-->

kazhchapadu

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

Published

on

 ഒന്ന്.
 
ശ്വാനൻ സുകു ആത്മഹത്യ ചെയ്തു .
 
ശ്വാനൻ എന്ന് വിളിപ്പേരുള്ള സുകുമാരൻ ആത്മഹത്യ ചെയ്തു. പഞ്ചായത്തു ഇലക്ഷന് കൃത്യം മുപ്പതു ദിവസങ്ങൾ മുൻപുള്ള ഒരു ഞായറാഴ്ച്ച ഏകദേശം ഉച്ചയോടടുത്ത സമയത്താണ് കില്ലാഡി രാജേഷ് ഈ വാർത്തയുമായി  അവതരിക്കുന്നത് . കേട്ടവർ കേട്ടവർ കൈയ്യിലിരുന്നതും വായിലിരുന്നതുമൊക്കെ ഇറക്കി വെച്ചിട്ടു നിലം തൊടാതെ ഓടി . പ്ലാത്തോട്ടത്തിലെ അവറാന്റെ വിൽക്കാനിട്ടിരുന്ന പറമ്പിന്റെ ഒത്തനടുക്ക് പന പോലെ വിരിഞ്ഞു നിൽക്കുന്ന മുട്ടനൊരു പ്ലാവേൽ ശ്വാനന്റെ  പ്രേതം തൂങ്ങി കിടന്നാടി . പറമ്പിന്റെ ഇങ്ങേ മൂലയ്ക്ക് കൊന്തംകാലിൽ തലയ്ക്ക് കൈയും കൊടുത്തു അവറാൻ ഇരിപ്പുണ്ട് ..
 
"ഈ തന്തയില്ല കഴുവേറിയ്ക്കെന്റെ പറമ്പേ കണ്ടൊള്ളോ കർത്താവേ തൂങ്ങാൻ .." അയാൾ അമറി. അയാളുടെ വായിൽ നിന്നും മൂക്കിൽ നിന്നും വെള്ളമിറ്റു വീഴാൻ തുടങ്ങി . ശ്വാനന്റെ  മൂക്കിൽ കേറിയിറങ്ങി വന്നൊരു ഈച്ച അവറാന്റെ മോങ്ങൽ കേട്ട് അയാളെ  ഒന്ന് തിരിഞ്ഞു നോക്കി .
 
ആത്മഹത്യ ചെയ്യാനുള്ള ബോധമൊക്കെ ഇവനുണ്ടായിരുന്നോ എന്ന മട്ടിലാണ് ചില കാഴ്ചക്കാരുടെ നിൽപ്പ് . ചിലരുടെ  വിരലുകൾ മൂക്കിന്തുമ്പത്തു തന്നെ ഒട്ടിപ്പിടിച്ചിരിപ്പുണ്ട് .
 
"കള്ളു മൂത്തിട്ടുള്ള ഓരോ സോക്കേട് ..അല്ലാണ്ടിപ്പോ , ഇവനൊക്കെ തൂങ്ങി ചാകേണ്ട വല്ല കാര്യോണ്ടോ .. ഫ്രീ ആയിട്ടല്ലേ പാർട്ടി തീറ്റി പോറ്റണത് .. എരപ്പൻ "
 
കള്ളു ജോയീടെ വണ്ടി കേറി പാതി ഇടിഞ്ഞു വീണ കയ്യാലപ്പുറത്തേയ്ക്ക് ഇടതു കാലെടുത്തു കുത്തി കൊച്ചിലെ ചൊറി വന്ന പാട് മായാത്ത തുടയിൽ ചൊറിഞ്ഞു കൊണ്ട് ശെൽവൻ പറമ്പിലേക്ക് നീട്ടി തുപ്പി .
 
"വെറുതെയൊന്നുമല്ലല്ലോ ..പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിയ്ക്കാനും പോലീസിന്റെ തല്ലു കൊള്ളാനും , മറ്റേ പാർട്ടിക്കാരെ ഓടിച്ചിട്ട് തല്ലാനും സുകുച്ചേട്ടനല്ലേ  ഉണ്ടാർന്നുള്ളൂ എന്നും മുന്നില് .."
 
ശ്വാനൻ സുകുമാരനെ സുകുച്ചേട്ടാ  എന്ന് അക്ഷരം തെറ്റാതെ വിളിയ്ക്കുന്ന പരിയാരം ദേശത്തെ ഒരേയൊരു ആൺതരിയായ, കണ്ണൻ ചൊമന്നു കിടന്ന  കണ്ണ് തുടച്ചു കൊണ്ടാണ് പറഞ്ഞത് .
 
തിരിഞ്ഞു നോക്കിയ  ശെൽവൻ കണ്ണനെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു . " ഓഹ് ..നിങ്ങള് മറ്റതാണല്ലോ അല്ലേ... " ചുറ്റും നിന്ന നാട്ടുകാര് തൂങ്ങി നിന്ന സുകുമാരനെ മറന്നു ഓരിയിട്ടു ചിരിയ്ക്കാൻ തുടങ്ങി . ചിരിയുടെയും കൂവലിന്റെയും ബഹളത്തിനിടയിലൂടെ കണ്ണൻ തല കുനിച്ചു അവിടെ നിന്നും പതിയെ ഇറങ്ങി നടക്കാൻ തുടങ്ങി . ചെരുപ്പിടാത്ത  കാലുകൾ കൊണ്ടവൻ വഴിയിൽ കണ്ട കല്ലുകളൊക്കെ ചവിട്ടിയരയ്ക്കാൻ തുടങ്ങി . ഒരു ദിവസം ശെൽവന്റെ തല താൻ ഇങ്ങനെ ചവിട്ടി അരയ്ക്കുമെന്നവൻ പരിയാരത്തെ ഭഗവതിയെ പിടിച്ചു ആണയിട്ടു . രണ്ടു ദിവസം മുൻപ് കണ്ടപ്പോൾ സുകുമാരൻ പറഞ്ഞത് അവന്റെ തലയിലേക്ക് തെകട്ടി കേറി വന്നു ..
 
"ഇത്തവണ പാർട്ടി എനിക്ക് സീറ്റ് തരും കണ്ണാ ..നീ നോക്കിക്കോ , ഇപ്പൊ ഈ പരിയാരത്ത് എന്നേക്കാൾ സീനിയോറിറ്റിയുള്ള ഒരൊറ്റയൊരുത്തനില്ല.. വർഷം മുപ്പതായി ഈ നടപ്പു നടക്കാൻ തുടങ്ങിയിട്ട് ... "
 
പതിവുള്ള സായാഹ്ന സവാരിയും കഴിഞ്ഞു മയിലുപാറയുടെ പൊക്കത്തെ ബദാമിന്റെ ചുവട്ടിലായിരുന്നു രണ്ടാളും ...
 
"ഉള്ളതാണോ ചേട്ടാ ... നിങ്ങള് പഞ്ചായത്തു പ്രസിഡന്റായിട്ടു വേണം എനിക്കൊന്നു കലക്കാൻ " കണ്ണനൊന്നു ഇളകി ഇരുന്നു . അവന്റെ കണ്ണ് ചൊമന്നു കിടന്ന അന്തിമാനത്തായിരുന്നു.
 
 
" ഉറപ്പിക്കാറായില്ല ..കണ്ണാ ... ആ ശെൽവൻ എന്നതേലും ഒപ്പിക്കുവോ എന്നൊരു പേടിയുണ്ട് ..."
 
എന്നാൽ അയാളെ ഞാൻ തട്ടും ...നോക്കിക്കോ ... കണ്ണൻ പല്ലു കടിച്ചു കൈ രണ്ടും ചേർത്ത് ഞെരിച്ചു .
 
ഇത്തവണയും സീറ്റ് കിട്ടിയില്ലേൽ പിന്നെ ............. സുകുമാരൻ എണീറ്റ് നടന്നു തുടങ്ങി . ഇരുട്ട് വീണു തുടങ്ങിയ നടവഴിയ്ക്കപ്പുറം അയാളുടെ വെളുത്ത ഷർട്ട് അപ്രത്യക്ഷമായി . കണ്ണൻ തലതാഴ്ത്തിയിട്ടു കൂനിയിരുന്നു .
 
ചെങ്കല്ല് പാകിയ നടവഴിയിൽ കണ്ണന് കാലിടറുകയും അവൻ വീണു പോവുകയും ചെയ്തു. . ഇത് പോലെ വിശന്നു പൊരിഞ്ഞു വീണൊരു ഉച്ച സമയത്തു ചേർത്ത് പിടിച്ചതാണ് സുകുവേട്ടൻ . കണ്ണന്റെ അമ്മ അവനെ ഇട്ടേച്ചു ഏതോ ലോറിക്കാരന്റെ കൂടെ ഒളിച്ചോടിയതാണ് . അച്ഛനെ അവൻ കണ്ടിട്ടേയില്ല . കണ്ണൻ പിന്നെ സുകുവിന്റെ ശരീരം കാണാൻ പോയില്ല . പോലീസ് വന്നതും സുകുവിന്റെ ദേഹമിറക്കി ചാക്കിൽ പൊതിഞ്ഞു ആശുപത്രിയിൽ കൊണ്ടോയതും പൊതു ശ്മശാനത്തിൽ കരണ്ടു കേറ്റി കത്തിച്ചു കളഞ്ഞതും ആരും പറയാതെ തന്നെ കണ്ണനറിഞ്ഞു .
 
രണ്ട്.
 
സുകുമാരൻ ആരാണെന്നോ എന്താണെന്നോ അന്നാട്ടിൽ ആർക്കും അറിയില്ല . പാർട്ടി ഓഫിസിനു മുന്നിൽ ആരോ ഉപേക്ഷിച്ചിട്ട് പോയൊരു ചോരക്കുഞ്ഞ് . പാർട്ടി ഓഫിസിനു താഴത്തെ നിലയിൽ ചായപ്പീടിക നടത്തിയിരുന്ന ദേവകിചേച്ചിയാണ്   ആ കുഞ്ഞിനെ എടുത്തു വളർത്തിയത് . പെറാനുള്ള യോഗമില്ലാത്തതു കൊണ്ട് കെട്ടിയോൻ ഉപേക്ഷിച്ചു പോയ ദേവകിചേച്ചിയ്ക്ക് അങ്ങനെയൊരു കൂട്ടായി . സുകൂന്നു പേരിട്ടതും പള്ളിക്കൂടത്തിൽ പഠിയ്ക്കാൻ വിട്ടതുമെല്ലാം  ചേച്ചി തന്നെയാണ് . സുകു പത്തിൽ പഠിയ്ക്കുമ്പോഴാണ് ദേവകിയേച്ചി ദീനം വന്നു മരിയ്ക്കുന്നത്. പിന്നീട് സുകു ചായപ്പീടിക ഏറ്റെടുത്തു . പാർട്ടി ഓഫിസിൽ ചായ കൊണ്ട കൊടുത്തു കൊടുത്തു അവസാനം അവനൊരു പാർട്ടി പ്രവർത്തകനായി . ദേവകിയുടെ ഏതോ ഒരു ബന്ധു വന്നൊരു ദിവസം അവനെ ചായപ്പീടികയിൽ നിന്നുമിറക്കി വിട്ടു . പിന്നെ കെടപ്പും കുളീം ഒക്കെ പാർട്ടി ഓഫിസിലായി  . അവസാനം സുകുമാരന് പാർട്ടി ഏതാ താൻ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാതായി .അങ്ങനെ ഒരു ഗൊണോം ഇല്ലാതെ പാർട്ടിയ്ക്ക് വേണ്ടി ഓടി നടന്നു അവനു കിട്ടിയ പേരാണ് ശ്വാനൻ . 
 
" കണ്ണാ ..... ഒരു വാർഡ് മെമ്പറെങ്കിലും ആയിട്ട് വേണം എനിക്കൊരു കല്യാണം കഴിയ്ക്കാൻ. വീട് ..കുടുംബം ..കുട്ടികൾ ... ആ ജീവിതം എന്ത് രസമായിരിക്കുമല്ലേ ...." അത് പറയുമ്പോൾ സുകുമാരന്റെ കണ്ണുകൾക്ക് വല്ലാത്തൊരു പ്രകാശമായിരുന്നു .
 
ഓഹ് അപ്പൊ ഞാൻ ഔട്ട് അല്ലേ ..." കണ്ണൻ വെറുതെ മുഖം വീർപ്പിച്ചു .
 
"നീ എന്റെ പുന്നാര അനിയനല്ലേടാ ... നീയില്ലാതെ എന്ത് കുടുംബം .." അയാൾ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു .
 
" നാട്ടുകാരുടെ കളിയാക്കല് കേട്ട് മടുത്തു . പക്ഷെ പാർട്ടിയെ വിട്ടു കളയാനും പറ്റണില്ല .. ആരും ഇല്ലാണ്ടായപ്പോൾ കേറി കിടക്കാൻ ഒരിടം തന്നത് പാർട്ടിയാ ..
 
" ചേട്ടൻ  പാർട്ടി ..പാർട്ടി എന്നും പറഞ്ഞു നടന്നോ ...അവർക്കു തല്ലാനും കൊള്ളാനും ചാകാനും ഒരാള് വേണം ..അത്രേയൊള്ളൂ ... "
 
അല്ലടാ  ...നീ നോക്കിക്കോ ..ഇത്തവണ പാർട്ടി എനിക്കൊരു സീറ്റ് തരും . ശേഖരേട്ടൻ എനിക്കുറപ്പു തന്നതാ ...."
 
"കണ്ടറിയാ .." കണ്ണൻ ആകാശത്തേയ്ക്ക് കൈകൾ ഉയർത്തി കണ്ണ് മിഴിച്ചു .
 
അന്നത്തെ രാത്രിയ്ക്കു വല്ലാത്തൊരു ഇരുട്ടായിരുന്നു . ഇരുട്ടെന്നു വെച്ചാൽ കൊറേ ഇരുട്ടുകൾ ചേർത്ത് കെട്ടി വെച്ചപോലൊരു ഇരുട്ട് .
 
മൂന്ന്.
 
പിറ്റേന്ന് ശെൽവന്റെ ജീവനില്ലാത്ത ശരീരം പാറമടയിൽ ചത്ത് മലച്ചു കെടപ്പുണ്ടെന്ന വാർത്തയിൽ പരിയാരം ഒന്നാകെയൊന്നു വിറച്ചു . പോലീസ് വരുമ്പോഴും ശരീരം കേറ്റികൊണ്ടു പോകുമ്പോഴും കണ്ണൻ ആൾക്കൂട്ടത്തിൽ നിന്ന് ചിരിച്ചു . പാറപ്പൊടി പറത്തിക്കൊണ്ട് പാഞ്ഞു പോയ ആംബുലൻസിനും  പോലീസ് ജീപ്പിനും പിന്നാലെ ആൾക്കൂട്ടം പലതും പറഞ്ഞു പിരിഞ്ഞു പോയിക്കൊണ്ടിരുന്നു .
 
" ഇയാൾക്കിതെന്തിന്റെ സൂക്കേടായിട്ടാ , ഈ പാറമടയിൽ വന്നു പണ്ടാരമടങ്ങാൻ ... "
 
മടിയിൽ നിന്നുമൊരു തെറുപ്പു ബീഡി എടുത്തു കത്തിച്ചു കൊണ്ട് കള്ളു ജോയ് ആരോടെന്നില്ലാതെയൊരു  ചോദ്യമെറിഞ്ഞു വിട്ടിട്ടു നന്നായി വലിച്ചിരുത്തിയൊരു പുകയെടുത്തു ...
 
" ജോയി ചേട്ടനറിയാൻ വയ്യേ , ഇതുവഴി മൊട്ട മറിയേടെ വീട്ടിലേക്കൊരു എളുപ്പവഴിയുണ്ട് ... "
 
കണ്ണനത് പറഞ്ഞിട്ടൊന്നു കണ്ണിറുക്കി .
 
മൊട്ട മറിയ ഇച്ചിരി കൊഴ പോയ കേസാണ് . അല്പസ്വല്പം കോഴീടേം മൊട്ടേടേം ഇടപാടൊക്കെ ഉണ്ടേലും മെയിൻ ബിസിനസ് വേറെയാണ് . ശെൽവൻ മറിയേടെ ഒരു സ്ഥിരം കസ്റ്റമറാണെന്നത് നാട്ടിൽ പാട്ടാണ് .
 
കള്ളു ജോയി കണ്ണനെ നോക്കിയൊന്നൂറി ചിരിച്ചു ..
 
" അത് ഞാൻ ഓർത്തില്ലടാവേ .... " ജോയിയിൽ നിന്ന് വാർത്ത പരിയാരം ദേശം ഏറ്റെടുക്കാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല . അപ്രതീക്ഷിതമായ രണ്ടു മരണങ്ങൾ നൽകിയ ആഘാതത്തിൽ നിന്നും കര കേറാൻ പരിയാരം ഇച്ചിരി കഷ്ടപ്പെട്ടു . എവിടെ തിരിഞ്ഞാലും കാക്കിയിട്ടതും അല്ലാത്തതുമായ പോലീസുകാർ മാത്രം . ഒരേ പാർട്ടിയിലെ മിടുക്കന്മാരായ രണ്ടു മുന്നണി പ്രവർത്തകരാണ് ഒന്നിടവിട്ട ദിവസങ്ങളിൽ കട്ടേം പടോം മടക്കിയത് . രണ്ടു പേരുടെയും മരണത്തെ പറ്റി വല്ലതും വാ വിട്ടു  പറഞ്ഞാൽ പെടലിയ്ക്കു പിടി വീഴും എന്ന പേടിയുള്ളതു കൊണ്ട് നാട്ടുകാർ കണ്ണ് കൊണ്ടും കൈ കൊണ്ടും പുതിയ കഥകളുണ്ടാക്കി രസിച്ചു . സുകുവിന് ശെൽവന്റെ പെമ്പിളയുമായി ഏതാണ്ട് ഇടപാടുണ്ടെന്നും അത് നേരിട്ട് കണ്ട ശെൽവൻ സുകുവിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കി എന്നതായിരുന്നു അതിലൊന്ന് . രണ്ടാമത്തേത് ശെൽവന്റെ മരണം ശ്വാനന്റെ ശാപമാണെന്നും ആ ശ്വാനശാപം പരിയാരം ദേശത്തെ മൂടി നിൽപ്പുണ്ടെന്നുമായിരുന്നു . കഥ പറഞ്ഞു പറഞ്ഞു സത്യമായി. ആരേലും ഇലക്ഷന് നിന്നാൽ ശ്വാനശാപത്താൽ മരണം ഉറപ്പാണെന്ന പേടി മൂലം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ ആളില്ലാണ്ടായി ..
 
അന്നൊരു ഞായറാഴ്ച്ച ആയിരുന്നു . പാർട്ടി പ്രസിഡണ്ട് ശേഖരേട്ടൻ വീട്ടിലിരിയ്ക്കുന്ന ഒരേയൊരു ദിവസം. പെമ്പിള ഉണ്ടാക്കി കൊടുത്ത ഇഡലിയും സാമ്പാറും അഞ്ചാറെണ്ണം വിഴുങ്ങി വാ കഴുകി മുറ്റത്തിന്റെ മൂലയ്ക്ക് നീട്ടി തുപ്പി തിരിയുമ്പോഴാണ് വളവു തിരിഞ്ഞു കേറി വരുന്ന കണ്ണനെ കണ്ടത് . അപ്പോൾ അവന്റെ മുഖത്ത് മാളം വിട്ടു ഇര പിടിയ്ക്കാനിറങ്ങിയ ഒരു പാമ്പിന്റെ ഭാവമായിരുന്നു .
 
സിറ്റൗട്ടിലേയ്ക്ക് കേറി ശേഖരേട്ടന്റെ നേരെ മുന്നിൽ കിടന്ന കസേരയിലേക്ക് ഇരിയ്ക്കുമ്പോൾ അവനൊന്നു ചുമച്ചു . നല്ല കട്ട ചാരായത്തിന്റെ മണമടിച്ചിട്ടു  ശേഖരേട്ടന് വാന്തി എടുത്തു . അയാൾ കൈയ്യിലിരുന്ന തോർത്തു കൊണ്ട് മൂക്ക് പൊത്തി . സുകുവിന്റെ പിന്നാലെ ഒളിച്ചും പാത്തും നടന്ന പയ്യനാണ് . സുകു പോലും തന്നോട് ചോദിക്കാതെ തന്റെ മുൻപിൽ ഇരിക്കാറില്ല .
 
എന്താ കണ്ണാ ഈ വഴി ... ശേഖരേട്ടന്റെ സ്വരത്തിലെ ചോദ്യം മനസ്സിലായത് പോലെ കണ്ണനൊന്നു തല കുലുക്കി ..
 
" ശ്വാനൻ പോയി ... പൊറകേ , ശെൽവനും പോയി .. ശ്വാനപാപം പേടിച്ചു ഇനിയൊരുത്തനും ഇവിടെ ഇലക്ഷന് നിൽക്കാൻ വരത്തില്ല ... അപ്പോൾ ഇനിയാ സീറ്റ് എനിക്കല്ലേ ശേഖരേട്ടാ ......"
 
അവന്റെ സ്വരത്തിലെ മൂർച്ച തിരിച്ചറിഞ്ഞ ശേഖരേട്ടനൊന്നു ഇരുത്തി മൂളി . 
 
" നമ്മക്കൊന്നു ഇരുന്നു ആലോചിക്കാം കണ്ണാ  ... നീയിപ്പോ ചെല്ല്.."
 
തലയാട്ടി കൊണ്ട് കണ്ണൻ എണീറ്റു. " പോലീസിന്റെ മുമ്പിലൊന്നും പോയി ചാടരുത് . " ശേഖരേട്ടന്റെ താക്കീതു ഗൗനിക്കാതെ കണ്ണൻ ചുമലു വെട്ടിച്ചു മുറ്റത്തേക്കിറങ്ങി നടന്നു . തലയ്ക്കു മീതെ ആ നിമിഷം പൊട്ടി വീണ ശ്വാനശാപം കണ്ണൻ കണ്ടില്ല . പക്ഷെ ശേഖരേട്ടൻ കണ്ടു . അയാൾ ചിരിച്ചു കൊണ്ട് പല്ലു കടിച്ചു .
 
പട്ടികൾ.
 
(അവസാനിച്ചു)
---------------------------
 
എബിൻ മാത്യു കൂത്താട്ടുകുളം .
വിദ്യാഭ്യാസം : എം .എസ് . ഡബ്ല്യൂ ( ഭാരതീയർ  യൂണിവവഴ്സിറ്റി, കോയമ്പത്തൂർ )
ഭാര്യ ജയിൻ (അധ്യാപിക) രണ്ടു കുട്ടികൾ: ഏദൻ  & എറിൻ
 
സ് കൂൾ കാലഘട്ടത്തിൽ ജില്ലാ തലത്തിലും വിദ്യാരംഗം കലാസാഹിത്യ വെടിയുടെയും 
ചെറുകഥാ മത്സരത്തിൽ സമ്മാനം നേടി. ഒരു വലിയ ഇടവവളയ്കു ശേഷം എഴുത്തിൽ സജീവമായത്  ഓൺലൈൻ  എഴുത്തുകളിലൂടെയാണ് . മംഗളം ദിനപത്രം , ഒലിവ് മാഗസിൻ , കലാകൗകൗമുദി  -കഥ തുടങ്ങിയ പ്രസിദ്ധീകരങ്ങളിൽ കഥകൾ അച്ചടിച്ച് വന്നിട്ടുണ്ട് .
 
എതിർദിശ  മാസിക നടത്തിയ ചെറുകഥാ മത്സരത്തിൽ കഴിഞ്ഞ വർഷം പാറ്റ എന്ന കഥയ്ക് ഒന്നാം സ്ഥാനം ലഭിച്ചു . ബഹറിൻ മലയാളീ സമാജം ,താളിയോല  തുടങ്ങിയവർ  കഥകൾ അവരുടെ ചെറുകഥാ സമാഹാരത്തിൽ ഉൾജെടുത്തി 
 
ഇപ്പോൾ മുത്തൂറ്റ്  മൈക്രോഫിനാൻസ്  കമ്പനിയിൽ റീജിയണൽ ട്രെയിനറായി  ജോലി 
ചെയ്യുന്നു.
 
പൂഴിക്കോലിൽ ,
കൂത്താട്ടുകുളം

Facebook Comments

Comments

  1. വളരെ നന്നായിരിക്കുന്ന. എബിൻ്റെ സ്വതസിദ്ധമായ ശൈലിയും ,അവസാനിപ്പിക്കലും . ആശംസകൾ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

View More