Image

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫ്രാൻസിസ് തടത്തിൽ Published on 08 May, 2021
ഫൊക്കാന  കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു
ന്യൂജേഴ്‌സി: കോവിഡ് മഹാമാരി പടർന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായ കേരളത്തിലെ ജനങ്ങൾക്ക് കൈത്താങ്ങാകാൻ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള കോവിഡ് വാക്സീൻ റിലീഫ് ഫണ്ട് ആരംഭിച്ചു. ഇന്നലെ വൈകുന്നേരം സൂം മീറ്റിംഗിലൂടെ നടന്ന നാഷണൽ കമ്മിറ്റിയുടെ പ്രത്യേക മീറ്റിംഗിൽ  ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു കുളങ്ങര 5000 ഡോളർ നൽകിക്കൊണ്ടാണ് ധനസമാഹരണത്തിനു തുടക്കം കുറിച്ചത്. നാഷണൽ കമ്മിറ്റി മീറ്റിംഗിൽ മാധ്യമ പ്രവർത്തകരുൾപ്പെടെ ഏതാനും ചില പ്രത്യേക ക്ഷണിതാക്കളുണ്ടായിരുന്നു. 
 
ഗോ ഫണ്ട് മി മുഖാന്തിരം 30,000 ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനകം വെറും 11 പേരിൽ നിന്നായി 7600 ഡോളറിനു മുകളിൽ തുക എത്തിക്കഴിഞ്ഞു.
 
 501-C3 Non Profit സംഘടനായി രെജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഫൊക്കാന കേരള കോവിഡ് വാക്സീൻ ഫണ്ടിലേക്ക് സംഭാവന നൽകുന്നവർക്ക് നികുതി ഇളവ് ലഭിക്കുന്നതായിരിക്കും. സംഭാവന നൽകാൻ താൽപ്പര്യമുള്ളവർ ഈ ലിങ്കിൽ കയറി തുക അടക്കയ്ക്കാവുന്നതാണ്:  https://gofund.me/5fc55324
 
 ഇന്ത്യയിൽ ക്രമാതീതമായി വർധിച്ചു വരുന്ന കോവിഡിന്റെ രണ്ടാം തരംഗം  നമ്മുടെ ജന്മ നാടായ കേരളത്തെയും അതി ഭയാനകമായ വിധത്തിൽ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പ്രതിദിന മരണനിരക്ക് 3400 പരമായി തുടരുമ്പോൾ കോവിഡിനെ തുടക്കം മുതൽ പിടിച്ചുകെട്ടാൻ ഭഗീരഥപ്രയത്നം നടത്തിയ കേരളത്തിൽ രണ്ടാം തരംഗത്തിൽ കൈവിട്ടുപോയേക്കുമെന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരളത്തിൽ ഇതിനകം കോവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലധികമായി. 
 
ഇന്ത്യ മുഴുവനും പ്രതിസന്ധിയിലാക്കിയ ഓക്സിജൻ ക്ഷാമത്തെ മറികടക്കാൻ പ്രതിസന്ധി കാലഘട്ടത്തിൽ കേരളത്തിന് കഴിഞ്ഞുവെങ്കിലും ഏതാനും ദിവസങ്ങളായി തുടരുന്ന കോവിഡ് മഹാമാരിയുടെ അതിവ്യാപനം മൂലം ഹോസ്പിറ്റലുകൾ നിറഞ്ഞു കവിയുകയാണ്. ഐ.സി.യു. വെൻറ്റിലേറ്ററുകൾ എന്നിവ പൂർണമായും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ് ഏതാനും ദിവസങ്ങളായി കണ്ടു വരുന്നത്. കോവിഡ് മരണനിരക്കും വർധിച്ചു വരുന്നു. കേരളത്തിലും ഓക്സിജൻ ക്ഷാമം ഏതു സമയത്തും ഉടലെടുത്തേക്കാം. 
 
ലോകം മുഴുവനും ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യയിലേക്ക് ഒരുപാട്  വിദേശ സഹായങ്ങൾ ഒഴുകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവയൊന്നും മതിയാകുമെന്നു തോന്നുന്നില്ല. അതിനിടെയാണ് സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്‌സിന് അമിത വില ഈടാക്കിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ തീരുമാനമുണ്ടായത്. ഈ സഹസാഹര്യത്തിലാണ് നിലവിലുള്ള  പ്രതിസന്ധിയെ തരണം ചെയ്യാനായി കേരളത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യമായി വാക്സീൻ നൽകുന്നതിനുള്ള കേരള കോവിഡ് വാക്സീൻ ചലഞ്ച് എന്ന യജ്ജത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചത്. ലോകം മുഴുവനുമുള്ള രാജ്യങ്ങളിൽ താമസിക്കുന്ന വിദേശ മലയാളികളിൽ നിന്ന് വൻ തോതിലുള്ള പിന്തുണയാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
 
 പ്രകൃതി ദുരന്തമോ മഹാമാരിയോ എന്തുതുമാകട്ടെ കേരളത്തിന്റെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും ജന്മ നാടിനെ അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പാരമ്പര്യമാണ് അമേരിക്കൻ മലയാളികൾക്കുള്ളത്. സുനാമി, ഓഖി, രണ്ടു മഹാപ്രളയങ്ങൾ, നിപ്പ വൈറസ് തുടങ്ങിയ എല്ലാ ദുരന്തങ്ങൾക്കും കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഹായമെത്തിച്ചത് അമേരിക്കൻ മലയാളികളാണ്. മറ്റെല്ലാ ദുരന്തങ്ങളും കേരളത്തിലെ ഭാഗീകമായി പ്രദേശങ്ങളിൽ മാത്രമാണ് സംഭവിച്ചതെങ്കിൽ കോവിഡ് മഹാമാരി കേരളമൊട്ടാകെ പടർന്നു പിടിച്ചിരിക്കുകയാണ്. നമ്മുടെ ജന്മനാട്ടിലെ സഹോദരങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യം വേണ്ടി വരുന്ന സാഹചര്യമാണിത്.
 
കോവിഡ് ക്രമാതീതമായി പടരുന്നതിനെ തുടർന്ന് കേരളം മുഴുവൻ ഇന്നലെ മുതൽ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ജനം ഭയാശങ്കയോടെ കഴിയുന്ന ഈ സാഹചര്യത്തിൽ എല്ലാ സുമനസുകളും ഫൊക്കാന കേരള കോവിഡ് റിലീഫ് ഫണ്ടിൽ പങ്കാളികളാകണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അഭ്യർത്ഥിച്ചു.
 
 കേരളത്തിലെ വർധിച്ചു വരുന്ന കോവിഡ് മഹാമാരി മൂലം നമ്മുടെ സഹോദരങ്ങൾ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണുന്നത് ഏറെ വേദനയുളവാക്കിയെന്ന് ധനസമാഹാര പദ്ധതി ഉദ്‌ഘാടനം ചെയ്ത ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു പറഞ്ഞു. മുഖ്യമന്ത്രിയുടെ കോവിഡ് ചലഞ്ചിലേക്ക് ഫൊക്കാന വഴി നല്ലൊരു  തുക നൽകണമെന്നുള്ള ചിന്തയിലാണ് ഈ പരിപാടിയിലേക്ക് ഉദാരമായ സംഭാവന നല്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
കേരളത്തിനൊപ്പം എക്കാലവും നിലകൊണ്ടിട്ടുള്ള ഫൊക്കാന ഇക്കുറിയും ലക്ഷ്യം നിറവേറ്റുമെന്നും കോവിഡ് മഹാമാരി മൂലം കേരളത്തിൽ  ഒരാൾ പോലും മരിക്കാൻ ഇടവരരുത് എന്നാണ് ഫൊക്കാനയുടെ ആഗ്രഹമെന്നും സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു. ഫൊക്കാനയുടെ ഈ യജ്ഞത്തിൽ പങ്കാളികളാകാൻ എല്ലാ അമേരിക്കൻ മലയാളികളും മുന്നോട്ടു വരണമെന്ന് ഫൊക്കാന ട്രഷറർ സണ്ണി മറ്റമന അഭ്യർത്ഥിച്ചു. കേരളം ഇതിനെയും മറികടക്കുമെന്നും അതിനുള്ള എല്ലാ പിന്തുണയും ഫൊക്കാനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
 
 ഫൊക്കാന  അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌  ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, ഓഡിറ്റർ വർഗീസ് ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.  മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ.സി.ജേക്കബ്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ,  ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ മാധ്യമപ്രവർത്തകരായ ജോസ് കടപുറം (കൈരളി ടി.വി.), ഫ്രാൻസിസ് തടത്തിൽ(കേരള ടൈംസ്), കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വർഗീസ് ജേക്കബ്, ട്രസ്റ്റി ബോർഡ് മെമ്പർ എബ്രഹാം ഈപ്പൻ തുടങ്ങിയ പ്രത്യേക ക്ഷണിതാക്കളും പ്രസംഗിച്ചു.  സെക്രെട്ടറി സജിമോൻ ആന്റണി സ്വാഗതവും ട്രഷറർ സണ്ണി മറ്റമന നന്ദിയും പറഞ്ഞു.
ഗോ ഫണ്ട് മി ലിങ്ക്: FOKANA (501-C3 Non Profit)Kerala COVID Relief Fund, organized by Fokana Inc
 
ഫൊക്കാന  കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു ഫൊക്കാന  കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു
Join WhatsApp News
നാരദൻ 2021-05-09 01:18:13
ഫൊക്കാന പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനയാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക