെ ഭാവി ഇനി എന്താകും? സ്വന്തം ഷെയറും, മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങിയും, കൂട്ടുകച്ചവടം ആയിട്ടും, ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തുമൊക്കെയാണ് പലരും കടകള്‍ തുടങ്ങുക. കൃത്യമായ വരുമാനം കിട്ടിയില്ലെങ്കില്‍ കട നടത്തുന്നവര്‍ക്ക് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കില്ല.

കട നടത്തുന്നവരേക്കാളും കഷ്ടമാണ് ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് നടത്തുന്നവരുടെ കാര്യം. ജീവിതകാലം മുഴുവന്‍ നെയ്യുന്ന സ്വപ്നമാണ് ഒരു സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ ഒലിച്ചു പോകുന്നത്. ഇന്‍ഡസ്ട്രിയല്‍ യൂണിറ്റില്‍ പണി എടുക്കുന്ന ജീവനക്കാരുടെ സ്ഥിതിയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്ത് മഹാമോശമാകും. ഈയിടെ ബാന്ഗ്ലൂരിലെ 'പീന്യയ' ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സംഭവിച്ചതിനെ കുറിച്ച് ഒരു പഠന റിപ്പോര്‍ട്ട് വായിച്ചു. MSME ഗണത്തിലുള്ള ചെറുകിട, ഇടത്തരം, നാമമാത്രമായ പതിനായിരം യൂണിറ്റുകള്‍ ഉള്ള സ്ഥലമാണ് ബാന്ഗ്ലൂരിലെ 'പീന്യയ' ഇന്‍ഡസ്ട്രിയല്‍ ഏരിയ. അവിടെ ഇപ്പോള്‍ ഒരു ഷിഫ്റ്റില്‍ മാത്രമേ ജോലി ഉള്ളൂ; അതും ആഴ്ചയില്‍ മൂന്നു ദിവസം മാത്രം. അശോക് ലെയ്‌ലാന്‍ഡ്, ടൊയോട്ട, TVS - മുതലായ വമ്പന്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് വേണ്ടി പണിയെടുത്തവരായിരുന്നു ബാന്ഗ്ലൂരിലെ 'പീന്യയ' ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ളവര്‍. ഇനി അവരുടെ കാര്യം എന്താകും? എക്കണോമിക്ക് ട്യംസില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്നാട്ടിലെ MSME ഗണത്തിലുള്ള ചെറുകിട, ഇടത്തരം, നാമമാത്രമായ യൂണിറ്റുകളില്‍ 60 ശതമാനം റെവന്യൂ നഷ്ടം 2020-ല്‍ സംഭവിച്ചു. 60 ശതമാനം വരുമാനം കുറഞ്ഞു എന്ന് പറയുമ്പോള്‍ അത് ലക്ഷകണക്കിന് കുടുംബങ്ങളുടെ വയറ്റത്ത് അടിക്കുന്നില്ലേ? 

പി. കേശവദേവിന്റ്റെ 'അയല്‍ക്കാര്‍' എന്ന നോവലില്‍ പറയുന്നതുപോലെ 'ഇനി അമ്മാവന്‍ ജയിലില്‍ നിന്ന് വരുന്നത് വരെ കഞ്ഞി മാത്രം കുടിച്ചാല്‍ മതി' എന്നാണ് കോവിഡ് കാലത്ത് ചിലരുടെ പക്ഷം. പക്ഷെ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ആളുകളും കഞ്ഞി മാത്രം കുടിച്ചു ജീവിക്കാന്‍ താല്‍പര്യപ്പെടുന്നവരാണോ? ഇന്ത്യയില്‍ 'ഹൗസ്‌ഹോള്‍ഡ് കണ്‍സമ്ബ്ബ്ഷന്‍' ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ 'ഹൗസ്‌ഹോള്‍ഡ് കണ്‍സമ്ബ്ബ്ഷന്‍' കണക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ട്. മീനും മുട്ടയും ഇറച്ചിയും കേരളത്തിലെ ജനങ്ങള്‍ നല്ലതുപോലെ തന്നെ കഴിക്കുന്നുണ്ട്. അത് കൂടാതെ ബേക്കറി പലഹാരങ്ങളും കഴിക്കുന്നുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ബേക്കറികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നവരല്ലേ പലരും? സ്വര്‍ണകടകളും തുണികടകളും കേരളത്തില്‍ ഇഷ്ടം പോലെ ഉണ്ടല്ലോ. ഈ കടകളില്‍ നിന്നൊക്കെ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് കടകളൊക്കെ? കടകളില്‍ വരുന്നവരൊക്കെ മാസ്‌ക്ക് ഉപയോഗിച്ചും, സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചും, സാനിട്ടൈസര്‍ ഉപയോഗിച്ചും സാധനങ്ങള്‍ വാങ്ങുകയാണ് വേണ്ടത്. പത്രങ്ങളും ചാനലുകളും ഒരു മഹാമാരിയുടെ സമയത്ത് ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കണം. അതല്ലാതെ വീണ്ടും ദീര്‍ഘനാളത്തേക്ക് ഒരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സൃഷ്ടിച്ചു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ട് ആര്‍ക്കും പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല.

നേരത്തേ കോവിഡ് പ്രതിസന്ധി മൂലം നടപ്പാക്കിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 100 മില്യണ്‍ ആളുകള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടപ്പെടുത്തി. മിനിമം വരുമാനം ആയി അനൂപ് സത്പതി കമ്മിറ്റി നിശ്ചയിച്ചിരുന്ന 375 രൂപയുടെ ദിവസ വേതനം ഇല്ലാതായത് 230 മില്യനോളം ആളുകള്‍ക്ക് വരും എന്നാണ് സെന്റ്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE)-യുടെ ഒടുവിലത്തെ കണ്ടെത്തല്‍. ലക്ഷകണക്കിന് സ്ത്രീകള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. 2020 വര്‍ഷത്തിന്റ്റെ കാര്യത്തില്‍ സെന്റ്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട് കൂടാതെ അസീം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടും ഇറങ്ങി കഴിഞ്ഞു. അവരും തീര്‍ത്തും മോശപ്പെട്ട തൊഴില്‍-സാമ്പത്തിക സാഹചര്യം തന്നെയാണെന്നാണ് വിലയിരുത്തുന്നത്.

ഈ കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തില്‍ പിണറായ് വിജയന്‍ സര്‍ക്കാര്‍ കടം വാങ്ങി പുട്ടടിക്കുന്ന നയമാണ് ഇതുവരെ കേരളത്തില്‍ അനുവര്‍ത്തിച്ചിട്ടുള്ളത്. കടം എടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ തിരിച്ചടക്കാനുള്ള ശേഷി വേണം. 'പ്രൊഡക്റ്റീവ് ഇന്‍വെസ്റ്റ്മെന്റ്റ്' ഇല്ലാത്ത കേരളത്തിന് എന്ത് സാമ്പത്തിക ശേഷി ആണുള്ളത്? ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത് ഒരു കടം; അതു വീട്ടാന്‍ വേറൊരു കടം - ഇങ്ങനെ കടത്തിന് മേല്‍ കടം എന്ന രീതിയാണ്. ഈ കടബാധ്യത ഒക്കെ എന്നു തീരാനാണ്?

'കടമിരിക്കെ ധനമില്ല' എന്ന ലളിതമായ സാമ്പത്തിക തത്വശാസ്ത്രം കടമെടുത്ത ഇതുവരെയുള്ള കാലത്ത് പിണറായ് വിജയന്‍ സര്‍ക്കാര്‍ മറന്നുപോയി. എടുത്തിരിക്കുന്ന കടം എന്നായാലും പലിശ സഹിതം തിരിച്ചടക്കേണ്ടേ? കേരളം എടുത്തിരിക്കുന്ന കടത്തിന് തിരിച്ചടവ് താമസിയാതെ തന്നെ വരും. അപ്പോള്‍ പിന്നെ എന്തു ചെയ്യും? ഈ സാമ്പത്തിക സ്ഥിതി തുടരാന്‍ സാധിക്കുമോ? കൃത്യമായ വ്യവസായിക-കാര്‍ഷിക വളര്‍ച്ച ഇല്ലാതിരുന്ന കേരളം ടൂറിസം പോലുള്ള സേവന മേഖലകളെ വളര്‍ത്തിയാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. കോവിഡ് പ്രതിസന്ധിയും, ഇനി വരാനിരിക്കുന്ന സമ്പൂര്‍ണ ലോക്ക്ഡൗണും ടൂറിസത്തിന്റ്റേയും മറ്റ് സേവന മേഖലകളുടെയും നട്ടെല്ല് ഒടിക്കും.

റിയല്‍ എസ്റ്റേറ്റില്‍ നിന്നും, ഗള്‍ഫില്‍ നിന്നുള്ളതുമായ വരുമാനം ഇനി പഴയ പോലെ ഉണ്ടാകാന്‍ സാധ്യതയില്ല. ഗള്‍ഫ് നാടുകളില്‍ നിന്ന് മലയാളികള്‍ മടങ്ങുകയാണ്; ക്രൂഡ് ഓയിലിന്റ്റെ വിലയും ഇടിയുന്നു. അപ്പോള്‍ കേരളത്തിന്റ്റെ പ്രധാന വരുമാനമായ ഗള്‍ഫില്‍ നിന്നുള്ള 'റെമിറ്റന്‍സസ്' ഇനി പഴയ പോലെ ഉണ്ടാകില്ലെന്ന് സാരം. ഗള്‍ഫില്‍ നിന്നുള്ള വരുമാനം ഇല്ലാതായാല്‍ കേരളം സാമ്പത്തിക പ്രതിസന്ധിയില്‍ ആകും എന്നുള്ളത് സാമാന്യയുക്തി മാത്രമാണ്. അതുകൊണ്ട് വരാന്‍ പോകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പിണറായ് വിജയന്റ്റെ നെത്ര്വത്ത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന്റ്റെ തലയിലായത് കോണ്‍ഗ്രസുകാര്‍ക്ക് സത്യത്തില്‍ ആശ്വസിക്കാനുള്ള വകയാണ്. ചുരുക്കം പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റതില്‍ യു.ഡി.എഫ്.-കാര്‍ അധികം ദുഃഖിക്കേണ്ട കാര്യമില്ല. വലിയൊരു മാരണം അവരുടെ തലയില്‍ നിന്ന് ഒഴിഞ്ഞുപോയി എന്നു കരുതി അവര്‍ സന്തോഷിക്കുകയാണ് വേണ്ടത്.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

വരാനിരിക്കുന്നത്  സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്.  നിരാശപ്പെടേണ്ട  (വെള്ളാശേരി ജോസഫ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക