Image

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

ജോബിന്‍സ് തോമസ് Published on 15 May, 2021
ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചമുതല്‍ ബ്രിട്ടന്‍ വിദേശയാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ കോവിഡ് സാഹചര്യങ്ങള്‍ വ്യത്യസ്തമായതിനാല്‍ ട്രാഫിക് ലൈറ്റ് സംവിധാനത്തിലൂടെയാണ് യാത്രകള്‍ നിയന്ത്രിക്കുന്നത്.

വിദേശരാജ്യങ്ങളെ ഗ്രീന്‍ , ആംബര്‍, റെഡ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള രാജ്യങ്ങളിലേയ്ക്ക് യാത്രയ്ക്ക് യാതൊരു തടസ്സവുമില്ല. ഇവിടെങ്ങളില്‍ യാത്ര ചെയ്ത് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല മറിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. തിരിച്ചെത്തി രണ്ടു ദിവസത്തിനുള്ളില്‍ പിസിആര്‍ ടെസ്റ്റ് നടത്താനുള്ള ബുക്കിംഗും എടുക്കണം. 

ആംബര്‍ ലിസ്റ്റിലുള്ള രാജ്യങ്ങളിലേയ്ക്ക് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാം. തിരിച്ചെത്തിയാല്‍ പത്തു ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ് മാത്രമല്ല രണ്ടാം ദിവസവും എട്ടാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. എന്നാല്‍ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാനെ പാടില്ല. എന്നാല്‍ വിദേശ യാത്രകള്‍ക്കിടെ എന്തെങ്കിലും കാരണത്താല്‍ ഈ രാജ്യങ്ങളിലൂടെ കടന്നുപോയാല്‍ തിരികെയെത്തുമ്പോള്‍ 1750 പൗണ്ട് മുടക്കി ഹോട്ടല്‍ ക്വാറന്റയിനില്‍ കഴിയണം. ഇല്ലാത്ത പക്ഷം ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ പതിനായിരം പൗണ്ട് പിഴയോ ലഭിക്കും. 

ഇതിനിടെ കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ബ്രിട്ടനില്‍ സ്ഥിരീകരിച്ചിരുന്നു. ഇത് ഇനി നല്‍കാനിരിക്കുന്ന ഇളവുകളുടെ കാര്യത്തില്‍ അനിശ്ചിതത്വത്തിനു കാരണമായിട്ടുണ്ട്. ജൂണ്‍ 21 മുതല്‍ അനുവദിക്കാനിരുന്ന ഇളവുകള്‍ ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അനുവദിക്കാനാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ തന്നെ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ നിലവിലെ ഇളവുകള്‍ ഇതേ രീതിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 
മാരക വ്യാപനശേഷിയാണ് ഇന്ത്യന്‍വകഭേദത്തെ ഭയാനകമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക