Image

ഉത്തരം താങ്ങുന്ന പല്ലികളും, സൂര്യനെ കൂകിയുണർത്തുന്ന കോഴികളും...(മൃദുമൊഴി-8: മൃദുല രാമചന്ദ്രൻ)

Published on 12 May, 2021
ഉത്തരം താങ്ങുന്ന പല്ലികളും, സൂര്യനെ കൂകിയുണർത്തുന്ന കോഴികളും...(മൃദുമൊഴി-8: മൃദുല രാമചന്ദ്രൻ)
എന്തൊക്കെ സംഭവിച്ചാലും ഒരു ദിവസം പോലും ഓഫീസിൽ പോക്ക് മുടക്കാത്ത ഒരു വലിയ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. അസുഖങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ, കുടുംബ കാര്യങ്ങൾ ഇതൊന്നും കൃത്യമായി ഓഫീസിൽ എത്തുന്നതിൽ നിന്ന് അയാളെ ഒരിക്കൽ പോലും തടഞ്ഞില്ല.ഒരു ദിവസം , ആരോ ഒരാൾ അയാളോട് ചോദിച്ചു, "നിങ്ങൾക്ക് വല്ലപ്പോഴും ഒരു ദിവസം എങ്കിലും അവധി എടുത്തു കൂടേ?ഇങ്ങനെ ജോലി ചെയ്ത് മടുക്കുന്നില്ലേ ?" അപ്പോൾ അയാൾ പറഞ്ഞു: "ഞാൻ ഒരു ദിവസം ചെല്ലാതിരുന്നാൽ , ഞാൻ ഇല്ലെങ്കിലും അവിടത്തെ കാര്യങ്ങൾ ഒക്കെ നന്നായി നടക്കും എന്ന് അവിടെ ഉള്ളവർ മനസിലാക്കും. പിന്നെ എനിക്ക് എന്താണ് ഒരു വില?"

നമ്മളിൽ ഒട്ടു മുക്കാൽ പേരും പരിലാളിക്കുന്ന  സുഖമുള്ള ഒരു മായഭാവം ആണിത്.ഞാൻ ഉള്ളത് കൊണ്ടാണ് എല്ലാം നന്നായി നടന്ന് പോകുന്നത്, ഞാൻ ഇല്ലെങ്കിൽ കാണാം, എല്ലാം കുഴഞ്ഞു, മറിഞ്ഞു തകർന്നു പോകും.ഉത്തരവും, അതുവഴി  വീടും താങ്ങുന്നത് താൻ ആണെന്ന് കരുതുന്ന പല്ലിയെ പോലെ, താൻ കൃത്യമായി കൂകുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത് എന്ന് കണ്ണുമടച്ചു വിശ്വസിക്കുന്ന പൂവൻ കോഴിയെ പോലെ, താൻ ഉള്ളത് കൊണ്ടാണ് ഈ പ്രപഞ്ചം തുലനാവസ്ഥ പാലിച്ചു പുലരുന്നത് എന്ന് കരുതുന്നവർ.

അത് കൊണ്ടാണ്, ഞാൻ ഇല്ലെങ്കിൽ ഒന്നും ശരിയാവില്ല എന്ന അടിയുറച്ച വിശ്വാസം കൊണ്ടാണ് നാം വിട്ടുകൊടുക്കലുകൾക്ക് തീരെ തയ്യാറാവാത്തത്.അഥവാ വിട്ടു കൊടുക്കേണ്ടി വന്നാൽ അത് കഠിനവേദനയോടെ ചെയ്യുന്നത്.

മനുഷ്യൻ ഒഴിച്ചുള്ള എല്ലാ ജീവജാലങ്ങളും ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം കുഞ്ഞുങ്ങളെ അവരുടെ വഴിക്ക് വിട്ട് സ്വാസ്ഥ്യത്തോടെ  ജീവിക്കുമ്പോൾ , മനുഷ്യർ മാത്രം എത്ര വലുതായാലും സ്വന്തം മക്കളെ ചിറകിന്റെ അടിയിൽ ഒതുക്കിയൊതുക്കി നിർത്താൻ ശ്രമിക്കുന്നു.ഇറുക്കി പിടിച്ച് ഒടുക്കം കൈത്തണ്ട മുറുകി വേദനിക്കുമ്പോൾ കുട്ടികൾ സഹികെട്ട് പിടുത്തം കുടഞ്ഞ് എറിയാൻ ശ്രമിക്കുകയും, ആ ശ്രമത്തെ ക്രൂരമായ സ്നേഹശൂന്യതയായി , നന്ദികേടായി കണ്ട് അമ്മയച്ഛന്മാർ കരയാൻ തുടങ്ങുകയും ചെയ്യുന്നു.വേദനിച്ചു കുതറി മാറാൻ തുടങ്ങും മുൻപേ , വിടേണ്ടതായിരുന്നില്ലേ എന്ന് ചിന്തിക്കുന്നത് പോലും ഇല്ല.

മാറി നിൽക്കേണ്ട സമയത്ത്, മാറി നിൽക്കേണ്ട ഇടങ്ങളിൽ നിന്ന് , മാറി നിൽക്കുന്നതാണ് മനോഹരം .അത് ചിലപ്പോൾ ഒക്കെ കൂടെ നിൽക്കുന്നവരോട് ഉള്ള വിശ്വാസ പ്രഖ്യാപനം കൂടിയാണ്.

"ഞാൻ ഒരു ദിവസം  മാറി നിന്നാൽ ഞാൻ ഇല്ലാതെ എന്റെ വീട്ടുകാർ വലഞ്ഞു പോകും" എന്ന് അവരെ ചെറുതാക്കി, തന്നോട് അവർക്കുള്ള ആശ്രിതത്വം വിളംബരം ചെയ്യാതെ, "ഞാൻ ഇതാ രണ്ട് ദിവസം ഒരു യാത്ര പോകുന്നു,ഞാൻ ഇല്ലെങ്കിലും നിങ്ങൾ നോക്കിക്കോളും അല്ലോ!" എന്ന് പറയുന്നതിൽ ആണ് അഭിമാനം കാണേണ്ടത്.

ഞാൻ തന്നെ നേരിട്ട് വന്ന് നോക്കി, കണ്ടാലേ എല്ലാം ശരിയാകൂ എന്ന് എപ്പോഴും വാശി പിടിക്കാതെ, നിങ്ങൾ നോക്കി ബോധ്യപ്പെട്ടാൽ അത് മതി എന്ന് കൂടെ ജോലി ചെയ്യുന്നവരോട് പറയാൻ കഴിഞ്ഞാൽ അതല്ലേ ഹീറോയിസം.

വലിയ വൃത്തിക്കാരിയായിരുന്നു എന്റെ ഭർത്താവിന്റെ അമ്മ.ഒരു ദിവസത്തിൽ ഏതാണ്ട് എല്ലാ സമയവും അവർ വീട് തുടക്കാനും, മിനുക്കാനും ഉപയോഗിച്ചു.ഒരു ദിവസം പോലും വീട്ടിൽ നിന്ന് മാറി നിൽക്കാൻ വിസമ്മതിച്ചു.ഭർത്താവിന്റെയും, മുതിർന്ന രണ്ടു മക്കളുടെയും എല്ലാ കാര്യങ്ങളും താൻ തന്നെ ചെയ്താലേ ശരിയാകൂ എന്ന് വിശ്വസിച്ചു.പൊടുന്നനെ, പ്രതീക്ഷിക്കാതെയാണ് അമ്മ മരിച്ചത്.ഒരു വർഷം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ അനിയൻ തറവാട് പൊളിച്ചു കളഞ്ഞു വേറെ വീട് വച്ചു.സ്വന്തം ശാരീരിക വേദനകൾ പോലും വക വയ്ക്കാതെ , ഒരു ദിവസം പോലും മുടങ്ങാതെ, സ്വന്തം പേരക്കുട്ടികളെ പോലും ലാളിക്കാൻ മറന്ന് അമ്മ തുടച്ചു , മിനുക്കി കണ്ണാടി പോലെ ഇട്ടിരുന്ന നിലം യാതൊരു മമതയും കാണിക്കാതെ ജെ.സി.ബി കൈകൾ ഇളക്കിയെടുത്തു.അതീവ ശ്രദ്ധയോടെ എടുത്ത് വച്ചിരുന്ന നൂറു കൂട്ടം സാധനങ്ങൾ ചിതറിപ്പോയി. അത് കണ്ട് നിൽക്കവേ ഞാൻ എന്നോട് പറഞ്ഞു: "ഇത്രയേ ഉള്ളൂ, ഇത്ര മാത്രമേ ഉള്ളൂ എന്റേത്, എന്റേത് എന്ന് ചേർത്ത് പിടിക്കുന്നവ.അത് കൊണ്ട് രണ്ട് പുസ്തകം കൂടി വായിച്ചോളൂ, ഒരു പാട്ട് കൂടി കേട്ടോളൂ, ഒരു യാത്ര പൊയ്ക്കോളൂ, ഇത്തിരി നേരം കിടന്ന് ഉറങ്ങിക്കോളൂ.നിങ്ങൾ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല. ക്രിസ്തുവും, ബുദ്ധനും, ഗാന്ധിയും മരിച്ചിട്ടും കീഴ്മേൽ മറിയാത്ത ലോകം, നിങ്ങളുടെ കടന്നു പോക്കും അതിജീവിക്കും.
Join WhatsApp News
Latha Rajagopal. 2021-05-12 13:41:46
മൃദുല വളരെ ശരിയാണ്. മൃദുമൊഴികൾ നന്നാവുണ്ട്.
Lynn 2021-05-12 15:45:23
Very true! But it’s so hard to let go!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക