Image

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 11 May, 2021
നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)
കേരള രാഷ്ട്രീയത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു എന്ന വാര്‍ത്ത എന്നെപ്പോലെ ഈ സംസ്ഥാനത്ത് ജീവിക്കുന്ന പല മനുഷ്യരെയും കൃത്യമായി ബാധിച്ചിട്ടുണ്ടായിരിക്കും. കാരണം ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിന് കേരള രാഷ്ജ്ട്രീയത്തോളം വിലയും മൂല്യവുമുണ്ട്. ലാത്തിയുടെ പാട് ഇപ്പോഴും ഓര്‍മ്മകളില്‍ നിന്ന് മായാതെ കിടക്കുമ്പോഴും അവര്‍ വിപ്ലവങ്ങളെക്കുറിച്ച് സംസാരിച്ചു, അധികാരത്തിനൊപ്പം ചേര്‍ന്ന ആണ്‍കരുത്തുകള്‍ക്ക് മുന്‍പിലും കെ ആര്‍ ഗൗരിയമ്മ പതറാതെ നിന്നു.

 'പോലിസുകാരുടെ ലാത്തികള്‍ക്ക് ഉദ്ധാരണശേഷി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരു പറ്റം ലാത്തിക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയേനേ ' എന്ന അവരുടെ ഉള്ളു തുളയ്ക്കുന്ന വാക്കാണ് അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ എപ്പോഴും എനിക്കോര്‍മ്മവരിക. എങ്ങനെയാണ് ഒരു സ്ത്രീയ്ക്ക് ഇത്ര കരുത്താര്‍ജ്ജിക്കാന്‍ കഴിയുക എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
അതിനുത്തരം അവരിലെ തീയെ അണക്കാന്‍ പോന്ന വെള്ളമൊന്നും ഒരു രാഷ്ട്രീയ ചരിത്രത്തിലും രൂപപ്പെട്ടിട്ടില്ല എന്നുള്ളതാണ്. ഉറച്ച നിലപാടുകളാണ് ഒരു മനുഷ്യനെ ഏറ്റവും കരുത്തുള്ളതാക്കുന്നത്. ആ നിലപാടുകളോട് ഗൗരിയമ്മ കാണിച്ച നീതിയാണ് രാഷ്ട്രീയത്തില്‍ അവരെ കരുത്തുള്ളവരാക്കുന്നത്.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് കെ ആര്‍ ഗൗരിയമ്മ. പ്രായം ബാധിക്കാത്ത ചിന്തകളോടെ അവര്‍ എപ്പോഴും നമുക്കൊപ്പമുണ്ടായിരുന്നു. സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും നിലപാടുകളിലെല്ലാം നല്ല പ്രതികരണങ്ങളായി അവരുടെ വാക്കുകള്‍ ഉണ്ടായിരുന്നു. ഗൗരിയമ്മയോളം വേട്ടയാടപ്പെട്ട ഒരു സ്ത്രീ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടേയില്ല. കാരണം അവരോളം ചെറുത്തുനില്‍പ്പ് നടത്തിയ മറ്റാരും ഇവിടെ ഉണ്ടായിട്ടുമില്ല. അവരോളം പഴക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പോലുമില്ലെന്നാണ് നേതാക്കളുടെ ഭാഷ്യം.

സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയായിരുന്നു കെ ആര്‍ ഗൗരിയമ്മ.
സ്വാതന്ത്ര്യത്തിനു മുന്‍പും അതിനു ശേഷവും ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ച ഗൗരിയമ്മ സര്‍ സിപി വാഗ്ദാനം ചെയ്ത മജിസ്‌ട്രേറ്റ് പദവി നിരസിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന വ്യക്തി തുടങ്ങിയ റെക്കോഡുകള്‍ക്കും ഉടമയാണ് കെ ആര്‍ ഗൗരിയമ്മ. റവന്യൂ, വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, സാമൂഹ്യക്ഷേമം, മൃഗസംരക്ഷണം തുടങ്ങിയ പല വകുപ്പുകളും വിവിധ മന്ത്രിസഭകളില്‍ കൈകാര്യം ചെയ്തിരുന്നു.

ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുത്ത വിപ്ലവ നായികയായിയായി കെ ആര്‍ ഗൗരിയമ്മ മാറിയതും ചരിത്രത്തില്‍ അടയാളപ്പെടുത്തിയ നിമിഷങ്ങളായിരുന്നു. അന്ന് കേരം തിങ്ങും കേരള നാട്ടില്‍ കേരളനാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം ഇവിടെയെല്ലാം ജ്വലിച്ചു കയറിയിരുന്നു. കെ ആര്‍ ഗൗരിയമ്മയുടെ മരണം ഒരു സൂര്യന്റെ അസ്തമയം മാത്രമാണ്. മറ്റൊരു ലോകത്ത് ഇപ്പോള്‍ അവര്‍ വെളിച്ചത്തിന്റെ നക്ഷത്രങ്ങളെ സൃഷ്ട്ടിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക