Image

ഇനി ഒരു നേഴ്‌സിനും ഈ അവസ്ഥ ഉണ്ടാകരുത്

ജോബിന്‍സ് തോമസ് Published on 13 May, 2021
ഇനി ഒരു നേഴ്‌സിനും ഈ അവസ്ഥ ഉണ്ടാകരുത്
' ഇനി ഒരു നേഴ്‌സിനും ഈ അവസ്ഥ ഉണ്ടാകരുത്' ഒരു നേഴ്‌സിന്റെ സഹോദരി വിങ്ങിപ്പൊട്ടിക്കൊണ്ട് ഒരു മലയാള മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്. മറ്റുള്ളവര്‍ക്ക് ശരിയായ ചികിത്സയും സ്വാന്തനവും നല്‍കാന്‍ സ്വന്തം ബുദ്ധിമുട്ടുകളും വേതനക്കുറവുമൊക്കെ മറന്ന് കഷ്ടപ്പെടുന്ന ഒരു നേഴ്‌സ് ചികിത്സ കിട്ടാതെ മരിക്കുക എന്ന് പറയുന്നത് തീര്‍ത്തും വേദനാജനകമാണ്. ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. 

മലയാളി നേഴ്‌സിനാണ് ഈ ദുരവസ്ഥയുണ്ടായത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വേദേശി രഞ്ചുവാണ് കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചത്. രഞ്ചു ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്നു തന്നെയാണ് ചികിത്സ നിഷേധിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ദുഖകരം. 

കഴിഞ്ഞ മാസമാണ് രഞ്ചു യുപിയില്‍ നേഴ്‌സായി ജോലിക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞമാസം എന്നു പറയുമ്പോള്‍ തന്നെയറിയാം കോവിഡ് ബാധിച്ചവരെ ചികിത്സിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് തന്നെയാണ് രഞ്ചു ജോലിയില്‍ പ്രവേശിക്കുന്നത്. ഒരുപക്ഷെ ആ വഴിക്കു തന്നെയായിരിക്കാം രോഗം പിടിപെട്ടതും.

ഏപ്രില്‍ 17 നാണ് രഞ്ചു കോവിഡ് പോസിറ്റിവായത്. ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെയാണ് ചിക്ത്‌സ തേടിയതും കോവിഡ് നെഗറ്റീവ് ആയതിനുശേഷമുണ്ടായ ന്യൂമോണിയയാണ് രഞ്ചുവിന്റെ ജീവനെടുത്തത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശക്കപ്പെട്ടപ്പോള്‍ ആദ്യ ദിവസം മരുന്ന് നല്‍കി പിന്നീട് മൂന്നു ദിവസം കഴിഞ്ഞാണ് ഡോക്ടറെത്തുന്നതും പരിശോധിക്കുന്നതും. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും നാട്ടില്‍ വന്ന് ചികിത്സിക്കണമെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെടണമെന്നും പറഞ്ഞ് രഞ്ചു സഹോദരിക്ക് സന്ദേശമയച്ചിരുന്നു. 

ഒരുപാട് പേര്‍ക്ക് സ്വാന്തനവും മരുന്നും നല്‍കി ഒടുവില്‍ ചികിത്സകിട്ടാതെ ഈ ലോകത്തില്‍ നിന്നും വിടവാങ്ങേണ്ടിവന്ന രഞ്ജുവിനെയോര്‍ത്ത് വിലപിക്കുകയാണ് കുടുംബം. ഒപ്പം ഒരു പ്രാര്‍ത്ഥനയും ' ഇനി ഒരു നേഴസിനും ഈ അവസ്ഥ ഉണ്ടാകരുതേ ' സുരക്ഷാ മുന്‍ കരുതലുകള്‍ ഉണ്ടെങ്കിലും രോഗം പകരാന്‍ സാധ്യതയുള്ളവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ കാര്യത്തില്‍ ലോകത്തെവിടെയായാലും ഒരല്‍പം കൂടി ശ്രദ്ധനല്‍കേണ്ടത് അനിവാര്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക