Image

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ജോബിന്‍സ് തോമസ് Published on 15 May, 2021
കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല
ഏതാണ്ട് ഒന്നരവര്‍ഷത്തോളമായി രാജ്യവും ലോകവും അതിന്റെ എല്ലാ ആധുനീക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കോവിഡിനെതിരെ പോരാടുകയാണ്. എന്നാല്‍ എത്രത്തോളം വിജയിക്കാന്‍ സാധിച്ചു എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി തുടരുമ്പോള്‍ ഇവയ്‌ക്കെല്ലാം മുമ്പില്‍ വിസ്മയമായി മാറുകയാണ് കേരളത്തിലെ ഒരു പഞ്ചായത്ത്. ഇതുവരെ ഒരു കോവിഡ് കേസുപോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടുക്കി ജില്ലയിലെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയാണ് കോവിഡിനോട് പ്രവേശനമില്ല എന്ന് പറഞ്ഞിരിക്കുന്നത്. 

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ 26 ഊരുകളിലായി രണ്ടായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്. കോവിഡ് ലോകത്തിലെത്തിയ നാള്‍മുതല്‍ നടപ്പിലാക്കുന്ന കര്‍ശന നിയന്ത്രണങ്ങളാണ് ഇവിടെ നിന്നും കോവിഡിനെ അകറ്റി നിര്‍ത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞു നിന്ന സമയത്ത് പോലും ഇവിടെ നിയന്ത്രണങ്ങള്‍ക്ക് ഇളവില്ലായിരുന്നു. മൂന്നാറിലാണ് സാധനങ്ങള്‍ വാങ്ങാന്‍ പോവേണ്ടത്. ഒന്നോ രണ്ടോ പേരാണ് ഇതിനായി പുറത്ത് പോകുന്നത് തിരിച്ചെത്തിയാല്‍ രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ക്ക് പുറത്ത് പോകാനോ പുറത്തുള്ളവര്‍ക്ക് അകത്തേയ്ക്ക് വരാനോ അനുവാദമില്ല. 

പഞ്ചായത്ത് അധികൃതരും ഉരുമൂപ്പന്‍മാരും ഒന്നിച്ചാണ് തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും. സംസ്ഥാനത്ത് ആദ്യമായി സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്താണ് ഇടമലക്കുടി. ഉത്സവങ്ങളും തെരഞ്ഞെടുപ്പും എല്ലാം ഇവിടെയും നടന്നു പക്ഷെ എല്ലാം കോവിഡ് പ്രോട്ടോക്കോളിന്റേയും ഇവര്‍ സ്വന്തമായി നിശ്ചയിച്ച നിയന്ത്രണങ്ങളുടേയും പരിധിക്കുള്ളിലായിരുന്നു. 

അതിരുവിട്ട ആഘോഷങ്ങളും തെരഞ്ഞെടുപ്പ് റാലികളും വീണ്ടും കോവിഡിനെ ഇന്ത്യയിലേയ്ക്ക് രണ്ടും കൈയും നീട്ടി സ്വീകരിച്ചപ്പോള്‍ ഈ ഗ്രാമം ലോകത്തിനു തന്നെ മാതൃകയായി കോവിഡിന് പ്രവേശനം നല്‍കാതെ ഇപ്പോഴും നിലകൊള്ളുകയാണ്. 

മൂന്നാറില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് പെട്ടിമുടി . പെട്ടിമുടിയില്‍ നിന്നും 22 കിലോമീറ്റര്‍ വീണ്ടും സഞ്ചരിക്കണം ഇടമലക്കുടിയിലെത്താല്‍. കോതമംഗലത്തു നിന്നു യാത്രചെയ്താല്‍ 53 കിലോമീറ്ററാണ് പെട്ടിമുടിയിലെത്താനുള്ള ദൂരം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക