Image

ഓഗസ്റ്റോടെ ബ്രിട്ടന്‍ കൊവിഡ് മുക്തമാകും; ബൂസ്റ്റര്‍ ഡോസ് അടുത്ത വര്‍ഷമെന്നും വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി

Published on 08 May, 2021
ഓഗസ്റ്റോടെ ബ്രിട്ടന്‍ കൊവിഡ് മുക്തമാകും; ബൂസ്റ്റര്‍ ഡോസ് അടുത്ത വര്‍ഷമെന്നും വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി
ലണ്ടന്‍: ലോകത്ത് മഹാമാരിയായ പടര്‍ന്നുപിടിച്ച കൊവിഡില്‍നിന്ന് ആഗസ്‌തോടെ രാജ്യം മുക്തമാവുമെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്. 2022 ആദ്യത്തോടെ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം പുനരാരംഭിക്കാമെന്ന് വിശ്വസിക്കുന്നതായും വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് മേധാവി ക്ലൈവ് ഡിക്‌സ് വ്യക്തമാക്കി. ഡെയ്‌ലി ടെലഗ്രാഫിനോടാണ് ഡിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കൊവിഡ് വകഭേദം ബ്രിട്ടനില്‍ വ്യാപിക്കില്ല.

ആഗസ്തില്‍ കൊവിഡ് കേസുകള്‍ രാജ്യത്തുണ്ടാവില്ല. ജൂലായ് അവസാനത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാനാവും. അതിലൂടെ വൈറസിന്റെ വിവിധ വകഭേദങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താമെന്ന് കരുതുന്നതായി ഡിക്‌സ് അറിയിച്ചു. ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിതരണം ചെയ്ത രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടന്‍. 51 ദശലക്ഷം ഡോസ് വാക്‌സിന്‍ ഇതിനോടകം രാജ്യത്ത് വിതരണം നടത്തിക്കഴിഞ്ഞു. ക്ലൈവ് ഡിക്‌സാണ് ബ്രിട്ടന്റെ വാക്‌സിന്‍ വിതരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് കൂടുതല്‍ ഫലപ്രദമാവുന്ന വിധത്തിലുള്ള ബൂസ്റ്റര്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. രക്തം കട്ടപിടിക്കുന്നതുപോലെയുള്ള നേരിയ പാര്‍ശ്വഫലമുള്ളതിനാല്‍ ഓക്‌സ്ഫഡ്/ അസ്ട്രസെനകയുടെ വാക്‌സിന് പകരം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് മറ്റൊരു വാക്‌സിന്‍ ലഭ്യമാക്കാന്‍ ബ്രിട്ടന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക