Image

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

Published on 12 May, 2021
സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)
മാനത്ത് നിന്ന് നിലാവൊ-
ഴുകും പോലെ
മാലാഖമാരവർ
ഒഴുകിനടക്കുന്നീ ഭൂമിയിൽ

വെണ്മയെ വെല്ലുന്ന
തെളിമയാം ചിരിയിൽ
പാരിലെ വേദന
മറവിയിൽ മായുന്നു

ചിരിക്കുന്ന
കണ്ണിലേക്കുറ്റൊന്നു
നോക്കിയാൽ
ഉള്ളിലെ നൊമ്പരമൊ-
ട്ടൊന്നറിയാം

സഹനത്തിൻ തീപ്പൊരി
നെഞ്ചിലൊതുക്കി
സ്നേഹത്തിൻ ഗീതകം
ചൊല്ലുന്നു നിത്യം

ഉള്ളിലുറയുന്ന
മൗനത്തിൻ ഹിമപർവ്വം
വിശ്രമമറിയാത്ത
ജീവിത തേരോട്ടം

മുറിഞ്ഞ ശരീരത്തിനും
തകർന്ന മനസ്സുകൾക്ക്
മുന്നിലും
തളരാതെ കർമ്മങ്ങൾ
നിറവേറ്റുന്നോരിവർ

രാവിനെ പകലാക്കി
തളരാതെയോടുന്നു
മാനവരെല്ലാരും
ഒന്നെന്ന ചിന്തയിൽ

എല്ലാം ത്യജിക്കുന്നു
ഇഹലോക നന്മക്കായ്
കരുതലായ്
 സ്നേഹത്തിൻ
അണയാത്ത
 സാന്ത്വനമായ്...

ഇവർ മാലാഖമാർ
ഭൂമിയുടെ സ്വന്തം
 മാലാഖമാർ.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക