Image

കരുനീക്കങ്ങളുമായി എ ഗ്രൂപ്പും ഐ ഗ്രൂപ്പും(ജോബിന്‍സ് തോമസ് )

ജോബിന്‍സ് തോമസ് Published on 10 May, 2021
 കരുനീക്കങ്ങളുമായി എ ഗ്രൂപ്പും ഐ ഗ്രൂപ്പും(ജോബിന്‍സ് തോമസ് )
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം പൂറമെ ശാന്തമാണെങ്കിലും ഉള്ളില്‍ കനലെരിയുകയാണെന്ന് വ്യക്തം. സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. അത് സത്യമാണ് താനും . തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് എ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. ഐ ഗ്രൂപ്പിലും ആലോചനകള്‍ സജീവമാണ്. എന്തായാലും പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് ഒപ്പം യുഡിഎഫ് കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളിലാണ് ഇപ്പോള്‍ ഗ്രൂപ്പ് ബലാബലം നടക്കുന്നത്.

ഇതിനിടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മോശമല്ലാത്തൊരു സ്ഥാനം നല്‍കണമെന്ന് ആവശ്യം ഉമ്മന്‍ ചാണ്ടി ഉന്നയിച്ചു കഴിഞ്ഞു. ഇതിനടയില്‍ തന്റെ വിശ്വസ്തന്‍ കെ.സി ജോസഫിനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തെത്തിക്കാനുള്ള നീക്കങ്ങളും ഉമ്മന്‍ ചാണ്ടി നടത്തുന്നുണ്ട്. താനല്ലാതെ മറ്റൊരാല്‍ ഇരിക്കൂറില്‍ ജയിക്കില്ല എന്നൊരു പ്രതീതിയായിരുന്നു ഇതുവരെ കെസി ജോസഫ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സജീവ് ജോസഫ് ഈ വാദം പൊളിച്ചു. എ ഗ്രൂപ്പിന്റെ ശക്തമായ എതിര്‍പ്പിനിടയിലും വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു കയറി.

കോട്ടയം ജില്ലയില്‍ ഏതെങ്കിലുമൊരു സീറ്റില്‍ മത്സരിക്കാനുള്ള കെ.സിയുടെ നീക്കവും പാളി. ഇതോടെയാണ്. കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രിയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കെ.സി ജോസഫ് , ഉമ്മന്‍ ചാണ്ടിയിലൂടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്നത്.

എന്നാല്‍ എ ഗ്രൂപ്പിന്റേയും കെസിയുടേയും നീക്കം പുതുതലമുറ അംഗീകരിച്ചേക്കില്ലന്നുറപ്പ്. ഉമ്മന്‍ ചാണ്ടിയുടെ ഈ ആവശ്യം വെട്ടാന്‍ ഐ ഗ്രൂപ്പും ചരട് വലി ആരംഭിച്ചു കഴിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം തല്‍ക്കാലം വിട്ടുനല്‍കേണ്ട എന്ന അഭിപ്രായവും ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിനുണ്ട്. പ്രതിപക്ഷ നേതൃ സ്ഥാനത്ത് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരനും വരുന്നതിനോടാണ് ഐ ഗ്രൂപ്പിന് താത്പര്യം. ഇങ്ങനെ വന്നാല്‍ ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കേണ്ടിവരും. ഇവിടെയാണ് കെസിയുടേയും തിരുവഞ്ചൂരിന്റേയും സാധ്യതകള്‍.

എന്നാല്‍ തീരുമാനങ്ങള്‍ ഒന്നും വരാത്തതിനാല്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്ന പലരും തീരുമാനങ്ങള്‍ വന്നുകഴിയുമ്പോള്‍ പരസ്യനിലപാടുകളുമായി രംഗത്തെത്തിയേക്കും. ഇതൊഴിവാക്കാനുള്ള ശ്രമങ്ങളാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നും ഇപ്പോല്‍ നടക്കുന്നത്.

എന്തായാലും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്്ട്രീയം ഉടനെ അവസാനിക്കില്ലെന്നുറപ്പ്.

Join WhatsApp News
Vayanakkaran 2021-05-10 22:24:03
ഇപ്പോൾ തന്നെ പാർട്ടി കോവിഡ് പിടിച്ചതുപോലെയായി. ഇനിയൂം നിർത്താറായില്ലേ ഇവരുടെ തമ്മിലടി? ഉടനെ പാർട്ടി വെന്റിലേറ്ററിൽ കയറും. താസിയാതെ ദഹിപ്പിക്കയും ചെയ്യാം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക