Image

രണ്ട് പ്രളയം വന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല (അനിൽ പെണ്ണുക്കര)

Published on 13 May, 2021
രണ്ട് പ്രളയം വന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല (അനിൽ പെണ്ണുക്കര)

മഴ അത്ര സുഖമുള്ള ഏർപ്പാടൊന്നുമല്ലെന്ന് തോന്നണമെങ്കിൽ ഒന്ന് വീടിനു പുറത്തിറങ്ങണം, തീരദേശ മേഖലകളിലൂടെ ഒന്ന് നടക്കണം, ഡ്രൈനേജുകൾ പൊട്ടിയൊലിക്കുന്ന നഗരങ്ങൾ കാണണം, സ്വന്തം പാഠപുസ്തകവും സർട്ടിഫിക്കറ്റുകളും വരെ വെള്ളത്തിൽ ഒലിച്ചു പോയവരെ കാണണം. അപ്പോൾ മാത്രമേ മഴയുടെ റൊമാന്റിക് മൂഡ് നമ്മളിൽ നിന്ന് അൽപ്പമൊന്ന് താഴ്ന്നു വരികയുള്ളൂ. വീടുള്ളവന് മഴ നൊസ്റ്റാൾജിയയാണ്, പക്ഷെ വീടില്ലാത്തവനും, ഉള്ളത് തന്നെ ചോർന്നൊലിക്കുന്നവനും മഴ വെറുമൊരു പ്രതിഭാസം മാത്രമാണ്.

സംസ്ഥാനത് വീണ്ടും മഴ ശക്തമാവുകയാണ് തിരുവനന്തപുരവും കൊല്ലവുമെല്ലാം മൂന്ന് ദിവസത്തേക്ക് റെഡ് സോണിലാണ് നിലകൊള്ളുന്നത്. അതായത് വീണ്ടും ഒരു പ്രളയത്തിനുള്ള എല്ലാ സാധ്യതകളും കേരളത്തിലുണ്ട് എന്നുള്ളത് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ആലപ്പുഴയിലും തിരുവനന്തപുരത്തുമെല്ലാം ഡാമുകൾ തുറന്നു തുടങ്ങിയിട്ടുണ്ട്. ഈയവസരത്തിൽ അതീവജാഗ്രത പാലിക്കേണ്ടതുണ്ട് നമ്മൾ ഓരോരുത്തരും. ഇന്നത്തെ കോവിഡ് 19 മരണങ്ങളുടെ കണക്കും, വീശിയടിക്കുന്ന ഈ കാറ്റും, തോരാത്ത മഴയുമെല്ലാം ഇപ്പോഴുള്ള ജാഗ്രതകളെ ഇരട്ടിയാക്കേണ്ടുന്നതിന്റെ സൂചനയാണ് പങ്കുവെയ്ക്കുന്നത്.

രണ്ടു പ്രളയം വന്നിട്ടും നമ്മൾ ഒറ്റക്കെട്ടായി നീന്തി കരകയറിയിട്ടുണ് പക്ഷെ ഇപ്പോൾ നമ്മുടെ മുൻപിൽ ഒരു വലിയ വെല്ലുവിളിയായി കോവിഡ് 19 എന്ന മഹാമാരി കൂടിയുണ്ട്. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനിയുമൊരു പ്രളയത്തിലേക്ക് പോയാൽ രക്ഷപ്രവർത്തനങ്ങൾക്ക് ഇറങ്ങാതിരിക്കാനാവില്ല നമ്മളിൽ മനുഷ്യത്വമുള്ള ആർക്കും. പക്ഷെ ആ ഇറക്കം നമുക്കൊപ്പം കോവിഡ് കൂടി അതിവേഗത്തിൽ പടർന്നു പിടിക്കാൻ കാരണമാകും എന്നുറപ്പാണ്.

രണ്ടു പ്രളയം വന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല, വരാനിരിക്കുന്ന ദുരന്തങ്ങളെ നേരിടാനും ഒന്നും ചെയ്തില്ല. എന്തിന് ഒരു ചെടി പോലും വളർത്താൻ നമ്മൾ കഷ്ടപ്പെട്ടില്ല. എവിടെയാണ് നമുക്ക് തെറ്റുന്നത്. എന്ത് ചെയ്താലാണ് ഇത്രയും മഴകളെ ഒന്നിച്ചു താങ്ങാൻ നമ്മുടെ ഭൂമിയ്ക്ക് കരുത്തുണ്ടാകുന്നത്. മരങ്ങൾ വച്ച് പിടിപ്പിക്കാനും മറ്റും എന്തുകൊണ്ടാണ് നമ്മൾ ഒരിക്കൽ പോലും ശ്രമിക്കാത്തത്. രണ്ടു പ്രളയങ്ങളും സമ്മാനിച്ച കടക്കെണികളിൽ നിന്നും ദുരിതത്തിൽ നിന്നും കേരളം കരകയറുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോഴാണ് ഈ പെരുമഴക്കാലം വീണ്ടും വന്നെതുന്നത്. സൂക്ഷിക്കുക, ജാഗ്രത പാലിക്കുക, സർക്കാരിന്റെയും മറ്റും നിർദ്ദേശങ്ങൾ എ അനുസരിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക