Image

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

Published on 15 May, 2021
ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

മഴയാണ്, ചുറ്റും വെള്ളം കയറി വീടും നാടും വിട്ട് പല മനുഷ്യരും എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് അതിവ്യാപനത്തിനപ്പുറം കേരളം നേരിടുന്ന ഒരു വലിയ പ്രശ്നമായി ഈ മഴക്കാലവും മാറുന്നു. എന്തുകൊണ്ടാണ് മുൻകാല അനുഭവങ്ങളിൽ നിന്ന് നമ്മളൊന്നും പഠിക്കാത്തത്, എത്ര ചെറിയ മഴക്കാലവും എന്തുകൊണ്ടാണ് നമ്മുടെ നാടുകളെ വെള്ളക്കെട്ടുകളിലേക്ക് നയിക്കുന്നത്. പണ്ടൊക്കെ മഴ ഒരു നൊസ്റ്റാൾജിയ ആയിരുന്നെങ്കിൽ ഇപ്പോൾ അതൊരു പേടിപ്പെടുത്തുന്ന യാഥാർഥ്യം മാത്രമാണ്.

ഈ മഴക്കാലങ്ങളെ അതിജീവിക്കാൻ നമുക്കൊപ്പം നിൽക്കുന്ന ദൈവതുല്യരായ ചില മനുഷ്യരുണ്ട്, അവരെക്കുറിച്ചോർക്കാതെ എങ്ങനെയാണ് അടച്ചുറപ്പുള്ള മുറിയിൽ, വീട്ടിൽ നമുക്കുറങ്ങാൻ സാധിക്കുന്നത്. വലിയ കാറ്റിലും മഴയിലും ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങുന്നവർ. എത്ര പ്രശ്നങ്ങൾ ഉണ്ടായാലും അതൊക്കെ അവഗണിച്ച് ഇരുട്ടിലായ നമ്മുടെ വീടുകളെ തിരിച്ചു വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നവർ. പോലീസുകാർ, ഫയർ ഫോഴ്സ് അങ്ങനെ ആ നിര നീണ്ടു പോകുന്നു.

രണ്ടുപ്രളയങ്ങൾ സമ്മാനിച്ച ദുരന്തങ്ങളിൽ നിന്ന് നമ്മൾ കരകയറിയത് ഒരുപാട് മനുഷ്യരുടെ ത്യാഗതുല്യമായ പ്രവർത്തനം മൂലമാണ്. അതെ മനുഷ്യർ തന്നെ ഇപ്പോഴുമുണ്ട് നമുക്ക് ചുറ്റും. അപകടങ്ങളിൽ നിന്ന് നമ്മളെ സുരക്ഷിതരാക്കാൻ അവർ എത്രത്തോളം ജാഗ്രത പുലർത്തുന്നുണ്ടെന്നറിയേണ്ടതുണ്ട്. കോവിഡ് 19 മൂലം തൊണ്ണൂറുകളോടടുത്തു മരണമാണ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്യുന്നത്. ആരോഗ്യപ്രവർത്തകരുടെ വിശ്രമമില്ലാത്ത പോരാട്ടത്തെ അഭിനന്ദിക്കേണ്ടതുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെക്കാളും കേരളം മികച്ചു നിൽക്കുന്നതിന്റെ എല്ലാ അഭിനന്ദനങ്ങളും അവർക്കുള്ളതാണ്.

പുറത്തിറങ്ങിയാൽ കൊറോണ, അകത്തിരുന്നാൽ വെള്ളപ്പൊക്കം, ഇടിമിന്നൽ, ചുഴലിക്കാറ്റ് ഇതൊക്കെ ട്രോളുകളിലൂടെ വായിക്കാനും കേൾക്കാനും നല്ല ഭംഗിയുണ്ടെങ്കിലും ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അതിന് ഭീതികൾ ഏറെയാണ്, വീട് നഷ്ടപ്പെട്ടവരുടെ, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ അത്രമേൽ കഠിനമാണ്. അതുകൊണ്ട് നമുക്കൊന്നിച്ചു നിൽക്കാം ഈ മഹാമാരിയും, പ്രളയഭീതിയുമെല്ലാം അതിജീവിക്കാം. നമുക്കൊപ്പം ദൈവത്തിന്റെ അപരന്മാരായ അനേകം മനുഷ്യരുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക