Image

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

Published on 13 May, 2021
മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)
രാക്കാറ്റിൽ മുരളും മുളങ്കാടുകൾ ഞെരിയുന്ന എല്ലുകളുടെ
ഒച്ച പുറത്തേക്ക് തെറിപ്പിക്കും...
   
ലക്ഷ്യം തെറ്റി പറക്കും വവ്വാലുകൾ
കരിയിലകൾ ആകാശം കാണും  
പൊടിപടലങ്ങളുടെ ഹുങ്കാരത്തെ   
മഴ സാന്ത്വനിപ്പിക്കും   
ഓടയിലേക്ക് ഒഴുകി മറയും  
നാമ്പറ്റ തളിർക്കുരുന്നുകൾ ..

കരകവിയും കുളം, വയൽ, കിണർ
പുഴ പാടം കാണാൻ കയറി വരും
കൃഷീവലന്റെ മനം കുളിർക്കും  
കലക്കവെള്ളത്തിൽ
ചിലർ മീൻ പിടിക്കും ...

നനഞ്ഞൊട്ടിയ കാക്ക
കുഞ്ഞിനെ ചിറകു വിരിച്ച്
കരിമ്പടം പുതപ്പിക്കും
ഇടി പേടിച്ചോടുമ്പോൾ
കൊള്ളിയാൻ വെളിച്ചം വീശും
വിറകും ഓലയും
ശേഖരിച്ചോന്ന് ഉള്ളുരുക്കും ശീല്ക്കാരം
തേങ്ങോലകൾ പീലി നിവർത്തും...
 
കൊടുങ്കാറ്റിനെ പേടിച്ചോടിയ
വൈദ്യുതി ബന്ധം ലോകത്തെ ഇരുട്ടിലാറാടിച്ച് വൈകി തിരിച്ചെത്തും
ഒഴിഞ്ഞ തൊഴുത്തിൽ
കുറുനരി കുറുകും...
    
മനുഷ്യൻ പിന്നെയും അക്ഷമൻ
മഹാമാരിയുടെ പെരുക്കങ്ങൾ
അറിയാൻ ലോകം വെമ്പുമ്പോൾ  
ടിവി സ്ക്രീൻ കാർമേഘം പോലെ
ഇരുണ്ടു പോയിരിക്കും...
    
മഴ പോയാലും മരം പെയ്യും
മദ്ദളം കൊട്ടുന്ന മനസ്സ്
നാളത്തെ നഷ്ടക്കണക്ക്
തിട്ടപ്പെടുത്താനൊരുങ്ങും ...
 
രാജാവ് പൂർണ്ണ നഗ്നനെന്ന്
ഉളുപ്പില്ലാതെ വിളിച്ചു കൂവും മാദ്ധ്യമപ്പട
ജനമപ്പോൾ കയ്യടിക്കും  
രോഷം പ്രകടമാക്കും;
ചിരിക്കും, കൊഞ്ഞനം കുത്തും...

ഒരു മരണക്കളിയിലാണ്  ഇപ്പോൾ ജീവിതമെന്ന് ചിരിച്ചുതള്ളി
കാലക്കെടുതികൾ അനുസ്യൂതം തുടരും.
Join WhatsApp News
American Mollakka 2021-05-15 14:01:35
അസ്സലാമു അലൈക്കും - ഞമ്മള് ഇയ്യിടെ കബിതയെ കണ്ടേർന്ന് . ഓള് ഒരു സങ്കടം പറഞ്ഞു..ഓളുടെ പേരും പറഞ്ഞു ഇ മലയാളിയിൽ പലരും പലതും എയ്തുന്നു. എയ്തിൽ കൊയപ്പമില്ല. പക്ഷെ എന്തിനാണ് കബിത എന്ന മൊഞ്ചുള്ള ആ ബാക്ക് നശിപ്പിക്കുന്നത് എന്നതിലാണ് ഓള്ക്ക് ബിസമം. ഞമ്മള് പറഞ്ഞു കബിത, ഇങ്ങള് ബേജാറാകേണ്ട ..കാലം മാറി. ഇനി ഇതൊക്കെ കാണുക,കേൾക്കുക. മുയ്യം രാജൻ സാഹിബ് ഇങ്ങള് പല പല കാര്യങ്ങൾ പറഞ്ഞു. ഒന്നിനോട് ഒന്ന് ബന്ധമില്ലെങ്കിലും . ഒരു കബി ഒരിക്കൽ പറഞ്ഞു ഇതൊക്കെ ഞമ്മന്റെ ഒരു സ്റ്റൈൽ അല്ലെ സാഹിബയെന്നു. അങ്ങനെ സ്റ്റൈലുകളിൽ ഒരു കാവ്യദേവത മരിക്കുന്നു. അവൾക്ക് കനകച്ചിലങ്ക കെട്ടിയ കൈകൾ എയ്തിയത് ബായിക്കാൻ സുഖം ബായിച്ചാൽ മനസ്സിലാകും. മുയ്യം സാഹിബ് എയ്തിയത് മനസ്സിലാകും. ആ പറഞ്ഞതിൽ എന്തെങ്കിലും ഗുട്ടൻസ് ഉണ്ടോ എന്ന് ഞമ്മക്ക് അറിയില്ല. അതാണല്ലോ ഇപ്പോഴത്തെ ഒരു ഇത്. പടച്ചോൻ ഇങ്ങളെ അനുഗ്രഹിക്കട്ടെ. അതിനായ് ദുവ നേരുന്നു. ഖുദാ ഹാഫിസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക