Image

സൗമ്യയുടെ മൃതദേഹം ടെല്‍ അവീവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച നാട്ടില്‍ എത്തിക്കും

Published on 13 May, 2021
സൗമ്യയുടെ മൃതദേഹം  ടെല്‍ അവീവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച നാട്ടില്‍ എത്തിക്കും
ജറുസലം: ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. വെള്ളിയാഴ്ച രാത്രി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം ആദ്യം ഡല്‍ഹിയിലെത്തിക്കും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ നടപടികള്‍ വൈകാം.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇസ്രയേലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കുമാര്‍ സിഗ്ലയുമായി സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.

ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കെലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. 2017ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. മലയാളി സൗമ്യ സന്തോഷിന്‍റെ ദാരുണ മരണം യുഎന് രക്ഷാസമിതിയെ അറിയിച്ച ഇന്ത്യ ഗാസയില്‍നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

സംഘര്‍ഷം ജനങ്ങള്‍ക്കിടയിലേക്ക് വ്യാപിച്ചതോടെ പല ഇസ്രയേല്‍ നഗരങ്ങളിലും ആഭ്യന്തരയുദ്ധത്തിന് സമാനമാണ് സ്ഥിതി. അറബ്, ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന ലോദ് പോലുള്ള നഗരങ്ങളില്‍ ജനം പരസ്പരം ഏറ്റുമുട്ടുകയാണ്. സിനഗോഗുകള്‍ക്കും പൊലീസ് സ്‌റ്റേഷനുകള്‍ക്കും തീയിട്ടു. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. നെതന്യാഹുവമായി ഫോണില്‍ സംസാരിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ പറന്നെത്തുമ്പോള്‍ സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്ന് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക