Image

ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം; 30,000 രൂപ മടക്കി നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രര്മമെന്ന് ബന്ധുക്കള്‍

Published on 08 May, 2021
ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം; 30,000 രൂപ മടക്കി നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രര്മമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: കോവിഡ് രോഗിയില്‍ നിന്ന് ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം വിവാദമായതോടെ 30,000 രൂപ മടക്കി നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍  പാറശാലയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍. ഒരു ദിവസത്തെ ഒാക്‌സിജന്‍ ഉപയോഗത്തിന് 45,600 രൂപ വാങ്ങിയത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍  ആരോഗ്യ ഡയറക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവരോട് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സംഭവം വിവാദമായതോടെ ബന്ധുക്കളെ പിന്‍തിരിപ്പിക്കാന്‍ ആശുപത്രി നടത്തിയ നീക്കം പുറത്തു വരുന്നത്.

പേപ്പാറ കാലങ്കാവ് എസ്.എന്‍ നിവാസില്‍ നസീമ (56)യുടെ ചികില്‍സയക്കാണ് അമിത തുക ഈടാക്കിയത്. ആരോഗ്യസ്ഥിതി മോശമായതോടെ 27ന് രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മേയ് 2ന് നസീമ മരിച്ചു. രോഗിക്ക് മൂന്ന് ദിവസം  ഒാക്‌സിജന്‍ നല്‍കിയതായും, ബില്‍ എഴുതിയതില്‍ ഉണ്ടായ പിഴവ് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നുമായിരുന്നു വിവാദമായതോടെ ആശുപത്രി അധികൃതരുടെ ആദ്യ വിശദീകരണം.

ചികിത്സ നടത്തിയതിന് 66,950 രൂപയുടെ ബില്‍ ആശുപത്രിയുടെ പേരുള്ള സ്ലിപ്പില്‍ പേന കൊണ്ട് എഴുതി നല്‍കുകയായിരുന്നു. അമിത നിരക്കെന്ന ബന്ധുക്കളുടെ പരാതി അംഗീകരിച്ചതുമില്ല. ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കല്‍ ഒാഫിസര്‍ എന്നിവര്‍ക്ക് ബന്ധുവായ പൊഴിയൂര്‍ സ്വദേശി നൂറുല്‍ അമീന്‍ 27ന് പരാതി നല്‍കി. അധികൃതര്‍ നടപടി എടുക്കാഞ്ഞതിനാല്‍  മേയ് 5ന് ബില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു .

പിന്നാലെ പാറശാല പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് മനോരമയില്‍ വാര്‍ത്ത വന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പരാതിക്കാരനെ നേരിട്ട് കണ്ട്  മുപ്പതിനായിരം രൂപ തിരികെ നല്‍കാം എന്ന് അറിയിച്ചു. മറ്റ് ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാം എന്ന് പറഞ്ഞ് മടക്കി വിട്ടു.  ഓക്‌സിജന് ഒപ്പം മൂന്ന് ദിവസത്തേക്ക് പിപിഇ കിറ്റിനു 9000 രൂപയും, സ്കാനിങ്ങിനു 5000 രൂപയും ഈടാക്കിയതായി ആരോപണം ഉണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക