-->

kazhchapadu

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

Published

on

വിത്ഡ്രാവൽ ഫോം പൂരിപ്പിച്ചു ക്യൂവിൽ നിൽക്കുമ്പോൾ എട്ടു പത്താളുകൾ മുന്നിലുണ്ടായിരുന്നു. അധികം നേരം ക്യൂവിൽ നില്ക്കേണ്ടി വരില്ലെങ്കിലും അല്പനേരമെങ്കിലും അങ്ങനെ നിൽക്കുക അയാൾക്ക്‌ അസഹ്യമായിരുന്നു. അപ്പോഴാണ് തൊട്ടുമുന്നിൽ നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ മാറിത്തന്നത്. അയാൾ  പിന്നിലേയ്ക്ക് നിന്നു. പ്രായമുള്ളവരോട് ബഹുമാനമുള്ള ആള്‍ ആയിരുന്നിരിക്കണം 
 
പണം വാങ്ങി തിരികെ പോരുമ്പോൾ അയാളുടെ അരികിലെത്തിയപ്പോൾ താങ്ക്സ് എന്ന് ഒരു ഉപചാരവാക്കു പറയാൻ മറന്നില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്ന മട്ടിൽ അയാൾ ഒരുവശത്തേയ്ക്കു തല ചരിച്ചു കണ്ണിറുക്കിക്കാട്ടി. ഇതിനകം ഒരാളോടുകൂടി അയാൾ തൻറെ ഔദാര്യം ആവർത്തിച്ചു. ഇത്തവണ ഔദാര്യം ലഭിച്ചയാളാകട്ടെ അത്രയ്ക്ക്  പ്രായമുള്ളയാൾ ആയിരുന്നില്ല താനും. യഥാർത്ഥ മനുഷ്യസ്നേഹി തന്നെ.
 
ഇരുപത്തിയയ്യായിരം രൂപയുടെ അത്യാവശ്യമുണ്ടെന്നു ഒരു  ഉറ്റ സ്നേഹിതൻ പറഞ്ഞതനുസരിച്ചാണ് പണം ബാങ്കിൽനിന്നും എടുത്തത്. മണി മൂന്നായി. അല്പംകൂടി കഴിഞ്ഞിരുന്നെങ്കില്‍ പണം ലഭിക്കുമായിരുന്നില്ല. ഒഴിവാക്കാനൊക്കാത്ത ആളായിപ്പോയി, അതുകൊണ്ടാണ് ഉച്ചയുറക്കം വേണ്ടെന്നു വച്ച് പണം എടുക്കാൻ മെനക്കട്ടത്. പണവുമായി പാർക്കിലോ പരിസരത്തോ നിൽക്കണമെന്നും നിർദ്ദേശിച്ചിരിക്കുന്നു. വീട്ടിൽച്ചെന്നു ഒന്നുകൂടി വിശ്രമിച്ചിട്ടു വരാമെന്നു വച്ചാൽ ശരിയാകില്ലെന്നു തോന്നി. അതുകൊണ്ട് കടുപ്പത്തിലൊരു ചായ കുടിച്ചിട്ട് പാർക്കിലേക്ക് നേരെ പൊയ്ക്കളയാം. പണം വാങ്ങേണ്ട സ്നേഹിതൻ എന്തൊക്കയോ അത്യാവശ്യ കാര്യങ്ങൾക്കായി ഓടി നടക്കുകയാണ്. അഞ്ചുമണിയാകുമ്പോഴേയ്ക്കും എത്താമെന്നാണ് പറഞ്ഞിരിക്കുന്നത്.
 
ഒരു ഓട്ടോറിക്ഷ കൈകാട്ടി നിറുത്തുമ്പോഴേയ്ക്കും."ഹലോ" എന്നൊരു വിളി പുറകിൽ നിന്നും. അയാൾ തന്നെയാണ്,   ആ ചെറുപ്പക്കാരൻ. ചിരിച്ചപ്പോൾ അയാൾ പറയുന്നു. "പൊക്കോളൂ". സമയം കളയണമെന്നില്ലെന്ന മട്ടിൽ  അയാൾ ആംഗ്യം കാണിച്ചു. ഓട്ടോറിക്ഷ മുന്നോട്ടു നീങ്ങി. 
കൈയ്യിലുണ്ടായിരുന്ന പണം സൂക്ഷിക്കുന്ന ചെറിയ തോൽബാഗിന്റെ സിബ്ബ് ശരിക്കു വലിച്ചിട്ടിട്ടുണ്ടോയെന്നു ഒന്ന് കൂടി പരിശോധിച്ചു. പാർക്കിൽ എത്തുന്നതിനു മുമ്പായി ഈ പ്രക്രിയ പലയാവർത്തി നടത്തുമെന്ന് അയാൾക്ക്‌ തന്നെ അറിയാമായിരുന്നു. -ആന്ക്സൈറ്റി ന്യൂറോസിസ്. ചെറുപ്പംമുതലേയുള്ള ശീലമാണ് ചുടല വരെ മാറ്റം വരുമെന്നും കരുതാനാവില്ല.  ബോട്ട്ജെട്ടി എത്തിയപ്പോളേ അയാൾ ഇറങ്ങി. അടുത്തു  കണ്ട കടയിൽ കയറി നിശ്ചയിച്ചുറപ്പിച്ചിരുന്നതിൻ പ്രകാരം നല്ല കടുപ്പത്തിലൊരു ചായ കുടിച്ചു.  ഉന്മേഷം വീണ്ടെടുത്തു. പിന്നെ, പലതരം വസ്തുക്കൾ ക്രമം തെറ്റിച്ചു വിൽക്കുന്ന ഫുട് പാത്തിലൂടെ മറ്റാളുകളുമായി കൂട്ടിയിടിക്കാതെ നടന്നു. സായാഹ്നം പിച്ചവച്ചടുക്കുന്നേയുണ്ടായിരുന്നുള്ളൂ.  
 
അവിടവിടെയായി പതിക്കുന്ന വെയിലിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. ഗുൽമോഹർ മരങ്ങളിലാകെ പൂവുകൾ. അകലെനിന്ന് നോക്കിയാൽ മരങ്ങൾ കത്തുകയാണെന്നു തോന്നും.
 
മുന്നിൽ മുണ്ടും റൗക്കയുമണിഞ്ഞ ഒരു മലയാളിപ്പെണ്ണിന്റെ പ്രതിമ. അവൾ ഇടുപ്പിലടക്കിപ്പിടിച്ച കുടത്തിൽനിന്നു വെള്ളം ധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നു. 
 
വല്ലപ്പോഴും വരുമ്പോൾ ഇരിക്കാറുള്ള ചെമ്പക മരത്തിന്റെ ചോട്ടിലെ കോൺക്രീറ്റു ബെഞ്ച് കാലി. അവിടെയിരുന്നു. തോൽബാഗിന്റെ സിബ്ബ് ഒന്നുകൂടി പരിശോധിച്ചു. മൂന്നു നാലു പ്രവശ്യമായല്ലോ ഇങ്ങനെ എന്നോർത്തപ്പോൾ ചിരിപൊട്ടി. കായലിൽനിന്നു വീശുന്ന കാറ്റ്  തണലിലിരുന്നേൽക്കുമ്പോൾ മയങ്ങിപ്പോകുമോയെന്ന പേടിക്കു ഒരുപ്രാവശ്യം കൂടി ബാഗിന്റെ സിബ്ബ് പരിശോധിച്ചപ്പോൾ ശമനമായി.`
 
"ഹലോ". ഒരാൾ അകലെനിന്ന് കൈ വീശുന്നു. അയാൾ, അതെ, വീണ്ടും അയാൾ തന്നെ. ഏതോ ഉൾപ്രേരണയിലെന്നോണം ഇത്തവണ ബാഗ് ഒന്ന് മുറുകെപ്പിടിച്ചു.
 
 
അടുത്തനിമിഷം തന്നെ ഉള്ളാലെ ലജ്ജിക്കുകയും ചെയ്തു. ചെറുതെങ്കിലും ഒരു സഹായം ചെയ്തവനെ സംശയിക്കുകയോ? കഷ്ടം!
 
ഇത്തവണ അയാളുടെ കൂടെ മറ്റൊരു ചെറുപ്പക്കാരൻ കൂടിയുണ്ടായിരുന്നു. അവർ ഗൗവമായി എന്തോ ചർച്ച ചെയ്യുന്നതിനിടയിലാണ് തന്നെ കണ്ടതെന്ന് തോന്നുന്നു. 
 
"ആരെയോ വെയ്റ്റ് ചെയ്യുന്നതുപോലെ?"
 
"ശരിയാണ്." 
 
"ഓക്കെ, ശല്യപ്പെടുത്തുന്നില്ല."
 
അവർ വീനസിന്റെ പ്രതിമയുടെ ചുറ്റുമായി കെട്ടിയ അരമതിലിരുന്നു സംസാരിക്കാൻ തുടങ്ങി. പുതിയ ആൾ നിവർത്തുപിടിച്ച കടലാസ്സിൽ നോക്കിയാണ് ചർച്ച. കുറച്ചേറെ നേരം അവർ സംസാരിച്ചിരുന്നു കാണും പെട്ടെന്ന് ആ ചറുപ്പക്കാരൻ എഴുന്നേറ്റു നേരെ നടന്നു വന്നു. 
 
"പേനയുണ്ടെങ്കിൽ ഒന്ന് തരൂ. ഒന്ന് രണ്ട് ഒപ്പിടാനുണ്ട്." 
 
പേന തോൽ ബാഗിനുള്ളിലായിരുന്നതുകൊണ്ട് ഇല്ലെന്നു പറയാനാണ് ആദ്യം തോന്നിയത്. അത്രയും  സ്വാർത്ഥത പാടില്ലല്ലോ. ബാഗ് തുറന്നു പരതി പേന എടുത്തു കൊടുത്തു.  
 
"ഇപ്പൊ തരാമേ."   
 
 രണ്ടുപേരും ആദ്യം ഇരുന്നിരുന്ന സ്ഥലത്തേയ്ക്കല്ല പോയത്.
 
ഗെയ്റ്റിന് നേരെ നീങ്ങുകയായിരുന്നു, അവർ. കണ്ണുകൾ അവരെ അനുധാവനം ചെയ്യാൻ   ശ്രമിച്ചെങ്കിലും പെട്ടെന്ന് ഗെയ്റ്റിങ്കൽ ഒരു   ടൂറിസ്റ്റു ബസ്  വന്നുനിന്നു
 
അതിൽ നിന്നിറങ്ങിയ ഒരുകൂട്ടം ആൾക്കാർ കാഴ്ച മറച്ചു കളഞ്ഞു.
 
പെട്ടെന്നൊരു നഷ്ടബോധം. അവർ തിരികെ വന്നില്ലെങ്കിലോ?
 
ഇങ്ങനെ സംശയിക്കരുതെന്നു മനസ്സ് പറയുന്നു. സംശയിക്കാതിരിക്കാൻ കഴിയുന്നുമില്ല. അതൊരു നിസ്സാര പേനയല്ല. ഇനോക്സ്ക്രോം. മകൾ ഗൾഫിൽനിന്നു വന്നപ്പോൾ കൊണ്ടുവന്നു തന്നതാണ്. നല്ല വിലയുള്ള ഒരു പേന. 
 
ഇനിയിപ്പോൾ പറഞ്ഞിട്ടെന്തുകാര്യം? കൊണ്ടുവരുമെന്നോർത്തു കാത്തിരിക്കുക തന്നെ. അയാൾ രണ്ടുകൈ കൊണ്ടും ബാഗ് ഒന്നുകൂടി ഞെക്കിനോക്കി. ബാഗിന്റെ കനം വീണ്ടുമയാൾക്കു സമാധാനം നൽകി.
 
വെട്ടിനിർത്തിയിരിക്കുന്ന കുറ്റിച്ചെടികളുടെ ഭംഗി അതിനിടയിലും ആസ്വദിക്കാതിരിക്കാൻ കഴിഞ്ഞില്ല. നല്ലവണ്ണം ചെത്തിതേച്ച അരമതിൽ പോലെയുണ്ട്. താനിരിക്കുന്നതിന്റെ മുന്നിലായി കാണുന്ന ചത്വരം അയാൾ ശ്രദ്ധിച്ചു. ചുറ്റിനും ക്രിസാന്തമം പൂവുകൾ വിരിഞ്ഞുനിൽക്കുന്ന ചെടികൾ.
 
അതിനുമുള്ളിലായി ഹൈഡ്രാഞ്ചിയയുടെ നീലനിറം കലർന്ന ഒരു ചതുരം. ഏറ്റവും നടുക്കായി ഒരു വലിയ പൂവിന്റെ ആകൃതിയിൽ ഒരു ഫൗണ്ടൻ.
 
അതിന്റെ സൗന്ദര്യം ശരിക്കും ആസ്വദിക്കണമെങ്കിൽ കുറേക്കൂടി കഴിയണം. ലൈറ്റുകൾ തെളിയണം. അപ്പോൾ അത്  വർണാഭമായ ഒരു പുഷ്പത്തിന്റെ ആകൃതിലാവും.
 
അങ്ങകലെ പാർക്കിന്റെ റോഡിനോടടുത്ത അതിരിൽ ഒരു നീണ്ട നിരയായി സയനോര പാമുകൾ. അവയ്ക്കു താഴെയായി പൂത്തുലഞ്ഞ ഐപ്പോമിയ ചെടികൾ. ആകെ മനോഹരം. വലതുഭാഗത്തായി കായലിനെയും പാർക്കിനെയും വേർതിരിക്കുന്ന കൽച്ചിറയിൽ ആളുകൾ നിരന്നിരിക്കുന്നു.
 
പേന പോയത് തന്നെ എന്ന് വിചാരിക്കുമ്പോഴുണ്ട് അയാൾ വീണ്ടും. 
 
"ഞാനിവിടെത്തന്നെയുണ്ട്. പൊയ്ക്കളഞ്ഞെന്ന് വിചാരിച്ചോ?"  അയാൾ ചിരിക്കുന്നു.
 
"ഞാനൊന്നും പറഞ്ഞില്ലല്ലോ?"
 
അയാൾ പേന തന്നശേഷം കോൺക്രീറ്റു  ബെഞ്ചിന്റെ ഒരരികിലായി ഇരുന്നു.
 
"കാണേണ്ടയാൾ എത്തിയില്ലേ?"
 
ആ ചോദ്യം കേട്ടപ്പോഴാണ് ആകെക്കൂടി ചുറ്റുമൊന്നു ശ്രദ്ധിച്ചത്. ആളുകൾ പാർക്കിലേക്ക് ധാരാളമായി എത്തിയിരിക്കുന്നു. അഞ്ചുമണിയൊക്കെ   കഴിഞ്ഞു. തനിക്കു കാണേണ്ടയാൾ ഇനിയും എത്തിയിട്ടില്ല. അയാൾ വളരെ തിരക്കിലാണെന്നാണല്ലോ പറഞ്ഞത്. വരുമായിരിക്കും താമസിയാതെ. 
 
അയാളോട് ഒന്നും രണ്ടും പറഞ്ഞിരുന്നു.
 
കൽച്ചിറയുടെ അടുത്തു വളർന്നു നിൽക്കുന്ന തല്ലി തേങ്ങാ മരങ്ങളിലേയ്ക്ക് നോക്കി. കുടപോലെ പന്തലിച്ചു നിൽക്കുന്ന അവയുടെ ഇലകൾക്കിടയിലൂടെ പാടലവർണത്തിൽ   ആകാശം കാണാം. സൂര്യൻ അസ്തമിക്കാനുള്ള പുറപ്പാടിലാണ്. 
 
അയാളെ ഇനിയും കാണുന്നില്ലല്ലോ. തോൽബാഗ് മുറുക്കിത്തന്നെ പിടിച്ചിട്ടുണ്ട്. എന്നാലും എന്തോ ഒരു തരം അസ്വസ്ഥത. 
 
"അങ്കിൾ ഡിസ്പ്‌നിയ എന്നാലെന്താണർത്ഥം?" ഓടിത്തളർന്നു വിയർത്തൊലിക്കുന്ന ഒരു കുട്ടി ചോദിക്കുന്നു. തന്നോട് തന്നെയാണ് ചോദ്യം.
 
“ആരാണ് മോനോട് ഈ വാക്ക് പറഞ്ഞത്?”
 
"മൈ മമ്മി."
 
കുറച്ചകലെയായി അവനെത്തന്നെ നോക്കിനിൽക്കുന്ന ഫ്രോക്കിട്ട ഒരു സ്ത്രീയെ കണ്ടു.
 
"ശ്വാസം മുട്ട് എന്ന് പറയും മലയാളത്തിൽ. ഒത്തിരി ഓടിക്കളിച്ചതുകൊണ്ട് നിനക്ക് ശ്വാസം മുട്ടും എന്നായിരിക്കും അവരുദ്ദേശിച്ചത്."
 
അവനോടിപ്പോകുന്നതിനുമുമ്പായി അവനോട് ഇത് കൂടി ചോദിച്ചു, 'നീ എന്താ മമ്മിയോട് ചോദിക്കാതിരുന്നത്?
 
"ഷീ ഈസ് നോട് എ മലയാളി." അവൻ പിന്നെ നിന്നില്ല,  വന്ന സ്പീഡിൽ തന്നെ ഓടിപ്പോയി.  
 
ഇതെല്ലം കേട്ട് ഒരു മന്ദസ്മിതത്തോടെ ഇരിക്കുകയായിരുന്നു അയാൾ.
 
 
യുഫോർബിയ വംശത്തിൽപെട്ട പോയിൻറ്സെറ്റിയ  ചെടികളുടെ ചെഞ്ചുവപ്പിൽ തലോടിയെത്തുന്ന കാറ്റ് അവർക്കും ഒരു അനുഗ്രഹമായിരുന്നു.
 
തൊട്ടരികിലുണ്ടായിരുന്ന മോണിങ് ഗ്ലോറിപ്പൂക്കൾ സന്ധ്യ വന്നണയുന്നതു കണ്ടാവാം നേരത്തെ തന്നെ മയങ്ങാൻ തുടങ്ങിയിരുന്നു. 
 
"വുഡ് യു ലൈക് ടു ഹാവ് എ കപ്പ് ഓഫ് ടീ?"
 
ആ ചെറുപ്പക്കാരൻ ചോദിച്ചു.
 
"ഓ നോ" അപ്പോഴാണ് ഏറെ നേരമായി തന്നെ അലട്ടിക്കൊണ്ടിരുന്നു മൂത്രശങ്കയുടെ കാര്യം അയാൾ ബോധപൂർവ്വം ഓർത്തത്.
 
അയാൾ ചോദിച്ചു, "കുഡ് ഐ ഫൈൻഡ് ആ ടോയ്‌ലറ്റ് ഹിയർ?"   
 
"ഓ ഷുവർ.. ഇൻ ദാറ്റ് കോർണർ." 
 
"ജസ്റ്റ് എ മിനിറ്റ്, പ്ലീസ്." അയാൾ ചൂണ്ടിയ ഭാഗത്തേയ്ക്ക് നടക്കാൻ ശ്രമിക്കുകയായിരുന്നു.
 
"നിങ്ങളെന്തിനാണീ ബാഗുമായി ടോയ്‌ലെറ്റിലേയ്ക്ക് പോകുന്നത്? ഞാൻ പിടിച്ചോളാം."    
 
ഒരു നിമിഷം സംശയത്തോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
 
"വിശ്വാസമില്ലെങ്കിൽ വേണ്ട. എനി ഹൌ ഇറ്റ് സ് യോർ ബാഗ്." 
 
യാന്ത്രികമായി ബാഗ് അയാളുടെ നേരെ നീട്ടി. കുറച്ചകലെ പ്രതിമയായി നിന്നിരുന്ന ഒരു മഹാരാജാവ് സാക്ഷി.
 
അയാൾ മടങ്ങിയെത്തുമ്പോൾ ചെറുപ്പക്കാരൻ അവിടെ ഉണ്ടായിരുന്നില്ല. 
 
അയാൾ ആകെ പരിഭ്രാന്തനായി. സമനില തെറ്റിയവനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടുമോടി. അയാളുടെ ചുവടുകളിൽ പെട്ട് മാരിഗോൾഡ് പൂക്കളും ചെടികളും അലങ്കോലമായി. അടിയേറ്റു തളർന്നതുപോലെ അയാൾ ആ ചാരുബെഞ്ചിലിരുന്നു. ധനനഷ്ടത്തെക്കാൾ താൻ അപമാനിക്കപ്പെട്ടുവെന്ന തോന്നലായിരുന്നു ദുസ്സഹം. 
 
അപ്പോഴുണ്ട് അയാൾ വീണ്ടും വരുന്നു. ഇത്തവണ അയാൾ തീർത്തും പരിക്ഷീണനായി കാണപ്പെട്ടു, തലമുടിയൊക്കെ ചിതറി, കുപ്പായമെല്ലാം ഉലഞ്ഞ മട്ടായിരുന്നു.
 
" ഞാനൊരു പുലിവാലാണ് ഏറ്റുവാങ്ങിയത്; ഒരു വനിതു തട്ടിയെടുത്തുകൊണ്ട് ഓടുകയായിരുന്നു. ഞാൻ പിന്നാലെ ഓടി. ബൊഗൈൻവില്ല ചെടികൾക്കിടയിൽ കിടന്ന് അവസാനമൊരു ഗാട്ടാ ഗുസ്തി. ഞാൻ വിടുമോ? ഇതാ നിങ്ങളുടെ ബാഗ്."
 
അയാൾ നീട്ടിയ ബാഗ് വാങ്ങി. അയാളുടെ കയ്യിൽ ചെടികളുടെ മുള്ളുകളേറ്റു പോറിയ പാടുകൾ കണ്ടു. 
 
"എനിക്ക് പോകേണ്ട ബസ് എത്താൻ  സമയമായി."
 
ഒരു താങ്ക്സ് പറയാനുള്ള സമയം പോലും അനുവദിക്കാതെ അയാൾ ഓടിപ്പോയി. 
 
എല്ലാം ഒരു ദു:സ്വപ്നമെന്നു വിചാരിക്കാൻ മുതിരുമ്പോൾ  ഇതാ,  തന്റെ സ്നേഹിതൻ മുന്നിൽ. 
 
"പണം കിട്ടിയില്ലേ?"
 
ഒന്നും പറയാതെ ബാഗ് അയാളുടെ നേരെ നീട്ടി. അയാൾ തിടുക്കത്തിൽ  ബാഗു തുറന്നു. അയാൾ തന്റെ തന്നെ മുന്നിൽ വെച്ച് വലിച്ചു പുറത്തെടുത്തത് ഒരു പഴയ തറയോടിന്റെ കഷണമായിരുന്നു.
 
അയാൾ അക്ഷമയോടെ, അവിശ്വസനീയതയോടെ തന്റെ നേരെ നോക്കി പല്ലിറുമ്മി. അടുത്തനിമിഷം ഒരക്ഷരം പോലും പറയാതെ ഓടിന്റെ കഷണവും ബാഗും തറയിലെറിഞ്ഞിട്ട് ഓടിപ്പോയി. അയാളുടെ മുഖത്ത് അന്നേരം നിഴലിച്ച പുച്ഛഭാവം ഒരു കുന്തമുനപോലെ ചങ്കിലേയ്ക്ക് തറച്ചു കയറുന്നതുപോലെ തോന്നി. കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ തന്നെ കുറച്ചു സമയമെടുത്തു. പണം കവരുക മാത്രമല്ല, തന്നെ അപമാനിക്കുക കൂടി അവന്റെ ലക്ഷ്യമായിരുന്നിരിക്കണം . കണ്ടുകിട്ടുകയില്ലെന്ന ബോധ്യത്തോടെയാണെങ്കിലും വീണ്ടും അവിടെയുമിവിടെയും ഓടിച്ചെന്നുനോക്കി. അവനെ ഇനി എവിടെ കണ്ടുകിട്ടാൻ? ഒരിടത്തു പടർന്നുകിടന്നിരുന്ന എക്സോട്ടിക്ഫ്ലോറ ക്രീപ്പറുകൾ ധാരാളമായി താഴെ വലിച്ചിട്ടു താൻ നശിപ്പിച്ചിരിക്കുന്നു. ഉദ്യാനപാലകരുടെ ദൃഷ്ടിയിൽപെട്ടാൽ!  
 
എന്തും വരട്ടെ. നൈരാശ്യത്തിന്റെയും പരാജയ ബോധത്തിന്റെയും പടുകുഴിയിലായിരുന്നു അയാൾ.
 
പിന്നീട് അയാൾ മഹാരാജാവിന്റെ പ്രതിമയുടെ നേർക്ക് നോക്കി. രാജാവുണ്ട് പിന്തിരിഞ്ഞു നിൽക്കുന്നു. നിങ്ങളുടെ കാര്യം.. നിങ്ങളുടെ ജനാധിപത്യം.. എനിക്കിതിലൊരു പങ്കുമില്ലെന്ന മട്ടിൽ. അതോ ആദ്യം തന്നെ അദ്ദേഹം അങ്ങിനെ പുറം തിരിഞ്ഞു തന്നെയാണോ നിന്നിരുന്നത്?
 
അയാൾ ചുറ്റിത്തിരിഞ്ഞു വീണ്ടും ആ ചാരുബെഞ്ചിൽ വന്നിരുന്നു. അന്നത്തെ നഷ്ടങ്ങളുടെ കണക്കെടുക്കാൻ. 
 
അപ്പോഴെത്തിയിരിക്കുന്നു മുമ്പു കണ്ട പയ്യൻ വീണ്ടും. 
 
"ടേക്ക് എവെരിതിങ് വിത്ത് ആ പിഞ്ച് ഓഫ് സാൾട്- എന്ന് പറഞ്ഞാൽ മലയാളത്തിൽ ..." 
പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ അമ്മയ്ക്ക് വേണ്ടി സംശയങ്ങൾ ചോദിക്കാനെത്തിയ ആ ചെറുക്കനെ അയാൾ ജീവിതത്തിൽ അന്നുവരെ നോക്കിയിട്ടില്ലാത്തത്ര രൂക്ഷമായ ഒരു നോട്ടം കൊണ്ട് വിരട്ടിവിട്ടു. 
 
അയാൾ ശീലം കൊണ്ട് ബാഗ് തപ്പി. ഫലം തഥൈവ!
---------------
വി.കെ.സെബാസ്റ്റ്യൻ 
എറണാകുളം ജില്ലയിൽ നായരമ്പലത്തു ജനനം. എറണാകുളം സെന്റ് ആൽബെർട്സ് കോളജ്, മൂത്തകുന്നം എസ്.എൻ. എം. കോളജ്, കൊച്ചിൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 
ആദ്യമാദ്യം നാടകാഭിനയത്തിലും രചനയിലും താത്‌പര്യം. 
ആദ്യപുസ്തകം "ചങ്ങമ്പുഴ: കവിതയിലെ കാല്പനിക വസന്തം" എന്ന നിരൂപണ പഠനം. 
പിന്നീട് "ഷഹറസാദ് കഥ പറഞ്ഞുകൊണ്ടിരിക്കുന്നു";  "പ്രജാപതിയുടെ നിഴലുകൾ നീളുന്നു "എന്നീ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
കവി അപ്പൻ തച്ചെത്തിന്റെ "പച്ചിലകളും തീനാമ്പുകളും" എന്ന കാവ്യസമാഹാരം "ഗ്രീൻ ലീവ്സ് ആൻഡ് ഫയർ ടങ്സ് "എന്നപേരിൽ കവിതകളായിത്തന്നെ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. 
തൃശൂർ കലാസദൻ സംഘടിപ്പിച്ച അഖിലകേരള മലയാള നാടക രചനാമത്സരത്തിൽ ഒന്നാം സമ്മാനം.  ഇടപ്പള്ളി ചങ്ങമ്പുഴ വായനശാല വർഷം തോറും നടത്തിവന്നിരുന്ന പ്രബന്ധ രചനാ മത്സരത്തിൽ രണ്ടു പ്രാവശ്യം പുരസ്‌കാരം.  ലേഖനം, ചെറുകഥ, കവിത എന്നീയിനങ്ങളിൽ സമ്മാനങ്ങൾ. 
 
പൊതുമേഖലാ സ്ഥാപനമായ  ഫാക്ടിൽ (ഉദ്യോഗമണ്ഡൽ ) ഓഫിസർ ആയി വിരമിച്ചു. അതിനുശേഷം കുറച്ചുനാൾ സാഹിതീയമായ മൗനത്തിലായിരുന്നു. "മൗനം ഗർജ്ജിക്കുന്നു" എന്ന കാവ്യസമാഹാരത്തിലൂടെ വീണ്ടും മൗനം ഭഞ്ജിച്ചു. 
ഇപ്പോൾ നോർത്ത് പറവൂരിൽ പെരുമ്പടന്നയിൽ താമസം. 
ഭാര്യ: ശ്രീമതി. സി.ടി. കൊച്ചുത്രേസ്യ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കുസാറ്റ്, കൊച്ചി) 
മക്കൾ : സോണിയ വിൻസെന്റ്, സീലിയാ റോസ് ഷാജൻ, ജൂലിയ ഒസ്‌ബെൻ . 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

റിനുവിന്റെ സ്വപ്നം (ജ്യോതിലക്ഷ്മിനമ്പ്യാർ, കഥാമത്സരം -108)

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

View More