Image

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

Published on 10 May, 2021
കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ (യുഎസ്എ) ജോർജ്ജ് എബ്രഹാം വിലയിരുത്തുന്നു...

ആത്മപരിശോധന എന്നത്  അര്‍ത്ഥമില്ലാത്ത ഒരു പദമായി മാറിയിട്ടുണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. ഒരോ തവണ കോണ്‍ഗ്രസ് തോല്‍ക്കുമ്പോഴും ഈ വാക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കും. അതോടെ ആത്മപരിശോധന തീരും.

വ്യക്തമായി പറഞ്ഞാല്‍ ജനത്തിനു ഇപ്പോഴത്തെ  കോണ്‍ഗ്രസ് നേത്രുത്വത്തില്‍ പൂര്‍ണമായും  വിശ്വാസം നഷ്ടപ്പെട്ടു. അടിമുടി അഴിച്ചു പണിയാതെ പ്രതീക്ഷക്ക് ഒരു വകയും കാണുന്നില്ല

കോൺഗ്രസ് പരാജയം രുചിച്ചപ്പോഴൊക്കെയും എവിടെയാണ് പിഴച്ചതെന്ന് ആത്മപരിശോധന നടത്തുമെന്നുള്ള പ്രസ്താവന ആവർത്തിക്കുന്നതിനാൽ, ആ വാക്കിന്റെ സംശുദ്ധി പോലും കളങ്കപ്പെട്ടിരിക്കുന്നു. തോൽവിയുടെ ആഘാതത്തെ നേരിടാൻ ഒത്തുചേരുകയും ആത്മപരിശോധനയും അവലോകനവും മുറയ്ക്ക് നടത്തുകയും ചെയ്യുമെങ്കിലും, അത് അധിക നാൾ മുന്നോട്ടു കൊണ്ടുപോകാതെ അവസാനിപ്പിക്കുന്നതുകൊണ്ടാണ് പാർട്ടിക്ക് കരകയറാൻ സാധിക്കാത്തത്.

മധ്യ കേരളത്തിലും  തെക്കൻ പ്രദേശങ്ങളിലും  തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സഞ്ചരിച്ചപ്പോൾ,  അഴിമതിയിൽ കുളിച്ച പിണറായി സർക്കാരിനെ നിഷ്പ്രയാസം പുറത്താക്കാനാകുമെന്ന്  നിരവധി കോൺഗ്രസ് നേതാക്കൾ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കേട്ട്, അത് യാഥാർത്ഥ്യമാകുമെന്ന് ഞാനും വിശ്വസിച്ചു. ഇപ്പോഴാണ് സത്യം തിരിച്ചറിയുന്നത്.  ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞവരായിരുന്നില്ല ആ  നേതാക്കൾ. യാഥാർഥ്യത്തിൽ  നിന്ന് വേർപ്പെട്ട് സ്വയം നെയ്തെടുത്ത ഏതോ മിഥ്യാലോകത്തായിരുന്നു  അവർ.

ഒരു ഉദാഹരണം പറയാം. ഭക്ഷ്യ  കിറ്റുകൾ നൽകി സിപിഎം വോട്ട് വാങ്ങുന്നു എന്നവർ പരിഹസിക്കുമ്പോൾ, എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ  പട്ടിണിയിൽ നിന്നു  രക്ഷിച്ചു എന്ന സത്യം അവർ മറന്നു.  ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയത് എങ്ങനെ നോക്കിയാലും നല്ലകാര്യമാണ്. ഗവൺമെന്റിന്റെ സൽകർമ്മങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം, തടസ്സങ്ങൾ സൃഷ്ടിക്കാനായിരുന്നു അവർ ശ്രമിച്ചത്.

മതേതര പാർട്ടി എന്ന പ്രതിച്ഛായ കോൺഗ്രസ് കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന ഒന്നാണ്. അങ്ങനൊരു പാർട്ടി, ശബരിമല പ്രശ്‌നം വീണ്ടും മുന്നിലെത്തിക്കാനുള്ള ഉത്സാഹം പ്രകടിപ്പിക്കുകയും കൂടുതൽ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ വോട്ട് നേടാനുള്ള തന്ത്രമാണെന്ന് സ്വാഭാവികമായും ചിന്തിച്ചതുകൊണ്ടാണ്  ജനങ്ങൾ അതിനെ പിന്തുണയ്ക്കാതെ പോയത്. കോൺഗ്രസും  ബിജെപിയും ഒരേ ശബ്ദത്തോടെ സംസാരിക്കുന്നു  എന്ന തോന്നലും  ആളുകൾക്കുണ്ടായി.

മധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ചും പത്തനംതിട്ട ജില്ലയിൽ, കോൺഗ്രസിന് ഒരൊറ്റ സീറ്റുപോലും നേടാനായില്ല. ആ മണ്ഡലങ്ങളിൽ ആധിപത്യം പുലർത്തുന്ന ന്യൂനപക്ഷങ്ങൾക്ക്, മതസ്വാതന്ത്ര്യത്തിന്റെ ശക്തമായ രക്ഷാധികാരി എന്ന നിലയിൽ അവർ കാലങ്ങളായി കണ്ടിരുന്ന കോൺഗ്രസ് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ്  കാരണം.

കാവിപ്പടയിൽ  നിന്ന്  ഭീഷണികൾ നേരിടുമ്പോൾ ഉടനടി  പ്രതികരിക്കുന്നതിലൂടെ സി.പി.എം, അവർക്ക് മുന്നിൽ രക്ഷകനായി. ഭീഷണികളും അക്രമങ്ങളും നേരിടുമ്പോൾ  കോൺഗ്രസ് നേതാക്കൾ മൗനം പാലിച്ചതിന്റെ വിലയാണ് ഇപ്പോഴത്തെ തോൽവി. കേരളത്തിന് പുറത്തുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നതിൽപ്പോലും  കോൺഗ്രസ് നേതാക്കൾ  പരാജയപ്പെട്ടത് ജനങ്ങൾ ശ്രദ്ധിച്ചു. പാർട്ടിക്കുള്ളിലെ ബഹുസ്വരതയും ഭിന്നിപ്പും കൂടി വന്നതോടെ, കോൺഗ്രസിന് മുൻപുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടു.
 
സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്   ഗ്രൂപ്പ് നേതാക്കളാണെന്നത്  രഹസ്യമല്ല. സംഘടനാപരമായി നോക്കുമ്പോൾ ഇതൊരു വീഴ്ച തന്നെയാണ്.

ഗ്രൂപ്പുകളി  ഇല്ലാതാക്കുന്നതിനുപകരം, ഈ തിരഞ്ഞെടുപ്പിൽ പുതിയ ഗ്രൂപ്പ് ഉടലെടുക്കുകയാണുണ്ടായത്.
തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ ഒരു മുതിർന്ന നേതാവ് എന്നോട് പറഞ്ഞത് ഒരു യോഗം പോലും വിളിച്ചുചേർക്കാതെയും ചർച്ച നടത്താതെയും ഗ്രൂപ്പു  താല്പര്യങ്ങക്കനുസരിച്ചായിരുന്നു സ്ഥാനാർഥി നിർണ്ണയം എന്നാണ്. ഹൈക്കമാൻഡ് കൺസൾട്ടേഷനുകളുടെ പൊള്ളത്തരം എല്ലാവര്‍ക്കും അറിയാം.  അങ്ങനെയൊന്നു നടക്കുന്നതായി പറഞ്ഞു പരത്തി  ഗ്രൂപ് നേതാക്കൾ സ്വയം തീരുമാനമെടുക്കുന്നു. ബൂത്തിലും ബ്ലോക്ക് തലങ്ങളിലുമുള്ള കോൺഗ്രസ് അനുഭാവികൾ എപ്പോഴും  വഞ്ചിതരാകുന്നു.

എം പി സ്ഥാനം രാജിവച്ച്, കേരള രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി മടങ്ങിവന്നത്  എന്ത് ഗുണമാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. എന്ത് സന്ദേശമാണ് അത് നൽകിയത്? യു.ഡി.എഫ്. ജയിച്ചാൽ മുസ്ലിം ആധിപത്യം വരും എന്ന് പറയാൻ ഇടതു പക്ഷത്തിനും ബി.ജെ.പിക്കും അത് അവസരം നൽകി. അത് പോലെ അഴിമതിയുടെ കറ പുരണ്ട മുൻ പിഡബ്ല്യുഡി മന്ത്രിയുടെ  മകനെ കളത്തിലിറക്കി  കളമശേരി സീറ്റ് സംരക്ഷിക്കാൻ ലീഗ് തീരുമാനിച്ചപ്പോൾ  അത് സമ്മതിച്ചു കൊടുത്തത് എന്തടിസ്ഥാനത്തിലാണ്?  ഇതിനു പുറമെ  യാതൊരു ഉളുപ്പുമില്ലാതെ ഏത് കള്ളത്തരം കാണിക്കുന്നവരെയും ഗ്രൂപ്പിന്റെ പേരിൽ സ്ഥാനാർത്ഥിയാക്കി. ഫലം  കോൺഗ്രസ് തീരെ തരംതാഴുന്നു എന്ന പ്രതീതി ജനത്തിൽ ജനിപ്പിച്ചു.

ദേശീയ നേതൃത്വത്തിന്  ഈ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. മികച്ചൊരു നേതാവിന്റെ അഭാവം പാർട്ടിയെ കടുത്ത പ്രതിസന്ധിയിൽ ആഴ്ത്തുന്നു. കോൺഗ്രസ് പാർട്ടി  നാഥനില്ലാ കളരിയാണെന്നും ഉദ്ദേശലക്ഷ്യങ്ങൾ ഒന്നുമേ ഇല്ലാതെ എങ്ങോട്ടോ അലയുകയാണെന്നുമുള്ള  ധാരണ വളർന്നുവരുന്നു.  ഈ ഗ്രൂപ്പിസം അവസാനിപ്പിക്കാൻ കോൺഗ്രസിന്റെ മേലേത്തട്ടിലെ  നേതൃത്വത്തിന് കഴിയുന്നില്ലെന്നതിൽ നിന്നു  തന്നെ, പ്രതീക്ഷാവഹമായ നേതൃത്വത്തിന്റെ അഭാവം വ്യക്തം.

അഞ്ചുവർമായി   കോൺഗ്രസ്   പ്രതിപക്ഷത്തിരിക്കുകയാണ്. എന്നിട്ടും, തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് മാത്രമാണ്  അവർക്ക് സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമെടുക്കാൻ കഴിഞ്ഞത്. ഇത് പ്രാദേശിക തലത്തിലെ  സംഘടനാ പരാജയത്തിലേക്കാണ്  വിരൽ ചൂണ്ടുന്നത് . അതിനുത്തരവാദികൾക്കെതിരെ നടപടി വേണം .  സ്ഥാനാർത്ഥികളിൽ  55% പുതിയ മുഖങ്ങളായിരുന്നു എന്ന് പറയുന്നു. എങ്കിലും അവർ ഗ്രുപ് പ്രതിനിധികളാണെന്നു ക്രമേണ വ്യക്തമായി. അവർ മിക്കവരും  തന്നെ തന്നെ പരാജയപ്പെട്ടു. അതിനര്ഥം അവർക്ക് ജനങ്ങളുമായി കാര്യമായ ബന്ധം   ഇല്ലായിരുന്നു എന്നതും.  

വിദ്യാർത്ഥി കാലഘട്ടം  മുതൽ ഇന്നുവരെ പാർട്ടിയിൽ പ്രവർത്തിച്ച ഒരാളെന്ന നിലയിൽ, കെപിസിസിയിൽ മാറ്റം വേണമെന്നതിൽ എനിക്ക് സംശയമൊന്നുമില്ല.  കോൺഗ്രസിന് പുതിയ ഒരു മുഖം അ നിവാര്യമെന്ന്  നേതൃത്വം മനസ്സിലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പാർട്ടിക്ക്  കേരളത്തിൽ ഇനിയും നിലനിൽക്കണമെങ്കിൽ, ആത്മവിശ്വാസം   പകരുന്ന, ശക്തമായ നേതൃത്വം നൽകാൻ കെല്പുള്ള പുതിയ മുഖങ്ങളുമായി കെപിസിസി നേതൃത്വം ഉടച്ച് വാർക്കേണ്ടതുണ്ട്.  ബ്ലോക്ക് തലത്തിൽ നിന്നു തുടങ്ങുന്ന  സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് ഇതിനൊരു തുടക്കം കുറിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക