Image

പൂർണ്ണ  അംഗീകാരം   ഫൈസറിന്റെ അടുത്ത ലക്ഷ്യം

Published on 08 May, 2021
പൂർണ്ണ  അംഗീകാരം   ഫൈസറിന്റെ അടുത്ത ലക്ഷ്യം

 ഫൈസറിനൊപ്പം  ജർമ്മൻ പങ്കാളിയായ  ബിയോൺടെക്ക് സംയുക്തമായി വികസിപ്പിച്ച വാക്സിന് ഡിസംബർ 11, നാണ്  യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള  അടിയന്തിര ഉപയോഗാനുമതി ലഭിച്ചത്. അതിനുശേഷം, കമ്പനികൾ യു‌എസിലുടനീളം 170 മില്യണിലധികം ഡോസുകൾ വിതരണം ചെയ്തു, കൂടാതെ മറ്റ് പല രാജ്യങ്ങൾക്കും കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ അടിയന്തിര ഉപയോഗത്തിന്  ഇതേ കുത്തിവയ്പ്പ് അംഗീകാരം നേടിയിട്ടുണ്ട്.  

രാജ്യങ്ങളിൽ  അടിയന്തരാവസ്ഥ നിലനിൽക്കുന്നതുവരെ മാത്രമേ അടിയന്തര അനുമതി  നീണ്ടുനിൽക്കൂ, അതിനാൽ തുടർച്ചയായ ഉപയോഗത്തിന് പൂർണ്ണ അംഗീകാരം നേടുന്നതിന് വാക്സിൻ റെഗുലേറ്റർമാർ കൂടുതൽ കർശനമായ അവലോകനത്തിന് വിധേയമാക്കണം. അത്തരത്തിൽ, വരും മാസങ്ങളിൽ ആദ്യത്തെ പൂർണ്ണ അംഗീകാരം നേടിയെടുക്കുകയാണ് ഫൈസർ ലക്ഷ്യമിടുന്നതെന്ന് ഫൈസർ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ബൗർല പ്രസ്താവനയിൽ പറഞ്ഞു.

ന്യൂയോർക്കിലെ കോവിഡ്  നിരക്കുകളിൽ  വെള്ളിയാഴ്ച വൻകുറവ്  

 കോവിഡ്  പരിശോധനകളിൽ ഏഴ് ദിവസത്തെ ശരാശരി  പോസിറ്റീവിറ്റി  നിരക്ക് തുടർച്ചയായി 32ാം  ദിവസവും  കുറവ്  രേഖപ്പെടുത്തി.
 പുതിയ പോസിറ്റീവ് കേസുകളുടെ  എണ്ണം- നാസോ :  122, സഫോക്:  169, ന്യൂയോർക്ക് സിറ്റി:  890,ന്യൂയോർക്കിൽ ആകെ: 2,370.
സംസ്ഥാനത്തൊട്ടാകെയുള്ള പ്രതിദിന പോസിറ്റിവിറ്റി ശരാശരി 1.22 ശതമാനമാണ്, ഒക്ടോബർ 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്, ഗവർണർ  ആൻഡ്രൂ എം.കോമോ  പറഞ്ഞു. പരിശോധന ഫലങ്ങളിൽ ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി  നിരക്ക്  1.53% ആയിരുന്നു.

ലോംഗ് ഐലൻഡിൽ ഏഴു ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 1.45 ശതമാനമായും ന്യൂയോർക്ക് സിറ്റിയിൽ  1.44 ശതമാനമായും കുറഞ്ഞു. ആഴ്ചകൾക്ക് മുമ്പ്, ഈ രണ്ട് മേഖലകളിലും പതിവായി പോസിറ്റീവ് നിരക്ക് 4 ശതമാനത്തിന് മുകളിലായിരുന്നു.

കോവിഡ് നിരക്കിൽ കുറവ് തുടരുന്നതോടൊപ്പം കൂടുതൽ‌ പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകുകയും ചെയ്യുന്നതിനാൽ‌,  ന്യൂയോർക്കിന്റെ  സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കാൻ കൂടുതൽ മേഖലകൾ തുറന്നു പ്രവർത്തിക്കുന്നതിനും ജനങ്ങൾക്ക് തൊഴിലവസരം നൽകുന്നതിനും  സ്റ്റേറ്റ് ശ്രമം തുടരുമെന്ന് കോമോ ഉറപ്പുനൽകി. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലവും  പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, കൊറോണ വൈറസ് ബാധിതരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ന്യൂയോർക്ക് സിറ്റിയിൽ  ഇപ്പോഴും റഫ്രിജറേറ്റഡ് ട്രക്കുകൾ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനം പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി മരണങ്ങൾ വർദ്ധിച്ച സമയത്ത്  മൃതദേഹങ്ങൾ കുമിഞ്ഞുകൂടിയപ്പോൾ  താൽക്കാലികമായി സൂക്ഷിക്കാൻ സ്ഥാപിച്ച ഇത്തരം ട്രക്കുകൾ  ഒരു വർഷത്തിലേറെയായി മൃതദേഹങ്ങൾ സൂക്ഷിക്കുന്നു. 750 മൃതദേഹങ്ങൾ ബ്രൂക്ലിൻ പിയറിൽ ഇത്തരത്തിൽ  സൂക്ഷിച്ചിരിക്കുകയാണെന്നും കുടുംബാംഗങ്ങൾ അവരുടെ ഉറ്റവർക്ക്  അന്തിമ വിശ്രമത്തിന്  സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും  സിറ്റിയിലെ മെഡിക്കൽ എക്‌സാമിനർ ഓഫീസ് അറിയിച്ചു.

വാക്സിൻ ട്രയലിൽ  200 കുട്ടികളെ പങ്കെടുപ്പിക്കാനൊരുങ്ങി  റട്‌ഗസ് യൂണിവേഴ്സിറ്റി 

ന്യൂജേഴ്‌സിയിലെ റട്‌ഗസ് യൂണിവേഴ്‌സിറ്റി 6 മാസത്തിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള 200 കുട്ടികളെ ഫൈസറും, ജർമ്മൻ പങ്കാളിയായ  ബിയോൺടെകും വികസിപ്പിച്ച കോവിഡ് -19 വാക്‌സിൻ ട്രയലിൽ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇരുഡോസ് അടങ്ങുന്ന വാക്സിൻ ഈ പ്രായപരിധിയിലുള്ള കുട്ടികളിൽ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തുന്നതിനുള്ള  ആഗോള ഗവേഷണ പഠനത്തിനായാണ്  ക്ലിനിക്കൽ ട്രയലെന്ന്  കോളജ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ന്യൂ ബ്രൺസ്‌വിക്കിലെ റട്‌ഗസ് റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സ്‌കൂളിലെ പീഡിയാട്രിക് ക്ലിനിക്കൽ റിസർച്ച് സെന്ററിൽ  പഠനത്തിനായുള്ള  ക്ലിനിക്കൽ ട്രയൽ സൈറ്റുകളിൽ ഒന്നിലാണ് പ്രസ്തുത പരീക്ഷണം നടക്കുന്നത്.

5 മുതൽ 12 വയസ്സുവരെയുള്ള 100 കുട്ടികളെയും 2 മുതൽ 5 വയസ്സുവരെയുള്ള 50 കുട്ടികളെയും 6 മാസം മുതൽ 2 വയസ്സുവരെയുള്ള 50 കുട്ടികളെയും ട്രയലിൽ പങ്കെടുപ്പിക്കുമെന്ന് റട്‌ഗസ്  ഗവേഷകർ പറഞ്ഞു.

ലോകത്താകമാനം 4,644 കുട്ടികൾ പങ്കെടുക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.

'ട്രയലുകളിൽ  പങ്കെടുക്കുന്നവർക്ക്  രണ്ട് ഡോസ് ഫൈസറിന്റെ കോവിഡ്  വാക്സിനോ  അല്ലെങ്കിൽ പ്ലസീബോയോ  നല്കിക്കൊണ്ടായിരിക്കും പരീക്ഷണം. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറുമാസത്തിനുശേഷം ഫലം വിലയിരുത്തും. ആദ്യം പ്ലസീബോ ലഭിച്ചവർക്ക് വാക്സിൻ നൽകുകയും ചെയ്യും.'  ഗവേഷകർ പറഞ്ഞു.

ചെറുപ്പക്കാർക്ക് വാക്സിനേഷൻ നൽകുന്നത്   വലിയ കടമ്പ:  സിഡിസി ഡയറക്ടർ

രോഗപ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർദ്ധിച്ചിട്ടും കോവിഡിനെതിരെ യു‌എസിലെ  ചെറുപ്പക്കാരെ വാക്സിനേറ്റ് ചെയ്യാൻ  ഇനിയും സമയം പിടിക്കുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചീഫ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.

യുഎസിലെ 18 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരിൽ അഞ്ചിലൊന്ന് പേരും,  30 മുതൽ 39 വയസ്സ് വരെ പ്രായമുള്ളവരിൽ മൂന്നിലൊന്നിൽ താഴെ ആളുകളും  മാത്രമാണ്  ഇതുവരെ പൂർണമായി പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചത്.  65 വയസ്സിനു മുകളിലുള്ള മൂന്നിൽ രണ്ട് പേർക്കും ഇതിനകം തന്നെ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്,' സിഡിസി ഡയറക്ടർ ഡോ.റോഷൽ  വലൻസ്കി അഭിപ്രായപ്പെട്ടു.

 '16 വയസോ അതിൽ കൂടുതലോ ഉള്ള പൗരന്മാർ വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ, അത് എളുപ്പമാണെന്ന് ബോധ്യപ്പെടുത്തി  അവരെ പ്രോത്സാഹിപ്പിക്കുക.' വലൻസ്കി കൂട്ടിച്ചേർത്തു. വാക്സിനേഷൻ പ്രോഗ്രാമിൽ യുഎസ് രണ്ട് സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ടതായി  വൈറ്റ് ഹൗസ്  കൊറോണ വൈറസ് റെസ്പോൺസ് കോർഡിനേറ്റർ ജെഫ് സിയന്റ്സ് പറഞ്ഞു.
. 150 മില്യൺ അമേരിക്കക്കാർ കുറഞ്ഞത് ഒരു ഡോസും 110മില്യൺ  ആളുകൾ ഇരുഡോസും സ്വീകരിച്ചതാണ് ആ നാഴികക്കല്ലുകൾ. അതായത്,പ്രായപൂർത്തിയായ  അമേരിക്കക്കാരിൽ 57 ശതമാനം പേർക്കും കുറഞ്ഞത് ഒരു വാക്സിൻഡോസ് എങ്കിലും  ലഭിച്ചിട്ടുണ്ട്.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

മഹാമാരിയെ നേരിടുന്നതിൽ  ന്യൂയോർക്കുകാരുടെ  പ്രവർത്തനം സ്തുത്യർഹമാണ്. കോവിഡ് ഉയർത്തുന്ന ഭീഷണിയുടെ അവസാനം കുറിക്കുന്നതുവരെ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണം. ന്യൂയോർക്ക് സ്റ്റേറ്റ് സജ്ജീകരിച്ചിട്ടുള്ള എല്ലാ വാക്സിനേഷൻ സൈറ്റുകളിലും  ആദ്യം എത്തിച്ചേരുന്നവർക്ക് ആദ്യം കുത്തിവയ്പ് എന്ന രീതിയിൽ വോക്ക് -ഇൻ സേവനം  ലഭ്യമാണെന്ന് ഓർമ്മിക്കുക. അപ്പോയിന്റ്മെന്റ്  ഷെഡ്യൂൾ‌ ചെയ്യാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌, ആപ്ലിക്കേഷനിലൂടെയോ  1-833-NYS-4-VAX (1-833-697-4829)എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യുക.
ഒരു സമൂഹമെന്ന നിലയിൽ അവരവരുടെ ഉത്തരവാദിത്വം നിറവേറ്റുക.
 
* ആശുപത്രികളിൽ പ്രവേശിതരായ രോഗികളുടെ എണ്ണം 2,264 ആയി കുറഞ്ഞു. 194,988 ടെസ്റ്റുകളിൽ 2,370 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക് : 1.22 ശതമാനം . 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 1.53 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 571 രോഗികളുണ്ടായിരുന്നു. മരണസംഖ്യ: 25.
 
* ന്യൂയോർക്കിലെ പ്രായപൂർത്തിയായവരിൽ  59.4 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് പൂർത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 161,388 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്ക് ആകെ 16,395,758 ഡോസുകൾ നൽകി, ന്യൂയോർക്കിലെ 47.0 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി. 
 
* റെസ്റ്റോറന്റ് പുനരുജ്ജീവന ഫണ്ടിനായുള്ള അപേക്ഷകൾ ഫെഡറൽ സർക്കാർ സ്വീകരിക്കുന്നുണ്ട്. നിങ്ങൾ ഒരു റെസ്റ്റോറന്റ് ഉടമയോ, കേറ്ററിംഗ് സർവീസ് നടത്തുന്നവരോ, അല്ലെങ്കിൽ ഭക്ഷണ ബിസിനസ്സ് ഉടമയോ ആണെങ്കിൽ അപേക്ഷിക്കാം.
 
* ന്യൂയോർക്കുകാരെ സഹായിക്കാൻ 'നറിഷ് എൻ‌വൈ' പദ്ധതിയിലൂടെ  9 മില്യൺ ഡോളർ ചെലവഴിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക