Image

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

Published on 10 May, 2021
ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇ-മലയാളി ഇന്നലെ (മെയ്8) അവതരിപ്പിച്ച തരികിട (https://www.emalayalee.com/vartha/236220 154)  പരിപാടി കേട്ടവർ ഒരു പക്ഷെ ഈ ലേഖനം പ്രതീക്ഷിക്കുന്നുണ്ടാകും. പരിപാടിയിലെ മറ്റു ഇനങ്ങൾക്കൊപ്പം ചരമകോളത്തിൽ കൊടുക്കുന്ന പടങ്ങളെക്കുറിച്ച് ശ്രീ ജോർജ്ജ്  ജോസഫ് പരാമർശിക്കുകയുണ്ടായി. അതിനുമുമ്പ് ഒരു സുഹ്രുസംഭാഷണത്തിലും അദ്ദേഹം എന്നോട് ഇതേപ്പറ്റി സൂചിപ്പിച്ചു. ഞാനും അദ്ദേഹത്തോട് യോജിക്കുന്നവെന്നു പറഞ്ഞപ്പോഴാണ് ഈ ലേഖനം പിറക്കാൻ സംഗതി വന്നത്.

നമ്മുടെ പഴംചൊല്ലുകൾ പറയുന്നത് ചത്തു കിടക്കിലും ചമഞ്ഞു കിടക്കണമെന്നാണ്. മണ്ണിനടിയിൽ അടക്കം ചെയ്യാനോ ദഹിപ്പിക്കാനോ പോകുന്ന ശരീരത്തെ നമ്മൾ അതുകൊണ്ട് ഭംഗിയായി ഒരുക്കുന്നു.  എന്തിനു ശവശരീരത്തെ മോഡി പിടിപ്പിക്കണം.? അങ്ങനെ ആരും ചിന്തിക്കാറില്ല. നമ്മളെ വിട്ടുപോയ പ്രിയപ്പെട്ടവരേ നല്ലവണ്ണം ഒരുക്കി നമ്മൾ മണ്ണിലേക്ക് സമർപ്പിക്കുന്നു. വാസ്തവത്തിൽ എഴുപതോ എൺപതോ വയസ്സായ ഒരാൾക്ക് അയാളുടെ യൗവനകാല ആകാരസുഷമ നഷ്ടപ്പെട്ടുകാണും. അത് കാലത്തിന്റെ കൈപ്പണിയാണ്. അതുകൊണ്ട് അയാളുടെ രൂപം അപ്പോൾ കാണുന്നതാണെന്നു വിചാരിക്കുന്നത് തെറ്റാണ്. അയാളുടെ രൂപം മധ്യവയസ്സിന്റെ ആരംഭകാലം വരെ നിലനിന്നേക്കാം. പിന്നെ അത് ക്ഷയിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നു. പ്രതിദിനം കാണുന്ന ഒരാൾക്ക് അത് മനസ്സിലാകുന്നില്ല. അതേസമയം ഒരു കാലഘട്ടത്തിനുശേഷം കണ്ടുമുട്ടുന്ന പഴയ മിത്രങ്ങളും ബന്ധക്കാരും അത് തിരിച്ചറിയുന്നു.  അതുകൊണ്ട് കാലം ഏൽപ്പിക്കുന്ന വ്യത്യാസങ്ങൾ നമ്മൾ പ്രദര്ശിപ്പിക്കേണ്ട കാര്യമില്ല.

അമേരിക്കൻ മലയാളി എഴുത്തുകാരെക്കുറിച്ച് ആദ്യകാലങ്ങളിൽ കേട്ടിരുന്ന ഒരു ആരോപണമായിരുന്നു അവർ അവരുടെ ചെറുപ്പകാലത്തെ പടങ്ങൾ അവരുടെ രചനകൾക്കൊപ്പവും പുസ്തകത്തിലും കൊടുക്കുന്നുവെന്നത്.  പടങ്ങളുടെ പ്രയോജനം ആളിന് മാറ്റം വന്നാലും പടത്തിനു മാറ്റം വരുന്നില്ലെന്നാണ്. സൗന്ദര്യമുള്ള വസ്തു നമുക്ക് എപ്പോഴും ആനന്ദം പകരുന്നുവെന്നു ജോൺ കീറ്റ്സ് അദ്ദേഹത്തിന്റെ ഒരു കവിതയിൽ  (Endymion )പറയുന്നു. ഒരാളുടെ മനോഹരമായ ചിത്രം നോക്കി നിൽക്കുമ്പോൾ ആനന്ദം ലഭിക്കുന്നു. അയാളുടെ രൂപം കാലം മാറ്റുമ്പോൾ നാമെന്തിന് നമുക്ക് സന്തോഷം നൽകിയിരുന്ന ആ രൂപം വിസ്മരിച്ച്  അയാളുടെ വൈരൂപ്യത്തിൽ സഹതപിക്കുന്നു.  ബൈബിളിലെ ഒരു വചനത്തെ ആസ്പദമാക്കി ഏതോ കവി പറഞ്ഞത് ഓർമ്മ വരുന്നു. God created man in his own image, I feel sorry for him when I look into the mirror. പറഞ്ഞയാൾ സുന്ദരനായിരിക്കയില്ല. ദൈവം സുന്ദരനാണെന്നു പറയുന്നത് ശരിയാണെങ്കിൽ ഭംഗിയില്ലാത്ത സ്ത്രീകളും പുരുഷന്മാരും ദൈവത്തിന്റെ പ്രതിച്‌ഛായയിൽ സൃഷ്ടിച്ചവരല്ല എന്ന് വിശ്വസിക്കുക. അല്ലെങ്കിൽ മുപ്പത്തി മുക്കോടി പ്രതിരൂപങ്ങൾ ദൈവത്തിനുണ്ടായിരിക്കും. ഒരാൾ തന്നെ ബാല്യം മുതൽ വാർദ്ധക്യം വരെ എന്തെല്ലാം രൂപത്തിൽ, ഭാവത്തിൽ പരിണാമപ്പെടുന്നു.

വാർദ്ധക്യലക്ഷണങ്ങൾ മറയ്ക്കാനുള്ള ചമയങ്ങൾ നടത്തി രക്ഷപ്പെടുന്നവർ അങ്ങനെ ചെയ്താലും കാലം ഏൽപ്പിച്ച കാക്കകാലുകൾ മാറ്റാൻ കഴിവില്ലാതെ ഇഷ്ടമില്ലാത്ത രൂപവും പേറി "ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനങ്ങൾ" അവരുടെ ചെറുപ്പകാല പടങ്ങൾ കൊടുത്താൽ അവരോട് ദയ കാണിക്കുക. ഒരു അമേരിക്കൻ മലയാളി എഴുത്തുകാരൻ തന്റെ മധ്യവയസ്സിന്റെ ഒടുവിലെത്തിനിൽക്കുമ്പോൾ  അയാളുടെ മധ്യവയസ്സിന്റെ ആരംഭകാല പടം  സോഷ്യൽ മീഡിയയിൽ കൊടുത്തുപോലും. അയാളോട് പരിചയമുണ്ടായിരുന്ന രണ്ട് പെൺസുഹൃത്തുക്കൾ, അവർ മധ്യകാല ആരംഭത്തിൽ നിൽക്കുന്നവർ, ചങ്ങാത്തം ഉപേക്ഷിച്ചുപോയ ഒരു കഥയുണ്ട്. അതിൽ  അയാളെ അത് വരെ പേര് വിളിച്ചിരുന്നവരിൽ ഒരുത്തി പേര് വിളിയിൽ നിന്നും അങ്കിൾ എന്ന് ബഹുമാനിച്ച് വിളിച്ചുവത്രെ. ഇത് കേട്ടപ്പോൾ ഈ ലേഖകന് തോന്നിയത് "കണ്ണാ , നീ ഞങ്ങളുടെ മാത്രമാണ്. നിന്റെ രൂപം കണ്ട് മറ്റു ഗോപികമാർ വരുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ലെന്നാണ്.” വായനക്കാർ കരുതുന്നുണ്ടാകും ഈ പടങ്ങൾക്ക് ഇമ്മാതിരി പുലിവാലുകൾ ഉണ്ടോയെന്ന്.

മരണവാർത്തക്കൊപ്പം പരേതനായ വ്യക്തിയുടെ ഏറ്റവും അവസാനത്തെ പടം കൊടുക്കണോ വേണ്ടയോ എന്നത് ആ വ്യക്തിയുടെ പ്രിയപ്പെട്ടവരേ ആശ്രയിച്ചിരിക്കും. മനുഷ്യൻ സമൂഹജീവിയായതുകൊണ്ട് മറ്റുള്ളവർ ചെയ്യുന്നപോലെ ചെയ്യുക എന്ന രീതി അവൻ പിന്തുടരുന്നു. മിക്കവാറും എല്ലാവരും വയസ്സായി പാകം വന്നു ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം പരേതൻ മാറിയ പടം കൊടുക്കുക സാധാരണയാണ്. അതുകൊണ്ട് എന്ത് പ്രയോജനം എന്ന് ചോദിച്ചാൽ സത്യസന്ധത എന്നൊക്കെ പറയുന്നവർ ഉണ്ട്. ഹിന്ദിസിനിമയിലെ മുൻകാല താരങ്ങളുടെ പടങ്ങൾ കണ്ടിട്ടുള്ളവർക്കറിയാം ഈ കാലം ഒരു  കാലൻ  തന്നെയെന്ന്. രാജേഷ് ഖന്നയുടെ വെള്ളനിറമുള്ള കാറിൽ സുന്ദരിമാർ ലിപ്സ്റ്റിക്കിട്ട  ചുണ്ടുകൾകൊണ്ട് ഉമ്മവച്ച് അതിന്റെ നിറം ചുവപ്പാക്കിയെന്നു പത്രങ്ങൾ എഴുതിയിരുന്നു. ആ ഖന്ന സാഹിബിന്റെ വയസ്സുകാല പടങ്ങൾ ദയനീയങ്ങൾ ആയിരുന്നു. അതായത് യുവത്വത്തിന്റെ ഗ്ളാമർ പോയി തലയിൽ വിഗ് ഒക്കെ വയ്‌ക്കേണ്ടിവന്നു. അങ്ങനെ കാലം ചിലരോടൊക്കെ എന്തോ പ്രതികാരമെന്നോണം കയ്യേറ്റങ്ങൾ നടത്താറുണ്ട്.

എഴുപതാമത്തെ വയസ്സിൽ മരിച്ച ഒരാൾ അയാളുടെ അമ്പതാമത്തെ പടം കൊടുത്താൽ മതിയെന്ന് പറഞ്ഞു വച്ചിരുന്നു. കാരണം കാലം നിർദാക്ഷിണ്യം അയാളെ കണ്ടാൽ തിരിച്ചറിയാത്ത വിധമാക്കിയിരുന്നു.  മരിച്ചയാളിന്റെ പേരും വീട്ടുപേരും ശ്രദ്ധിക്കുന്നതിനു മുമ്പ് നോക്കുന്നത് പടമാണ്. അല്ലെങ്കിൽ തന്നെ ഒരാളുടെ പേരു ഓർക്കുമെങ്കിലും അയാളുടെ വീട്ടുപേരൊന്നും ആരും ഓർക്കുകയില്ല. പിന്നെ ഒരേ പേര് പലർക്കും ഉണ്ടാകാം. തന്നെയുമല്ല ചിലരുടെ ഔദ്യോഗിക നാമം വേറെയും വിളിപ്പേര് വേറെയുമാകും. പടത്തിൽ കൂടി തിരിച്ചറിയുക എളുപ്പമാണ്. കാലത്തിനെ വെല്ലുവിളിച്ച് മുടി കറുപ്പിക്കുകയും മുഖചർമ്മങ്ങൾക്ക് കൃത്രിമ ഭംഗി നല്കുകയും ഒക്കെ ചെയ്യുന്നവർക്ക് പിന്നെ ഏതു പടം കൊടുക്കണമെന്ന ചിന്താക്കുഴപ്പമില്ല.

അല്ലാത്തവർ അവരുടെ മധ്യവയസ്സിൽ പടങ്ങൾ കൊടുക്കുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ തന്നെ സമൂഹത്തിന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന്  നിർബന്ധമില്ലല്ലോ . ഗ്രീക്ക് പുരാണത്തിലെ Narcissus പിറന്നപ്പോൾ അവന്റെ അമ്മയോട് ദൈവങ്ങൾ പറഞ്ഞു ഇവൻ ഇവന്റെ രൂപം കാണാതേടൊത്തോളം ജീവിക്കും. അതുകൊണ്ട് അമ്മ മകനെ അവന്റെ രൂപം കാണിക്കാതെ വളർത്തി. എന്നാൽ ഒരു മലദേവത (echo )അവനിൽ ആകൃഷ്ടയായി അവനെ പ്രണയിക്കാൻ പിന്നാലെ കൂടെ. അവൻ ചോദിച്ച് നീ ആര്. അതിനു മറുപടി അതെ ചോദ്യത്തിന്റെ പ്രതിധ്വനിയായിരുന്നു. പിന്നീട് അവൾ പ്രത്യക്ഷപ്പെട്ട് അവനെ ആലിംഗനം ചെയ്‌തെങ്കിലും  അവൻ പിന്മാറി. "നിറഞ്ഞ കണ്ണുകളോടെ, ഹൃദയവേദനയോടെ" അവൾ മടങ്ങി. Nemisis എന്ന പ്രതികാരത്തിന്റെ ദേവത അതിനു പകരം വീട്ടി. ദാഹിച്ച് വലഞ്ഞ അവനെ ഒരു അരുവിയിലേക്ക് അവൾ ആനയിച്ചു. അവിടെ വെള്ളത്തിൽ തന്റെ തന്നെ സുകുമാര രൂപം കണ്ട് മോഹിച്ച് അത് തന്റെ പ്രതിബിംബമാണെന്നറിയാതെ അതിനെ പ്രണയിച്ച് അവസാനം  പ്രണയവിവശനായി പ്രാണൻ വെടിഞ്ഞു. ബാഹ്യസൗന്ദര്യത്തിൽ മാത്രം ഭ്രമിക്കരുതെന്നായിരിക്കും ആ കഥ പഠിപ്പിക്കുന്നത്.
കാലം വരുത്തുന്ന മാറ്റങ്ങൾ അപ്പാടെ സ്വീകരിക്കാൻ മനസ്സില്ലാത്തവരും അതിനെ സ്വീകരിച്ച് കാലത്തിനൊത്ത് നടക്കുന്നവരുമുണ്ട്.  അതു നമുക്ക് രസകരമായ കാഴ്ചകൾ നൽകുന്നു.  ഏകദേശം എഴുപത് തികഞ്ഞ ഒരു സിനിമാനടൻ തന്റെ ചമയങ്ങൾ കൊണ്ടും വ്യായാമം കൊണ്ട് ചെറുപ്പം നേടി നടന്നു വരുമ്പോൾ എതിരെ വരുന്നു വടി കുത്തിപിടിച്ച് ചുക്കി ചുളിഞ്ഞ മുഖവും ദുർബലമായ കാഴ്ചശക്തിയുമുള്ള ഒരു പടുകിഴവി. അവർ സൂര്യരസ്മി കണ്ണിലടിക്കുന്നത് തടയാൻ നെറ്റിയിൽ ഉണങ്ങിയ ഇലപോലെയുള്ള കൈപ്പത്തി വച്ച് പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ടു ചോദിക്കുന്നു. "എടാ...(പേര് എഴുതുന്നില്ല), എന്നെ ഓർമ്മയുണ്ടോ  നമ്മൾ സ്‌കൂളിൽ ഒരേ ക്‌ളാസിൽ പഠിച്ചവർ. നടന് തന്റെ വയസ്സിനെപ്പറ്റി ബോധമുണ്ടായിരുന്നത്കൊണ്ട് പോ തള്ളേ പിച്ചും പേയും പറയാതെ എന്ന് പറയാതെ സുസ്മേരവദനനായി ഓ ശരിയെന്നു മറുപടി പറഞ്ഞു കടന്നുപോയി. അവരെ അറിയുമോ എന്ന് ചോദിച്ച തന്റെ സെക്രട്ടറിയോട് നടൻ പറഞ്ഞത് ശ്രദ്ധിക്കുക. എനിക്ക് ഒരു പിടിയും കിട്ടിയില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ എന്ന് പറഞ്ഞാൽ അഞ്ചു മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കാലം. എങ്ങനെ തിരിച്ചറിയും. അപ്പോൾ അവർ സാറിനെ തിരിച്ചറിഞ്ഞല്ലോ? അത് ഞാൻ സിനിമാനടനായതുകൊണ്ട്. ക്ലാസിൽ എത്രപേർ ഉണ്ടായിരുന്നു. ആ സ്ത്രീക്ക് എല്ലാവരെയും തിരിച്ചറിയാൻ കഴിയുമോ? ആർക്കും കഴിയില്ല.

എഴുപതു വയസ്സായ വ്യക്തി അയാളുടെ ഏഴു വയസ്സിലെ പടം കൊടുക്കുന്നത് എന്തായാലും ശരിയല്ല. അങ്ങനെയൊക്കെ അബദ്ധങ്ങൾ ആർക്കെങ്കിലും പറ്റുമ്പോൾ അതൊക്കെ ഗൗനിക്കാതിരിക്കാമല്ലോ? ചർമവാർത്തയിൽ ഏതു പടം കൊടുക്കണമെന്നുള്ളത് പരേതന്റെ വീട്ടുകാരുടെ സ്വാതന്ത്ര്യം. ഒരാൾ മരിച്ചപ്പോൾ അയാളുടെ മകൻ തന്റെ അച്ഛൻ ജവഹർലാൽ നെഹ്രുവിന്റെ കൂടെ നിൽക്കുന്നത് ആണ് കൊടുത്തത്. നെഹ്രുവും അപ്പോഴേക്കും  ഇഹലോകവാസം വെടിഞ്ഞിരുന്നു. അതുകൊണ്ട് ആർക്കും ആശയകുഴപ്പമുണ്ടായില്ല. ഇതിൽ ഏതു നിന്റെ അച്ഛൻ എന്നു ഒരു പാവം ചോദിച്ചതല്ലാതെ.
ഇ മലയാളിയുടെ തരികിട വാർത്തകൾക്കൊപ്പം ശ്രീ ജോർജ്ജ് ജോസഫ് അല്പം നേരമ്പോക്കും നൽകുന്നതിൽ സന്തോഷം. പടം മനുഷ്യരെ എങ്ങനെയൊക്കെ ക്ലേശിപ്പിക്കുന്നുവെന്നെഴുതാൻ ധാരാളമുണ്ട്. തൽക്കാലം വിട.

ശുഭം

Join WhatsApp News
Raju Mylapra 2021-05-11 01:21:35
തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണം. ഈ ഒരു വിഷയം മറ്റാരും ഒരു ലേഖനത്തിൽ പരാമർശിച്ചതായി എന്റെ അറിവിൽ ഇല്ല. Thought provoking. Enjoyed reading the article.
jose cheripuram 2021-05-11 01:27:28
It's ok to give younger pictures for obituary, but the problem is, at first look you think what happened to this young person, he died so young. When you read down he is over 80.It's individual choice to give whatever picture.
Sudhir Panikkaveetil 2021-05-11 13:42:44
അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
ചരമ ചിന്തകൾ 2021-05-11 15:42:04
ചില ചരമ ചിന്തകൾ: മരിച്ചവർ ആരായിരുന്നാലും മരിച്ച ആളിൻറ്റെ ഫോട്ടോ മാത്രമേ വെക്കാവു. ഒരിക്കൽ ഒരു മലയാളിയുടെ വേക്കിന് അവരുടെ വെഡിങ് ഫോട്ടോ ആണ് ഫ്യൂണറൽ ഹോമിൽ വെച്ചിരുന്നത്. 80 വയസ്സ് ഉള്ള ആള് മരിച്ചാൽ അയാളുടെ 50 വയസ്സിലെ ഫോട്ടോ വെച്ചാൽ 50 വയസ്സുമുതൽ അയാൾ മരിച്ചു എന്ന് വ്യക്തമാക്കുന്നു. കൂടാതെ 80 കാരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും തോന്നാം. അതിനാൽ മരിച്ച ആളിൻറ്റെ ലേറ്റസ്റ്റ് ഫോട്ടോ തന്നെ ഉചിതം. അതുപോലെ ഇ മലയാളിയിലെ ചില ആർട്ടിക്കിളിൽ എഴുത്തുകാരൻറ്റെ വലിയ ഫോട്ടോ കാണുമ്പോൾ അയാൾ മരിച്ചു പോയി, അതിൻറ്റെ വാർത്തയാണ് എന്ന് തോന്നും. - നാരദൻ
ചരമ പുരാണം: 2021-05-11 17:00:54
ചരമ പുരാണം: അടുത്ത കാലം വരെയും ലെഡ് കപ്പുകളാണ് മദ്യം കുടിക്കാൻ ഉപയോഗിച്ചിരുന്നത്. മദ്യവും ലെഡുമായി രാസ മാറ്റത്തിലൂടെ ഉണ്ടാകുന്ന പോയിസൺ നിമിത്തം കുടിയൻ കുറെ ദിവസത്തേക്ക് തല പോക്കുകയില്ല. [മൂന്നാം ദിവസം ഉണർന്നാൽ മശിഹ, നിലത്തു കിടന്നു പുളഞ്ഞാൽ 'പാമ്പ്', നിലത്തു കിടന്നു പിച്ചുംപേയും പറഞ്ഞു ചുറ്റുപാടും മാന്തിയാൽ ' പുല്ലുപറിയൻ' എന്നൊക്കെ ഇപ്പോളത്തെ വ്യജ മദ്യം അറിയപ്പെടുന്നു- കൂടുതൽ അറിയുവാൻ പ്ലീസ് സി അയ്യപ്പ ബെജു വിഡിയോ ] മദ്യം അടിച്ചു ബോധം കെട്ടു കിടക്കുന്നവനെ ആൾക്കാർ വീട്ടിലെ ഒരു മേശയിൽ കിടത്തും. 2-3 ദിവസങ്ങൾ അവർ തിന്നും കുടിച്ചും കാത്തിരിക്കും ഇതിനെയാണ് 'വേക്ക്' എന്ന് വിളിക്കുന്നത്. എന്നിട്ടും ഉണരാത്തവരെ അവർ കുഴിച്ചിടും. അവരിൽ ചിലർ മരിച്ചവർ ആയിരിക്കില്ല. ചിലർ ശവ പെട്ടിയിലിൽനിന്നും കുഴിയിൽനിന്നും ചാടി എണീക്കും. ചിലർ ഉണരുമ്പോൾ മണ്ണിനടിയിൽ ആയിരിക്കും. അപ്പോൾ ശവ പെട്ടിയിൽ മാന്തും. ഇൻഗ്ലണ്ടിൽ സെമിത്തേരിയുടെ സ്ഥലം കുറഞ്ഞു വന്നപ്പോൾ അവർ പഴയ കുഴികൾ മാന്തി അസ്ഥികൾ പുറത്തെടുത്തു സ്റ്റോറേജിൽ വെക്കും എന്നിട്ടു പുതിയ ശവം അവയിൽ അടക്കം ചെയ്യും. പഴയ കല്ലറകൾ മാന്തി എടുത്തപ്പോളാണ് ശവ പെട്ടിയുടെ ഉള്ളിൽ മാന്തിയ പാടുകൾ കണ്ടത്. അന്ന് മുതൽ അവർ അടക്കം ചെയ്യുന്ന ആളിൻറ്റെ കയ്യിൽ ഒരു ചരട് കെട്ടും, അ ചരട് പെട്ടിയുടെ പുറത്തു കൊണ്ടുവന്നു കല്ലറയുടെ മുകളിൽ ഒരു മണിയോട് ബന്ധിക്കും. എന്നിട്ടു രാവും പകലും മണി അടി കേൾക്കുന്നവോ എന്ന് അറിയുവാൻ ഒരാൾ കാവൽ നിൽക്കും. ഇതിൽ നിന്നാണ് ഗ്രെവ് യാർഡ് ഷിഫ്റ്റ് എന്ന ചൊല്ല് ഉത്ഭവിച്ചത്.- ചാണക്യ ചരിത്രം.
Jacob 2021-05-13 10:50:15
1] Ex-Prosecutor Spots ‘Really Good Indication’ Trump’s About To Face The Law 2] Republican former officials to seek reforms, threaten new party 3] House Republicans vote Wednesday in favor of ejecting Rep. Liz Cheney of Wyoming from her leadership role, in a move that has been in the works for weeks following her criticism of Capitol attacker donald. 4] trumpism was successful in filling the heads of weak minded, under-educated & christian fanatics with no sense &lies.We can see them in this paper’s comments. 5] Newly released footage of the Jan. 6 attack on the U.S. Capitol shows the seething mob of pro-Donald Trump insurrectionists descend on a police officer, then beat him with a flagpole and attack him with a stun gun. That is how they support law & order.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക