Image

ചെന്നിത്തലയോ സതീശനോ ? കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ചര്‍ച്ചകള്‍ സജീവം

ജോബിന്‍സ് തോമസ് Published on 09 May, 2021
ചെന്നിത്തലയോ സതീശനോ ? കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ചര്‍ച്ചകള്‍ സജീവം
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് ആര് എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഹൈക്കമാന്‍ഡിന് എന്തു തീരുമാനവും എടുക്കാമെന്ന് രമേശ് ചെന്നിത്തല ഇതിനകം തന്നെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ചെന്നിത്തല തുടരട്ടെ എന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം എംഎല്‍എമാരുടെ അഭിപ്രായം.

എ ഗ്രൂപ്പിലും ചിലര്‍ ചെന്നിത്തലയെ അനുകൂലിക്കുന്നുണ്ട്. എന്നിരുന്നാലും നേതൃമാറ്റം ഉണ്ടാവട്ടെ എന്നു കരുതുന്ന ഐ ഗ്രൂപ്പിലേയും എ ഗ്രൂപ്പിലേയും എംഎല്‍എ മാരിലാണ് സതീശന്റെ പ്രതീക്ഷ. അടുത്തയാഴ്ചയാണ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെത്തുന്നത്. 

ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഓരോ എംഎല്‍എ മാരുമായും വെവ്വേറെ ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെ വന്നാല്‍ ഗ്രൂപ്പുകള്‍ക്കതീതമായ ഒരു അഭിപ്രായ പ്രകടനം എംഎല്‍എമാരുടെ ഭാഗത്തുനിന്നുണ്ടാകും. ഇത് സതീശന് അനുകൂലമാകുമെന്നാണ് കരുതുന്നത്. 

കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പുകാരും ഒമ്പത് പേര്‍ എ ഗ്രൂപ്പുകാരുമാണ്. അംഗബലത്തിലെ മുന്‍തൂക്കമാണ് രമേശ് ചെന്നിത്തലയ്ക്ക് ഗുണം ചെയ്യുക. എന്നാല്‍ നേതൃമാറ്റം എന്ന ആവശ്യമാണ് സതീശന്റെ പിന്‍ബലം. എംഎല്‍എമാര്‍ക്ക് പുറമേ കെപിസിസി നേതാക്കള്‍, സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ എന്നിവരുമായും കെപിസിസി സംഘം കൂടിക്കാഴ്ച നടത്തും. ഇവരുടെ നിലപാടുകളും നിര്‍ണ്ണായകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക