Image

പതിനെട്ട് വയസിനു മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിന്‍ മുന്‍ഗണന: മുഖ്യമന്ത്രി

Published on 12 May, 2021
പതിനെട്ട് വയസിനു മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിന്‍ മുന്‍ഗണന: മുഖ്യമന്ത്രി
തിരുവനന്തപുരം: 18- 45 വയസ്സ് പ്രായമുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി. മറ്റ് മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിന്‍ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

18- 45 വയസ്സ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ ആദ്യ ബാച്ചുകള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കുകയെന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ മാത്രം വാക്‌സിന്‍ ലഭ്യമല്ല. 18- 45 വയസ്സ് പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ അവര്‍ക്ക് തന്നെ നല്‍കും. ഇക്കാര്യത്തില്‍ മുന്‍ഗണന ആവശ്യം വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്രസര്‍ക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തില്‍ 45ന് വയസ്സിന് മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാന്‍ 2.26 കോടി ഡോസ് വാക്‌സിന്‍ നമുക്ക് ലഭിക്കണം.

കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപന വേഗതയില്‍ ഉണ്ടാവുന്ന മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണം. കേരളത്തിന് അര്‍ഹമായ വാക്‌സിന്‍ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ നിരവധി തവണ ഔദ്യോഗികമായി കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക